Global block

bissplus@gmail.com

Global Menu

കിഴക്കമ്പലത്ത് കനകതൂലികയാല്‍ ട്വന്റി 20 കിഴക്കമ്പലം

പേരില്‍ തന്നെ ഒരു വ്യത്യസ്തയുണ്ട്. 2013–ലാണ് ഈ സേവനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഏതാണ്ട്  അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം കൊണ്ട് മാത്രമേ കിഴക്കമ്പലത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കൂകയുള്ളൂ. അങ്ങനെയായാണ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന സ്വപ്ന വര്‍ഷമായ 2020 എന്നുള്ള പേര്. ഈ പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ആദ്യം ചെയ്തത്. നല്ലൊരു വീട്  ഉണ്ടാവണം. വൈദ്യുതി ഉണ്ടാവണം. കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അടുത്ത തലമുറയെ നല്ലരീതിയില്‍ വളര്‍ത്തണം വിദ്യാഭ്യാസം, കൃഷി ഇവയെല്ലാം ഇതില്‍ പ്രധാനമായിരുന്നു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ കാഴ്ചകള്‍ ഒരല്‍പം വിഭിന്നമായിരുന്നു. തരിശായ പാടങ്ങള്‍, കാര്‍ഷികോല്‍പാദനത്തില്‍ കുറവ് , ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതൊക്കെയായിരുന്നു കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍. കേരളത്തിലെ ഒരു സാധാരണ കര്‍ഷകന്റെ പ്രശ്‌നങ്ങളായിരുന്നു ഇവിടെയും ഉണ്ടായിരുന്നത്. ഇതിനു പരിഹാരമായി  കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക്  ഭൂമി സൗജന്യമായി കൃഷിയോഗ്യമാക്കി നല്‍കി, വിത്തും വളവും നല്‍കി. 850 ഏക്കറോളം വരുന്ന തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കി. പച്ചക്കറി കൃഷിയും തുടങ്ങി. ഈ നാട്ടുകാര്‍ക്കാവശ്യമായ പച്ചക്കറികളുടെയും  ഭക്ഷ്യധാന്യങ്ങളുടെയും പ്രധാന പങ്കും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. കാര്‍ഷികമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് സംഘടനയ്ക്കുള്ളത്. 
റോഡുകള്‍ വീതികൂട്ടി റബറൈസ്ഡ് ടാറിങ് നടത്താന്‍ പദ്ധതി തയ്യാറാക്കി. 'എന്റെ വീട്' പദ്ധതിയില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കി.   ജൈവപച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കാന്‍ വീടുകളില്‍ ഗ്രോബാഗുകള്‍ നല്‍കി. എല്ലാവീടുകളിലും കുടിവെള്ളമെത്തിച്ചു. മാരകരോഗങ്ങള്‍ പിടിപെട്ട പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം സൗജന്യമായി പാലും മുട്ടയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്‌കൂള്‍ ബസ്‌സ്, അങ്കണ്‍വാടി കുട്ടികള്‍ക്ക് പാലും മുട്ടയും, ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഇവയെല്ലാം ട്വന്റി 20 നല്‍കുന്നു. 
ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായി കിഴക്കമ്പലം ഉയരുകയാണ്. ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും പരാജയമാകുന്ന കാലഘട്ടത്തില്‍ രാജ്യത്തിനു തന്നെ അഭിമാനകരമായ ഒരു മാതൃകയാണ് കിഴക്കമ്പലം. ഈ നാടിന്റെ സ്വപ്നതുല്യമായ വളര്‍ച്ചയെക്കുറിച്ചു പഠിക്കുവാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ ഇവിടെ ആളുകളെത്തുന്നു. 2020 ആണ് കിഴക്കമ്പലത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വര്‍ഷമായി ലഷ്യമാക്കുന്നതെങ്കിലും ആ കാലയളവിന് മുമ്പുതന്ന ലക്ഷ്യം നേടുന്ന വിധം സമ്പന്നവും സമ്പൂര്‍ണവുമായ പദ്ധതികളാണ് ട്വന്റി–20 യ്ക്കുള്ളത്.
കിഴക്കമ്പലം ടെക്സ്റ്റൈല്‍സ് എന്ന വാക്ക് അത്ര പരിചിതമായിരിക്കില്ല മലയാളികള്‍ക്ക്. എന്നാല്‍ അതിന്റെ ചുരുക്ക രൂപമായ കിറ്റെക്‌സ് ഒരു ശരാശരി മലയാളിക്ക് ഏറെ പരിചിതമാണ്. കിറ്റെക്‌സ് എന്ന പേര് കേള്‍ക്കുമ്പോള്‍ കിറ്റെക്‌സ് ലുങ്കികളായിരിക്കും മനസ്‌സില്‍ തെളിയുക. ശിശുക്കളുടെ വസ്ത്രനിര്‍മാണ രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവും കയ്യാളുന്ന കേരളത്തിന്റെ സ്വന്തം കമ്പനിയാണ് കിറ്റെക്‌സ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യതൊഴില്‍ ദാതാക്കളാണ് കിറ്റെക്‌സ്.  
വ്യവസായരംഗത്ത് ഏറെ പ്രശസ്തിയും അംഗീകാരവും നേടിയ കമ്പനിയാണ് 1992ല്‍ രജിസ്റ്റര്‍ ചെയ്ത കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. പതിനയ്യായിരത്തിലേറെ തൊഴിലാളികളുണ്ട് കിറ്റെക്‌സ് എന്ന സ്ഥാപനത്തില്‍ മാത്രമായി.  തെക്കേ ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉണ്ട്. ഇതില്‍ ഒരു മിനി ആസാം ഉണ്ട്. മിനി ബംഗാള്‍ ഉണ്ട്. ഇങ്ങനെ 22 സംസ്ഥാനങ്ങളുടെ മിനി വേര്‍ഷന്‍ ഉണ്ട്. ഒരു വീട്ടില്‍ തന്നെ അച്ഛന്‍ അമ്മ മക്കള്‍ ഉണ്ടെകില്‍ നാലു പേരും നാല് ക്യാരക്ടര്‍ ആയിരിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കുടുംബങ്ങളില്‍ നിന്നും ആളുകളെ കൂട്ടിയിണക്കി സമാധാനപരമായി നിലനിര്‍ത്തുവാന്‍ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല. തൊഴിലാളികള്‍ സംതൃപ്തരാണ്. ഇതാണ് കിറ്റെക്‌സിന്റെ വിജയം. ജോലിക്കാര്‍ക്ക് പരാതികളില്ല. മറ്റു സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യവും ഉണ്ട്. വിശേഷാവസരങ്ങളില്‍ ബോണസുണ്ട്. ഞായറാഴ്ചയ്ക്കും പൊതുഅവധി ദിവസങ്ങള്‍ക്കും പുറമേ ഓണത്തിനും ക്രിസ്മസിനും ഈസ്റ്ററിനും ഏഴ് ദിവസം വീതം അവധിയുണ്ട്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമില്ലാത്ത കമ്പനിയാണിത്. ഒരിക്കല്‍ ഒരു രാഷ്ര്ടീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കമ്പനിയില്‍ യൂണിയനുണ്ടാക്കാനായി സമരങ്ങള്‍ക്കായുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ ജീവക്കാര്‍ അവരുടെ കൂടെ നിന്നില്ല. അങ്ങനെ സമരം പൊളിയുകയും അവര്‍ പിന്മാറുകയും ചെയ്തു. 
കിഴക്കമ്പലത്തിന്റെ സമൃദ്ധിയും സമ്പന്നതയും കിറ്റെക്‌സിലെ കാഴ്ചകളിലുമുണ്ട്. തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ഭക്ഷണം നല്‍കുന്നു. മത്സ്യവും മാംസവുമായി വിഭവ സമൃദ്ധമായ ഭക്ഷണമാണ് നല്‍കുന്നത്.  ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനു സമാനമായ മെനു ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യാമുള്ള ഭക്ഷണം എടുത്തു കഴിക്കാനുള്ള സ്വാതന്ത്യവുമുണ്ട്. കാന്റീനില്‍ ഭക്ഷണം തയ്യാറാക്കാന്‍ മെഷീനുകളുടെ സഹായമുണ്ട്. നാല്‍പതു പേര്‍ മാത്രമാണു ജോലിക്കുള്ളത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷീനുകളാണ് ഇവിടെയുള്ളത്. പാത്രം കഴുകാനും ചോറും കറിയും വയ്ക്കാനുമൊക്കെ ആധുനിക സാങ്കേതിക വിദ്യയിലുള്ള  യന്ത്രങ്ങളാണുള്ളത്. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായതിനാല്‍ ഭക്ഷണത്തിലും ഈ വൈവിധ്യം കാണുവാന്‍ സാധിക്കും. ദോശ, ഇഡ്ധലി, ചപ്പാത്തി, അപ്പം എന്നിങ്ങനെ വിഭവങ്ങള്‍ . ഉച്ചയ്ക്ക് ചിക്കന്‍ ഉണ്ടാകും. തെക്കേ ഇന്ത്യക്കാര്‍ക്കായി തോരന്‍, സാമ്പാര്‍, മെഴുക്കുപുരട്ടി, അച്ചാര്‍ എന്നിവയും വടക്കേ ഇന്ത്യക്കാര്‍ക്കായി ചപ്പാത്തിയും സബ്ജിയും ദാല്‍ കറിയും. വൈകിട്ട് ചായയും ചെറുകടിയും. അത്താഴത്തിനു ചോറിനൊപ്പം മീന്‍. ഒരേ സമയം 1200 ഇഡലികളാണ് ഇഡലി മേക്കറില്‍ നിന്നുണ്ടാകുന്നത്.  ബ്രെഡും സാന്‍വിച്ചുകളും ബിസ്‌ക്കറ്റുകളുമൊക്കെ അവനില്‍ തയാറാക്കാം. 9500 തൊഴിലാളികള്‍ക്ക് സൗജന്യ താമസസൗകര്യവുമുണ്ട്. പൂര്‍ണമായും ശീതീകരിച്ച ആദ്യത്തെ ഗാര്‍മെന്റ് ഫാക്ടറിയാണിത്. 60 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു കിറ്റെക്‌സ് ക്യാംപസ്. മുമ്പ് ഓണത്തിനു മാത്രമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി എത്തിയതോടെ ബിഹുവും ദീപാവലിയും നവരാത്രിയും ബൈശാഖിയുമെല്ലാം ഇവര്‍ ആഘോഷിച്ചു.
നവജാതശിശുക്കള്‍ മുതല്‍ രണ്ടുവയസ്‌സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇവിടെ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. നവജാതശിശുക്കള്‍ക്കുള്ള വസ്ത്രമായതിനാല്‍ അതിന്റേതായ കരുതലുണ്ടാകണം. എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന വസ്ത്രങ്ങളാണിത്. ശിശുക്കളുടെ സ്‌കിന്‍ വളരെ സെന്‍സിറ്റീവ് ആണ്.അതിനാല്‍ വളരെ മൃദുവായ തുണിയായിരിക്കണം. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങളെല്ലാം ഓര്‍ഗാനിക്കാണ്. കുഞ്ഞുങ്ങള്‍ വസ്ത്രങ്ങളില്‍ കടിക്കുമ്പോള്‍ ഉമിനീരില്‍ കലര്‍ന്ന് വയറ്റിലെത്താവുന്ന കെമിക്കല്‍സ് പാടില്ല. അമ്മയുടെ കരുതലോടെയാണ് ഓരോ കുഞ്ഞുടുപ്പും അവര്‍ തുന്നിയെടുക്കുന്നത്.  
സാമ്പത്തിക മാന്ദ്യമുണ്ടായ ഒരു കാലഘട്ടമുണ്ടായിരുന്നു. എല്ലാ ബിസിനസുകളെയും ആ മാന്ദ്യം ബാധിച്ചു. എന്നാല്‍ കുഞ്ഞുടുപ്പുകളുടെ ബിസിനസ് അപ്പോഴും ഉയര്‍ച്ചയിലായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എല്ലാവരും പ്രഥമ പരിഗണന നല്കുന്നതിനാലാണത്. അതിനാല്‍  കുട്ടികളുടെ വസ്ത്ര കയറ്റുമതിയിലാണ് മുന്‍ഗണന നല്‍കുന്നത്. കുഞ്ഞുടുപ്പുകളുടെ വില്‍പനയില്‍ മൂന്നാം സ്ഥാനത്താണ് കിറ്റെക്‌സിന്റെ സ്ഥാനം. ഈ മൂന്നാം സ്ഥാനം നമ്പറുകളുടെ കാര്യത്തിലാണ്. ഇവിടുത്തെ ടെക്‌നോളജിയും ഇന്‍ഫ്രാസ്ട്രക്ച്ചറും നോക്കിയാല്‍ ഒന്നാം സ്ഥാനത്താണ്. ഗര്‍ബര്‍, കാര്‍ട്ടേര്‍സ്, ചില്‍ഡ്രന്‍സ് പേ്‌ളസ്, ടോയ്‌സറാസ്, ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ്, ബൈബൈ ബേബി, റോസ് സ്റ്റോര്‍സ് തുടങ്ങിയ കമ്പനികള്‍ കിറ്റെക്‌സിന്റെ ഇടപാടുകാരാണ്. അമേരിക്കയില്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരില്‍ കിറ്റെക്‌സിന്റെ സ്വന്തം ബ്രാന്‍ഡും  വില്‍ക്കുന്നു. അമേരിക്കയിലെ 28,000 സ്റ്റോറുകളിലേക്കായി പ്രതിദിനം ആറര ലക്ഷം ഉടുപ്പുകളാണ് കയറ്റിയയക്കുന്നത്. ഇന്ന് 15,000 പേര്‍ക്ക് കിറ്റെക്‌സ്–അന്ന ഗ്രൂപ്പ് ജോലി നല്‍കുന്നു. 2025 ആകുമ്പോള്‍ 30,000 പേര്‍ക്ക് ജോലി നല്‍കുകയാണ് കിറ്റെക്സിന്റെ ലക്ഷ്യം. 

ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് 

കിഴക്കമ്പലം പഞ്ചായത്തിലുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് പലചരക്കും പച്ചക്കറിയുമെല്ലാം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാം. മിക്ക സാധനങ്ങളും മൂന്നിലൊന്ന് വിലയ്ക്കാണ് ഇവിടെ സാധാരണക്കാര്‍ക്ക് കിട്ടുന്നത്. ഒരു കിലോ വെളിച്ചെണ്ണ 90 രൂപ, 40 രൂപയ്ക്ക് പയര്‍, ഒരു കിലോ അരിക്ക് പത്തു രൂപ, അര ലിറ്റര്‍ പാലിന് പത്തു രൂപ, മുട്ട മൂന്നു രൂപ, ഒരു കിലോ പാമോയില്‍ 40 രൂപ, ചെറുപയര്‍, വന്‍പയര്‍, പരിപ്പ്, കടല എന്നിവയടങ്ങിയ രണ്ടു കിലോയുടെ ദാല്‍കിറ്റ് 90 രൂപ, പഞ്ചസാര കിലോ 15 രൂപ, അപ്പപൊടിക്കും പുട്ടുപൊടിക്കും കിലോയ്ക്ക് 25 രൂപ, ഏത്തപ്പഴം കിലോ 25 രൂപ എന്നിങ്ങനെ ലഭ്യമാകും. ഒരു കുടുംബം സമാധാനപരമായും സന്തോഷകരമായും കഴിയുക എന്നതാണ് വികസനം എന്നതിന് 2020 നല്‍കുന്ന നിര്‍വചനം. അതില്‍ ആഹാരത്തിന് പ്രഥമ സ്ഥാനമുണ്ട്. ഒരു വീട്ടില്‍ വേണ്ട എല്ലാ സാധനങ്ങളും എന്നതാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റെ അടിസ്ഥാനം. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലുള്ളവരെ നാലു കാറ്റഗറിയായി  തിരിച്ചാണ് വിതരണം. നിരാലംബരായ കുടുംബങ്ങള്‍ക്കും റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു നല്‍കിയ  കുടുംബങ്ങള്‍ക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നു.

അവര്‍ ഞങ്ങളെ രാഷ്ര്ടീയക്കാരാക്കി 

തോപ്പില്‍ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി ഞങ്ങളെ അവര്‍ രാഷ്ടീയക്കാരാക്കി എന്നതാണ് സത്യം. രാഷ്ര്ടത്തെ സംബന്ധിക്കുന്നത് എന്ന അര്‍ത്ഥത്തിലുള്ളതാണ് രാഷ്ര്ടീയം. അല്ലാതെ കക്ഷി രാഷ്ര്ടീയമല്ല. അധികാരത്തിനു വേണ്ടി തുടങ്ങിയ സംഘടനയല്ല ട്വന്റി–20. സാമൂഹിക സേവനം ലക്ഷ്യമാക്കിയുള്ള ഒരു സംഘടനയാണിത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി 20 ഭരണം നേടിയതും ഈ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനപിന്തുണയോടെയായിരുന്നു. രാഷ്ര്ടീയ പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ സാന്നിധ്യമില്ലാതെ തികച്ചും സ്വതന്ത്രമായ ഒരു ജനകീയ കൂട്ടായ്മയുടെ വിജയമായിരുന്നു .  
കിഴക്കമ്പലം പഞ്ചായത്തിലെ പ്രധാന പ്രശ്‌നമായിരുന്നു കുടിവെള്ള പ്രശ്‌നം.  മുപ്പതും നാല്പതും വീടുകള്‍ ഉള്ള കോളനികളില്‍  കുടിവെള്ളമെടുക്കാന്‍ ഒരു ടാപ്പാണുണ്ടായിരുന്നത്. അതില്‍ ഒരു മണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്. ഒരു ടാപ്പില്‍ ഒരു മണിക്കൂര്‍ വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍. ഇതായിരുന്നു ഇവിടുത്ത സ്ഥിതി. കിറ്റെക്സ് മുഴുവന്‍ തുകയും മുടക്കി കുഴല്‍ക്കിണറുകള്‍ കുഴിച്ച് എല്ലാവീട്ടിലും ടാപ്പ് സ്ഥാപിച്ചു. ഇരുപത്തിനാല് മണിക്കുറും വെള്ളം കിട്ടുന്ന സ്ഥിതി. കുഴല്‍കിണര്‍ കുഴിക്കാന്‍ പാടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ ഭാഗം. അവര്‍ എതിര്‍ത്തു.  ജനങ്ങള്‍ അതിനെതിരെ സംഘടിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാകും ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ പഞ്ചായത്ത് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് ചെയ്തത്. പഞ്ചായത്ത് കുടിവെള്ള പദ്ധതിയ്ക്ക് അനുവാദം തന്നു. ആ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. സര്‍ക്കാരും രാഷ്ര്ടീയപ്പാര്‍ട്ടികളും ചെയ്യേണ്ടതായിരുന്നു ട്വന്റി 20  കിഴക്കമ്പലം പഞ്ചായത്തില്‍ ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ര്ടീയ പാര്‍ട്ടികളെ തുടച്ചു നീക്കി വന്‍ജനപിന്തുണയോടെ ട്വന്റി 20 ഭരണം നേടി.  രണ്ടായിരത്തി ഇരുപതോടെ ഇന്ത്യയിലെ പഞ്ചായത്തുകളില്‍ ഏറ്റവും മികച്ച പഞ്ചായത്തായി കിഴക്കമ്പലത്തെ ഉയര്‍ത്തുകയാണ് ട്വന്റി 20യുടെ ലക്ഷ്യം.

Post your comments