Global block

bissplus@gmail.com

Global Menu

ഇവിടം സ്വര്‍ഗമാണ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന്റെ ടൈറ്റിലാണിത്. ഒരു ഫാമിനെയും ജൈവകൃഷി നടത്തുന്ന കര്‍ഷകനെയും അയാള്‍ അതിജീവിക്കുന്ന പ്രതിസന്ധികളെയും മനസ്‌സിലെ നന്മയെയും പ്രമേയമാക്കിയ ചിത്രത്തെ ജനങ്ങള്‍ ആവോളം സ്വീകരിച്ചു. ഒരു ചലച്ചിത്രത്തിന്റെ കഥയ്ക്കും അതിലെ സാങ്കല്‍പികമായ കഥാപാത്രങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം അപൂര്‍വ്വവും അതിശയകരവുമായ കാഴ്ചകളുണ്ട്. ഇത്തരത്തില്‍ ഒരല്‍പം അതിശയോക്തിയുള്ളതാണ് കിഴക്കമ്പലം എന്ന ഈ കൊച്ചു ഗ്രാമത്തിലെ വലിയ കാഴ്ചകള്‍. എന്തെന്നാല്‍ ഇവിടം സ്വര്‍ഗമാണ് 

ബിസിനസിലെ വളര്‍ച്ചയേക്കാള്‍ കിഴക്കമ്പലം എന്ന തന്റെ ഗ്രാമത്തിന്റെ വളര്‍ച്ചയായിരുന്നു എം.സി.ജേക്കബ്ബ് സ്വപ്നം കണ്ടിരുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്കായി അദ്ദേഹം ലക്ഷ്യമാക്കിയിരുന്ന ഒട്ടേറെ സേവനപദ്ധതികളുണ്ടായിരുന്നു. സ്വന്തം നാടിനായി അദ്ദേഹം കണ്ട   സ്വപ്നത്തിന്റെ തുടര്‍ച്ചയാണ്  മക്കളായ സാബു ജേക്കബും ബോബി ജേക്കബും യാഥാര്‍ഥ്യമാക്കുന്നത്. ചെറുപ്പം മുതലേ അച്ഛന്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമാണ് വ്യവസായങ്ങള്‍ വളരണം. അതിനോടൊപ്പം തന്നെ നമ്മുടെ ഗ്രാമവും വളരണം. നമ്മുടെ ഗ്രാമം വളര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് വികസനം പൂര്‍ണതയിലെത്തുന്നത്. അദ്ദേഹം അക്കാലത്ത് ഒരുപാടു കാര്യങ്ങള്‍ നാട്ടുകാര്‍ക്കായി ചെയ്തിരുന്നു. ഈ നാട്ടില്‍ അദ്ദേഹത്തില്‍ നിന്ന് സഹായം കിട്ടാതെ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. സാബു ജേക്കബ് പറയുന്നു.
എങ്ങനെ അദ്ദേഹത്തിന്റെ ആ സ്വപ്നം സാക്ഷാത്ക്കരിക്കുക.  വ്യവസായം നല്ല രീതിയില്‍ വളര്‍ന്നു സാമ്പത്തികസ്ഥിതി നന്നായിട്ടുണ്ട്. കിഴക്കമ്പലത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഒരു സര്‍വെ നടത്തി. ടാര്‍പ്പായുടെ അടിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍. ഭക്ഷണം കിട്ടാതെ പട്ടിണിയില്‍ ഉള്ള കുടുംബങ്ങള്‍. കുടിവെള്ള പ്രശ്‌നം, വീടില്ലാത്തവര്‍, ശുചിമുറിയില്ലാത്തവര്‍, രോഗികള്‍, ജോലി ചെയ്യാനാവാത്തവര്‍  ഇത്തരത്തില്‍  മനസ്‌സിനെ വേദനിപ്പിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടായിരുന്നു.  
ഈ പ്രതിസന്ധികള്‍  പരിഹരിക്കുവാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. വ്യവസായ പ്രമുഖരെയെല്ലാം ഒരുമിച്ച് കൂട്ടി.  അവരിലേറെയും സമയവും പണവും നഷ്ടപ്പെടുത്താനുള്ള പരിപാടിയായി മാത്രമാണ് അതിനെ കണ്ടത്. ആരും അധികം സഹകരിക്കുകയുണ്ടായില്ല.  ജനിച്ചുവളര്‍ന്ന നാടിനെ എങ്ങനെ സഹായിക്കാം ഇവിടുത്തെ പട്ടിണി എങ്ങനെ മാറ്റാം പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം ഈ ചിന്തകളില്‍ നിന്നും സാബു എം ജേക്കബും സഹോദരന്‍ ബോബി എം. ജേക്കബും നാടിന്റെ  വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചു. അങ്ങനെയാണ് 2013–ല്‍  ട്വന്റി 20 സംഘടന രൂപീകരിച്ചത്. ഏഴുവര്‍ഷത്തിനകം കിഴക്കമ്പലത്തെ മാതൃകാ പഞ്ചായത്താക്കുകയായിരുന്നു ലക്ഷ്യം.

 

Post your comments