Global block

bissplus@gmail.com

Global Menu

നന്മയുടെ സാമ്രാജ്യം കിറ്റെക്‌സ് കിഴക്കമ്പലം

ഗ്രാമീണതയുടെ നൈര്‍മല്യവും സ്വാഭാവിക ഭംഗിയും നഷ്ടമാകാത്ത പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ഗ്രാമമാണ് കിഴക്കമ്പലം. ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തില്‍ അതുല്യ സ്ഥാനം നേടിയ ഒരു കൊച്ചു ഗ്രാമം. ആരെയും കൊതിപ്പിക്കുന്ന സ്വര്‍ഗ്ഗതുല്യമായ ഒരു നാട്. ഈ ഗ്രാമത്തിലെ ഗ്രാമീണരുടെ ജീവിതസാഹചര്യങ്ങളില്‍ വ്യാവസായിക വളര്‍ച്ച ഒരു വിപ്‌ളവം തന്നെ സൃഷ്ടിച്ചു. ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ട ഇന്ത്യയിലെ ഒരു മാതൃകാ ഗ്രാമമായി മാറിയിരിക്കുകയാണ് കിഴക്കമ്പലം. എം സി ജേക്കബ് എന്ന അനശ്വരനായ വ്യക്തിയുടെ വര്‍ഷങ്ങളായുള്ള ചിന്തയുടെയും ആത്മസമര്‍പ്പണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ് ഈ ഗ്രാമത്തിന്റെ വിസ്മയിപ്പിക്കുന്ന വളര്‍ച്ച. കാലത്തിനു മുന്‍പേ നടന്ന ജീവിതം ഒരു സന്ദേശമാക്കിയ എം.സി. ജേക്കബ്  എന്ന കര്‍മയോഗി വിടവാങ്ങിയെങ്കിലും  ഈ മാര്‍ഗദര്‍ശി തെളിച്ച വഴിയിലൂടെ മക്കളായ സാബു എം ജേക്കബും ബോബി എം ജേക്കബും ഈ നാടിന്റെ സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണ നൂലു കൊണ്ട് ഈടും പാവും നെയ്യുകയാണ്. സ്വദേശത്തും വിദേശത്തും വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യമായ അന്നാ കിറ്റെക്‌സ് ഗ്രൂപ്പിന്റെ കര്‍മ്മസാരഥികളായ സാബു ജേക്കബും ബോബി ജേക്കബും ആരംഭിച്ച ജനകീയ വികസന കൂട്ടായ്മ 2020 യിലൂടെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുകയാണ് എറണാകുളത്തെ കിഴക്കമ്പലം എന്ന ഈ ഗ്രാമം.

കിഴക്കമ്പലത്തിന്റെ സ്വന്തം എം സി ജേക്കബ്

എണ്‍പതുകള്‍ക്ക് മുമ്പുള്ള കാലഘട്ടം. അന്ന് കിഴക്കമ്പലം ഒരു കുഗ്രാമമായിരുന്നു. പാടത്തും പറമ്പിലുമായി അധ്വാനിച്ചു ജീവിതം കഴിച്ചു കൂട്ടിയിരുന്ന ഗ്രാമവാസികള്‍. കാലങ്ങള്‍ക്കിപ്പുറം സ്വപ്നതുല്യമായ നേട്ടങ്ങളോടെ കിഴക്കമ്പലം ഉയരുമ്പോള്‍ നാട്ടുകാര്‍ നന്മയോടെ ഓര്‍ക്കുന്ന നാമമാണ് എം സി ജേക്കബ്. അന്ന–കിറ്റെക്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് എം.സി. ജേക്കബ്. കേരളത്തിന്റെ വ്യാപാര വ്യവസായ രംഗങ്ങളില്‍ തന്റേതായ ഇടം നേടിയ വ്യക്തി. അദ്ദേഹം വ്യവസായങ്ങള്‍ ആരംഭിച്ചത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നില്ല. സ്വന്തം നാടിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം തന്റെ ഓരോ വ്യവസായവും. 
1968 ലാണ്  ജേക്കബ് അലൂമിനിയം കമ്പനി സ്ഥാപിക്കുന്നത്. അലുമിനിയം പാത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ ചെറിയ മുതല്‍ മുടക്കില്‍ 8 പേരുമായി അന്ന അലുമിനിയം കമ്പനിയിലൂടെയായിരുന്നു വ്യവസായത്തിന് തുടക്കംകുറിച്ചത്. നല്ല അലുമിനിയത്തില്‍ ശുദ്ധമായ അലൂമിനിയം പാത്രങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലഘട്ടത്തില്‍ തമിഴ് നാട്ടില്‍ നിന്നുള്ള വില കുറഞ്ഞ പാത്രങ്ങള്‍ക്കായിരുന്നു മേധാവിത്വം. അതിനാല്‍ തന്നെ അന്നയുടെ പാത്രങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടന്നു. ഈ പ്രതിസന്ധിഘട്ടങ്ങളിലും അദ്ദേഹം കരുത്തോടെ നിലനിന്നു. കാലാന്തരത്തില്‍ തമിഴ് നാട്ടില്‍ പവര്‍ കട്ട് പതിസന്ധിയുണ്ടായി. അലുമിനിയം പാത്രങ്ങള്‍ കിട്ടാതായി. അങ്ങനെ അന്നയുടെ ഗോഡൗണിലുള്ള പാത്രങ്ങള്‍ വിപണിയില്‍ സ്ഥാനം നേടി. ശുദ്ധമായ അലുമിനിയത്തിലുള്ള പാത്രങ്ങള്‍ ജനങ്ങള്‍ സ്വകരിച്ചു. പിന്നീട് പവര്‍ക്കട്ടിന്റെ പ്രശ്‌നങ്ങള്‍ക്കു ശേഷം വില കുറഞ്ഞ പാത്രങ്ങള്‍ വിപണിയില്‍ എത്തിയെങ്കിലും അന്നാ അലുമിനിയം പാത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ജനത അതിനു പിന്നാലെ പോയില്ല. പ്രതിസന്ധികളെ സമര്‍ത്ഥമായി അതിജീവിക്കുവാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. 
സമൂഹത്തിനും കൂടി ഉപകാരപ്രദമാകുമെന്ന് ഉദ്ദേശശുദ്ധിയോടെ അദ്ദേഹം അന്ന അലുമിനിയം കമ്പനി സ്ഥാപിച്ചപ്പോള്‍ കിഴക്കമ്പലത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴില്‍ കൈവരിക്കാനുള്ള ഒരു മികച്ച സംരംഭമായി. പരിമിത സാഹചര്യങ്ങളില്‍ ആരംഭിച്ച ഈ കമ്പനി അനേകം പ്രതിസന്ധികളെ അതിജീവിച്ച് 1974 ആയപ്പോഴേക്കും ഒന്നരക്കോടിയിലധികം വിറ്റുവരവുള്ള ഒരു ബൃഹദ് സ്ഥാപനമായി.  അദ്ദേഹം പിന്നീട് പുതിയ ഉല്‍പന്നങ്ങളുടെ വ്യാവസായിക മേഖലകളിലേക്ക് തിരിഞ്ഞു. ചാക്‌സണ്‍, സാറാസ് സ്‌പൈസസ്, കിറ്റെക്‌സ്, സ്‌കൂബി ഡേ അങ്ങനെ ശാഖോപശാഖകളായി വളര്‍ന്ന സംരംഭങ്ങള്‍ ഇന്ത്യയിലൊട്ടാകെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ  ഭാഗമായി.കിഴക്കമ്പലത്തെ ജനങ്ങളുടെ ജീവിതോപാധിയും.
എം സി ജേക്കബിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരുപോലെ പ്രിയങ്കരമായ കിറ്റെക്‌സ് എന്ന ബ്രാന്‍ഡിനു പുറകില്‍. നാടിനോടും വീടിനോടും കുടുംബത്തോടും വളരെ വൈകാരികമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വന്തം നാടിന്റെയും ജീവിതത്തില്‍ ഏറെ സ്വാധീനിച്ചവരുടെയും പേരുകളാണ് അദ്ദേഹം തന്റെ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ അമ്മയുടെ പേരാണ് അന്ന. അതില്‍ നിന്നാണ് അന്ന അലുമിനിയം. അച്ഛന്റെ പേരില്‍ നിന്നാണ് ചാക്‌സണ്‍. അമ്മയുടെ സഹോദരിയുടെ പേരില്‍ നിന്നാണ് സാറ സ്പൈസസ്.സ്വന്തം നാടിന്റെ പേരില്‍ നിന്നാണ് കിഴക്കമ്പലം ടെക്‌സ്‌റ്റൈല്‍സ്.(കിറ്റെക്‌സ്) രാവും പകലും അറിയാതെയുള്ള അധ്വാനത്തിനിടയിലും അദ്ദേഹം അനേകം അശരണര്‍ക്കും രോഗികള്‍ക്കും സ്‌നേഹവും സാന്ത്വനവും ആശ്രയവുമായിരുന്നു.
എം.സി. ജേക്കബ്  ആരംഭിച്ച പ്രസ്ഥാനങ്ങള്‍ ഒന്നൊന്നായി വളര്‍ന്നു കിഴക്കമ്പലവും ലോകവ്യാപാര ഭൂപടത്തിലേക്ക് ചേക്കേറി.

Post your comments