Global block

bissplus@gmail.com

Global Menu

കിറ്റ്‌കോ കേരളത്തിനഭിമാനം

ലോകത്തിനു തന്നെ മാതൃകയായ ഒരു വിമാനത്തവളാണ് കൊച്ചിയിലെ അന്താരാഷ്ര്ട വിമാനത്താവളം. എല്ലാവിധ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളോടുമുള്ള  കൊച്ചി വിമാനത്താവളം മറ്റു എയര്‍ പോര്‍ട്ടുകളേക്കാള്‍ മികവില്‍ മുന്നിട്ടു നില്‍ക്കുന്നു. കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ എന്ന കിറ്റ്കോയാണ് സിയാലിന്റെ നിര്‍മാണം നിര്‍വഹിച്ചത്. സാങ്കേതിക നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കിറ്റ്കോ. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ര്ട മറീനയായ കൊച്ചിന്‍ മറീന, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,  ടൈറ്റാനിയം സ്പോഞ്ച് പ്‌ളാന്റ്, വൈറ്റില മൊബിലിറ്റി ഹബ്, സ്പൈസസ് ബോര്‍ഡിന്റെ സുഗന്ധ വ്യഞ്ജന പാര്‍ക്കുകള്‍ ഇത്തരത്തില്‍ കേരളത്തിന്റെ അഭിമാനകരമായ നിരവധി പ്രോജക്ടുകള്‍ക്ക് പിന്നില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ എന്ന കിറ്റ്കോയുണ്ട്. വിജകരമായ 45 വര്‍ഷങ്ങള്‍ പിന്നിട്ട കിറ്റ്കോ കേരളവും ദക്ഷിണേന്ത്യയും ഒക്കെ കടന്ന് ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായി ഉയര്‍ന്നിരിക്കുകയാണ്. കിറ്റ്കോയുടെ അഭിമാനകരമായ പ്രോജക്ടുകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും കിറ്റ്കോയുടെ  മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ് ബിസിനസ്‌സ് പ്‌ളസിനോട് മനസ്‌സു തുറക്കുന്നു.

അഭിമാനകരമായ പദ്ധതികള്‍
കിറ്റ്കോയുടെ ഏറ്റവും പ്രധാന പ്രോജക്റ്റ് കൊച്ചി അന്താരാഷ്ര്ട വിമാനത്താവളമാണ്. കിറ്റ്കോയുടെ വളര്‍ച്ചയുടെ പ്രധാന ഘട്ടമായിരുന്നു ഈ പ്രോജക്ട്. എയര്‍പോര്‍ട്ട് പ്രോജക്ട് ചെയ്തതിനു ശേഷം അത്രയും വലിയ മാഗ്‌നിറ്റൂഡ് ഉള്ള പ്രോജക്ടുകള്‍ ചെയ്യാന്‍ കഴിയും എന്നുള്ളതില്‍ നിന്നാണ് കിറ്റ്കോ വലിയ പ്രോജക്ടുകള്‍ ചെയ്തത്. എയര്‍പോര്‍ട്ടുകളുടെ പ്രോജക്ടുകള്‍ എല്ലാം തന്നെ ഒരു ബെഞ്ച്മാര്‍ക്ക് ആണ്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ ടി 3 ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റേതൊരു എയര്‍പോര്‍ട്ടിനേക്കാളും ഇത് മുന്നിട്ടുനില്‍ക്കുന്നു. 
ആയുര്‍വേദം വളരെ ട്രഡീഷണല്‍ ആയിട്ടുള്ള ഇന്‍ഡസ്ട്രിയാണ്. അതിനെ മോഡേനൈസ് ആക്കിയ  ഔഷധിയുടെ ഒരു എക്‌സ്പാന്‍ഷന്‍ പ്രോജക്റ്റ് കിറ്റ്കോ വിജയകരമായി ചെയ്യുകയുണ്ടായി. കൊച്ചിന്‍ മറീന ഇന്ത്യയിലെ ആദ്യത്തെ മറീനയാണ്. വളരെ കുറഞ്ഞ ചെലവിലാണ് കിറ്റ്കോ ഇത്  ചെയ്തത്. വളരെ വര്‍ഷങ്ങളായി കൊച്ചിയില്‍ ഒരു മറീന വേണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. ബഡ്ജറ്റിലൊതുങ്ങുന്ന ഒരു പ്രോജക്റ്റ് തയ്യാറാക്കി കിറ്റ്കോ അവതരിപ്പിച്ചു. ഗവണ്‍മെന്റ് പ്രോജക്ടുകളാണ് കിറ്റ്കോ കൂടുതലും ചെയ്തിരിക്കുന്നത്. പ്രത്യേകിച്ചും പബ്‌ളിക്ക് സെക്ടറിലുള്ള പ്രോജക്ടുകള്‍ ചെയ്യുമ്പോള്‍ അത് കോസ്റ്റ് എഫക്ടീവ് ആയിരിക്കണം. ഇത്തരത്തില്‍ വിജകരമായ പ്രോജക്ടുകള്‍ കിറ്റ്കോ ചെയ്തിട്ടുണ്ട്. ഇടുക്കി, മഞ്ചേരി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകളുടെ പ്രോജക്റ്റ് ഉണ്ട്. യൂറോപ്യന്‍ നിര്‍മാണ കമ്പനികളുടെ മേഖലയായിരുന്നു ഗോള്‍ഫ് കോഴ്സ്. കുറഞ്ഞ ചെലവില്‍ ഗോള്‍ഫ് കോഴ്സ് നല്‍കി കിറ്റ്കോ നേട്ടം കൊയ്തു. ഏവിയേഷന്‍ ആന്‍ഡ് മൊബിലിറ്റി ഹബ്ബ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് അര്‍ബന്‍ പ്‌ളാനിംഗ്,  ടൂറിസം, ലഷര്‍ ആന്‍ഡ് സ്പോര്‍ട്സ്, പോര്‍ട്ട്സ് ആന്‍ഡ് ലോജിസ്റ്റിക്സ്, പ്രോസസ് എന്‍ജിനീറിംഗ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ്, ടെക്നിക്കല്‍ സര്‍വീസ്, മാനേജ്മെന്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ഇത്തരത്തില്‍ വിവിധ മേഖലകള്‍ കിറ്റ്കോയ്ക്കുണ്ട്. 
യുവതലമുറയിലുള്ളവര്‍ പുതിയ ആശയങ്ങളുമായി പുതിയ സംരഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നുണ്ട്.  സ്‌കൂളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ ഒരു ഐഡിയ കിട്ടിയ ഉടനെ ഒരു സ്റ്റാര്‍ട്ട് അപ്പിനായി ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ മുന്‍ ധാരണകളില്ലാതെ  ചെയ്യേണ്ട കാര്യമല്ല ബിസിനസ്. ഇവരുടെ ഐഡിയയില്‍ എന്തുമാത്രം പൊട്ടന്‍ഷ്യല്‍ ഉണ്ട് എന്നുള്ളത് പ്രധാനമാണ്. ഇതിനാണ് കിറ്റ്‌കോ മുന്‍തൂക്കം കൊടുക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും മെന്ററിങ് സേവനവും കിറ്റ്കോ നല്‍കിയിട്ടുണ്ട്. ബിസിനസില്‍ നിന്നുള്ള ലാഭം എത്രമാത്രമാണെന്ന് ചിന്തിക്കുകയല്ല മറിച്ച് അതിനെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തേണ്ടതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. പ്രൊഫഷണലുകള്‍ ഒരു പ്രത്യേക പാതയിലാണ് ചിന്തിക്കുന്നത്. അമച്ചര്‍സ് ഒരു ഫ്രഷ് മൈന്‍ഡുമായി ഫ്രഷ് ഐഡികളുണ്ടാവും. അവരുടെ ഇന്നവേഷന്‍ ഇമാജിനേഷന്‍ അതെല്ലാം വളരെ മികച്ചതായിരിക്കും. 
നേട്ടങ്ങളുടെ നിറവില്‍ 
പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്രേ്ടാണിക്സ് (ഭെല്‍), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് (എച്ച്.എ.എല്‍.) എന്നിവയുടെ വന്‍കിട പദ്ധതികളുടെ കരാര്‍ കിറ്റ്കോ നേടുകയുണ്ടായി. പ്രമുഖ കണ്‍സള്‍ട്ടന്‍സികളെ പിന്തള്ളിയാണ് കിറ്റ്‌കോ ഈ നേട്ടം കൈവരിച്ചത്.  ഭാരത് ഇലക്രേ്ടാണിക്സിന്റെ അത്യാധുനിക റഡാര്‍–ആയുധ നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്നതിനാവശ്യമായ കണ്‍സള്‍ട്ടന്‍സി കരാറാണ് കിറ്റ്‌കോ നേടിയെടുത്തത്. ആയുധ സംവിധാന സംയോജനം, ബീക്കന്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവയാണ് നടപ്പാക്കുന്നത്.  സിവില്‍, മെക്കാനിക്കല്‍, ഇലക്ര്ടിക്കല്‍ ജോലികളുടെ കണ്‍സള്‍ട്ടന്‍സിക്കൊപ്പം, രണ്ടാം ഘട്ടത്തിന്റെ മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതും കിറ്റ്കോയാണ്.   മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് നടപ്പാക്കുന്നത്. 919 ഏക്കറില്‍ ആന്ധ്രയിലെ അനന്തപുരം ജില്ലയിലെ പാലാസമുദ്രത്തിലാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്.  പദ്ധതി പൂര്‍ത്തിയാകുന്നതോടെ റഡാര്‍ സാമഗ്രികള്‍, ആയുധങ്ങള്‍ എന്നിവയുടെ ഇറക്കുമതി കുറച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത യുദ്ധ സംവിധാനങ്ങള്‍ രാജ്യത്ത് സജ്ജമാക്കാനാകും.
എച്ച്.എ.എല്‍. സ്വന്തമായി വിമാന എന്‍ജിന്‍ നിര്‍മിക്കാനായി എയ്റോ എന്‍ജിന്‍ ഗവേഷണ വികസന കേന്ദ്രമാണ് ബെംഗളൂരുവില്‍ സ്ഥാപിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന റോള്‍സ് റോയ്സ്, ജിഇ എന്‍ജിനു പകരം ഇന്ത്യന്‍ നിര്‍മിത എന്‍ജിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. പുതിയ എന്‍ജിന്‍ നിര്‍മാണ കേന്ദ്രത്തില്‍ എന്‍ജിന്റെ വിവിധ ഘടകങ്ങള്‍, പ്രോട്ടോടൈപ്പ് നിര്‍മാണം, പരീക്ഷണ കേന്ദ്രം, ഭരണ, രൂപകല്പന വിഭാഗം എന്നിവയാണ് വിഭാവനം ചെയ്യുന്നത്. 
കിറ്റ്കോയുടെ അഭിമാന പ്രോജക്ടാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട്. സെപ്റ്റംബറിലാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്മീഷന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. വളരെ മികച്ച രീതിയില്‍ പ്രത്യേകതകളുള്ള കണ്‍സ്ട്രക്ഷനാണിത്. അതായത് ഇപ്പോഴത്തെ എയര്‍പോര്‍ട്ട് നമുക്കെത്രമാത്രം വേണമെങ്കിലും എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. മലബാര്‍ മേഖല മാത്രമല്ല കൂര്‍ഗ് പോലുള്ള മേഖലകളെയും ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട്. ഒരു ടൂറിസ്റ്റ് ടെസ്റ്റിനേഷനാണ് കൂര്‍ഗ്. ടൂറിസനത്തിന് അതിപ്രസരം ഇല്ലാത്ത സ്ഥലമാണ് കണ്ണൂര്‍. ഒരു വിര്‍ജിന്‍ പ്‌ളേസ് ആണത്. ഇപ്പോള്‍ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ കൊച്ചിയുടെ ഗ്രോത്ത് എന്തുമാത്രം പിന്നോട്ടാകുമായിരുന്നു. ഇത്തരത്തില്‍ വളരെ പൊട്ടന്‍ഷ്യലുള്ള ഒരു സ്ഥലമാണ് കണ്ണൂര്‍.
1972–ലാണ് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനായി കിറ്റ്കോ യാഥാര്‍ഥ്യമാകുന്നത്. വ്യവസായ വാണിജ്യ രംഗത്തെ വികസനത്തിന് സഹായകമാകാന്‍ സ്ഥാപിച്ച കിറ്റ്കോ 45 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.സാങ്കേതിക വിദഗ്ദരുടെ മികച്ച ഒരു സംഘമാണ് കിറ്റ്കോയിലുള്ളത്. എയര്‍പോര്‍ട്ടുകള്‍, വ്യവസായ പാര്‍ക്കുകള്‍, പാലങ്ങള്‍, ടൂറിസം പദ്ധതികള്‍, ഗോള്‍ഫ് കോഴ്സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ആയിരത്തിലധികം പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. വ്യത്യസ്തമായ മേഖലകളില്‍ നിരവധി നേട്ടങ്ങളുമായി രാജ്യത്തെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനമായി കിറ്റ്കോ ഉയരുകയാണ്. കഴിഞ്ഞ നാല് ദശകങ്ങള്‍ക്കുള്ളില്‍ വൈവിദ്ധ്യമാര്‍ന്ന വന്‍കിട പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രാഗത്ഭ്യമാണ് കിറ്റ്കോയുടെ വിജയം. 

Post your comments