Global block

bissplus@gmail.com

Global Menu

അനന്തപുരിക്ക് ഒരു തിലകക്കുറി കൂടി

സംസ്ഥാനത്തെ ആരോഗ്യരംഗത്തുള്ള മേന്‍മ അന്താരാഷ്ര്ടതലത്തിലേക്ക് ഉയര്‍ത്തുന്ന ഗവേഷണവികസന സ്ഥാപനമായി വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മാറും. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ലോകനിലവാരത്തിലേക്ക് നമുക്കുയരാനാകണം. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില രോഗങ്ങള്‍ വരുമ്പോള്‍ തുടര്‍നിഗമനങ്ങളിലെത്താന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള വൈറസ് രോഗങ്ങള്‍ കൃത്യമായി മനസിലാക്കാനും എങ്ങനെ നേരിടണമെന്നതും ഇത്തരം ഗവേഷണ സ്ഥാപനങ്ങള്‍ ആവശ്യമാണ്. അത്യാധുനികവും അതിശാസ്ത്രീയവുമായ ഗവേഷണസംവിധാനങ്ങള്‍ ഇനിയും നമ്മുടെ നാട്ടില്‍ വളര്‍ന്നുവരണം.

ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രമാണ് തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും, പുതുതായി കണ്ടെത്തുന്ന നിപ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും. അന്താരാഷ്ര്ട മാനദണ്ഡങ്ങള്‍ക്കു വിധേയമായി ബയോ സേഫ്റ്റി ലെവല്‍–3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാംക്രമിക രോഗങ്ങളുടേയും, വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംവിധാനമാണ് നിലവില്‍ വരുന്നത്. അന്താരാഷ്ര്ട വൈറോളജി നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുടേതിന് സമാനവും ആ ശൃംഖലയില്‍പ്പെടുന്നതുമായിരിക്കും നിര്‍മ്മിക്കപ്പെടുന്ന പുതിയ ഇന്‍സ്റ്റിറ്റിയൂട്ട്. സംസ്ഥാനത്തോ, രാജ്യത്തോ അത്തരം ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. രോഗകാരണം കണ്ടെത്തുകയും, രോഗകാരികളെ മനസ്‌സിലാക്കുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതിലുപരി രോഗം പിടിപെടാനും, പടരാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി സംസ്ഥാനം അഭിമുഖീകരിക്കുന്ന ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ ഗുനിയ തുടങ്ങിയ വിവിധ പനികളുടെ രോഗഹേതു വൈറസുകളായതിനാലും, രോഗനിര്‍ണ്ണയത്തിനും കൂടുതല്‍ പരിശോധനകള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലും സംസ്ഥാനത്ത് ഒരു ഗവേഷണ വികസന കേന്ദ്രം വേണമെന്ന ആശയം, ലോകപ്രശസ്ത ഭിഷഗ്വരന്മാരായ ഡോ. എം. വി. പിള്ള, ഡോ. ശാര്‍ങ്ങധരന്‍ എന്നിവരാണ് മുന്നോട്ടു വച്ചത്. 2017 ഏപ്രിലില്‍ സംസ്ഥാനത്തെ പ്രമുഖ വൈറോളജി ഗവേഷകരുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും വെല്ലൂര്‍ ഇഘഇ യിലെ ഡോ. റ്റി. ജെ ജോണിന്റെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രത്തിന്റെ കരട് രൂപരേഖയും പ്രവര്‍ത്തന മാനദണ്ഡങ്ങളും നിശ്ചയിച്ചു. ജൂണില്‍ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഗാംഗുലിയുടെ അധ്യക്ഷതയില്‍ ഒരു ദേശീയ വൈറോളജി സംഗമം സംഘടിപ്പിച്ച് സ്ഥാപനത്തിന്റെ രൂപരേഖയും 202 കോടി രൂപയുടെ ബജറ്റും അംഗീകരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തി. 

ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള ഗവേഷണസ്ഥാപനങ്ങള്‍ പരമപ്രധാനമാണ്. നിഷ്‌കാസനം ചെയ്തെന്ന് കരുതിയ പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുന്നതും, കേള്‍ക്കാത്ത രോഗങ്ങളും ജീവിതശൈലീരോഗങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാകണം. ഈവര്‍ഷം അവസാനത്തോടെ സ്ഥാപനം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണുള്ളത്.

 

Post your comments