Global block

bissplus@gmail.com

Global Menu

അച്ഛാദിന്‍ വന്നില്ല...

കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന വാഗ്ദാനമുയര്‍ത്തിയാണ് മോഡി സര്‍ക്കാരിന്റെ ഭരണം നിലവില്‍ വന്നത്. കള്ളപ്പണം എന്നെഴുതിയ ഒരു സേ്‌ളറ്റ് തല തിരിച്ചുപിടിക്കുന്നതിന്റെ ചിത്രമായി ട്രോളന്മാര്‍ മോഡിയുടെ ഭരണത്തെ 'വാഴ്ത്തുകയുണ്ടായി'. സാമ്പത്തിക കാര്യങ്ങളിലായാലും ജന സുരക്ഷയുടെ കാര്യങ്ങളിലായാലും ആകെ കുഴഞ്ഞുമറിഞ്ഞമട്ടിലാണ് ഇന്ത്യയുടെ ഇന്നത്തെ പോക്ക്. 

എഴുത്തുകാര്‍ക്ക് സ്വന്തം അഭിപ്രായങ്ങള്‍ തുറന്നെഴുതാന്‍ വയ്യ. സര്‍ക്കാരിന്റെ ഹിതത്തിന് എതിരായി എഴുതിയ എഴുത്തുകാര്‍ക്ക് നേരിടേണ്ടിവന്നത് മരണമാണ്. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലാനും അന്യമതസ്ഥരോട് സംസാരിച്ചാല്‍ അടിച്ചുകൊല്ലാനും മറ്റേത് രാജ്യത്ത് കഴിയും. നിയമങ്ങളോട് ഭയമില്ലാത്ത ജനങ്ങള്‍ ചെയ്തുകൂട്ടുന്നതോര്‍ത്താല്‍ അധികാരക്കസേര എന്തിനുള്ളതെന്നുകൂടി ചിന്തിക്കേണ്ടതായിട്ട് വരും. അന്യന്റെ ഭക്ഷണ രീതിയെക്കൂടി ചോദ്യം ചെയ്ത ഒരു ഭരണത്തിനാണ് ജനങ്ങള്‍ കുറേനാളായി സാക്ഷ്യം വഹിക്കുന്നത്. 
ജീവിക്കാന്‍ തുടങ്ങിയതുമുതല്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരങ്ങളുമേറ്റുവാങ്ങി ജീവിച്ച മനുഷ്യര്‍വരെ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ടു. ഹിന്ദുത്വത്തെ പ്രകീര്‍ത്തിക്കാന്‍ ബിജെപി തെരഞ്ഞെടുത്ത വഴികളെല്ലാം തെറ്റായിരുന്നു. മുദ്രാവാക്യങ്ങളില്‍ മാത്രമുയര്‍ന്ന അച്ചാദിന്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് പോലും ലഭിച്ചിരുന്നില്ല. 
ഹൈന്ദവ ക്ഷേത്രങ്ങളില്‍, പൂജാരികളില്‍ നിന്നുപോലും ക്രൂരമായ ലൈംഗിക പീഡനത്തിന് പിഞ്ചുബാല്യങ്ങള്‍ ഇരയായി. ജാതിയില്‍ താണവരെങ്കില്‍ എങ്ങനെയായിരിക്കണമെന്നും അവര്‍ക്ക് കുതിരയെ ഉപയോഗിക്കാമോ, കാലിന്മേല്‍ കാല്‍ കയറ്റി വെക്കാമോ? മോഡിയുടെ പേര് മുഴുവന്‍ അറിയാമോ എന്നെല്ലാം നോക്കലാണ് സവര്‍ണരുടെ പണി.
മറ്റു ജാതിയിലുള്ളവര്‍ എന്ത് തൊഴില്‍ ചെയ്യണമെന്നുപോലും ഇവര്‍ പ്രഖ്യാപിച്ചുകളയും. തൊഴില്‍ വാഗ്ദാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊലിക്കട്ടി അപാരം തന്നെ. 
സര്‍ക്കാര്‍ പാതിവഴി പിന്നിടുമ്പോള്‍ ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ ക്രമാതീതമായി കുറഞ്ഞു വരികയാണെന്ന് സര്‍ക്കാരിന്റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ദിവസം 550 തൊഴിലവസരങ്ങള്‍ എന്ന കണക്കില്‍ എട്ടു ലക്ഷത്തില്‍പരം തൊഴിലവസരങ്ങളാണ് ഇന്ത്യയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ട തൊഴിലുകള്‍ പ്രധാനമായും കാര്‍ഷികമേഖല, കരാര്‍ ജോലികള്‍, നിര്‍മാണ മേഖല, ചെറുകിട വ്യാപാര മേഖല എന്നിവയാണ്.
ലേബര്‍ബ്യൂറോവിന്റെ കണക്കുകള്‍ പ്രകാരം 2015 ല്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.3 ലക്ഷം തൊഴിലവസരങ്ങളാണ്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് 2013 ഇല്‍ 4.19 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കപ്പെട്ടു, 2011 ലാകട്ടെ ഇത് 9 ലക്ഷമായിരുന്നു.
ഡാറ്റ കൃത്യമായി സൂചിപ്പിക്കുന്നത് വ്യക്തമായ ട്രെന്‍ഡ് ആണ്. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നു, ഡല്‍ഹി ആസ്ഥാനമായ പ്രഹാര്‍ എന്ന സംഘടന പറയുന്നു.
അടിസ്ഥാന മേഖലകളില്‍ വന്ന മാന്ദ്യമാണ് തൊഴിലവസരങ്ങള്‍ ഇല്ലാതാവാന്‍ കാരണം. പ്രത്യേകിച്ചും കാര്‍ഷിക രംഗത്തും ചെറുകിട വ്യവസായ രംഗത്തും, പ്രഹാര്‍ പറഞ്ഞു. 
ലോക ബാങ്കിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ ജനങ്ങളില്‍ 50 ശതമാനം പേരും തൊഴിലിനായി കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. ചെറുകിട വ്യാവസായിക രംഗം ബാക്കി 40 ശതമാനം തൊഴിലുകള്‍ സൃഷ്ടിക്കുന്നു. കേന്ദ്രീകൃത മേഖല (ഓര്‍ഗനൈസ്ഡ് സെക്ടര്‍) ഇന്ത്യയിലെ മൊത്തം തൊഴിലവസരങ്ങളും 1 ശതമാനം മാത്രമേ വരുന്നുള്ളു. ഈ അടിസ്ഥാന മേഖലയുടെ തകര്‍ച്ചയാണ് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമെന്ന് പ്രഹാര്‍ പറഞ്ഞു.
ഇങ്ങനെ പോയാല്‍ 2050 ആകുമ്പോഴേക്കും ഇവിടെ 70 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടാകു. അതെ സമയം 60 കോടിയോളം തൊഴില്‍രഹിതരും...   സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
പ്രധാനമന്ത്രി മോഡി കൊട്ടിഘോഷിച്ചു ഉത്ഘാടനം ചെയ്ത മൈക് ഇന്‍ ഇന്ത്യ പദ്ധതി കേവലം 6 ലക്ഷം തൊഴിലവസരങ്ങളാണ് അടുത്ത 5 വര്‍ഷങ്ങളിലായി സൃഷ്ടിക്കുക. എന്നാല്‍ തൊഴില്‍ തേടിയലയുന്ന ജനങ്ങളുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നേക്കാം എന്നും പ്രഹാര്‍ പറയുന്നു,
ലോക സാമ്പത്തിക വളര്‍ച്ചാസൂചിക: ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനു പിന്നില്‍ തള്ളപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയില്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെ എന്ന് തെളിയിക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു.
പോയ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന്, ഓക്‌സ്ഫാം  പുറത്തിറക്കിയ വാര്‍ഷിക സര്‍വേയും വെളിപ്പെടുത്തി. 
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനത്തില്‍, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സര്‍വെ ഫലം. എന്നാല്‍ ഈ വര്‍ഷം അത് 73 ശതമാനമായി.
തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തി നില്ക്കുന്നു എന്നാണിത് കാട്ടുന്നത്.
റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത് എന്നാണ് ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു... 2017–18 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്.
ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ടുകൊണ്ട് ലോകസമ്പത്ത്, ന്യൂനപക്ഷം വരുന്ന അതിസമ്പന്നരില്‍ കുന്നുകൂടുന്നതിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ഈ സര്‍വെ.
സമ്പത്ത് മുഴുവന്‍് ചെറിയൊരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണത, രാജ്യത്ത് കൂടുതല്‍ സാമൂഹികകലാപങ്ങളിലേയ്ക്ക് വഴി വെക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു.
സാമ്പത്തികരംഗത്ത് ഉണ്ടായ പരാജയത്തെ, മത,വര്‍ഗ്ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി പൊതുശ്രദ്ധയില്‍ നിന്നും മറച്ചു വെയ്ക്കുന്ന തന്ത്രമാണ് ഇന്ന് വരെ സംഘപരിവാര്‍ സ്വീകരിച്ചു പോന്നത്. അത് പലപ്പോഴും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ, സാമ്പത്തിക അസമത്വത്തിന്റെ ഈ അസ്വസ്ഥതകളെ മറച്ചു വെയ്ക്കാന്‍ ഇപ്പോഴുള്ള വര്‍ഗ്ഗീയത പോരാതെ വരുമ്പോള്‍, സംഘപരിവാര്‍ രാജ്യത്തെ ഏത് അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം എല്ലാ മാസവും പെട്രോള്‍ വില വര്‍ധിപ്പിച്ചാണ് മോഡി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിച്ചത്. വില വര്‍ധനവില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന അവകാശവാദം തെറ്റാണെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇന്ത്യന്‍ ജനതക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചാണ് മോഡി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നു സാരം.
സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണം ഏറ്റവും കെടുതികള്‍ വിതച്ചത് കാര്‍ഷിക മേഖലയിലാണ്. വളങ്ങളുടെയും മറ്റു അസംസ്‌കൃത വസ്തുക്കളുടെയും സബ്‌സിഡികള്‍ ഇല്ലാതാക്കപ്പെട്ടതിലൂടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ സാങ്കേതിക പിന്നോക്കാവസ്ഥ മൂലം അത് കൂടുതല്‍ മനുഷ്യാധ്വാന കേന്ദ്രീകൃതവും കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ വളരെ ബാധിക്കുന്ന നിലയുമാണുള്ളത്. ഇടനിലക്കാരുടെ ചൂഷണവും ഭക്ഷ്യ ധാന്യങ്ങള്‍ ഊഹക്കച്ചവടക്കാര്‍ക്ക് മേയാന്‍ തുറന്നിട്ട ഉദാരവല്‍ക്കരണവും കര്‍ഷകരെ ദയനീയ സ്ഥിതികളില്‍ എത്തിച്ചു. ഗവണ്മെന്റിന്റെ സഹായങ്ങളുടെ അഭാവത്തില്‍ കൊള്ളപ്പലിശക്കാരുടെ കൈകളില്‍ എത്തപ്പെടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ കടക്കെണിയില്‍ പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും രാജ്യത്ത് നിരവധി കര്‍ഷക പ്രക്ഷോഭങ്ങളുണ്ടായതും മോഡി സര്‍ക്കാരിനെ തെല്ലുലച്ചിട്ടുപോലുമില്ല എന്നതും ഭയമുളവാക്കുന്നു.
നോട്ടു നിരോധനത്തിന്റെ കെടുതികളില്‍ നിന്നു ഇപ്പോഴും രാജ്യം കര കയറിയിട്ടില്ല. എത്രയോ ലക്ഷങ്ങളാണ് ഇപ്പോഴും തൊഴിലില്ലാതെ അലയുന്നത്. എത്രയോ തൊഴില്‍ മേഖലകളെ അതു തകര്‍ത്തു. കൊട്ടിഘോഷിച്ചിരുന്ന ഒരു ഗുണവും ലഭിച്ചില്ല.                   ജി എസ് ടിയാകട്ടെ ചെറുകിട മേഖലകളേയും തകര്‍ത്തു. എതാനും കോര്‍പറേറ്റുകള്‍ വളരുന്ന കാഴ്ച മാത്രമാണ് മോഡി ഭരണത്തില്‍ കാണുന്നത്. അവര്‍ക്കായി ബാങ്കുകളിലെ ലോക്കറുകളെല്ലാം തുറന്നു കൊടുത്തിരിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുന്നു. കോര്‍പറേറ്റ് താല്‍പര്യപ്രകാരം ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കായി പുതിയ വികസന സമവാക്യങ്ങളുണ്ടാക്കുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയടക്കം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആരേയും ഞെട്ടിക്കുന്നതാണ്. 
കേന്ദ്രത്തിന്റെ ആധാറുള്‍പ്പെടെയുള്ള പദ്ധതികളെല്ലാംതന്നെ ഗൂഡലക്ഷ്യമുള്ളവയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. വ്യക്തി വിവരങ്ങള്‍ ചോര്‍ത്താനും ആധാറില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണംചെയ്യാനുമുള്ള കുടിലതന്ത്രങ്ങള്‍പോലും മോഡിക്കറിയാം.  

Post your comments