Global block

bissplus@gmail.com

Global Menu

പൊല്‍തിങ്കള്‍ക്കല പൊട്ടുതൊടുന്നിടം- ഗ്വാല്‍ദാം

ഒരു നനഞ്ഞ സ്ഥലമാണ് ഗ്വാല്‍ദാം. ഉത്തരാഖണ്ഡിലെ ഒരു മലയോര ഗ്രാമം. സശസ്ത്ര സീമാ ദള്‍  (BSF) ന്റെ ഒരു ഓഫീസൊഴിച്ചാല്‍ പറയത്തക്കതായി ഒന്നും ഇല്ലാത്ത ഒരു നനഞ്ഞ സ്ഥലം

അവിടെയാണ് ഇത്തവണ ഞങ്ങളുടെ ബേസ് ക്യാമ്പ്. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (YHAI)  സംഘടിപ്പിക്കുന്ന ഹിമാലയന്‍ ട്രെക്കിംഗിന് പങ്കുചേരാന്‍ ഞഞ്ഞള്‍ അവിടെയെത്തുമ്പോള്‍ നേരം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു. നല്ല തണുപ്പ്. ബാഗില്‍ നിന്നും സ്വെറ്റര്‍ എടുത്ത് ഇട്ട് കൈകള്‍ കൂട്ടിത്തിരുമ്മി ഞങ്ങള്‍ ആ ഹോട്ടലിന്റെ റിസപ്ഷന്‍ കൗണ്ടറില്‍ കാത്തിരുന്നു. ഈ പ്രദേശത്ത് ആകെയുള്ളത് ഈ ഹോട്ടല്‍ മാത്രമാണ്. അതാണിപ്പോള്‍ (YHAI) യുടെ താല്‍ക്കാലിക ബേസ് ക്യാംപായി പ്രവര്‍ത്തിക്കുന്നത്.
പേര് ചേര്‍ക്കല്‍ പ്രക്രിയ കഴിഞ്ഞ് ബാക്കി ഫീസ് അടച്ച് കഴിഞ്ഞപ്പോള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് തന്നു. അത്രയും നേരം കൗണ്ടറിന്റെ ചുറ്റുമുള്ള ചുമരുകളില്‍ (YHAI)  യുടെ നിയമങ്ങളും വില്‍പ്പനയ്ക്കുള്ള ചില സാധനങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് വെറുതെ നോക്കിയിരുന്നു! 'കൊള്ളാം'  ഒരു മങ്കിക്യാപ്പും ടി ഷര്‍ട്ടും മറ്റും വാങ്ങി- വളരെ വിലക്കുറവാണ്....
(YHAI) ഒരു NGO ആണ്. അധികവും ഹിമാലയന്‍ ട്രെക്കിംഗില്‍ താല്‍പര്യമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സാരഥ്യം വഹിക്കുന്ന ഒരു ഡല്‍ഹി അസോസിയേഷന്‍. പ്രവര്‍ത്തനങ്ങളെല്ലാം ലാഭേച്ഛ കൂടാതെയാണ്. ജോലികള്‍ അധികവും സേവനപ്രവര്‍ത്തകര്‍ ചെയ്യുന്നു. എല്ലാവരും വളരെ കമിറ്റ്‌മെന്റ് ഉള്ളവര്‍
അവര്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാനും സഹകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തില്‍ 30 ദിവസം വരെ സ്‌പെഷ്യല്‍ ക്യാഷ്വല്‍ ലീവ് ഇതിനായി  അനുവദിക്കും. എന്റെ ഒരു മേലധികാരി ഇതില്‍ സജീവമാണ്. അദ്ദേഹവുമായുള്ള അടുപ്പംകൊണ്ട് ഞാന്‍ നേരത്തെയും ഇത്തരം ട്രെക്കിംഗ് ക്യാമ്പകളില്‍ പങ്കെടുത്തിട്ടുണ്ട്.. നല്ല ഒന്നാന്തരം രീതികളാണ് അവരുടേത്. പട്ടാളച്ചിട്ടയും!....
ഇത്തവണത്തെ ട്രെക്കിംഗ് ബേദിനി ബുഗ്യാലിലേക്കാണ്. ഗൂഗിളില്‍ നോക്കിയാല്‍ ഒരു പക്ഷേ കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന് വരില്ല. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഗഡ്‌വാള്‍ പ്രദേശത്ത് ചമോലി ജില്ലയിലാണ് ഈ പ്രദേശം. ഗ്വാല്‍ദാം ബേസ് ക്യാമ്പാണ്. കര്‍ണ്ണപ്രയാഗിലേക്ക് പോകുന്ന റോഡ് ഇതിലേയാണ്. പ്രസിദ്ധമായ ബൈജനാഥ് ക്ഷേത്രം ഇതിനടുത്താണ്. വരുന്ന വഴിക്ക് ഞങ്ങള്‍ ക്ഷേത്രത്തിനടുത്ത ഗരുഡ് എന്ന പട്ടണത്തില്‍ അല്പനേരം ചിലവഴിച്ചിരുന്നു. ഒരു ചെറിയ ടൗണ്‍. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ട്. പിണ്ഡാരി നദി ഒരു വശത്തുകൂടി ശാന്തമായി ഒഴുകുന്നു.
പരിപാടി അനുസരിച്ച് അടുത്ത രണ്ട് ദിവസം ഗ്വാല്‍ ദാമില്‍ ചന്നെയാണ് താമസം. വെലുപ്പിനെ ഉണര്‍ന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം 'Acclimation Walk'' ഉച്ചവരെ....ഏഴ് എട്ട് കിലോമീറ്റര്‍ നടത്തും. അടുത്തുള്ള കുന്നും മലയും കയറിയിറങ്ങി ഹിമാലയ യാത്രക്ക് ഈ തയ്യാറെടുപ്പ് ഓരത്യാവശ്യഘടകമാണ്. മനസ്‌സും ശരീരവും അവിടത്തെ കാലാവസ്ഥക്ക് അനുകൂലമാക്കിയെടുക്കണം. എങ്കിലേ പര്‍വ്വതശിഖരങ്ങള്‍ കീഴടക്കാന്‍ പറ്റൂ..................... ഞങ്ങളുടെ ലക്ഷ്യം നന്ദാദേവിയുടെ ചോട്ടിലുള്ള ഒരു ചെറിയ കൊടുമാുടിയാണ്. 'കലുവ വിനായക് കൊടുമുടി' തൃശൂലി ശിഖരങ്ങള്‍ അകലെ ശിവനെപ്പോലെ നില്‍ക്കുന്നത് കാണാം. അടുത്ത് നന്ദാ ദേവിക്കും! ശിവപാര്‍വ്വതിമാരുടെ മടിയിലിരിക്കുന്ന ഉണ്ണി ഗണപതിയാണ് 'കലുവ വിനായക്'. അത് നടന്ന് കയറുക എന്നതാണ് ഈ ട്രെക്കിംഗിന്റെ ഉദ്ദേശം...................
അക്‌ളൈമെറ്റേഷന്‍ രണ്ടുദിവസം നടന്നു. പകല്‍ ഗ്വാല്‍ ദാമിലാകെ പൊടിയാണ്. റോഡ് പണി തകൃതിയായി നടക്കുന്നു. സാധാരണ ഇവിടങ്ങളില്‍ വളരെ വീതികുറഞ്ഞ മലമ്പാതകളെ കാണൂ. ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന പാതകള്‍! മലയിടിച്ചില്‍ ഇവിടങ്ങളില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ ഹിമാലയന്‍ യാത്രകളില്‍ ഞങ്ങള്‍ സമയം കുറച്ചധികം നല്‍കിയേ തിരുമാനിക്കൂ. ഗതാഗത തടസ്‌സം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം............റോഡുകള്‍ നന്നാക്കാനായി ഒരു പ്രത്യേക വകുപ്പ് തന്നെ അവിടെയുണ്ട്. B.R.O  ബോര്‍ഡര്‍ നേഡ്‌സ് ഓര്‍ഗനൈസേഷന്‍. അര്‍ദ്ധസൈനിക വിഭാഗമാണ്. യൂണിഫോമൊക്കെയിട്ട്, പൊരിവെയിലും മഴയും മഞ്ഞും വകവയ്ക്കാതെ നിരന്തരം പണിചെയ്യുന്ന B.R.O  ഓഫീസര്‍ ഹിമാലയ സാനുക്കളിലെ ഒരു സാധാരണ കാഴ്ചയാണ്. ഇത് അവരുടെ പണിയല്ല. കണ്ടിട്ട് ഹൈവേയുടെ പണി പുരോഗമിക്കുന്നത് പോലെയുണ്ട്. 'ചൈനീസ് അതിര്‍ത്തിയിലെ റോഡുകള്‍ ഇന്ത്യ വന്‍തോതില്‍ നവികരിക്കുന്നു'  എന്ന വാര്‍ത്ത വായിച്ചതോര്‍ക്കണം. അടുത്തു ചെന്ന് രണ്ടുമൂന്നുപേരോട് ചോദിച്ചു സംശയനിവാരണം നടത്തി. സംഗതി സത്യമാണ്! ഹൈവേ പണി പുരോഗമിക്കുകയാണ്. ചൈനീസ് അതിര്‍ത്തി വളരെ അടുത്താണ്!
മൂന്നാം ദിവസം രാവിലെ 'കൂളിംഗ്' ഗ്രാമത്തിലേക്ക് തിരിച്ചു. 55 കി.മീ. ജീപ്പില്‍ നന്ദ പര്‍വ്വതത്തിന്റെ കാല്‍ച്ചുവട്ടിലെ ഒരു കുഗ്രാമം! അവിടെ നിന്നും ഞങ്ങള്‍ ദിദിനാഗ്രാമം വരെ നടന്നു. വൈകുന്നേരത്തോടെ ദിദിനയില്‍ എത്തി. കാടിനടുത്തുള്ള ഒരു താവളം. അത്രയേ ഉള്ളൂ ദിദിനാ....സ്ഥിരതാമസക്കാര്‍ കുറവാണ്. സീസണില്‍ കൃഷിക്കാര്യങ്ങള്‍ക്കായി എത്തുന്ന കര്‍ഷകരാണ് അധികവും. വൈദ്യൂതിയില്ല. മിക്ക കൂരകളിലും സോളാര്‍ പാനലുകള്‍ കണ്ടു. വൈകുന്നേരത്തെ ചെമന്ന സന്ധ്യയുടെ പശ്ചാത്തലത്തില്‍ പൂത്തു നില്‍ക്കുന്ന റോഡോ ഡേണ്‍ട്രോണ്‍ പോലെ ദിദിനാ എന്റെ മനസ്‌സില്‍ ഇടം പിടിച്ചു.
പിറ്റേന്നു രാവിലെ നടപ്പു തുടങ്ങി. തിങ്ങി നിറഞ്ഞ വൃക്ഷങ്ങളോട് കൂടിയ ഹിമാലയന്‍ അടിക്കാടുകള്‍ താണ്ടാന്‍ ഒരു ദിവസമെടുത്തു. ഇടയ്ക്കിടെ പരന്ന് കിടക്കുന്ന പുല്‍മേടുകള്‍! 'അലി ബുഗ്യാമും' 'ബേദിനി ബുഗ്യാലും' കാണേണ്ട സ്ഥലങ്ങള്‍ തന്നെ. ഹരിതാഭ പുതച്ച് അല്പം നരച്ച മുടി ചീകിയൊതുക്കി നില്‍ക്കുന്ന സന്യാസി വര്യനെ പോലെ. അനന്തതയിലേക്ക് കണ്ണു നട്ട് നില്‍ക്കുന്ന പുല്‍മേടുകള്‍....മടക്ക് മടക്കായി.......
രണ്ട് ദിവസത്തെ നടപ്പിനൊടുവില്‍ ഞങ്ങള്‍ 'പത്ഥര്‍ നച്ച്യൂനി' എന്ന ക്യമ്പില്‍ എത്തി. രൂപ്കുണ്ട് തടാകത്തിലേക്കുള്ള പ്രധാന നടപ്പാതയിലൂടെയായിരുന്നു ഞങ്ങളുടെ ഇതുവരെയുള്ള യാത്ര. ക്യാമ്പുകള്‍ വഴിയില്‍ നിന്നും മാറി മലയില്‍ അല്പം പരന്ന സ്ഥലത്താണ് കെട്ടുക. ക്യാമ്പ് എന്നാല്‍ മുന്നോ നാലോ ടെന്റുകള്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം-പ്രത്യേകം ടെന്റുകള്‍. പാചകത്തിനൊന്ന്, സാധനങ്ങള്‍ സൂക്ഷിക്കാന്‍ മറ്റൊന്ന്-കഴിഞ്ഞു........
ടോയ്‌ലെറ്റുകള്‍ ടെന്റുകള്‍ വേറെ കാണും. വളരെ ചെറിയ ടെന്റാണത്. അകത്ത് കയറി കാര്യം സാധിച്ചോണം-എല്ലാം പരിസ്ഥിതി ദോഷം വരുത്താത്ത താല്‍ക്കാലിക സംവിധാനങ്ങള്‍ മാത്രം...........(YHAI) ഭാരവാഹികള്‍ ഈ കാര്യങ്ങള്‍ ബേസ് ക്യാമ്പില്‍ വച്ച് തന്നെ വിശദീകരിച്ച് തന്നതാണ്.
'പത്ഥര്‍ നച്യൂനി' തണിത്തുറഞ്ഞ മഞ്ഞു കാടാണ്. ചെന്നപാടെ ആലിപ്പഴം പൊഴിയുന്നുണ്ട്. ചെറുതായി ചുറ്റിയടിക്കുന്ന കാറ്റും...........അര മണിക്കൂറിനുള്ളില്‍ ടെന്റിനു ചുറ്റും അരയടി ഘനത്തില്‍ മഞ്ഞു കട്ട നിറഞ്ഞു... ഞങ്ങളുടെ കൂടെ വന്നിരുന്ന പട്ടിക്കുട്ടന്‍-കാഴ്ചയ്ക്ക് ഉഗ്രപ്രതാപിയായ ഹിമാലയന്‍ ഷിപ്പ് ഡോഗ്-പോലും ടെന്റിനകത്തേക്ക് വലിഞ്ഞുകയറി എന്റെ കാല്‍ച്ചോട്ടില്‍ കിടപ്പായി. പാവത്തിന് പോലും താങ്ങാന്‍ പറ്റാത്തത്ര തണുപ്പായിരുന്നു പുറത്ത്!
രണ്ടു ദിവസം പത്ഥര്‍ നച്ചൂനിയില്‍ തന്നെ കഴിച്ചു കുട്ടേണ്ടി വന്നു. പിറ്റേന്നു രാവിലെ ഉണര്‍ന്ന് പ്രാതല്‍ കഴിച്ചെന്ന് വരുത്തി നടത്തം ആരംഭിച്ചു. 'ഉണ്ണി ഗണപതിയെ' കാണാന്‍ 'കാലു വിനായക്' കൊടുമുടി കയറാന്‍ അത്ര പ്രയാസമുള്ളതല്ല. പോകുന്ന വഴി മുഴുവന്‍ (അങ്ങനെയാണ് നമ്മള്‍ തന്നെ തെളിക്കേണ്ടി വരും) ഐസ് മൂടിക്കിടക്കുകയാണ്. പട്ടിക്കുട്ടന്‍ ഐസിന് മുകളില്‍ ഓടിക്കളിക്കുന്നു. കൂടെ വന്ന ഗൈഡുകള്‍ അല്പം ടെന്‍ഷനിലാണോ? അവര്‍ ഐസ് പാളികള്‍ക്ക് മുകളിലൂടെ നടന്നു വഴികാട്ടുന്നു. പിറകേ ഞങ്ങളും- പല സ്ഥലത്തും മുട്ടുവരെ മൂടുന്ന ഹിമം-പരന്ന് കിടക്കുന്ന മല മുഴുവന്‍ വെള്ളനിറത്തിലെ ഐസ്! പഞ്ഞിക്കെട്ട് പോലെ മേലെ മേഘങ്ങളും. താഴെ മഞ്ഞു പാളികളും............ കറുത്ത കണ്ണട ധരിക്കേണ്ട ആവശ്യം ഇപ്പോഴാണ് മനസ്‌സിലായത്! വഴുവഴുപ്പാര്‍ന്ന പാറകളാണ്. ഉച്ച സൂര്യന്റെ വെയില്‍ തട്ടി അങ്ങിങ്ങായി മഞ്ഞു ഉരുകിയൊലിച്ച് കിടപ്പാണ്. ആകപ്പാടെ മായികമായ അന്തരീക്ഷം!
ഉച്ചിയിലെത്തി അല്പം വിശ്രമിക്കുമ്പോള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ചെറിയ കല്ലുകള്‍ പെറുക്കിയടുക്കി ഒരു ചെറിയ ക്ഷേത്ര രൂപം ആരോ തീര്‍ത്തിരിക്കുന്നു! അല്പം അകലെയായി അമ്മ പാര്‍വ്വതി നന്ദാദേവിയെ വെള്ള മഞ്ഞില്‍ പൊതിഞ്ഞ് തിളങ്ങുമ്പം അതിനടുത്ത് തൃശൂലി മലനിരകള്‍! ഉയര്‍ന്ന് നില്‍ക്കുന്നു. കൊടുമുടികള്‍-ശിവനേ.........ഇതൊക്കെ കാണാന്‍ സിധിച്ചതേ പുണ്യം.....ഇവിടം വരെയാത്താന്‍ സാധിച്ചത് ജന്മപുണ്യം...
അല്പം കൂടി മുന്നോട്ട് നടന്ന് നോക്കി. രൂപ്കുണ്ഡ് തടാകത്തിലേക്കുള്ള വഴിയാണ്. ആകെ ഐസ് മൂടി കിടക്കുന്നു. അങ്ങ് താഴെയെവിടെയോ ആണ് രൂപ്കുണ്ട്. ഈ യാത്ര അവിടെ വരെയില്ല......... തിരിഞ്ഞ് ഒന്നൂടി നന്ദാ ദേവിയെ തൊഴുതു
കയറാനും കീഴടക്കാനും ഏറ്റവും ബുദ്ധിമുട്ടുള്ള പര്‍വ്വത ശിഖരമാണ് നന്ദാദേവി. ഇന്ത്യയിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി. സാക്ഷാല്‍ ശക്തിസ്വരൂപിണി. എങ്കിലും വെളുക്കെച്ചിരിച്ച് നില്‍ക്കയാണ്. പിണ്ഡാരി നദി അവളുടെ നാഭിയിലെവിടെ നിന്നോ പുറപ്പെടുന്നു എന്ന് കേട്ടിട്ടുണ്ട്. തൃശൂലിയുടെ സമീപത്തായി തലയുയര്‍ത്തി മല മക്കളുടെ ആ അമ്മ വിരാജിക്കുന്നു. കൂടെ വന്ന ഗൈഡുകള്‍ ഇടയ്ക്കിടെ ഭക്തിയാദരപൂര്‍വ്വം അവളെ തൊഴുന്നത് ഞാന്‍ കണ്ടു-നമ്രശിരസ്‌ക്കനായി ഇതാ ഈ മലയാള മലനാടിന്‍ പുത്രനും...............
രാത്രിയില്‍ ഏകാന്തതയില്‍ ടെന്റിന് പുറത്തിറങ്ങരുത് എന്നാണ് കര്‍ശന നിര്‍ദ്ദേശം. മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങണമെങ്കില്‍ വേറൊരാളിനെ കൂടെ കൂട്ടണം. കരടിയുള്ള സ്ഥലമാണ്. ഹിമാലയന്‍ കാടുകളില്‍ മനുഷ്യന് ഏറ്റവും അപകടകരമായ ജന്തു കരടിയാണ്. അതിനാലാണ് ഈ മുന്‍കരുതല്‍.
ഇന്ന് ബുദ്ധപൂര്‍ണ്ണിമയാണ്. ആകാശത്ത് മുഴു തിങ്കള്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാന്‍ ഞാന്‍ ടെന്റിന് വെളിയിലേക്ക് മെല്ലെയിറങ്ങി. സമയം ഏതാണ്ട് പത്തുമണിയായിക്കാണും എല്ലാവരും സുഖ നിദ്രയിലാണ്. ആരെയും ശല്യപ്പെടുത്താന്‍ തോന്നിയില്ല.
പുറത്ത് ഹ്യദ്യമായ തണുപ്പാണ്. വൈകുന്നേരത്തെ കാറ്റിലും മഴയിലും പെയ്ത ആലിപ്പഴം ചുറ്റിനും അരയടി ഘനത്തില്‍ കിടക്കുന്നു. ടെന്റിന് മുകളിലും ഐസ് പാളിയായി കിടക്കുന്നു. കാലനക്കം കേട്ട് പുറത്ത് കിടന്ന പട്ടിക്കുട്ടന്‍ തലയുയര്‍ത്തി നോക്കി. ഞാനാണ് എന്ന് കണ്ട് എഴുന്നേറ്റ് വാലാട്ടി അടുത്തു വന്നു. രണ്ടു ദിവസമായി കൊടുക്കുന്ന റൊട്ടിയുടെ നന്ദി.
പൊല്‍തിങ്കല്‍ക്കല പൊട്ടുതൊട്ട് ഹിമവല്‍ ശൈലാഗ്ര..... ഞാന്‍ അറിയാതെ മൂളിപ്പോയി..... പാല്‍ നിലാവില്‍ കുളിച്ച് നില്‍ക്കുന്ന ഹിമാലയന്‍ മലനിരകള്‍ ഉന്മാദഭരിതമായ കാഴ്ചയാണ്. വെളുത്ത വാവു ദിവസം അത് നന്നായി തെളിയും. ചുറ്റിനും മഞ്ഞു പാളികള്‍. ദൂരെ മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വ്വത നിരകള്‍.. ആകാശത്ത് വെണ്ണിലാ ചന്ദനക്കിണ്ണം...........വെള്ള പുതച്ച് തിളങ്ങുന്നു ചുറ്റും....ഇത്രമാത്രം തണുപ്പില്ലായിരുന്നെങ്കില്‍......കാറ്റ് ചെറുതായി വീശിത്തുടങ്ങി. ഞാന്‍ മെല്ലെ ടെന്റിനകത്തേക്ക് വലിഞ്ഞുകേറി. എന്നോടൊപ്പം പട്ടിക്കുട്ടനും...........പാവത്തിന് പോലും തണുപ്പ് സഹിക്കാന്‍ പറ്റാതായി. അവനെന്റെ  കാലിനടുത്ത് ചുരുണ്ടുകൂടി................ഒരു കൊടുമുടിയില്‍ നിന്ന് അടുത്തതിലേക്ക് നടന്ന് കേറുന്നത് വിസ്മയകരമായ ഒരനുഭവമാണ്. അതാണ് പിറ്റേ ദിവസം ഞങ്ങള്‍ക്കുണ്ടായത്. Cross over  ന്റെ ൂപീഗതത എത്ര പറഞ്ഞാലും ശരിയാവുകയില്ല. അനുഭവിച്ച് തന്നെയറിയണം! മല മുകളിലൂടെയുള്ളത് വീതി കുറഞ്ഞ ഒരു വഴിയാണ്. ഇരു വശത്തും അത്യാഗാധമായ കൊക്കകള്‍. ആകാശത്ത് പ്രകൃതി കെട്ടിയ തൂക്കു പാലം! അതിലൂടെ പാതി കാഴ്ച മറയ്ക്കുന്ന മൂടല്‍ മഞ്ഞിലൂടെ. പതിയെ ഒരുമിച്ച് നടന്ന് നടന്ന് മറുവശത്ത് എത്തുക എന്നത് ഒരല്പം അപകടം പിടിച്ച പണിയാണ്. കാലൊന്നു തെറ്റിയാല്‍ ആയിരക്കണക്കിന് അടി താഴേയ്ക്ക്.............അതിന്റെ ടെന്‍ഷന്‍ നമ്മുടെ ഗൈഡിന്റെ മുഖത്ത്  തെളിഞ്ഞു കണ്ടു.....ഇടയ്ക്ക് സെള്‍ഫിയെടുക്കാന്‍ അല്പം നിന്നുപോയ എന്നെ കണക്കിന് ശകാരിച്ചു. ശരിയാണ്, ഞാനത് അര്‍ഹിക്കുന്നുണ്ട്! എന്തെങ്കിലും സംഭവിച്ചാല്‍ കൊണ്ടു പോകുന്നവരല്ലേ ഉത്തരം പറയേണ്ടി വരിക?  YHAI  ഗൈഡുകള്‍ ചിലപ്പോള്‍ പട്ടാള ഓഫീസര്‍മാരാവും! മറുന്‍സിംഗ് വിശേഷിച്ചും!
അവസാന ദിവസം ഇറക്കമാണ്. ഈ കയറിയ മലയെല്ലാം ഒരു ദിവസം കൊണ്ട് ഇറങ്ങണം! കാല്‍മുട്ടുകള്‍ പരാതി പറഞ്ഞു തുടങ്ങും
നനഞ്ഞു കുതിര്‍ന്ന പച്ച പുല്‍മേട്ടിലൂടെ, പൂത്ത മരക്കാട്ടിലൂടെ തല വീശിയാടുന്ന പൈന്‍ മരങ്ങള്‍ക്കിടയിലൂടെ, ഇല വീണു വീണു പതു പതുത്ത മെത്തപോലെ, ചവിട്ടിയാല്‍ തെന്നുന്ന കാട്ടു വഴികളിലൂടെ, ദേവദാരുക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്ന 'വാണ്‍' ഗ്രാമത്തില്‍ ഉച്ചയോടെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അഞ്ചാറ് ശ്വാനന്മാര്‍ ഞങ്ങളുടെ വരവ് ഗ്രാമവാസികളെ അറിയിച്ചു. വാതായനത്തിലൂടെ ആകാംക്ഷഭരിതരായി എത്തി നോക്കുന്ന ചില സുന്ദര നടനങ്ങള്‍ ഞങ്ങളെ വരവേറ്റു.......
ആളൊഴിഞ്ഞ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചെന്നിരുന്ന് ഞങ്ങള്‍ കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണപൊതിയഴിച്ചു. ചൂടു ചായ മൊത്തിക്കുടിച്ച്.
നനുനനെ പെയ്യുന്ന തണുത്ത മഴയില്‍, മരക്കൊമ്പത്ത് മറഞ്ഞിരിക്കുന്ന മലങ്കാക്കകളെ ഞാന്‍ നോക്കിയിരുന്നു.
പാത്രത്തില്‍ നിന്നും റോട്ടിയും സബ്ജിയും കല്‍മതിലിന് മുകളില്‍ കൊണ്ട് വച്ച് ഞാനവയെ കൈതട്ടി വിളിച്ചു.
'ഹിമാലയമേ നീ എന്റെ പുണ്യപാപങ്ങള്‍ ഏറ്റുകൊള്ളുക' എനിക്കും നിനക്കും സ്വസ്തി!
ആടിയുലയുന്ന ജീപ്പിലിരിക്കുമ്പോള്‍ എന്റെ ചിന്ത പിണ്ഡാരി നദി പോലെ വളഞ്ഞു പുളഞ്ഞൊഴുകി. 'പൃതൃലോകം എന്നത് ഹിമാലയം ആയിരിക്കുമോ? അവിടെ ദേവദാരുവായ് പൂത്തു നില്‍ക്കുന്നത് ഏത് ആത്മാവാണ്? എന്നാണിനി ഞാന്‍ ഇവിടെ പുനര്‍ജനിക്കുക?
ഓരോ യാത്രയും ഓരോ കണ്ടെത്തലുകളാണ്. അവനവന്‍ അവനവനെ കണ്ടെത്തുന്ന യാത്രകള്‍. പകലിനും ഇരവിനുമിടയില്‍ അനന്തമായി യാത്ര ചെയ്യുന്ന ഭൂമി. കേന്ദ്രമായ സൂര്യനും, സൗരയൂഥവും, നക്ഷത്ര സമൂഹങ്ങളും എല്ലാം അനന്തമായ യാത്രയില്‍ അവയില്‍ ഒരു അണുവായി ഞാനും ചുറ്റിത്തിരിയുന്നു. ഹിമാലയത്തില്‍ നിന്നും കേരളത്തിലേക്ക്. തണുപ്പില്‍ നിന്നും പരിചിതമായ ചൂടിലേക്ക്. കൂട്ടിനായ് ഓര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും....യാത്രയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ കുത്തി നിറച്ച തോള്‍സഞ്ചിയും....വരും....ഞാനിനിയും നിന്നെത്തേടി....വീണ്ടും വരും........

എങ്ങനെ എത്തിച്ചേരാം 

ഡല്‍ഹി ഐ എസ് ബി റ്റി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്നും ഇവിടേക്ക് ഡയറക്റ്റ് ബസ്‌സുകള്‍ ഉണ്ട്. റെയിയിലിലാണെങ്കില്‍  ഓള്‍ഡ് ഡല്‍ഹിയില്‍ നിന്നും കത്‌ഗോധാം (ഹാല്‍ദ്വാനി)യിലെത്താം. ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഹാല്‍ദ്വാനിയില്‍ നിന്നും ഉണ്ട്. അതല്ലെങ്കില്‍ ടാക്‌സിയിലും സഞ്ചരിക്കാം. നൈനിറ്റാള്‍, അല്‍മോറ, സോമേശ്വര്‍, ബൈജ്നാഥ് എന്നീ സ്ഥലങ്ങള്‍ വഴിയില്‍ കാണാം. ബൈജ്നാത്തിനടുത്തുള്ള പട്ടണമാണ് ഗരൂര്‍.ജാഗേശ്വര്‍, ബാഗേശ്വര്‍ ഇവ അടുത്തുള്ള സ്ഥലങ്ങളാണ്. ഡല്‍ഹിയില്‍ നിന്നും  ഗ്വാള്‍ഡാമിലെത്താന്‍ ഏതാണ്ട് 20 മണിക്കൂറെടുക്കും. 
ഹിമാലയന്‍ ട്രെക്കിങ്ങിലെ തണുപ്പ് അതിജീവിക്കാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ കരുതാം. ബാക്ക്പാക്ക്‌സ്, ഇന്നേഴ്‌സ്, ജാക്കറ്റ്‌സ് സ്വെറ്റേഴ്സ്, സോക്‌സ്, ഗേ്‌ളാവ്‌സ്, ഹാറ്റ്‌സ്, മങ്കി ക്യാപ്‌സ്, ട്രെക്കിങ്ങ് ഷൂസ്, വോക്കിങ് സ്റ്റിക്, വാട്ടര്‍ ബോട്ടില്‍, ടോര്‍ച്ച് ഇവയൊക്കെ അവശ്യ വസ്തുക്കളാണ്. എക്‌സ്ട്രാ പെയര്‍ സോക്സും കരുതാം. റെയിന്‍ കോട്ട് കയ്യില്‍ കരുതാം. ലഗേജിനും ക്യാമറയ്ക്കുമായി ഒരു പ്‌ളാസ്റ്റിക്ക് ബാഗ് കവര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഡ്രൈ ഫ്രൂട്ട്‌സും കാന്‍ഡിയും ട്രെക്കിങ്ങിനിടയിലെ പ്രധാന ഫുഡ് ഐറ്റംസ് ആണ്. ബാക്ക്പാക്കുമായി നടക്കുമ്പോള്‍ ലഗേജുകള്‍ കുറയ്ക്കുന്നതാണ് നല്ലത്.
ഹോസ്റ്റലിംഗ് ഇന്റര്‍നാഷണല്‍,(യുകെ) യുടെ അസോസിയേറ്റ് മെമ്പറാണ്  YHAI.. ഇന്റര്‍നാഷണല്‍ യൂത്ത് ഹോസ്റ്റല്‍ ഫെഡറേഷന്‍ (International Youth Hostel Federation) എന്ന പേരിലാണ് മുന്‍പ് അറിയപ്പെട്ടിരുന്നത്. ലോകമെമ്പാടുമായി 90 രാജ്യങ്ങളിലായി 4000 ഹോസ്റ്റലുകളുമായി വ്യാപിച്ചു കിടക്കുന്ന നെറ്റ്വര്‍ക്കായ യൂത്ത് ഹോസ്റ്റലിങ് മൂവേമെന്റിനെ പ്രൊമോട്ട് ചെയ്യുന്ന ഇന്റര്‍നാഷണല്‍  ngo  ആണിത്.  

Youth Hostels Association of India
(ISO 9001:2015 Certified Organization)
5, Nyaya Marg,
Chanakyapuri,
New Delhi - 110021

Telephone: 7827999000
[timing 9:30 a.m to 5:30 p.m. (Mon - Sat)]
Fax - 91 ( 011) 26113469
Email: contact@yhaindia.org, Website: www.yhaindia.org

 

Post your comments