Global block

bissplus@gmail.com

Global Menu

വാള്‍മാര്‍ട്ട് വന്നു... ആലിബാബ പുറകെ വരും...

പുലിവരുന്നേ പുലിവരുന്നേ എന്ന കഥ നാം കേട്ടിട്ടുണ്ട്.  ആഗോള ഭീമന്‍മാര്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി കീഴടക്കും എന്നൊക്കെ 10 വര്‍ഷം മുമ്പ് പറഞ്ഞു കേട്ടപ്പോള്‍ അതിശയോക്തിയായി തോന്നി. എന്നാല്‍ ഇന്ത്യന്‍ ചെറുകിട റീട്ടെയില്‍ രംഗത്തെ പിടിച്ചു കുലുക്കാന്‍ 2 പുലികള്‍ ഒരുമിച്ച് എത്തുന്നു. വാള്‍മാര്‍ട്ടും, ആലിബാബയും ലോകത്തെ 2-ാമത്തെയും 3-ാമത്തെയും വലിയ റീട്ടെയില്‍/ഓണ്‍ലൈന്‍ ഭീമന്‍മാരാണ്. ഒന്നാമന്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലുണ്ട് ആമസോണ്‍. 

നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും തട്ടി വ്യാപാരം നശിച്ച അവസ്ഥയില്‍ കഴിയുമ്പോഴാണ് ഇവരുടെ വരവ്. ഇന്ത്യയുടെ റീട്ടെയില്‍ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തുകൊണ്ടുള്ള വാള്‍മാര്‍ട്ടിന്റെ പിന്‍വാതില്‍ പ്രവേശനം.  2018 അവസാനം തന്നെ ചൈനീസ് ഓണ്‍ലൈന്‍ രാജാവായ ആലിബാബ കൂടെ എത്തുന്നതോടെ വിപണി മാറിമറിയും. എത്ര ചെറുകിട കച്ചവടക്കാര്‍ 2020ന് ശേഷം ഉണ്ടാകും എന്ന കാര്യം കണ്ടുതന്നെ അറിയണം.  ഏതെല്ലാം മേഖലകള്‍ അവര്‍ കൈയ്യടക്കും എന്നുള്ള ഭീതിയിലാണ് ചെറുകിട ഇടത്തരം കച്ചവടക്കാര്‍. ലോകത്തെ ഏറ്റവും വലിയ ചെയിന്‍ സ്റ്റോര്‍/മാളുകളില്‍ ഒന്നായ വാള്‍മാര്‍ട്ട് 2009ല്‍ തന്നെ ഇന്ത്യയിലുണ്ട്. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്താണ് എതിര്‍പ്പുകള്‍ മറികടന്ന്  വാള്‍മാര്‍ട്ട് തങ്ങളുടെ ആദ്യ സ്റ്റോര്‍ സിഖ് കേന്ദ്രമായ അമൃത്‌സറില്‍ തുടങ്ങി.  50000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ വാള്‍മാര്‍ട്ട് ഷോപ്പ് ഭാരതജനതയ്ക്ക് വിലക്കുറവിന്റെ മേന്മയുള്ള ഭക്ഷ്യ വസ്തുക്കളുടെയും നിറശേഖരം കാണാന്‍ കഴിഞ്ഞു.  വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സ്റ്റോറുകള്‍ വന്നിട്ടുള്ളത്.  ലക്‌നൗ, ഇന്‍ഡോര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 21 സ്റ്റോറുകള്‍ ഉണ്ട് ദക്ഷിണേന്ത്യയില്‍ ഹൈദരാബാദിലും, വിജയവാഡയിലും വാള്‍മാര്‍ട്ടിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

 

ഫ്‌ളിപ്പ്കാര്‍ട്ട് വാള്‍മാര്‍ട്ട് ആകുമ്പോള്‍ 

 

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി കഴിഞ്ഞ കുറേ നാളുകളായി ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും കൈകളിലായിരുന്നു. 2 ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംരംഭമികവിന്റെ സുവര്‍ണ്ണ ഏടാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ആമസോണിലെ ഉദേ്യാഗസ്ഥരായ സച്ചീന്‍ ബെന്‍ സാലും, ബിന്നി ബെന്‍സാലും ബാഗ്‌ളൂരിലെ ഒരു ഫ്‌ളാറ്റില്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഫ്‌ളിപ്പ് കാര്‍ട്ട്. പുസ്തക വില്പനയില്‍ തുടങ്ങി ഫ്‌ളിപ്പ്കാര്‍ട്ട് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈന്‍ സ്റ്റോറുകളായ മിന്ത്രയും  ജബോംഗും ഏറ്റെടുത്ത് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ 40% കൈയ്യാളുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50% മാര്‍ക്കറ്റ് ഷെയര്‍ ഇപ്പോള്‍ ഫ്‌ളിപ്പ് കാര്‍ട്ടിന് സ്വന്തമാണ്. എതിരാളികളായ ആമസോണ്‍ പലപ്പോഴായി ഫ്‌ളിപ്പ്കാര്‍ട്ടിനെ വിഴുങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യന്‍ വാണിജ്യരംഗത്തെ അത്ഭുതശിശുവായ ഫ്‌ളിപ്പ് കാര്‍ട്ട് പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ട് കുതിക്കുമ്പോഴാണ് വാള്‍മാര്‍ട്ടിന്റെ വലിയില്‍പ്പെട്ടത്.

 

കണക്കുകള്‍ കള്ളം പറയില്ല

 

ഏതൊരു കമ്പനിയുടേയും ലക്ഷ്യം ലാഭം നേടുകയെന്നതാണ്. എന്നാല്‍ ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ലക്ഷ്യം വിറ്റുവരവ് വര്‍ദ്ധിപ്പിക്കുക എന്നതാണ്. എത്ര നഷ്ടമുണ്ടായാലും വിപണി വിഹിതം കൂട്ടുക.  ഓണ്‍ലൈന്‍ വിപണിയില്‍ വിറ്റുവരവ് വര്‍ദ്ധിപ്പിച്ചാല്‍ കമ്പനിയുടെ മൂല്യം ഉയരും.  കമ്പിനിയുടെ മൂല്യം ഉയര്‍ത്തി നല്ല വിലയ്ക്ക് വില്‍ക്കുക എന്നുള്ളതായിരുന്നു ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ലക്ഷ്യം. അതിനായി ആദ്യകാലത്ത് അവര്‍ ഉപയോഗിച്ചിരുന്ന തന്ത്രം ''Kill the competition'' എന്നതായിരുന്നു.  ഏറ്റവും താഴ്ന്ന വിലയില്‍ അല്ലെങ്കില്‍ ഏറ്റവും കൂടിയ ഡിസ്‌കൗണ്ടില്‍ വില്‍പ്പന നടത്തി ചെറുകിട ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ ശക്തി ഇല്ലാതാക്കുക എന്നതായിരുന്നു തന്ത്രം.  അതിനായി വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങള്‍ വിറ്റു.  നഷ്ടം കുമിഞ്ഞുകൂടി. പക്ഷേ കച്ചവടം തകൃതിയായി നടന്നു.

 

എത്ര വേണമെങ്കിലും കാശ് കൊടുക്കാന്‍ ചൈനീസ് ബാങ്കായ സോഫ്റ്റ് ബാങ്ക് തയ്യാറായതിനാല്‍ നഷ്ടം വന്നിട്ടും ഫ്‌ളിപ്പ് കാര്‍ട്ട് അഡാര്‍ ഡിസ്‌കൗണ്ടില്‍ മൈബെല്‍, ഇലക്‌ട്രോണിക്‌സ് ഉല്പന്നങ്ങള്‍, ഫാഷന്‍ വസ്തുക്കള്‍ വിറ്റുകൊണ്ടേയിരുന്നു.  ആമസോണിനെ തോല്പിക്കാന്‍ വേണ്ടിയായിരുന്നു ഈ കുറഞ്ഞ വില.  പക്ഷേ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു.  ഫ്‌ളിപ്പ് കാര്‍ട്ടും ആമസോണും തമ്മിലുള്ള ഈ വ്യാപാര യുദ്ധത്തില്‍ ആയിരക്കണക്കിന് ചെറുകിട റീട്ടെയിലേഴ്‌സാണ് നശിച്ചുപോയത്.  ഇന്ത്യന്‍ ഓണ്‍ലൈന്‍ കമ്പനിയായ സ്‌നാപ്ഡീല്‍ പോലും കാലിടറി വീണു.

ജി.എസ്.ടി. നടപ്പാക്കിയതോടെ ലോജിസ്റ്റിക് എളുപ്പമായതിനാല്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരം ഇരട്ടിയായി വര്‍ദ്ധിച്ചു.  പരിണിതഫലം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചെറുകിട കച്ചവടക്കാരുടെ എണ്ണം കുറഞ്ഞു.

പതിനൊന്നു കൊല്ലം കഷ്ടപ്പെട്ട് ഫ്‌ളിപ്പ് കാര്‍ട്ട് ലോക ഭീമന്‍ വാള്‍മാര്‍ട്ടിന് അടിത്തറ ഉണ്ടാക്കുകയായിരുന്നു. 19854 കോടി വിറ്റുവരവുള്ള കമ്പനിയ്ക്ക് 8500 കോടിയുടെ നഷ്ടം.  ഏതാണ്ട് വില്‍പനയുടെ 45% നഷ്ടമായിപ്പോയി.  രസകരം കമ്പനി വാള്‍മാര്‍ട്ടിന് വിറ്റപ്പോള്‍ നഷ്ടം എല്ലാം ലാഭമായി.  വാള്‍മാര്‍ട്ട് വിചാരിച്ചാല്‍ അത്ര എളുപ്പത്തില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ സാധിക്കില്ല.  തങ്ങളുടെ എതിരാളികളായ ആമസോണ്‍ ഇന്ത്യയില്‍ എതിരിടാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഫ്‌ളിപ്പ് കാര്‍ട്ട് ഏറ്റെടുക്കലാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.  അതിനാല്‍ ഫ്‌ളിപ്പ് കാര്‍ട്ടിന്റെ 77% ഓഹരികള്‍ 1.07 കോടി രൂപയ്ക്ക് വാള്‍മാര്‍ട്ട് സ്വന്തമാക്കി.  130 കോടി ജനങ്ങളുള്ള ഇന്ത്യന്‍ വിപണി ചിലവാക്കിയ ഈ പണം വൃഥാവിലാവില്ലായെന്ന് വാള്‍മാര്‍ട്ടിന് നന്നായി അറിയാം.  അങ്ങനെ ഇന്ത്യയിലേക്ക് ആയാസമായ വരവ് എളുപ്പത്തില്‍ കണ്ട് കീഴടക്കാനും കഴിയും.  സച്ചിന്‍ ബെന്‍സാലിന് തന്റെ ഓഹരി വിറ്റപ്പോള്‍ 7350 കോടി രൂപ കിട്ടി.

8771 കോടി നഷ്ടം വരുത്തിയ കമ്പനിയ്ക്ക് 1.35 ലക്ഷം കോടി വിപണിമൂലം ഉണ്ടായത് ഭാരതം 130 കോടി ജനങ്ങളുള്ള വിപണിയായതിനാലാണ്. കൂടാതെ 100 കോടി ജനങ്ങള്‍ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.  വാള്‍മാര്‍ട്ടിനെ സംബന്ധിച്ച് ''People means market''എന്നതാണ് എത്ര ജനങ്ങള്‍ കൂടുതല്‍ ഉണ്ടോ അത്രയും കൂടുതലായിരിക്കും തങ്ങളുടെ വിപണി.  ഇക്കാരണങ്ങള്‍ കൊണ്ടാണ് നഷ്ടം വരുത്തുന്ന ഫ്‌ളിപ്പ് കാര്‍ട്ടിനെ നല്ല വിലകൊടുത്ത് വാള്‍മാര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചത്.  ഫ്‌ളിപ്പ് കാര്‍ട്ടിനെ ഏറ്റെടുത്തതോടുകൂടി വാള്‍മാര്‍ട്ടിന്റെ വിറ്റുവരവ് ഏതാണ്ട് 67000 കോടി രൂപയില്‍ എത്തുമെന്ന് ധനകാര്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏതാണ്ട് മാരുതി സുസുക്കിയുടെ വിറ്റുവരവിന് അടുത്ത് എത്തും വാള്‍മാര്‍ട്ട് അടുത്ത വര്‍ഷം.

 

അമേരിക്കന്‍ നദിയുടെ പേരുള്ള ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍ ഇന്ത്യയിലെത്തിയിട്ട് 6 വര്‍ഷമേ ആകുന്നുള്ളൂ. തുടക്കം പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന ആയിരുന്നു.   പുസ്തകങ്ങള്‍ കഴിഞ്ഞ് മെബൈല്‍ഫോണ്‍, ക്യാമറ, ഫാഷന്‍ വസ്തുക്കള്‍ തുടങ്ങി എല്ലാ മേഖലയിലും നിറസാന്നിദ്ധ്യമായി. ആമസോണ്‍ എന്നത് ഒരു market place ആണ്. വില്പനയുടെ ഒരു ചെറിയ ശതമാനം മാത്രമേ അവര്‍ക്ക് ലഭിക്കുകയുള്ളൂ. ആമസോണ്‍ പ്‌ളാറ്റ്‌ഫോമില്‍ മൂന്നര ലക്ഷം സെല്ലേഴ്‌സ് (dealers)  ഉണ്ട്. ഇവര്‍ മുഖേന ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കളുടെ അടുത്ത് എത്തുന്നത്. ഓണ്‍ലൈന്‍ വിപണിയില്‍ താല്പര്യം കാണിച്ചിരുന്ന ആമസോണ്‍ വരും വര്‍ഷങ്ങളില്‍ ചുവട് മാറ്റത്തിന് ഒരുങ്ങുകയാണ്. ഫാഷന്‍ വസ്ത്രങ്ങളുടെയും ഉത്പ്പന്നങ്ങളുടെയും സ്‌റ്റോറുകള്‍ ബാംഗ്‌ളൂര്‍ ഉള്‍പ്പെടെ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നു. ജെഫ് ബസോഴ്‌സ് സ്ഥാപിച്ച ആമസോണ്‍ ഇന്ത്യയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇത്രയേറെ വില്പ്പന ഉണ്ട് എന്ന് കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യയില്‍ ആമസോണ്‍ കച്ചവടം ഇപ്പോഴും നഷ്ടം തന്നെ.

 

ആമസോണിന്റെ നഷ്ടം

2015-2016 -  3679.9 കോടി

2016-2017 -  4830.6 കോടി

ഇത്രയും നഷ്ടം സഹിച്ചിട്ടും വീണ്ടും ഇന്ത്യയില്‍ 34000 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ആമസോണ്‍.  ലോജിസ്റ്റിക്‌സ് അടിസ്ഥാനസൗകര്യ വികസനം, മാര്‍ക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ വന്‍ നിക്ഷേപം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. കസ്റ്റമര്‍ ബേസ്  കൂട്ടുകയെന്നതാണ് ആമസോണിന്റെ ലക്ഷ്യം. ആമസോണിന്റെ ഉപസ്ഥാപനമായ Amazon pay'യും വിപണിയില്‍ സജീവമാകുകയാണ്. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ നാല് ലക്ഷം കോടി കടക്കുമെന്നും അതിനാല്‍ ഇന്ത്യ തങ്ങളുടെ പ്രധാനപ്പെട്ട വിപണി ആയിരിക്കുമെന്നും ജെഫ്ബസോഴ്‌സ് പറഞ്ഞത് അതിശയോക്തി അല്ല.

 

ജാക്ക്മായുടെ ആലിബാബ

 

ആലിബാബ എന്ന കഥ കേട്ടിട്ടില്ലാത്ത ആരും കാണില്ല. ജാക്ക്മ ഒരു പുതിയ കമ്പനി തുടങ്ങുമ്പോള്‍ ഏവരും കേട്ടാല്‍ പെട്ടെന്ന് ഓര്‍മ്മിക്കുന്ന ഒരു പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഉപഭോക്താക്കള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്ന പേര് അന്വേഷിച്ച് നടന്ന ഈ ചൈനീസ് സംരംഭകന്‍ കണ്ടെത്തിയ പേരാണ് ആലിബാബ. അദ്ദേഹത്തിന്റെ നിരീക്ഷണം തെറ്റിയില്ല. ആലിബാബ എന്ന കമ്പനി ദേശങ്ങളും ഭൂഖണ്ഡങ്ങളും പിന്നിട്ട് ലോകത്ത് ഏറ്റവും വിലയേറിയ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഒന്നായി മാറി. ജാക്ക്മായുടെ ആലിബാബ ഒരു ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ്. ഒരു ഉല്പ്പന്നവും ഉല്പാദിപ്പിക്കുന്നില്ല എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കച്ചവട സ്ഥാപനം ഏതെന്ന് ചോദിച്ചാല്‍ ആലിബാബ എന്ന് ഉത്തരം പറയേണ്ടിവരും

ഇന്ത്യന്‍ വിപണിയില്‍ നേരിട്ട് ആലിബാബയുടെ സ്വാധീനം ഇപ്പോള്‍ ഇല്ലെങ്കിലും ആലിബാബയുടെ നിക്ഷേപം ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണികളില്‍ ധാരാളമുണ്ട്. പേടിഎം എന്ന ഇ-പേയ്‌മെന്റ് വാലറ്റ് ആലിബാബയുടെതാണ്. ബിഗ് ബാസ്‌ക്കറ്റ് എന്ന ഗ്രോസ്‌സറി സ്‌റ്റോറില്‍ ആലിബാബയുടെ വന്‍ നിക്ഷേപമുണ്ട്. അതായത് ആലിബാബയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എളുപ്പത്തില്‍ പ്രവേശിക്കാനുള്ള അടിത്തറയുണ്ട്. രാജ്യത്തിന്റെ 70% ഓണ്‍ലൈന്‍ ബിസിനസ്‌സും ഇപ്പോള്‍ ആമസോണിന്റെയും, ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും കൈകളിലാണ്. അവരെക്കാള്‍ 25% ഓളം വിലക്കുറവില്‍ ഉല്പന്നങ്ങള്‍ വിറ്റ് പിപണി പിടിക്കുകയാണ് ആലിബാബയുടെ ലക്ഷ്യം 

അമേരിക്കന്‍ കമ്പനിയായ Apple-ന്റെ iphone നെയും കമ്പനിയായ  Samsung-നെയും പിന്തള്ളി ചൈനീസ് മൊബൈല്‍ ഭീമന്‍ ഷവോമി -ഇന്ത്യന്‍ വിപണി പിടിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഷവോമി നടത്തിയതുപോലുള്ള ഒരു നീക്കത്തിനാണ് ആലിബാബ തയ്യാറെടുക്കുന്നത്. ഷവോമിയെപ്പോലെ അല്ല......സുനാമി പോലെ ആലിബാബ വരും. മാറ്റമൊന്നുമില്ലതില്‍. പണമുണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട്, ടെക്‌നോളജി ഉണ്ട്. ഇനി ഇന്ത്യന്‍ വിപണി ഓണ്‍ലൈന്‍ ആയാലും, ഓഫ്‌ലൈന്‍ ആയാലും ആമസോണും വാള്‍മാര്‍ട്ടും, ആലിബാബയും ചേര്‍ന്ന് ഭരിക്കും. അതിനല്ലേ തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയത്.

കര്‍ഷകനെപ്പോലെയാകും വ്യാപാരിയും. കടക്കെണിയില്‍ ആയ കര്‍ഷകന്റെ അവസ്ഥയിലേക്ക് ഇന്ത്യയിലെ വ്യാപാരികള്‍ മെല്ലെ മെല്ലെ അടുക്കുന്നു. ആഗോളഭീമന്‍ വാള്‍മാര്‍ട്ടിന്റെ വരവിനെതിരെ പ്രതിഷേധവുമായി വ്യാപാര സമൂഹം എത്തിക്കഴിഞ്ഞു. കോണ്‍ഫഡേറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) വാള്‍മാര്‍ട്ട് വന്നാല്‍ അനാവശ്യമത്‌സരവും, അനാരോഗ്യകച്ചവട പ്രവണതകളും ഉണ്ടാകുമെന്നു ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.  ഫ്‌ളിപ്പ്കാര്‍ട്ട് - വാള്‍മാര്‍ട്ട് ലയനത്തിനെതിരെ അവര്‍ കോംബറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (CCI) യെ സമീപിച്ചുകഴിഞ്ഞു. വാള്‍മാര്‍ട്ടിന്റെ വരവ് മോഡിയുടെ ചതിയാണെന്ന് CPM  പ്രസ്താവനയില്‍ പറയുന്നു. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഈ നടപടി ഇല്ലാതാക്കും.

'വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട്' ഇടപാട് നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ  (FDI)-യുടെ ലംഘനമാണെന്ന് CAIT നേതാവ് പ്രവീണ്‍ കണ്‍ഡേവാല്‍ പറഞ്ഞു. റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (RAI) കേരളത്തിലെ വ്യാപാര വ്യവസായ സംഘടനകളും ഫ്‌ളിപ്പ്കാര്‍ട്ട് - വാള്‍മാര്‍ട്ട്  ലയനത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഉല്പന്നങ്ങള്‍ വാങ്ങിയ വിലയിലും കുറഞ്ഞവിലയ്ക്ക് വില്ക്കുന്നത് നല്ല ഉദ്യേശത്തോടുകൂടി അല്ലെന്ന് അവര്‍ വാദിക്കുന്നു.

'തല മൊട്ട അടിച്ചപ്പോള്‍ കല്ല് മഴ'  എന്ന അവസ്ഥയിലാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വ്യാപാരികള്‍. ആദ്യം നോട്ട് നിരോധനം തോല്പിച്ചു, പിന്നെ ജിഎസ്ടി തോല്പിച്ചു, ഇനി വാള്‍മാര്‍ട്ട് തോല്പിക്കും......തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ വ്യാപാരികളുടെ ജിവിതം മാത്രം ബാക്കി.

 

 

Post your comments