Global block

bissplus@gmail.com

Global Menu

ദൈവവും സി എസ് ആറും

കെ എല്‍ മോഹനവര്‍മ്മ

വര്‍മ്മാജി ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ? 
എന്റെ സുഹ്യത്ത് ബുദ്ധിജീവിയാണ്. ഒരു പാട് വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കും. ഊര്‍ജ്ജസ്വലനാണ്.  സാമൂഹ്യസാംസ്‌ക്കാരിക രംഗത്ത് പ്രശസ്തനാണ്. പരിസ്ഥിതി, കൊതുകു നിവാരണം, അന്തരീക്ഷമലിനീകരണം, കുടിവെള്ളം, ക്യാന്‍സര്‍, വിവരാവകാശം, അഴിമതി നിര്‍മ്മാര്‍ജ്ജനം, ജൈവപച്ചക്കറി, മലയാള ഭാഷാ സംരക്ഷണം തുടങ്ങി പല സാമൂഹ്യ വിപ്‌ളവ മേഖലകളിലും ആക്ടീവാണ്. ഇവയൊക്കെ നടത്താന്‍ ഗാന്ധിജി മുതല്‍ താഴേക്ക് പല  മഹാന്മാരുടെയും പേരു ചേര്‍ത്ത് ട്രസ്റ്റുകളുണ്ടാക്കി ബിസിനസ്‌സുകാരുടെയും കമ്പനികളുടെയും സി എസ് ആറില്‍ നിന്ന് പണം തരപ്പെടുത്തി സുഖമായി ജീവിക്കുന്നു. ഇപ്പോള്‍ വാട്സാപ്പിലും മുന്‍ പന്തിയിലാണ്.
എനിക്ക് ഈ സൂഹ്യത്തിനെ ഇഷ്ടമാണ്. കാരണം ഇദ്ദേഹം നന്നായി സംസാരിക്കും. അതും എപ്പോഴും താഴ്മ, അഹങ്കാരമില്ലായ്മ ഇത്രയും മനോഹരമായി സംഭാഷണങ്ങളില്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി കേള്‍ക്കുന്നത് അമ്പലപ്പുഴ പാല്‍പ്പായസം കുടിക്കുന്ന സന്തോഷം നല്‍കും. 
ഒരു ഉദാഹരണം. അദ്ദേഹം പറയും. എന്റെ വര്‍മ്മാജി, ഈ കൊച്ചിയില്‍  മെട്രോ റയില്‍ ഇത്ര വേഗം വരാന്‍ കാരണക്കാരന്‍ ഞാനാണെന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. ഇങ്ങനെ ഒരു യാത്രാസംവിധാനം കൊച്ചി നഗരത്തിന് ആവശ്യമാണ് എന്ന് ഞാന്‍ ഇരുപത്തഞ്ചു കൊല്ലം മുമ്പ് പറഞ്ഞു എന്നത് ശരിയാണ്. ഒരു പതിനഞ്ചു കൊല്ലം മുമ്പ് ഈ പദ്ധതിയുടെ ബീജാവാപം നടക്കുമ്പോള്‍ നമ്മുടെ സ്വന്തം ഇ ശ്രീധരനെ ഈ ചുമതല ഏല്‍പ്പിക്കണമെന്നു പറഞ്ഞു എന്നതും ശരിയാണ്. എന്റെ വാക്കുകള്‍ തീരുമാനമെടുക്കുന്നവര്‍ക്ക് ഒരു ഗൈഡന്‍സ് ആയിരുന്നിരിക്കാം. എനിക്ക് ഇതില്‍ ഒരു ക്രെഡിറ്റും വേണ്ട. ഞാനത് ആരോടും പറയുകയുമില്ല. 
അതുപോലെ വേറൊന്ന്. വര്‍മ്മാജി, എന്നെ പ്രധാനമന്ത്രിയാക്കാമെന്നു പറഞ്ഞു എന്നിരിക്കട്ടെ, അങ്ങനെ ആരും പറയുമെന്നല്ല, പറഞ്ഞു എന്നിരിക്കട്ട, ഞാന്‍ കട്ട് ആന്‍ഡ് ഡ്രൈ ആയി പറയും. നോ. നോ. എന്താ, എന്നെക്കാള്‍ കഴിവുള്ള പലരും ഇന്ത്യയിലുണ്ട്. ശരിയാണ്. എനിക്കിതു വരെ നമ്മെ ഭരിച്ചിരുന്ന നമ്മുടെ പ്രധാനമന്ത്രിമാരില്‍ മിക്കവരെക്കാളും നന്നായി ഭരിക്കാന്‍ കഴിവുണ്ടായിരിക്കാം. ഓ കെ. പക്ഷെ ഞാന്‍ നോ പറയും. എന്താ, നമ്മുടെ ബെസ്റ്റ് നേതാവായിരിക്കണം ഇന്ത്യ ഭരിക്കേണ്ടത്. ഏറ്റവും ബെസ്റ്റ് ഞാനാണെന്ന് ഒരിക്കലും പറയുകില്ല. 
ഇതാണ് സൂഹ്യത്ത്. 
ഇപ്പോള്‍ ഞാന്‍ അപകടം മണത്തു. സെക്യുലറിസം. മതസൗഹാര്‍ദ്ദം തുടങ്ങി ദൈവവുമായി ബന്ധപ്പെട്ട സാമൂഹ്യ പരിപാടികള്‍ അത്യാകര്‍ഷകമായ സി എസ് ആര്‍ എന്ന  കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ മാന്യമായ  അന്തസ്‌സായ പണപ്പിരിവു പരിധിയില്‍ വരുത്താവുന്ന എന്തെങ്കിലും വഴി സുഹ്യത്ത് കണ്ടിട്ടുണ്ടാകണം. തീര്‍ച്ച. 
2013 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനിസ് ആക്ടില്‍ ഭേദഗതി വരുത്തി ബിസിനസ്‌സുകള്‍ക്ക് സമൂഹത്തോട് ഒരു കടമയുണ്ടെന്ന ആഗോള ചിന്തകളെ നമ്മുടെ ഭാഗമാക്കിയത്. വന്‍ കമ്പനികളുടെ വാര്‍ഷിക ലാഭത്തിന്റെ രണ്ടു ശതമാനം  സമൂഹത്തിന്റെ പൊതു നന്മയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കണമെന്ന് നിയമമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം 9000 കോടിയോളം രൂപാ ഈ വിധം ഈ വകയില്‍  വിപണിയിലെത്തി. ഈ പണം ചാരിറ്റിയാണ്. ഇത് വാങ്ങി ചിലവാക്കുന്നവര്‍ പണം സ്വന്തമായി ഉണ്ടാക്കിയതല്ല. ഇത് വിദ്യാഭ്യാസം, ദാരിദ്ര്യം, ലിംഗസമത്വം, വിശപ്പ് തുടങ്ങിയ സാമൂഹ്യമേഖലകളില്‍ വിവേചനമില്ലാതെ ജാതിമതവര്‍ഗഭേദമില്ലാതെ നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രം  നല്‍കേണ്ടതാണ് എന്നതാണ് നിയമം. . 
നിയമം വന്ന നാള്‍ മുതല്‍ കുറെ മിടുക്കരായ കമ്പനികള്‍ അവര്‍തന്നെ സാമൂഹ്യസേവനം നടത്തുന്ന സ്ഥാപനങ്ങള്‍ തുടങ്ങി അവയെ തങ്ങളുടെ കമ്പനി എക്സ്റ്റെന്‍ഷനോ ഇന്‍ഡയറക്ട് പരസ്യമോ ആയി ഉപയോഗിച്ചു. പക്ഷെ അതിലും മിടുക്കരായ പല രാഷ്ര്ടീയ  സാമൂഹ്യപ്രവര്‍ത്തകരും ഇതിന്റെ പ്രധാന ഗുണഭോക്താക്കളായി.
എഴുതിയ ക്യത്യമായ വാക്കുകളുള്ള നിയമങ്ങള്‍ക്കൊരു ഗുണമുണ്ട്. ഇന്നത്തെ നമ്മുടെ നീതിന്യായ സെറ്റപ്പില്‍ നല്ല വക്കീല്‍ അക്കൗണ്ടന്റ് ബുദ്ധിയുണ്ടെങ്കില്‍ ഏതു നിയമത്തെയും നമുക്കു വേണ്ട രീതിയില്‍ വളച്ചൊടിക്കാം. ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവെ ഏറ്റവുമധികം സാന്ത്വനം ലഭിക്കാനായി ജനം പോകുന്നത് ദൈവത്തിന്റെ അടുത്തേക്കാണ്. ആരാധാനാലയങ്ങളും ആചാരങ്ങളും ആള്‍ദൈവങ്ങളും അനുദിനം വര്‍ദ്ധിക്കുകയാണ്. അപ്പോള്‍ തീര്‍ച്ചയായും ഒരു നല്ല ബിസിനസ് മേഖലയാണ് ദൈവവുമായി ബന്ധപ്പെടുത്താവുന്ന പ്രവര്‍ത്തനങ്ങള്‍. എനിക്കു സംശയം തോന്നി. ഈ ദൈവം ചോദ്യവും ഇത്തരം ഒരു  പരിപാടിയുടെ ലിറ്റ്മെസ് ടെസ്റ്റല്ലേ എന്ന്.
ഞാന്‍ പറഞ്ഞു. 
ദൈവത്തില്‍ വിശ്വസിക്കുന്നോ എന്നു ചോദിച്ചാല്‍ അങ്ങനെയൊന്നുമില്ല. വാസ്തവത്തില്‍ ഇത്തരം നേരിട്ട് അറിയാന്‍ പറ്റാത്ത ദൈവമുണ്ടോ ഇല്ലയോ മട്ടിലുള്ള ഗഹനമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എനിക്കിതു വരെ സാവകാശം കിട്ടിയിട്ടില്ല. 
അല്ല, അപ്പോള്‍ .....
ഈയിടെ ഒരു വാര്‍ത്ത കണ്ടു. അര മണിക്കൂര്‍ സംഭാഷണം കൊണ്ട് നൂറ്റൊന്നു വയസ്‌സായ അത്യഭിവന്ദ്യനായ മാര്‍ ക്രിസ്റ്റോം തിരുമേനിയെ നമ്മുടെ സഖാവ് യെച്ചൂരിജി കമ്യൂണിസ്റ്റാക്കിയെന്നും പകരം യെച്ചൂരി സഖാവിനെ അതേ ചര്‍ച്ചയിലൂടെ തിരുമേനി ക്രിസ്ത്യാനിയാക്കിയെന്നും. 
വര്‍മ്മാജി എല്ലാം തമാശയായി എടുക്കുകയാണ്. 
ഞാന്‍ പറഞ്ഞു. 
അതല്ല. ഗൗരവമായിത്തന്നെ പറയുകയാണ്. ദൈവം 
ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് അപ്രസക്തമാണ്. പക്ഷെ ദൈവവിശ്വാസം നമ്മുടെ ഭാഗമാണ്. നമുക്ക് അറിയാന്‍ പാടില്ലാത്തതിനെക്കുറിച്ചുള്ള വിശ്വാസം. ഈ വിശ്വാസം മറ്റെന്തു വികാരത്തെക്കാളും വലിയ മൂലധനസ്രോതസ്‌സാണ്. ഒരു ഇക്കണോമിക്ക് ആക്ടിവിറ്റിയായി നോക്കിയാല്‍ ഇന്ന് മറ്റെന്തു ഉത്പ്പന്ന സേവന പ്രോഡക്ടിനെക്കാളും കമേഴ്സിയല്‍ സാദ്ധ്യതയുള്ളതാണ്. ഭയം, ദൈവഭയം. ഈശ്വരനില്ല എന്നു വാദിക്കുന്നവന്റെ പോലും സബ്കോണ്‍ഷ്യസ്‌സിലുണ്ട്. വലിയ വിശ്വാസി തീവ്രവാദിയാകും. പക്ഷെ തീവ്രവാദമില്ലാത്തവനും ഈ ഭയമുണ്ട്.
അദ്ദേഹം എന്നെ അല്പനേരം സൂക്ഷിച്ചു നോക്കി. എന്നിട്ട് ശരി, പറഞ്ഞു കളയാം എന്നു തീരുമാനമെടുത്ത മട്ടില്‍ പറഞ്ഞു.
വര്‍മ്മാജി, നമ്മളില്‍ മിക്കവാറും എല്ലാവരും ശാരീരികമായി വലിയ പ്രശ്നമില്ലാത്തവരാണ്. കാലും കൈയും കണ്ണും നാവും ചെവിയും എല്ലാം ഓകെ. വീട്ടിലും കുഴപ്പമില്ല. മാനസികമായും ഹാപ്പി. പക്ഷെ നമ്മളില്‍ ബഹുഭൂരിപക്ഷവും ഭിന്നശേഷിയുള്ള സ്‌ക്കൂള്‍ കുട്ടികളുടെ കണക്കാണ്. ഒരു പ്രശ്നത്തെ നേരിടുമ്പോള്‍ ആകെ കുഴപ്പം. എന്താ ചെയ്യേണ്ടതെന്നറിയില്ല. ഭയം. കഴിവുകേടല്ല. പക്ഷെ കഴിവു പുറത്തെടുക്കാന്‍ വയ്യാത്ത വിധം ഒരു കുടത്തില്‍ അടച്ചിരിക്കുകയാണ്. അതു തുറക്കാന്‍ നമുക്കു ശേഷിയില്ല. ഒരു പ്രശ്നവുമില്ലാത്ത ദൈനംദിനകാര്യത്തില്‍പ്പോലും കഴിവുകേട്. സമയക്‌ളിപ്തം പാലിക്കുന്നതില്‍പ്പോലും ഇത് വരുന്നു. എന്തിനു മുന്‍ഗണന കൊടുക്കണം എന്ന തീരുമാനം എടുക്കാന്‍ കഴിയാതെ ഒന്നും ചെയ്യാതിരിക്കുന്ന നില വരിക. ഇതൊരു  ഭിന്നശേഷി ആണ്. അല്ലേ? ശരീരത്തിനും മനസ്‌സിനും ഇതുണ്ടാകാം. പുറമെ പൂര്‍ണ്ണാരോഗ്യവാന്മാരായ നമ്മളിലെല്ലാം അല്പസ്വല്പം ഈ ഭിന്ന ശേഷിയുണ്ട്. അതും അതുപോലെ  നമ്മുടെ ഭയവും മാറ്റുന്നതിന് ഒരു തെറാപ്പിയേ ഉള്ളു. ദൈവവിശ്വാസം. ഈ ദൈവവിശ്വാസം പ്രോപ്പറായി വളര്‍ത്തുന്നത് ഒരു സാമൂഹ്യസേവനമല്ലേ ? 
ഞാന്‍ വിചാരിച്ചതുപോലെ തന്നെ. ഞാന്‍ 
പ്രോത്സാഹിപ്പിച്ചു. 
തീര്‍ച്ചയായും. വാസ്തവത്തില്‍ ഇത് സി എസ് ആറിന്റെ പരിധിയില്‍ പെടുത്താവുന്നതാണ്. മാനസികമായ ഭിന്നശേഷിയുള്ള ആര്‍ക്കും ജാതിമതവര്‍ഗലിംഗപ്രായഭേദമില്ലാതെ ചികിത്സ നല്‍കുന്ന വിദ്യാലയം. അമ്പലമോ പള്ളിയോ പാടില്ല. അത്രയേ ഉള്ളു. 
സുഹ്യത്ത് ചിരിച്ചു. 
ഞാന്‍ നേരത്തെ പറഞ്ഞില്ല എന്നേയുള്ളു. ഞാനും ഭാര്യയും മക്കളും കൂടി ഈ സേവനം ലക്ഷ്യമാക്കി ഒരു ട്രസ്റ്റു  രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ വര്‍മ്മാജി ഈ മുതിര്‍ന്നവരുടെ ഭിന്നശേഷി എന്ന ആശയം പറഞ്ഞപ്പോള്‍ ക്‌ളാരിറ്റി ആയി. ഇനി ഈസിയാണ്.  സി എസ് ആറില്‍ പെടുത്താം. 
ദൈവമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ആരും ചോദ്യം ചെയ്യാന്‍ ഭയപ്പെടുന്ന നോഷണല്‍ അതോറിറ്റിയായി ദൈവം എല്ലാവരുടെയും ഉള്ളിലുണ്ട്. വിശ്വാസം അത് ഒരു സ്വഭാവമാണ് നമുക്ക്. തീര്‍ച്ചയായും താങ്കളുടെ ബിസിനസ്‌സിന് കിട്ടുന്ന സ്റ്റാര്‍ട്ടപ്പ് അതി ഗംഭീരമായിരിക്കും. 
വര്‍മ്മാജി, യു ആര്‍ മിസ്റ്റേക്കണ്‍. ഇത് ബിസിനസ്‌സല്ല. സേവനമാണ്. സോറി, ആതുരസേവനം.

Post your comments