Global block

bissplus@gmail.com

Global Menu

ചെമ്മണ്ണില്‍ വേരുറച്ച് കാര്‍ഷികമേഖല

കൃഷി കേരളത്തിന്റെ സംസ്‌കാരം കൂടിയായിരുന്ന കാലമുണ്ടായിരുന്നു. നമ്മുടെ പാട്ടുകളും ഉത്സവങ്ങളും ജീവിതശൈലിയുമെല്ലാം കൃഷിയോട് ബന്ധപ്പെട്ടിരുന്നവയായിരുന്നു. ജീവിത രീതികള്‍ മാറിയപ്പോള്‍ കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കേരളീയന് കഴിയാതെ വന്നു. ലാഭമില്ലാത്ത കാര്‍ഷികരംഗത്തെ നോക്കി കര്‍ഷകര്‍ പിന്‍തിരിഞ്ഞുനടന്നു. 

തലമുറകള്‍ മാറിവന്നപ്പോള്‍ വിദ്യാഭ്യാസം കൊണ്ട് നേടാവുന്ന ജോലിയ്ക്ക് പിന്നാലെ അന്നത്തെ യുവ തലമുറ പോയി. ഫലമോ?  അന്യനാട്ടുകാരുടെ അരിയും പച്ചക്കറിയുമെത്തിയില്ലെങ്കില്‍ മലയാളികള്‍ക്ക് ഓണമില്ലാതായി. 
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും മുന്‍ പറഞ്ഞപോലെയുള്ള പ്രതിസന്ധിയിലല്ല ഇന്നത്തെ കാര്‍ഷികമേഖല. വികസനത്തിന്റെ പാതയില്‍ ഒരു താങ്ങായി ആരെങ്കിലുമെത്തിയാല്‍ മുന്നേറാവുന്നതേയുള്ള ഇന്നത്തെ നമ്മുടെ കൃഷിയിലെ പ്രതിസന്ധിയെന്ന് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. 
ആധുനിക സാങ്കേതികവിദ്യ അനാവശ്യങ്ങള്‍ക്കുള്ളതല്ലെന്ന് കാട്ടി അവയെ സമന്വയിപ്പിച്ചുള്ള കാര്‍ഷിക മേഖലയുടെ മുന്നേറ്റങ്ങള്‍ക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. 
നെല്‍കൃഷി വികസനം
വളരെ സമഗ്രവും സ്ഥായിയുമായ ഒരു മുന്നേറ്റമാണ് നെല്‍കൃഷിയില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ക്കു തന്നെ ലക്ഷ്യമിട്ടത്. 'നമ്മുടെ നെല്ല് നമ്മുടെ അന്നം' എന്ന മുദ്രാവാക്യത്തോടെ 1192 ചിങ്ങം 1 മുതല്‍ 1193 ചിങ്ങം 1 വരെ നൂറിന കര്‍മ്മ പദ്ധതികളുമായി നെല്‍വര്‍ഷം ആയി ആചരിക്കുന്നതിന് ആഹ്വാനം ചെയ്യുകയുണ്ടായി. തരിശിട്ടിരിക്കുന്ന കൃഷിയോഗ്യമായ 90000 ഏക്കറില്‍ കഴിഞ്ഞവര്‍ഷം 15200 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുവാന്‍ സാധിച്ചു.
2016–17 വര്‍ഷം 3000 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷിയിലൂടെ 4953 മെട്രിക് ടണ്‍ നെല്ല് അധികമായി ഉല്‍പാദിപ്പിക്കുകയും വര്‍ഷങ്ങളായി തരിശിട്ടിരുന്ന പത്തനംതിട്ടയിലെ ആറന്മുള, കോട്ടയം ജില്ലയിലെ മെത്രാന്‍കായല്‍, ആലപ്പുഴ ജില്ലയിലെ റാണി കായല്‍ എന്നിവിടങ്ങളില്‍ തരിശുനില കൃഷിക്ക് അതീവ പ്രാധാന്യം നല്‍കി നെല്‍കൃഷി പുനരാരംഭിക്കുകയും ചെയ്തു.
തരിശായി കിടന്ന കോഴിക്കോട്, പേരാമ്പ്ര, ചെറുവണ്ണൂര്‍–ആവളപ്പാണ്ടി പ്രദേശത്ത് 3 പതിറ്റാണ്ടിന് ശേഷം 1100 ഏക്കര്‍ പാടം കതിരണിഞ്ഞു. ചൂര്‍ണിക്കരയില്‍ 15 ഏക്കര്‍, കണിമംഗലത്ത് 550 ഏക്കര്‍ നെല്‍കൃഷി, കീഴ്മാട് പാടശേഖരത്തില്‍ 30 ഏക്കര്‍ നെല്‍കൃഷി എന്നിവ തരിശുനിലകൃഷിയുടെ ചില ഉദാഹരണങ്ങള്‍ മാത്രം.
കേരകൃഷിക്ക് പുതുജീവന്‍
സമഗ്ര നാളികേര കൃഷിവികസനത്തിനായി ക്‌ളസ്റ്റര്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാനായി 500 ഹെക്ടര്‍ വീതം വിസ്തൃതിയുളള 30 കേരഗ്രാമങ്ങള്‍ സംസ്ഥാനത്തുടനീളം രൂപീകരിക്കുകയുണ്ടായി. സംയോജിത തെങ്ങ് കൃഷിപരിപാലന മുറകളായ തടംതുറക്കല്‍, കളനിയന്ത്രണം, പുതയിടല്‍, തൊണ്ടടുക്കല്‍, കുമ്മായ വസ്തുക്കള്‍, മഗ്‌നീഷ്യം സള്‍ഫേറ്റ്, ജൈവരാസവളങ്ങള്‍, ജീവാണുവളം, സസ്യസംരക്ഷണോപാധികള്‍, ഇടവിളകൃഷി, രോഗബാധിതമായി ഉല്‍പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങിന്‍ തൈകള്‍ നടുക എന്നീ ഘടകങ്ങള്‍ 11978 ഹെക്ടര്‍ സ്ഥലത്തു നടപ്പിലാക്കുകയും 2994 ലക്ഷം രൂപ 2017–18 സാമ്പത്തിക വര്‍ഷം വിനിയോഗിക്കുകയും ചെയ്തു.
1241 ഹെക്ടര്‍ തെങ്ങിന്‍ തോപ്പുകളില്‍ അധികമായി ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുകയും 2000 രൂപ സബ്‌സിഡി നിരക്കില്‍ 3828 തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വിതരണം നടത്തുകയുമുണ്ടായി. വിവിധ കേരഗ്രാമങ്ങളിലായി പുതുതായി 454 ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുവാനും നല്ലയിനം തെങ്ങിന്‍തൈകള്‍ പ്രാദേശികമായി ലഭ്യമാക്കുവാനായി 14 ചെറുകിട തെങ്ങിന്‍തൈ ഉല്‍പാദന നഴ്‌സറികള്‍ കര്‍ഷകരുടെ സംരംഭമായി സ്ഥാപിക്കുവാനും കഴിഞ്ഞു.
ആരോഗ്യ മേഖലയെക്കുറിച്ച്  ഇത്രയധികം ഉത്കണ്ഠാഭരിതമായ ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. അത്രമാത്രം വിഷമയമായ പഴങ്ങളും പച്ചക്കറികളുമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ദിനംപ്രതി അതിര്‍ത്തി കടന്നെത്തുന്നത്. വിഷമയമല്ലാത്ത ഭക്ഷണം കഴിക്കണമെങ്കില്‍ എല്ലാവരും അവര്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ കുറച്ചെങ്കിലും സ്വന്തമായി ഉല്‍പാദിപ്പിക്കണം. 'എല്ലാവരും കര്‍ഷകരാകുക എല്ലായിടവും കൃഷിയിടമാക്കുക' എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയാല്‍ ഇത് ഏറെക്കുറെ സാധ്യമാക്കാന്‍ നമുക്ക് കഴിയും. മന്ത്രി മന്ദിരങ്ങളിലെല്ലാം തന്നെ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. വിളയിച്ചെടുത്ത പച്ചക്കറികള്‍ സ്വന്തം ആവശ്യം കഴിഞ്ഞ് എല്ലാ മന്ത്രിമാരും കൃഷി വകുപ്പിന്റെ ഇക്കോഷോപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. എല്ലാവര്‍ക്കും കൃഷിയിറക്കാന്‍ വേണ്ട പ്രോല്‍സാഹനം നല്‍കി. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഓണസമൃദ്ധി എന്ന പേരിലും വിഷുവിന് വിഷുക്കണി എന്ന പേരിലും കൃഷിവകുപ്പും സര്‍ക്കാരും ചേര്‍ന്ന് വിപണിയില്‍ നേരിട്ട് ഇടപെടല്‍ നടത്തുകയുണ്ടായി. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കര്‍ഷകകൂട്ടായ്മ എന്നിവയുടെ സംയുക്ത സഹകരണത്താല്‍ സംസ്ഥാനമൊട്ടാകെ നാടന്‍ പഴം, പച്ചക്കറിസംഭരണശാലകള്‍ ഓണത്തിനും വിഷുവിനും പ്രവര്‍ത്തിക്കുകയുണ്ടായി. പ്രാദേശിക കര്‍ഷകരില്‍ നിന്നും 10 ശതമാനം വിലകൂട്ടി സംഭരിച്ച പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കികൊണ്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു.
വൈഗയുടെ വഴിത്താരയിലൂടെ ലോകവിപണിയിലേക്ക്
കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം കാര്‍ഷിക സംരംഭകര്‍ക്കും അന്താരാഷ്ര്ട ഗുണനിലവാരത്തില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും, സജ്ജീകരണങ്ങളും, സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുന്നതിനും ഉല്‍പാദകരും, സംരംഭകരും, ശാസ്ത്രജ്ഞരും, വികസന ഉദ്യോഗസ്ഥരും, നയതന്ത്രജ്ഞരും തമ്മില്‍ പരസ്പര ആശയവിനിയമത്തിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരത്ത് വച്ച് വൈഗ 2016 എന്നപേരില്‍ ഒരു അന്താരാഷ്ര്ട കാര്‍ഷിക മൂല്യവര്‍ദ്ധന ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ മറ്റൊരു പ്രധാന നേട്ടമാണ്.
കര്‍ഷകര്‍ക്ക് ആശ്വാസമേകി ദുരിതാശ്വാസ പദ്ധതികള്‍
സംസ്ഥാനത്ത് 1995 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി 21 വര്‍ഷങ്ങള്‍ക്കുശേഷം നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയര്‍ത്തിയും എന്നാല്‍ പ്രീമിയം തുക 1995 മുതല്‍ നിലവിലുണ്ടായിരുന്നതില്‍ നിന്നും 50% മാത്രം ഉയര്‍ത്തിയും സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തി വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ചു കൊണ്ട് സര്‍ക്കാര്‍ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.
രാസ കീടനാശിനികള്‍ക്കു കര്‍ശന നിയന്ത്രണം
നിരോധിക്കപ്പെട്ട കീടനാശിനികളുടെ വില്‍പനയും വിതരണവും തടയുവാനും 14 ജില്ലാതല വിജിലന്‍സ് സ്‌ക്വാഡുകളും, സ്‌പെഷ്യല്‍ വിജിലന്‍സ് സ്‌ക്വാഡുകളും ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സജ്ജമാക്കി.
അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് പുത്തനുണര്‍വ്വ്
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ദ്ധ തൊഴിലാളികളുടെയും, യന്ത്രസാമഗ്രികളുടെയും സേവനം സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്ത് 20 അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ പുതുതായി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൃഷിവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു.
മേല്‍പറഞ്ഞ വിവിധ സേവന കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ട് 'ആശ' എന്ന പേരില്‍ വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കി.
കര്‍ഷക ക്ഷേമം ഉറപ്പാക്കുന്നു
കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കര്‍ഷക ക്ഷേമവും ഉറപ്പാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കര്‍ഷകപെന്‍ഷന്‍ 01.06.16 മുതല്‍ 600 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞത് മറ്റൊരു പ്രധാന നേട്ടമാണ്.
ഒരു ലക്ഷം യുവജനങ്ങള്‍ക്കായി 1994ല്‍ ആരംഭിച്ച പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായിരുന്നവരില്‍ 60 തികഞ്ഞ കര്‍ഷകര്‍ക്ക് 1000 രൂപ പെന്‍ഷനും 30000 രൂപ ഗ്രാറ്റുവിറ്റിയും നല്‍കിയതിനോടൊപ്പം 4 കോടി രൂപയാണ് ഈ ഇനത്തില്‍ കുടിശിക അടക്കം വിതരണം ചെയ്തത്. ഇതുവരെ നല്‍കാനുണ്ടായിരുന്ന കുടിശിക തുക മുഴുവന്‍ നല്‍കിയതിലൂടെ സര്‍ക്കാരിന്റെ പ്രതിബന്ധത ഒരിക്കല്‍ കൂടി തെളിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക്
കെഎല്‍ഡിസി (കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍)യെ നിലവിലെ സ്ഥിതിയില്‍ നിന്നും കാര്യക്ഷമമായ മാറ്റം വരുത്തിക്കൊണ്ട് ലാഭത്തിലെത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളും ലാഭകരമായി മുന്നേറുന്നുണ്ട്. ഫാക്ടറികളുടെ പ്രവര്‍ത്തനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഐഎസ്ഒ 14001 സര്‍ട്ടിഫിക്കേഷന്‍ നടപ്പിലാക്കി. കോര്‍പ്പറേഷന്‍ ലാഭവിഹിതം സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
തൃശൂരില്‍ ആരംഭിക്കുന്ന അഗ്രിക്കള്‍ച്ചര്‍ കോംപ്‌ളക്‌സില്‍ 400 ലക്ഷം രൂപ ചെലവില്‍ അഗ്രോ സൂപ്പര്‍ ബസാര്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കീക്കോയുടെ കീഴിലുളള അഗ്രോ ബസാറുകളുടെ തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം ജില്ലയിലെ അത്താണി എന്നീ ശാഖകളെ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ വിപുലീകരിച്ചു.
സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ വിഎഫ്പിസികെ (വെജിറ്റബിള്‍ ആന്റ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള) യ്ക്ക് പുതുരൂപം നല്‍കുകയുണ്ടായി. അപേഡയുടെ ധനസഹായത്തോടെ വയനാട്ടില്‍ സ്ഥാപിച്ച പായ്ക്ക് ഹൗസ് നിര്‍മാണം പൂര്‍ത്തിയായി. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ശേഖരിച്ച് 'തളിര്‍' എന്ന പേരില്‍ ബ്രാന്‍ഡഡ് റിട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിന്റെ കീഴില്‍ കൊല്ലം ഏരൂരില്‍ 500 പേര്‍ക്കിരിക്കാവുന്ന പാം വ്യൂ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. മായമില്ലാത്ത 'കുട്ടനാടന്‍ റൈസി'ന്റെ വിപണനകേന്ദ്രങ്ങള്‍ കോട്ടയം, ഏരൂര്‍, ചിതറ, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 5000 ടണ്‍ നെല്ല് സംഭരിക്കുന്ന സെയിലോ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എണ്ണപ്പന ആവര്‍ത്തനകൃഷി പുനരാരംഭിച്ചു. വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ കീഴില്‍ ഉപയോഗശൂന്യമായി കിടന്ന ആലത്തൂരിലെ മോഡേണ്‍ റൈസ് മില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനസജ്ജമാക്കി.
കേരള അഗ്രോ മെഷിനറീസ് കോര്‍പ്പറേഷന്‍ പൂര്‍ണതോതില്‍ പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ വാട്ടര്‍ പമ്പ് സെറ്റ് ഈ വര്‍ഷം പുറത്തിറക്കുകയും വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഗാര്‍ഡന്‍ ടില്ലര്‍/പവര്‍ വീഡര്‍ വികസിപ്പിക്കുകയുമുണ്ടായി.
അവഗണിക്കപ്പെട്ടു കിടന്നിരുന്ന കാര്‍ഷിക മേഖല നല്‍കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നടത്തിയ ശ്രമങ്ങളിലൂടെ ഉല്‍പ്പാദന മേഖലയില്‍ സ്വയം പര്യാപത നേടുകയെന്ന ലക്ഷ്യത്തിന് ഏറ്റവും അടുത്ത് എത്തിക്കഴിഞ്ഞു.
റബറിന്റെ താങ്ങുവില 150 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്താന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറയുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തി
യശേഷം കര്‍ഷക പെന്‍ഷന്‍ കുടിശിക രണ്ട് ഘട്ടങ്ങളിലായി 267 കോടി വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 124 കോടി രൂപ നല്‍കി. 180 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്നും കര്‍ഷക പെന്‍ഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ധനവകുപ്പിന്റെ നടപടിക്രമം മൂലമാണ് പെന്‍ഷന്‍ വിതരണം വൈകാനിടയായതെന്നും മന്ത്രി പറഞ്ഞു.
നെല്‍കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വിലയില്‍ സംസ്ഥാന വിഹിതമായ 83 കോടി രൂപ വിതരണം ചെയ്തു. കേന്ദ്രവിഹിതം ലഭ്യമായാലുടന്‍ ബാക്കി തുക വിതരണം ചെയ്യും. കൃഷി ഭവനുകളും സഹകരണ സ്ഥാപനങ്ങളുമടക്കം അഞ്ഞൂറോളം സ്ഥാപനങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരിച്ച് കര്‍ഷകരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു ലക്ഷം ഹെക്ടറില്‍ നെല്‍ കൃഷി വ്യാപിപിച്ചു. നാല്‍പ്പതിനായിരം ഏക്കറില്‍ തരിശു കൃഷി തുടങ്ങി. പച്ചക്കറി ഉല്‍പ്പാദനം ആറര മെട്രിക് ടണ്ണില്‍ നിന്ന് 9.8 മെട്രിക് ടണ്ണായി ഉയര്‍ത്തി. പരമ്പരാഗത തൊഴില്‍ മേഖല ചലനാത്മകമാക്കിയതിലൂടെ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി. സര്‍ക്കാരിന് ബാദ്ധ്യതയായിരുന്ന എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ലാഭവിഹിതം സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നിലയിലായി. സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും രണ്ടു വര്‍ഷത്തിനകം  ഇക്കോഷോപ്പുകള്‍ ആരംഭിച്ചു.
 ഭക്ഷ്യ സുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇക്കോഷോപ്പിനോടൊപ്പം അഗ്രോ ക്‌ളിനിക്കുകളും അഗ്രോസര്‍വീസ് സെന്ററുകളും എല്ലാ ബേ്‌ളാക്ക് പഞ്ചായത്തുകളിലും ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കര്‍ഷക സഭകളും തിരുവാതിര ഞാറ്റുവേല ചന്തകളും ഉണ്ടാകും. സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയില്‍ 48 ശതമാനവും മാരക വിഷാംശം കലര്‍ന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തനതായ മാര്‍ഗങ്ങളിലൂടെ ഉന്നത നിലവാരമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുക എന്നതാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ 94 ശതമാനം വിഷരഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ നടപ്പിലാക്കിയ ജൈവകൃഷി വ്യാപന പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ആവശ്യമുളളപ്പോള്‍  6.2 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി മാത്രമാണ് ലഭ്യമായിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 39000 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കി. പച്ചക്കറികളുടെ ഉത്പാദനം 9.8 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ 63 ലക്ഷം വീടുകളിലേക്ക് പച്ചക്കറികള്‍ എത്തിക്കും.ഹരിത കേരളം പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷത്തില്‍   വിദ്യാലയങ്ങള്‍ വഴി 20 ലക്ഷം കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.42 ലക്ഷം കുട്ടികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് നിലവില്‍ 8 ലക്ഷം ഹെക്ടര്‍ തെങ്ങ് കൃഷിയാണുള്ളത്. അടുത്ത 10 വര്‍ഷം കൊണ്ട് 2 ലക്ഷം ഹെക്ടറില്‍ തെങ്ങ് കൃഷി വ്യാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം.
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് , ബേ്‌ളാക്ക് പഞ്ചായത്ത്,  ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 315000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഗുണമേന്മയും വിശ്വാസ്യതയുമുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച്  ന്യായമായ വിലയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും പഴം, പച്ചക്കറികള്‍, ജൈവവളം, ജൈവകീടനാശിനി, കാര്‍ഷികാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയും വിപണനവും ഇക്കോഷോപ്പിലൂടെ സാധ്യമാകും. 
ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കര്‍ഷകരുടെ ജീവന്‍തന്നെ എടുക്കുമ്പോഴും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നിന്നുണ്ടായിരിക്കുന്നത്. കൃഷിവകുപ്പ് നടത്തുന്ന സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.

Post your comments