Global block

bissplus@gmail.com

Global Menu

ഹരിത കേരളം

ജൈവസമ്പത്തിനാലും ജലസമൃദ്ധിയാലും അനുഗ്രഹീതമായ നാടാണ് കേരളം. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍  ജലസ്രോതസ്‌സുകളുടെ ക്ഷയിക്കലും മലിനമാകലും, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍, വായു മലിനീകരണം ഇവ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശനങ്ങളാണ്. കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷന്‍  രൂപീകൃതമായത്. ശുചിത്വമാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക്  ഹരിതകേരളം മിഷന്‍ ഊന്നല്‍ നല്‍കുന്നു. ശുചിത്വ–മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷനുമായി ചേര്‍ന്നും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജലസേചന വകുപ്പുമായി ചേര്‍ന്നും കൃഷി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പുമായി ചേര്‍ന്നുമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഹരിതകേരള മിഷന്‍  വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ ബിസിനസ്  പ്‌ളസിനോട്... 

 

നാടിന്റെ പച്ചപ്പും മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ ഒരു ജനകീയ യജ്ഞമാണ് വേണ്ടത്. ഇനിയുള്ള  തലമുറകള്‍ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍ നിന്നാണ് ഹരിത കേരളം മിഷന്‍ രൂപം കൊണ്ടത്. ജല മലിനീകരണവും വന നശീകരണവും വലിയ വെല്ലുവിളികളാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ സമൂഹം നീങ്ങുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട പദ്ധതി എന്ന നിലയിലാണ് ഹരിതകേരളം മിഷനെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം,  കൃഷി വികസനം, വന സംരക്ഷണം, ഹരിത ഊര്‍ജ്ജ വികസനം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതിയായിട്ടാണ് ഹരിത കേരളം പദ്ധതിയെ സങ്കല്‍പ്പിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കുക, കേരളത്തെ കീടനാശിനി വിമുക്തമാക്കുക, കേരളത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കുവാനും വ്യാപ്തി വര്‍ദ്ധിപ്പിക്കുവാനും കഴിയുക തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഈ മേഖലകളില്‍ ഇന്ന് കേരളം നേരിടുന്ന ഗൗരവമുള്ള ചില വികസന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍, ജനങ്ങളുടെ പങ്കാളിത്തത്തോടെ നയപരവും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണുന്നതിനായിട്ടാണ് ഇത്തരമൊരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിക്കുന്നത്. ഹരിത കേരളം സാധ്യമാവുക എന്ന ലക്ഷ്യം നേടുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക പിന്തുണയും ഉറപ്പ് വരുത്തിക്കൊണ്ട്, വകുപ്പുകള്‍ തമ്മിലും വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തമ്മിലും, കൂടുതല്‍ ഫലപ്രദമായ ഏകോപനവും സംയോജനവും സാധ്യമാക്കുക എന്നതായിരിക്കും മിഷന്റെ മുഖ്യ ചുമതല. പഞ്ചവത്സര പദ്ധതിക്ക് രൂപം നല്‍കിക്കൊണ്ട് ശുചിത്വ മേഖലയിലും ജല സംരക്ഷണകൃഷി വികസന മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി കള്‍ക്ക് കാര്യക്ഷമമായ സാങ്കേതിക പിന്തുണ ലഭ്യമാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതില്‍ മിഷന്‍ ഊന്നല്‍ നല്‍കും.

ഹരിതോത്സവം 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഹരിതവിദ്യാലയം എന്ന ലക്ഷ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയോടുള്ള കടമകള്‍ സമൂഹത്തെ പഠിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വിദ്യാര്‍ഥികളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ്. നാടിനെ ഹരിതാഭമാക്കാനും പുതു തലമുറയ്ക്ക് പ്രകൃതിയുടെ അമൂല്യമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും ഹരിതോല്‍സവം സഹായകമാകും. പരിസര-വ്യക്തി-സ്ഥാപനതലത്തിലുള്ള ശുചിത്വം, വനവത്കരണം വൃക്ഷവത്കരണം, മാലിന്യ നിര്‍മാര്‍ജനം, വായു, ജലം, മണ്ണ് സംരക്ഷണം, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക, അധ്വാന ശീലവും സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കോരോന്നിനും വിദ്യാലയങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. ഹരിതോല്‍സവം ഓരോ നിലവാരത്തിലും ഉള്ള പാഠഭാഗങ്ങളുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ് നടപ്പാക്കുക. അതിനു സഹായകമായ രീതിയില്‍ പത്ത് ഉത്സവങ്ങളായിട്ടാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ഒരുക്കുന്ന പഠനാന്തരീക്ഷത്തിലൂടെയും പഠനാനുഭവങ്ങളിലൂടെയും പാരിസ്ഥിതികാവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഇതിന്റെ ഭാഗമാണ്. കാര്‍ഷിക സംസ്‌കാരം പുതിയ തലമു റയില്‍ വളര്‍ത്തിയെടുക്കുക. മാലിന്യ നിര്‍മാര്‍ജനം ഒരു സംസ്‌കാരമായി രൂപപ്പെടുത്തിയെടുക്കുക. മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയില്‍ നിന്നും ഒഴിവാക്കാനാവശ്യമായ ഇടപെടല്‍ നടത്തുക. പ്‌ളാസ്റ്റിക് മുക്ത, കീടനാശിനി മുക്ത ലഹരി വിമുക്ത കാമ്പസുകള്‍ സൃഷ്ടിക്കുക. കാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ ജനകീയമായി വികസിപ്പിച്ചെടുക്കുക എന്നിവ ഇതിന്റെ പൊതുലക്ഷ്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.  

ജലസ്രോതസ്‌സുകളുടെ പരിപാലനവും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും 

ജലവിഭവ സംരക്ഷണം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ജല സമൃദ്ധിയാല്‍ നിറഞ്ഞ പ്രകൃതിയാണ് കേരളത്തിനുള്ളത്. കാര്‍ഷിക സംസ്‌കൃതി രൂപം കൊണ്ടതും ജലത്തിന്റെ കനിവില്‍ നിന്ന് തന്നെയാണ്. നദികളും ചെറു നദികളും അവയുടെ കൈവഴികളും നീര്‍ച്ചാലുകളും  ചേരുന്ന നാടിനെ ജല സമൃദ്ധമാക്കാന്‍ പര്യാപ്തമായ ജലസ്രോത സുകള്‍ നമുക്കുണ്ട്. എന്നാല്‍ ജലസ്രോതസുകളുടെ വര്‍ദ്ധിച്ച മലിനീകരണവും, ജലസ്രോതസുകള്‍ നികത്തപ്പെടുന്നതും, കുറയുന്ന മഴയും, പെയ്‌തൊഴിയും മുന്‍പേ കടലില്‍ ഒഴുകിചേരുന്ന മഴവെള്ളവും, നദികളിലെ മണല്‍ വാരലും  എല്ലാം ചേര്‍ന്നു ഭീതിദമായ അവസ്ഥയാണ് ഇന്ന് കേരളത്തിന്റെ ജല മേഖലയില്‍ കാണുന്നത്. ഉപരിതലജലവും ഭൂഗര്‍ഭജലവും ഒരുപോലെ മലിനീകരണത്തിനു വിധേയമാകുന്ന സ്ഥിതിയാണുള്ളത്. ജല ഉപയോഗത്തിലുണ്ടായിട്ടുള്ള വര്‍ധനവ്, അമിതമായ ജലചൂഷണം, വനനശീകരണം, അശാസ്ത്രീയമായ ഭൂവിനിയോഗം, ജലസ്രോതസുകളിലെ മാലിന്യനിക്ഷേപം, നദികളില്‍ നടക്കുന്ന വന്‍തോതിലുള്ള മണലെടുപ്പ് എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ജലസ്രോതസുകളുടെ വമ്പിച്ച നാശത്തിനു വഴിയൊരുക്കുന്നു. സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ട് ജലസംരക്ഷണം മുന്‍നിര്‍ത്തി നഷ്ടപ്പെട്ട ജലസമൃദ്ധി വീണ്ടെടുക്കാനുള്ള സജീവ യത്നത്തിലാണ് ഹരിതകേരളം മിഷന്റെ ജലസംരക്ഷണ ഉപമിഷന്‍.

ജലസ്രോതസ്‌സുകളുടെ പരിപാലനവും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ യുക്തിപൂര്‍വ്വമായ ജലവിനിയോഗം ബോധ്യപ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനമൊട്ടാകെ ജലസംരക്ഷണ ഉപമിഷന്‍ നടത്തി വരുന്നത്. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മാര്‍ഗ്ഗരേഖയില്‍ പറഞ്ഞിട്ടുള്ള സാങ്കേതിക സമിതികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രൂപീകരിച്ചു കഴിഞ്ഞു. ഈ സമിതികളുടെ യോഗം ചേരുകയും തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനപ്രതിനിധികളില്‍ നിന്നുമുള്ള വിവരശേഖരണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലസന്ദര്‍ശനം നടത്തി വരള്‍ച്ച പ്രതിരോധത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നീര്‍ത്തട പ്‌ളാനുകള്‍ തയ്യാറാക്കുന്നതും ഈ സമിതിയുടെ ഉത്തരവാദിത്വമാണ്. ഇതിനു വേണ്ടിയുള്ള വിവരശേഖരണം നടത്തുന്നതിനായി നീര്‍ത്തട നടത്തം തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ പുരോഗമിച്ചു വരുന്നു. ജലം അനാവശ്യമായി ചെലവാക്കാതെ കരുതലോടെ ഉപയോഗിക്കണമെന്ന സന്ദേശവും ജല സ്രോതസ്‌സുകളുടെ സംരക്ഷണം, പരിപാലനം, നഷ്ടപ്പെട്ട ജലസ്രോതസ്‌സുകളുടെ പുനരുജ്ജീവനത്തിനുള്ള കര്‍മ്മപദ്ധതിയും പ്രവര്‍ത്തനങ്ങളും, കിണര്‍ റീചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണം തുടങ്ങിയ മേഖലകളില്‍ ഹരിതകേരളം മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കടുത്ത വേനലില്‍ ജലക്ഷാമം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ജലസ്രോതസ്‌സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്‌കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്റെ ഊന്നല്‍.

 

കാനാമ്പുഴ പുനരുജ്ജീവനം  സമഗ്ര മാസ്റ്റര്‍ പ്‌ളാന്‍

കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്‌ളാനാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിച്ച ആദ്യ പുഴയാണ് കണ്ണൂരിലെ കാനാമ്പുഴ.  കാനാമ്പുഴയുടെ കരയില്‍ ജീവിക്കുന്നവരുള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച ജനകീയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഗവണ്‍മെന്റ് അനുമതി ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി സൂക്ഷ്മതലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനകീയവും പ്രാദേശികവുമായ പങ്കാളിത്തം ഉറപ്പാക്കാനായി കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയും 4 പ്രാദേശിക സൊസൈറ്റികളും ഇതോടനുബന്ധിച്ച്  രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ നിന്നാണ് കാനാമ്പുഴയുടെ ആരംഭം.11 കി.മീ ദൈര്‍ഘ്യമുള്ള കാനാമ്പുഴ ആദി കടലായി അഴിമുഖത്താണ് എത്തിച്ചേരുന്നത്. 

 

വരട്ടാര്‍ പുനരുജ്ജീവനം

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകിയിരുന്ന പൂര്‍ണ്ണമായും നികന്നുപോയ 9.4 കിലോമീറ്റര്‍ നീളമുള്ള വരട്ടാര്‍ ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ജനകീയമായി വീണ്ടും വെട്ടിയുണ്ടാക്കി പുനരുജ്ജീ വിപ്പിച്ച് നീരൊഴുക്ക് സാധ്യമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ പള്ളിക്കലാര്‍, കോലറയാര്‍ എന്നിവ പുനരുജ്ജീവിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കാനാമ്പുഴയുടെ പുനരു ജ്ജീവനം സാധ്യമാക്കി. ഇതുകൂടാതെ മാലിന്യം നിറഞ്ഞു കിടന്നിരുന്ന തൃശൂര്‍ ജില്ലയിലെ 15 കിലോമീറ്റര്‍ നീളമുള്ള പെരുംതോട് ജനകീയമായി ശുചിയാക്കി. കോട്ടയം ജില്ലയിലെ അയര്‍കുന്നം, മണക്കാട്, വിജയപുരം, കോട്ടയം മുന്‍സിപ്പാലിറ്റി എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 1100–ലധികം ഏക്കര്‍ വരുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിന് ആവശ്യമായ ജലം ലഭ്യമാക്കുന്നതിന് മീനച്ചിലാറിനേയും മീനന്തലയാറിനേയും യോജിപ്പിക്കുന്ന തോട് പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് സാധ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുണ്ട്.

 

ജലസംരക്ഷണ പ്രവര്‍ത്തനവും നീര്‍ത്തട നടത്തവും 

ഇതിനകം 195 ഗ്രാമപഞ്ചായത്തുകളില്‍ നീര്‍ത്തട നടത്തം പൂര്‍ത്തിയാക്കി, നീര്‍ത്തട മാസ്റ്റര്‍ പ്‌ളാനിന്റെ കരട് തയ്യാറാക്കി. 29062 കിണറുകള്‍ റീചാര്‍ജ്ജ്ചെയ്തു. 11009 കുളങ്ങള്‍ നവീകരിച്ചു ശുദ്ധമാക്കി. 500 തടയണകള്‍ നിര്‍മ്മിച്ചു. തിരൂര്‍ പുഴ, കൂനൂര്‍ പുഴ എന്നിവിടങ്ങളില്‍ പുഴ ശുചീകരണവും ബോധവല്‍ക്കരണവും നടന്നു. കിള്ളിയാര്‍ മിഷന്‍ എന്ന പേരില്‍ കിള്ളിയാര്‍ ശുചീകരണത്തിനായി ഒരു പദ്ധതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വരട്ടാര്‍, കാനാമ്പുഴ എന്നീ പുഴകളുടെ സമഗ്ര മാസ്റ്റര്‍ പ്‌ളാനും ഡി.പി ആറും തയ്യാറാക്കി. 9187 കി.മീ പുഴ/തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. ഹരിതകേരളം മിഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലസ്രോതസ്‌സുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പൊതുജന പങ്കാളിത്തത്തില്‍ നടന്നിട്ടുണ്ട്. 

 

സുരക്ഷിത ഭക്ഷ്യോത്പ്പാദനം

 

ജൈവകൃഷിരീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളളതാണ് കൃഷിവികസനം. 

സുരക്ഷിത ഭക്ഷ്യോത്പാദനം, കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍ തോതില്‍  തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്കല്‍ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്  കര്‍ഷകര്‍ക്ക് നവാവേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതികളുണ്ട്. ഇക്കഴിഞ്ഞ മൂന്നുമാസക്കാലയളവില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൃഷി ഉപമിഷനു കഴിഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്കും, വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം സുജലം–സുഫലം ഉപദൗത്യത്തിന്റെ മാര്‍ഗ്ഗരേഖയുടെ കരട് തയ്യാറാക്കി. ഇത് തുടര്‍ പരിശോധനയ്ക്കായി കൃഷി വകുപ്പിന് നല്‍കിയിരിക്കുകയാണ്. കൃഷി  വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമ മാര്‍ഗ്ഗരേഖ തയ്യാറാക്കുകയും തുടര്‍ന്ന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണ് അടുത്ത പടി. സുരക്ഷിത ഭക്ഷ്യോല്‍പ്പാദനം മലയാളികള്‍ക്ക് കൈവിട്ടുപോയ കര്‍മ്മമാണ്. ഇതുതിരികെ പിടിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. കാരണം അയല്‍ സംസ്ഥാനങ്ങളുടെ പച്ചക്കറിയുള്‍പ്പെടെയുള്ള കാര്‍ഷികവിപണിയായി കേരളം മാറിപ്പോയി. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കൃഷി വ്യാപനത്തിന് ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളാണ് ഹരിതകേരളം മിഷന്‍ കഴിഞ്ഞ മൂന്നുമാസങ്ങളില്‍ വിഭാവനം ചെയ്തു നടപ്പാക്കി വരുന്നത്. 

നെല്‍കൃഷിയിലും തരിശു കൃഷിയിലും നേടിയ അധിക കൃഷി വ്യാപനവും ഹരിതകേരളം മിഷന്റെ കാതലായ ഇടപെടലുകളുടെ ഫലമാണ്.ഓരോ ബേ്‌ളാക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ സേവന പരിധിയില്‍  ചുരുങ്ങിയത് ഒരു ഗ്രാമപഞ്ചായത്ത് എങ്കിലും തരിശുരഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിനുള്ള കര്‍മ്മപരിപാടി ആരംഭിച്ചു. 2018–19 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും ചുരുങ്ങിയത് 152 ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ തരിശു രഹിത കൃഷിയിട ഗ്രാമപഞ്ചായത്തുകളാക്കി മാറ്റുകയും ഈ കാലയളവില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്യുവാനുതകും വിധം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

 

നെല്‍കൃഷി വ്യാപനം

പതിമൂന്നാം പദ്ധതിയുടെ അവസാനത്തോടെ നെല്‍ക്കൃഷിയുടെ വിസ്തൃതി രണ്ടുലക്ഷം ഹെക്ടറില്‍ നിന്നും 3 ലക്ഷം ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധിക വിളയിറക്കല്‍, കരനെല്‍ക്കൃഷി, തരിശുനിലങ്ങളിലെ കൃഷിയിറക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളാണ് ഇതിനായി അവലംബിക്കുന്നത്. ഇതിനകം 7116 ഹെക്ടര്‍ തരിശു      നിലങ്ങളില്‍ നെല്‍കൃഷി കൊണ്ടുവരാന്‍ കഴിഞ്ഞു. 2752 ഹെക്ടറില്‍ കരനെല്‍കൃഷിയും 2947 ഹെക്ടറില്‍ അധികവിളയും ഇറക്കി. ഇപ്രകാരം 12815 ഹെക്ടറില്‍ അധിക നെല്‍ക്കൃഷി കൊണ്ടുവരാനായി. ഇതുള്‍പ്പെടെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് നാളിതുവരെയായി 22049 ഹെക്ടറില്‍ നെല്‍കൃഷി വ്യാപനം സാധ്യമാക്കാനായത് ശ്രദ്ധേയമാണ്. 

ഫലവൃക്ഷതൈ ഉല്പാദനം

ഫലവൃക്ഷത്തൈകളുടെ ഉല്‍പ്പാദനത്തിലും കാതലായ നേട്ടം കൈവരിക്കാനായിട്ടുണ്ട്. 2018 ജൂണ്‍ 5 ന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നട്ടുപിടിപ്പിക്കുന്നതിനു വേണ്ടിയുള്ള ഫലവൃക്ഷത്തൈകള്‍ കൃഷി വകുപ്പ,് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്നതിനുള്ള പദ്ധതിയില്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതില്‍ എം.ജി.എന്‍.ആര്‍, ഇ.ജി.എസ് നാളിതുവരെ 1,10,00000 തൈകള്‍ തയ്യാറാക്കിയതായി അറിയിച്ചിട്ടുണ്ട്. എം.എന്‍.ആര്‍.ഇ.ജി തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി കൃഷി വകുപ്പ് ഫാമുകളില്‍ 3.1 ലക്ഷം തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്.

 

ജൈവ പച്ചക്കറി പ്രോത്സാഹനം

കൃഷി വകുപ്പ്, തദ്ദേശ  ഭരണ സ്ഥാപനങ്ങള്‍, വി.എഫ്.പി.സി.കെ, എസ്.എച്ച്.എം എന്നിവ വഴിയുള്ള കൃഷി  വികസന പദ്ധതികളിലൂടെയാണ് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് . കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ മുന്‍നിര്‍ത്തി വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ പറ്റുന്ന തരത്തില്‍ ജൈവ പച്ചക്കറി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളുണ്ട്.പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് ഒരു പരിധി വരെ മാറ്റമുണ്ടാക്കാനായി. ഈ വിഷയത്തില്‍ പരമാവധി സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടന്നുവരികയാണ്.  സംസ്ഥാനത്ത് സന്നദ്ധ സംഘടനകള്‍, നവമാധ്യമ കൂട്ടായ്മകള്‍ എന്നിവയിലൂടെ പച്ചക്കറി കൃഷി– പ്രത്യേകിച്ചും ജൈവ പച്ചക്കറി കൃഷി വ്യാപന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്തില്‍ 280 ഏക്കറില്‍ നടന്ന വിതയുത്സവം, കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ എരിക്കുളത്ത് നടക്കുന്ന ജൈവപച്ചക്കറികൃഷി, കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി പഞ്ചായത്തില്‍ കാര്‍ത്തികപുരം  തുരുത്തുകളില്‍ 1200 ഓളം മുളത്തൈകളും വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചത്, സംസ്ഥാനത്ത് ഇ.എസ്.ഐ ആശുപത്രി അങ്കണങ്ങളില്‍ ആരംഭിക്കുന്ന ജൈവ പച്ചക്കറികൃഷി,  തുടങ്ങിയവയും കഴിഞ്ഞ മൂന്നുമാസക്കാലത്തെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുന്നു.

മലപ്പുറം ജില്ലയില്‍ ഇതിനോടകം 5349 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനായത്, മലപ്പുറം ജില്ലയില്‍ത്തന്നെ 203 സംയോജിത കൃഷി യൂണിറ്റുകള്‍ രൂപീകരിക്കാനായത്  തുടങ്ങിയവ കഴിഞ്ഞ മൂന്നുമാസക്കാലയളവില്‍ നടന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

തുരുത്തിക്കര ഗ്രാമപഞ്ചായത്തിനെ ഹരിതഗ്രാമമായി പ്രഖ്യാപിച്ചതും തരിശുപാടങ്ങളില്‍ നെല്‍കൃഷി സജീവമാകുന്നതും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  എന്‍.സി.സി, എന്‍.എസ്.എസ്, മറ്റ് സന്നദ്ധസംഘടനകള്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന ജനകീയ പങ്കാളിത്തവും എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.

 

ശുചിത്വ സംസ്‌ക്കാരം വീണ്ടെടുക്കാന്‍

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്‌കരണ കര്‍മപദ്ധതിയുടെ ലക്ഷ്യം.സംസ്ഥാനത്തുണ്ടായിരുന്ന ശുചിത്വ സംസ്‌ക്കാരം വീണ്ടെടുക്കണമെന്ന ബോധ്യം സര്‍വ്വതലങ്ങളിലുമെത്തിക്കാനായതും ഇതു സംബന്ധിച്ച് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായതും ശുചിത്വ മാലിന്യ സംസ്‌ക്കരണ ഉപമിഷന്റെ പ്രധാന നേട്ടമാണ്. കഴിഞ്ഞ ആഗസ്റ്റ് 15 ന് ആരംഭിച്ച  'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' ക്യാമ്പയിനും അതിനോടൊപ്പം സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ശുചിത്വ മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ശക്തമായ അടിത്തറ പാകി.  ഭൂരിഭാഗം തദ്ദേശഭരണ സ്ഥാപനങ്ങളിലും രൂപീകരിച്ച ഹരിതകര്‍മ്മസേന, എം.സി.എഫ്, ആര്‍.ആര്‍.എഫ്, ഗ്രീന്‍പ്രോട്ടോക്കോള്‍ നടത്തിപ്പ്, അനുബന്ധ പ്രചാരണം, ഗൃഹതല സര്‍വ്വേ, അനുബന്ധ വിവര ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച അവബോധം ജനങ്ങളിലെത്തിക്കാനും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനും ഉപകരിച്ചു. തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴിയാണ് മുഖ്യമായും ഹരിതകേരളം മിഷന്റെ ശുചിത്വമാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള പ്രോത്സാഹനവും ബോധവല്‍ക്കരണവും നടത്തുന്നതിനോടൊപ്പം എല്ലാ തദ്ദേശഭരണ സ്ഥാപന പരിധിയിലുമുള്ള വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലം എന്നിവിടങ്ങളില്‍ നിന്നും ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഹരിതകര്‍മ്മസേനയുടെ രൂപീകരണം, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവയുടെ സ്ഥാപന – പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഇതിനകം തന്നെ പ്രത്യക്ഷമായ നേട്ടങ്ങളുണ്ടാക്കാനായി. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്‌കരണ പദ്ധതി ലക്ഷ്യമിടുന്നു. 

ഹരിതകര്‍മ്മ സേന

സംസ്ഥാനമൊട്ടാകെ 24021 അംഗങ്ങളെ ഉള്‍പ്പെടുത്തി 775 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചു. ഇതില്‍ 8926 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. 798 ഗ്രൂപ്പുകളായാണ് ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 138 സ്ഥാപനങ്ങളില്‍ സേന പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ സംഭരിക്കുവാനായി സംസ്ഥാനത്തുടനീളം വിവിധ തദ്ദേശഭരണ സ്ഥാപന പരിധിയില്‍ ഇതുവരെ 308 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങള്‍          (എം.സി.എഫ്) സ്ഥാപിച്ചു. 145 എം.സി.എഫ് കള്‍ നിര്‍മ്മാണഘട്ടത്തിലാണ്. 141 എം.സി.എഫ് കള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം നിര്‍വ്വഹിച്ചു വരികയാണ്.

എം.സി.എഫുകളില്‍ തരംതിരിക്കപ്പെടുന്ന അജൈവമാലിന്യങ്ങള്‍ പുനചംക്രമണത്തിനയക്കുന്നതുള്‍പ്പെടെ തുടര്‍ന്നും സംസ്‌ക്കരണ പ്രവര്‍ത്തനത്തിനായി റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിലാണ് എത്തിക്കുന്നത്. ഇത്തരം 140 റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം ഇതിനകം നിര്‍മ്മിച്ചു. 66 ആര്‍.ആര്‍.എഫ് കള്‍ ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 48 ആര്‍.ആര്‍.എഫുകളാണ്. ആര്‍.ആര്‍.എഫ് ന്റെ ഭാഗമായും പ്രത്യേകം സ്ഥാപിച്ചതും ഉള്‍പ്പെടെ 119 പ്‌ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ സംസ്ഥാനത്ത് ഇതിനകം സ്ഥാപിച്ചു. 113 പ്‌ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൂടാതെ ഇത്തരത്തിലുള്ള 198 യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണ്. 

 

സ്‌ക്രാപ് ഡീലര്‍മാരുടെ പങ്കാളിത്തം

അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്‍ 2018 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ സ്‌ക്രാപ് ഡീലര്‍മാരുടെ സംഘടനയായ കെ.എസ്.എം.എ. യുമായും പ്‌ളാസ്റ്റിക് റീസൈക്‌ളിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തുകയും വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കു കയും ചെയ്തു. ഹരിതകേരളം മിഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ ക്യാമ്പയിനില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

 

ഗ്രീന്‍ പ്രോട്ടോക്കോള്‍  

ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വലിച്ചെറിയുന്നതിലൂടെ നമ്മുടെ സമ്പന്നമായ ജലസ്രോതസ്‌സുകളും അപകടകരമാം വിധം മലിനീകരിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇവയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കില്‍ ശാസ്ത്രീയമായ മാലിന്യസംസ്‌കരണം ഒരു ശീലമായി വളര്‍ത്തി യെടുക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. നാഷണല്‍ ഗെയിംസ്, ആറ്റുകാല്‍ പൊങ്കാല, സ്‌കൂള്‍ കലോത്സവങ്ങള്‍, ഓണാഘോഷം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ വിജയകരമായി നടപ്പിലാ ക്കിയ ഈ പ്രവര്‍ത്തനം താഴെത്തട്ടുവരെ എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. 

ഗ്രീന്‍ പ്രോട്ടോകോള്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന ശില്പശാല  നടത്തി.  തിരുവനന്തപുരത്ത് ഐ.എം.ജി യില്‍ വച്ചായിരുന്നു പരിശീലനം. ഈ പരിശീലനത്തില്‍ ഓരോ ജില്ലയില്‍ നിന്നും ജില്ലാകളക്ടര്‍മാര്‍ മുഖേന ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തെരഞ്ഞെടുത്ത 5 ഉദ്യോഗസ്ഥരും 5 റിസോഴ്സ് പേഴ്സണ്‍മാരും പങ്കെടുത്തു. ശില്പശാലയില്‍ പങ്കെടുത്തവര്‍ നഗരത്തിലെ 13 സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തുകയും നേട്ടങ്ങളും കോട്ടങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് വിവിധ മതവിഭാഗങ്ങളില്‍പെട്ട ചെറുതും വലുതുമായ നിരവധി ഉത്സവങ്ങള്‍ നടന്നു കഴിഞ്ഞു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വന്നുപോകുന്ന തിരുവൈരാണിക്കുളം ക്ഷേത്രം, ആറ്റുകാല്‍ പൊങ്കാല, മലയാറ്റൂര്‍ പെരുന്നാള്‍, ബീമാപള്ളി ഉറൂസ്, മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം, ചെര്‍പ്പുളശേ്ശരി പൂരം, തുടങ്ങി ഈ കാലയളവില്‍ നടന്ന ഉത്സവങ്ങള്‍ എല്ലാംതന്നെ ഹരിത പെരുമാറ്റചട്ടം അനുസരിച്ചാണ് നടത്തിയത്. ഹരിതഭവനം, ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത ഓഫീസുകള്‍, ഹരിത വാര്‍ഡുകള്‍ എന്നുതുടങ്ങി ഹരിത തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എന്ന നിലയില്‍ സംസ്ഥാനം ഹരിത കേരളമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പരിശീലനം പ്രതീക്ഷിച്ചതിലുപരി വിജയമായിരുന്നു. ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനുള്ള സെലക്ഷന്‍ ശുചിത്വമിഷന്‍ നടത്തിക്കഴിഞ്ഞു. ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത്  തടയുകയും ഗാര്‍ഹിക–സ്ഥാപന– കമ്മ്യൂണിറ്റിതലങ്ങളിലെ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പിലാക്കുകയും ചെയ്യുകയെന്നുളളതാണ് ശുചിത്വ മാലിന്യ സംസ്‌ക്കരണ ഉപദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കിയും അജൈവമാലിന്യശേഖരണം, പുനഃചംക്രമണം എന്നിവ സാധ്യമാക്കിയും വൃത്തിയുടെ കേന്ദ്രങ്ങളാക്കുക എന്നതാണ് ലക്ഷ്യം.

ഹരിതകേരളം മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍ 

ജലസംരക്ഷണം ജലസമൃദ്ധി

വരട്ടാര്‍ നദിക്ക് പുതുജീവന്‍. കോലറയാര്‍, കുട്ടമ്പേരൂര്‍പുഴ, വലിയതോട്, പള്ളിക്കലാര്‍ കാനാമ്പുഴ എന്നിവ ശുചീകരിച്ചു. മീനച്ചിലാര്‍–മീനന്തലയാര്‍–കൊടൂരാര്‍ പുനഃസംയോജനം സാധ്യമാക്കി.

ആദിപമ്പ–വരട്ടാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍പ്‌ളാന്‍ (കരട്) തയ്യാറായി. പുനരുജ്ജീവിപ്പിച്ച മറ്റ് നദികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

9187 കി.മീ. ദൂരം തോടുകള്‍/പുഴ വൃത്തിയാക്കി, 1620 കി.മീ. കനാലുകള്‍ ശുചിയാക്കി. 

29062 കിണറുകളുടെ റീചാര്‍ജ്ജിംഗ്, 4976 കുളങ്ങളുടെ നിര്‍മ്മാണം, 11009 കുളങ്ങളുടെ നവീകരണം, 15,000 കിണറുകളുടെ നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചു.

147239 ഏക്കര്‍ വൃഷ്ടിപ്രദേശ പരിപാലനം പൂര്‍ത്തീകരിച്ചു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ സാങ്കേതിക സമിതികള്‍ രൂപീകരിച്ച് നീര്‍ത്തട നടത്തം പരിപാടിയിലൂടെ വിവരശേഖരണം നടത്തി വരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൃഷിക്കും ജലസംരക്ഷണത്തിനും അനുയോജ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് 2018–19–ലെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വിവരശേഖരണ പ്രക്രിയ ഇതിനകം സംസ്ഥാനത്തെ പകുതിയോളം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടന്നു.

വരള്‍ച്ച ബാധിത ജില്ലകളായ പാലക്കാട്, കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ പഠനം നടന്നു വരുന്നു.

പാറമടകളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ജലം പരിശോധനകള്‍ക്ക് ശേഷം നിര്‍മ്മാണ പ്രവൃത്തികള്‍ക്കും കൃഷി ആവശ്യത്തിനും വ്യാവസായിക ആവശ്യത്തിനും നല്‍കുവാനും ഈ ആവശ്യങ്ങള്‍ക്ക് ശുദ്ധജലം വിനിയോഗിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. 

 

ശുചിത്വ മാലിന്യ സംസ്‌ക്കരണം

ഹരിതകര്‍മ്മസേന രൂപീകരിച്ച പഞ്ചായത്തുകള്‍ 851

ഹരിതകര്‍മ്മസേനാംഗങ്ങളുടെ എണ്ണം 26592

മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ 308

റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുകള്‍ 140

ഉറവിട മാലിന്യ സംസ്‌ക്കരണം സജ്ജമാക്കിയ വീടുകള്‍ 2 ലക്ഷം

ശേഖരിച്ച ഇ–മാലിന്യം 865 ടണ്‍

ശേഖരിച്ച പ്‌ളാസ്റ്റിക് മാലിന്യം 375 ടണ്‍

പ്‌ളാസ്റ്റിക് മാലിന്യമുപയോഗിച്ച് റോഡ് ടാറിംഗ് 140 കി.മീ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കിയ പദ്ധതികളുടെ എണ്ണവും നീക്കിവച്ച തുകയും 90563 പ്രോജക്ടുകള്‍, 624.36 കോടി

സ്ഥാപിച്ച പ്‌ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍  119

നിര്‍മ്മാണത്തിലിരിക്കുന്ന പ്‌ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ 113

പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന പ്‌ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ 49

 

ജലസംരക്ഷണം : ജലസമൃദ്ധി

പുനരുജ്ജീവിപ്പിച്ച പുഴ/തോടുകള്‍ 9187 കി.മീ

ശുചിയാക്കിയ കനാലുകള്‍ 1620

റീചാര്‍ജ്ജ് ചെയ്ത കിണറുകള്‍ 29062

നവീകരിച്ച കുളങ്ങള്‍ 11009

നിര്‍മ്മിച്ച കുളങ്ങള്‍ 4976

നവീകരിച്ച കിണറുകള്‍ 4495

വൃഷ്ടിപ്രദേശ പരിപാലനം 147239 ഏക്കര്‍

സംഘടിപ്പിച്ച നീര്‍ത്തട നടത്തം 245

നീര്‍ത്തട മാപ്പ് തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം 166

നീര്‍ത്തട മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 15

കൃഷി വികസനം : സുജലം–സുഫലം

തരിശുനിലം കൃഷി യോഗ്യമാക്കിയതുള്‍പ്പെടെ അധിക നെല്‍ക്കൃഷി 22049 ഹെക്ടര്‍

തരിശുഭൂമിയിലെ അധിക പച്ചക്കറി കൃഷി  841 ഹെക്ടര്‍

വീട്ടുവളപ്പിലെ കൃഷിക്കായ് നല്‍കിയ വിത്തും തൈകളും 40 ലക്ഷം വിത്ത്കിറ്റ്, 45.3 ലക്ഷം പച്ചക്കറി തൈ

നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ 86 ലക്ഷം തൈകള്‍ നട്ടു. 1,13,10,000 തൈകള്‍ തയ്യാറായി.

 

Post your comments