Global block

bissplus@gmail.com

Global Menu

എങ്ങനെ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാം?

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടി ഏതെന്ന് പരിശോധിച്ചാല്‍, ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയും, അത് ബാങ്കിംഗ് രംഗത്തെ വീഴ്ചകളാണ്. 1991-ല്‍ നരസിംഹറാവു ഗവണ്‍മെന്റ് ഇന്ത്യന്‍ ഇക്കോണമി തുറന്ന്  കൊടുത്തപ്പോള്‍ ബാങ്കിംഗ് മേഖല, ബാങ്ക് ദേശസാല്‍ക്കരണത്തിനുശേഷം ഒരു പുതുവസന്തം കൊണ്ടാടി. ധാരാളം സ്വകാര്യ ബാങ്കുകള്‍ ഉയര്‍ന്ന് വന്നു. ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന തന്റെ പരിചയം ഏറ്റവും കൂടുതല്‍ പ്രയോഗിച്ചത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലാണ് അക്കാലത്ത് ഉണ്ടായ ഏറ്റവും വലിയ വീഴ്ച ഹര്‍ഷത്ത്‌മേത്ത ഉള്‍പ്പെട്ട ഓഹരി കുംഭക്കോണവുമാണ്. പിന്നീട് നാം കണ്ട ഏറ്റവും വലിയ അഴിമതി യു.പി.എ. ഭരണകാലത്ത്  2ജി സ്‌പെക്ട്രം അഴിമതിയാണ് അതിന്‌ശേഷം ഭാരതം കണ്ട കുംഭകോണങ്ങള്‍. എല്ലാം ബാങ്കിംഗ് മേഖലയിലാണ്. വിജയ്മല്യ, നീരവ്‌മോഡി, മെഹുല്‍ചോക്‌സി, തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ നടത്തിയ ലോണ്‍ കുംഭകോണക്കഥകള്‍ അപ്രതീക്ഷിതമായിരുന്നു. നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ കാലത്താണ് ഈ അഴിമതിക്കഥ പുറത്തുവന്നതെങ്കിലും യു.പി.എ. ഗവണ്‍മെന്റില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ കാലത്താണ് വഴിവിട്ട് പല കോര്‍പ്പറേറ്റ് ലോണുകളും നല്‍കിയിട്ടുള്ളത്. കിട്ടാക്കടങ്ങള്‍ പലതിന്റെ ഉത്ഭവം 2010-നും 2014-നും ഇടയ്ക്കുള്ള കാലത്താണ്. സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍ മുതല്‍ ICICI ബാങ്ക് മേധാവി ചന്ദന കൊച്ചാര്‍ വരെ നിയമനടപടി നേരിടുന്നു.

ടാറ്റ ഭൂഷന്‍ സ്റ്റീല്‍ മാതൃക
ആഗോള മാന്ദ്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് സ്റ്റീല്‍ ഉത്പാദകരംഗത്തായിരുന്നു. ഇന്ത്യയിലെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ഭൂഷന്‍ സ്റ്റീല്‍ ഇക്കാലയളവില്‍ 37000 കോടി രൂപ കടത്തിലായിരുന്നു. എന്നാല്‍ 35,000 കോടി രൂപക്ക് ടാറ്റ സ്റ്റീല്‍ ഭൂഷന്‍ സ്റ്റീലിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി. ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കിട്ടാക്കടത്തില്‍ 35000 കോടി രൂപ കുറഞ്ഞു കിട്ടി. Insolvency and Bankruptcy code  (പാപ്പരത്തം, കടം തിരിച്ചു പിടിക്കാന്‍ നിര്‍വാഹമില്ലായ്മ) നിയമപ്രകാരമാണ് ഈ ഇടപാട്. ഇതൊരു ചരിത്ര സംഭവമാണ്. ഭൂഷന്‍ സ്റ്റീലിനെ ഏറ്റെടുക്കാന്‍ ടാറ്റ സ്റ്റീല്‍ മുന്നോട്ടു വന്നതുകൊണ്ട് നേട്ടമുണ്ടായത് ഇന്ത്യന്‍ ബാങ്കുകള്‍ക്കാണ്. ടാറ്റയുടെ ഈ നടപടി മൂലം ഓരോ ഇന്ത്യാക്കാരനും അവകാശപ്പെട്ട 35000 കോടി രൂപ നഷ്ടമായില്ല. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രം ഏതാണ്ട് 8000 കോടി രൂപയുടെ നേട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗദ്ധര്‍ പറയുന്നത്.
നേരത്തെ വിജയ്മല്യയുടെ  Kingfisher Airlines സമാന സാഹചര്യത്തില്‍പ്പെട്ടപ്പോള്‍ മറ്റേതെങ്കിലും Airline Company ഏറ്റെടുക്കാന്‍ തയ്യാറായെങ്കില്‍ മല്യയ്ക്ക് രാജ്യം വിടേണ്ടിവരില്ലായിരുന്നു. ബാങ്കുകള്‍ക്ക് 5000 കോടി നഷ്ടപ്പെടുകയുമില്ലായിരുന്നു
കേന്ദ്രഗവണ്‍മെന്റിന്റ് ഔദ്യോഗിക കണക്ക് പ്രകാരം (പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖ) ഡിസംബര്‍ 2017 വരെ എല്ലാ ബാങ്കുകളുടെയും കൂടിയുള്ള കിട്ടാക്കടം 8,40,958 കോടി (എട്ട് ലക്ഷത്തി നാല്പതിനായിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ട്) രുപയാണ്. പക്ഷേ സ്വകാര്യ ധനകാര്യ ഏജന്‍സികളുടെ കണക്കുപ്രകാരം  NPA   (കിട്ടാക്കടം) ഏതാണ്ട് 11.5 ലക്ഷം കോടി രൂപയാണ്.
ഒരു കാലത്ത് 2% വും 3% വുമായിരുന്ന കിട്ടാക്കടം രണ്ടക്കത്തിലേക്ക് കുതിച്ചിരിക്കുന്നു. ഇന്ന് കിട്ടാക്കടം 12.8% വരെ ഉയര്‍ന്ന് കഴിഞ്ഞു. കിട്ടാക്കടത്തിന്റെ ശതമാനം 25 ശതമാനത്തിലേറെ എത്തിയ ബാങ്കുകളും ഉണ്ട്. ബാങ്കുകള്‍ നഷ്ടത്തില്‍ ആണ് ഓടുന്നത് എന്നതാണ് ഇതിന്റെ സത്യം. ഇന്ത്യയിലെ വാണിജ്യ വ്യാപാര കാര്‍ഷിക മേഖലയില്‍ ഉണ്ടായ മാന്ദ്യമാണ് ബാങ്കുകളുടെ ഈ തകര്‍ച്ചയ്ക്ക് പിന്നില്‍. വാണിജ്യ വ്യാപാര മേഖല തകര്‍ന്നാല്‍ തൊഴില്‍ നഷ്ടവും ധനനഷ്ടവും പുറകെ വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ബാങ്കുകളുടെ പ്രവര്‍ത്തനം പുനരുദ്ധരിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ 2.1 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് നല്കിയിരുന്നു.
ചിദംബരത്തിനെയോ അരുണ്‍ ജെയ്റ്റിലിയേയോ, രഘുറാം രാജനേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരും ബാങ്ക് മേധാവികളും ജാഗ്രത പാലിക്കണം. കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള സ്‌കീമുകള്‍ - ഇന്‍സെന്റീവുകള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കണം. പലിശകുറച്ച് ലോണുകള്‍ Restructure ചെയ്ത് നല്കണം. Insolvency and Bankruptcy code ഇതിലേക്കുള്ള ഒരു നല്ല തുടക്കമാണ്. ടാറ്റ ഭൂഷന്‍  ഇടപാട് മാതൃകയാക്കി വന്‍ കോര്‍പ്പറേറ്റ് കടങ്ങള്‍ തിരിച്ച് പിടിച്ചാല്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടു വരാന്‍ കഴിയും.

'കിട്ടാക്കടം തിരിച്ച് പിടിക്കുന്ന നിയമയുദ്ധത്തില്‍, ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ് ടാറ്റ ഭൂഷന്‍ സ്റ്റീല്‍ ഇടപാട്'.
പീയുഷ് ഗോയല്‍
(Finance Minister-incharge)

 

Post your comments