Global block

bissplus@gmail.com

Global Menu

''ഇന്ത്യന്‍ ജനാധിപത്യത്തെ ഓര്‍ത്ത് കേഴുക, പ്രിയ നാടേ!''

(കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: ഒരവലോകനം)

കെ. പ്രകാശ് ബാബു
സി പി ഐ അസി. സെക്രട്ടറി 

ന്ത്യന്‍ ജനാധിപത്യം കൂട്ട ബലാല്‍ക്കാരത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു എന്നല്ലാതെ മറ്റെന്താണ് കര്‍ണാടകത്തിലെ നാണംകെട്ട രാഷ്ട്രീയക്കളികളെക്കുറിച്ച് പറയാന്‍ കഴിയുന്നത്. കൂട്ട ബലാല്‍സംഗ ശ്രമത്തിലെ പ്രതികള്‍ ആരെല്ലാമാണ് എന്നതുകൂടി നാം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനാധിപത്യത്തിന്റെ ആരാച്ചാരും ബി.ജെ.പി ദേശീയാദ്ധ്യക്ഷനുമായ അമിത് ഷാ, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് രുദഭായ് വാലാ, ഏക്ദിന്‍ കാ സുല്‍ത്താന്‍ ആയ യദ്യൂരപ്പ എന്നിവരാണ് ആ കൂട്ടു പ്രതികള്‍. 222 നിയമസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രി നേരിട്ട് യുദ്ധം നയിച്ചിട്ടും പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടായിട്ടും 104 സീറ്റുകള്‍ മാത്രം നേടാനേ ബി.ജെ.പി ക്ക് കഴിഞ്ഞുള്ളൂ. കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകളുടെ കുറവ്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത കോണ്‍ഗ്രസ്‌സിന് 78 സീറ്റും ജനതാദള്‍ (എസ്) എന്ന് പറഞ്ഞാല്‍ ജനതാദള്‍ സംഘ്പരിവാര്‍ എന്ന് കോണ്‍ഗ്രസ് പരിഹസിച്ച ദേവഗൗഡ–കുമാരസ്വാമി നേതാക്കളുടെ പാര്‍ട്ടിക്ക് 37 സീറ്റും ലഭിച്ചു. താമസിച്ചാണെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം മനസ്‌സിലാക്കിയ മുന്‍ കോണ്‍ഗ്രസ്‌സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ട് എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിപ്പിച്ചു. കോണ്‍ഗ്രസ്‌സിന്റെ പൂര്‍ണ പിന്തുണയും ഉറപ്പാക്കി നല്‍കി.
കോണ്‍ഗ്രസ്–ജെ.ഡി.(എസ്) സഖ്യം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയെങ്കിലും അവര്‍ക്ക് അനുമതി ലഭിച്ചില്ല. എന്നാല്‍ പിന്നീട് ബി.ജെ.പി നേതാവ് ബി.എസ്. യദ്യൂരപ്പക്ക് അനുമതി നല്‍കുകയും ചെയ്തു. കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭാ രൂപീകരണത്തിനു ക്ഷണിക്കുകയെന്നത് സ്വാഭാവിക നീതി മാത്രമാണെന്ന് നമുക്കു തോന്നാം. എന്നാല്‍ കര്‍ണാടകയില്‍ സംഭവിച്ചത് അതാണോ. അല്ല. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നിയമസഭയില്‍ 117 എം.എല്‍.എ മാരുടെ ഒപ്പിട്ട കത്ത് കോണ്‍ഗ്രസ്‌സ്–ജനതാദള്‍ സഖ്യം  ഗവര്‍ണര്‍ക്കു നല്‍കിയതിനു ശേഷമാണ് 104 അംഗങ്ങളുള്ള ബി.ജെ.പി യുടെ നേതാവിനെ മന്ത്രിസഭാ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിക്കുന്നത്. മെയ് 17 ന് ബി.എസ്. യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് മുഖ്യമന്ത്രിയാക്കി നിയോഗിക്കുകയാണ് ഗവര്‍ണര്‍ വാജുഭായ് വാല ചെയ്തത്.
ആരാണീ ഗവര്‍ണര്‍ വാജു ഭായ് വാല. ആര്‍.എസ്.എസ്‌സിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തിയ വാജു ഭായ് 1971 ലാണ് ജനസംഘത്തില്‍ ചേരുന്നത്. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പല ആര്‍.എസ്.എസ് നേതാക്കളെയും പോലെ ജയിലില്‍ കിടക്കേണ്ടി വന്നു. 1998 മുതല്‍ 2012 വരെ ഗുജറാത്ത് മന്ത്രിസഭയില്‍ ധനകാര്യം, തൊഴില്‍ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വാല മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്നു. 2012 മുതല്‍ 2014 വരെ ഗുജറാത്ത് നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുള്ള  വ്യക്തിയാണ് ഈ ആര്‍.എസ്.എസ് സ്വയം സേവകന്‍. 2014 ലാണ് അദ്ദേഹത്തെ കര്‍ണാടക ഗവര്‍ണറായി മോദി ഗവണ്‍മെന്റ് നിയോഗിക്കുന്നത്. ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഗവര്‍ണര്‍ വാജു വാലായില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ് കര്‍ണാടകയില്‍ സംഭവിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ മാനിക്കാത്ത, രാജ്യത്തെ നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും മാനിക്കാത്ത ആര്‍.എസ്.എസ്, രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള വാതില്‍ മലര്‍ക്കെ തുറക്കുകയായിരുന്നു യദ്യൂരപ്പയ്ക്കു വേണ്ടി. കര്‍ണാടക ഗവര്‍ണറുടെ നടപടി ബോധപൂര്‍വമുള്ള രാഷ്ട്രീയ കുതിരക്കച്ചവടമായിരുന്നു. 150 കോടി രൂപ വരെ എം.എല്‍.എ മാര്‍ക്ക് വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒരു എം.എല്‍.എ യ്ക്ക് 15 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നു. ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചും നിയമ വിരുദ്ധമായും ഗവര്‍ണര്‍ വാജുഭായ് വാല ബി.എസ്. യദ്യൂരപ്പയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബാക്കിയുള്ളവരെ പോയി എന്തു കൊടുത്തും പിടിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശവും നല്‍കി കാണും. ഖനി മാഫിയാകളും കള്ളക്കടത്തുകാരും എല്ലാം ഗോദയിലിറങ്ങി. കുതിരക്കച്ചവടം തുടങ്ങിയത് അങ്ങനെയാണ്. 
എം.എല്‍.എ മാരെ ബി.ജെ.പി റാഞ്ചുമെന്ന് ഭയന്ന് കോണ്‍ഗ്രസ്‌സ് അവരുടെ എം.എല്‍.എ മാരെ ബിഡദിയിലെ ഈഗിള്‍ഡണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ജനതാദള്‍ അവരുടെ എം.എല്‍.എ മാരെ സംസ്ഥാനത്തിനു വെളിയിലേക്ക് മാറ്റി താമസിപ്പിച്ചു. ജനാധിപത്യത്തിനു കൊടുക്കേണ്ടി വരുന്ന വില എത്രമാത്രമെന്നു തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു ഇതെല്ലാം. ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങാന്‍ കോടികള്‍ ഒഴുക്കുന്ന ബി.ജെ.പി യെ ഭയന്ന് മറ്റു ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തംവിട്ടു നില്‍ക്കുന്ന കാഴ്ചയാണ് പല സംസ്ഥാനങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്.
അയല്‍ സംസ്ഥാനമായ ഗോവയില്‍ 40 സീറ്റുള്ളതില്‍ 17 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ്‌സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 13 എം.എല്‍.എ മാര്‍ മാത്രമുള്ള ബി.ജെ.പി യെയാണ് മുന്‍ ബി.ജെ.പി നേതാവായ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ക്കൂടി മറ്റുള്ളവരെ വിലയ്ക്കുവാങ്ങി പിന്നീട് ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുനേടി കോണ്‍ഗ്രസ്‌സ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. അവിടെയും കേന്ദ്ര പ്രതിനിധിയായ ഗവര്‍ണര്‍ നജ്മ ഹബ്ത്തുള്ള 21 അംഗ ബി.ജെ.പി യുടെ നേതാവിനെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റ കക്ഷിയെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ക്ഷണിക്കുക എന്ന ''കര്‍ണാടക നയം'' ഗോവയിലും മണിപ്പൂരിലും  അവിടെയുള്ള ഗവര്‍ണര്‍മാര്‍ സ്വീകരിച്ചില്ല. ഇന്ത്യന്‍ ഭരണഘടനയെ ബി.ജെ.പിയ്ക്കനുകൂലമായി വ്യാഖ്യാനിക്കുകയെന്ന ലളിതമായ ജോലിയാണ് ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതി പുരുഷന്മാരായ ഗവര്‍ണര്‍മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടന്ന മേഘാലയത്തില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസ് തന്നെ. ആകെയുള്ള 60 സീറ്റില്‍ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്‌സിന് 21 സീറ്റും ബി.ജെ.പി ക്ക് 2 സീറ്റും എന്‍.പി.പി ക്ക് (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) 19 സീറ്റുമാണ് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ മേഘാലയത്തില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്ന് കത്തു നല്‍കിയെങ്കിലും ബീഹാറിലെ മുന്‍ ബി.ജെ.പി ക്കാരനായ ഗവര്‍ണര്‍ ഗംഗാ പ്രസാദ് വഴങ്ങിയില്ല. ചെറു കക്ഷികളുടെ നിലപാടറിയാന്‍ ഗവര്‍ണര്‍ കാത്തു നിന്നു. അവിടെ എന്‍.പി.പി യെ മുന്‍നിര്‍ത്തി ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിച്ചു.
ആ പാതയില്‍ക്കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌സ് എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി നിര്‍ദ്ദേശിച്ചതും.
മുഖ്യമന്ത്രിപദം എന്ന കോണ്‍ഗ്രസ്‌സിന്റെ അപ്രതീക്ഷിതമായ വാഗ്ദാനത്തില്‍ എച്ച്.ഡി കുമാരസ്വാമി തന്റെ എം.എല്‍.എ മാരെയെല്ലാം ഒരുമിപ്പിച്ചു നിര്‍ത്തി. റിസോര്‍ട്ട് രാഷ്ട്രീയം കര്‍ണാടകത്തില്‍ വീണ്ടും അരങ്ങേറി. കോടികള്‍ വാഗ്ദാനം നല്‍കിയിട്ടും കോണ്‍ഗ്രസ്‌സ്–ജനതാദള്‍ എം.എല്‍.എ മാരില്‍ ഒരാളെയും അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ക്ക് കഴിഞ്ഞില്ല.
കര്‍ണാടക ഗവര്‍ണര്‍ പതിനഞ്ചു ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ മെയ് 17 ന് സത്യപ്രതിജ്ഞ ചെയ്ത യദ്യൂരപ്പയ്ക്ക് നല്‍കിയത്. ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനുള്ള സമയം. എന്തായാലും കോണ്‍ഗ്രസ് ഇത്തവണ നിയമയുദ്ധത്തിന് സമയത്ത് തന്നെ തയ്യാറായി. അസാധാരണമായ സാഹചര്യത്തില്‍ രാത്രിയിലും പുലര്‍ച്ചയ്ക്കും കോടതി കൂടുകയും വാദമുഖങ്ങള്‍ കേള്‍ക്കുകയും ചെയ്തു. പ്രോട്ടേം സ്പീക്കര്‍ നിയമനത്തില്‍ ഇടപെടാന്‍ ആവില്ലായെന്നു നിരീക്ഷിച്ച ബഹു. സുപ്രീം കോടതി, ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം 24 മണിക്കൂറായി വെട്ടിക്കുറച്ചു. മെയ് 19 ന് 4 മണിക്ക് വിശ്വാസ വോട്ടെടുപ്പിന് മുമ്പായി എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസപ്രമേയ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ കേവലം 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് വിധാന്‍ സഭയുടെ പടിയിറങ്ങി. സംഘപരിവാറുകാരുടെ ഭരണഘടനാ വിദ്വേഷവും ജനാധിപത്യ വിരോധവും ദേശീയ ഗാനത്തോടുള്ള അനാദരവും പ്രകടിപ്പിച്ചു കൊണ്ട് ''ജനഗണമന...'' മുഴങ്ങുമ്പോള്‍ അത് കേട്ടതായി നടിക്കാതെ അവര്‍ സഭ വിട്ടിറങ്ങിപ്പോയി. ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിച്ചതിന് ഇവരെ പ്രതിയാക്കി കേസെടുക്കേണ്ടതാണ്.
യദ്യൂരപ്പ രാജിവച്ച സാഹചര്യത്തില്‍ ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമിയെ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനും ഭൂരിപക്ഷം തെളിയിക്കുന്നതിനുമായി ക്ഷണിക്കുകയാണ് ഉണ്ടായത്.
ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി യും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ ഇനിയും തയ്യാറാകാത്ത കോണ്‍ഗ്രസ്‌സും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതല്‍ വികലവും വികൃതവുമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫാസിസത്തെ മനസ്‌സിലാക്കാന്‍ ഇനിയും കോണ്‍ഗ്രസ്‌സിനായിട്ടില്ല. നരേന്ദ്ര മോദി – അമിത് ഷാ ദ്വയങ്ങള്‍ നയിക്കുന്ന ഇന്ത്യന്‍ ഫാസിസത്തെ ചെറുക്കാനും പരാജയപ്പെടുത്താനും മതേതര–ജനാധിപത്യ ശക്തികളും ഇടതുപക്ഷവും കൂടിച്ചേര്‍ന്ന ഒരു വിശാല വേദിയെക്കുറിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രയോ മുന്‍പേ പറഞ്ഞതാണ്. ഇന്ത്യയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഒരു യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതും മുന്‍കയ്യെടുക്കാതിരുന്നതും ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ജനതാദള്‍ (എസ്) മായി ഒരു സഖ്യമോ കൂട്ടുകെട്ടോ ഉണ്ടാക്കണമെന്ന വാശി കോണ്‍ഗ്രസ്‌സിനുണ്ടായില്ല. അമിതമായ അവകാശവാദവും സ്വാര്‍ത്ഥതയും സ്ഥാനമോഹങ്ങളോടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആര്‍ത്തിയുമാണ് അങ്ങനെയൊരു കൂട്ടുകെട്ടിന് തടസ്‌സമായി നിന്നത്. ജനതാദള്‍ (എസും) വിട്ടുവീഴ്ചയോടെയുള്ള സമീപനം കൈക്കൊള്ളണമായിരുന്നു എന്നു പറയാമെങ്കിലും മുന്‍കയ്യെടുക്കാനുള്ള ബാദ്ധ്യത കോണ്‍ഗ്രസ്‌സിനാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട്, ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ചു കളയാതിരുന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ നമുക്ക് കഴിയും. മറിച്ചാണ് സ്ഥിതിയെങ്കില്‍ ''കേഴുക പ്രിയ നാടെ'' എന്നു വിലപിക്കാന്‍ മാത്രമെ ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു കഴിയുകയുള്ളു. എന്നിരുന്നാലും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍, എത്ര  ഒറ്റപ്പെടേണ്ടി വന്നാലും, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായ ചെറുത്തു നില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും കോട്ടകള്‍ പടുത്തുയര്‍ത്തുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Post your comments