Global block

bissplus@gmail.com

Global Menu

ഹൈടെക് വിദ്യാലയങ്ങള്‍; പിണറായി സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഭരണനേട്ടം

ഹൈടെക് വിദ്യാലയങ്ങള്‍

പ്രീ.സ്‌കൂള്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കല്‍ മുതല്‍ ക്യാമ്പസിനെ ഒരു പാഠപുസ്തകമാക്കിക്കൊണ്ടുള്ള ജൈവ വൈവിധ്യ ഉദ്യാനങ്ങളുടെ നിര്‍മിതിയും സ്‌കൂളിന് മൊത്തത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കലുമെല്ലാം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനപ്പെട്ട അടിസ്ഥാന ശിലകളാണ്. ആയിരം സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ര്ടതലത്തിലേക്കുയര്‍ത്തുന്ന പദ്ധതി ഇതിന്റെ ഫലമായുള്ളതാണ്. കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രവര്‍ത്തനങ്ങളായിരുന്നു ഇതിന്റെ മാതൃക.  
ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിക്കനുസരിച്ചുള്ള പഠനസാഹചര്യം ഒരുക്കാനും കുട്ടിയുടെ സ്വയംപഠനശേഷി വികസിപ്പിക്കാനുതകുന്ന തരത്തില്‍ ഒരു ടൂളായി ഉപയോഗപ്പെടുത്താനുമുള്ള ഐ.ടി.യുടെ സാധ്യതയാണ് ഹൈടെക് ക്‌ളാസ്‌റൂമുകളില്‍ പ്രയോജനപ്പെടുത്തുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള പഠനസന്ദര്‍ഭം കേരളത്തിലെ പൊതുവിദ്യാലയത്തിലെ  ഓരോ കുട്ടിക്കും ലഭ്യമാക്കാന്‍ പാകത്തിലാണ്  'ഹൈടെക് ക്‌ളാസ്മുറികള്‍' വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഹൈടെക് ക്‌ളാസ്മുറികള്‍ ദൃശ്യ–ശ്രാവ്യ പഠനാനുഭവങ്ങളാല്‍ സമ്പുഷ്ഠമാക്കപ്പെട്ട ക്‌ളാസ്മുറികളാണ്.  ഇതിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍–എയിഡഡ് സ്‌കൂളുകളിലും 8 മുതല്‍ 12 വരെ ക്‌ളാസുകളിലെ 45000 ക്‌ളാസ്മുറികളാണ് ആദ്യം ഹൈടെക്കാക്കുന്നത്.സ്മാര്‍ട്ട് ക്‌ളാസ് റൂമുകളില്‍ ഉപയോഗിക്കുന്നതിനുള്ള ഡിജിറ്റല്‍ ഉള്ളടക്കം വികസിപ്പിച്ചെടുക്കുക എന്നതും സുപ്രധാനമാണ്. ഓരോ ക്‌ളാസ്മുറികളിലും ലാപ്ടോപ്, മള്‍ട്ടിമീഡിയാ പ്രൊജക്ടര്‍, മൗണ്ടിംഗ് കിറ്റ്, യു.എസ്.ബി സ്പീക്കര്‍, അതിവേഗ ഇന്റര്‍നെറ്റ് തുടങ്ങിയവ ലഭ്യമാക്കിവരുന്നു. സ്‌കൂളുകളില്‍ ലാബുകള്‍ക്ക് പുറമെ മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, എച്ച്.ഡി ക്യാമറ, വെബ് ക്യാം, ടെലിവിഷന്‍ തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഒന്നര പതിറ്റാണ്ടായി ദേശീയ–അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയമായിരുന്ന ഐടി@സ്‌കൂള്‍ പ്രോജക്ടിനെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എന്ന പേരില്‍ പ്രത്യേക സര്‍ക്കാര്‍ കമ്പനിയായി 2017 ജൂലൈയില്‍ മാറ്റുകയുണ്ടായി. 
ഭൗതിക–ഡിജിറ്റല്‍ പശ്ചാത്തലമൊരുക്കല്‍ ഹൈടെക് വിദ്യാലയങ്ങള്‍ എന്ന സങ്കല്പത്തിന്റെ ഒരു ഭാഗം മാത്രമാണ്. അദ്ധ്യാപക–വിദ്യാര്‍ത്ഥി പരിശീലനം, ഡിജിറ്റല്‍ ഉള്ളടക്ക വികസനവും വിദ്യാഭ്യാസവും ഇ–ഗവേര്‍ണന്‍സും മോണിറ്ററിംഗും എല്ലാം ഉള്‍പ്പെടുന്നു. നിലവിലുള്ള പഠന–പഠിപ്പിക്കല്‍ പ്രക്രിയകളെ സാങ്കേതിക സംവിധാനങ്ങള്‍ പരിപോഷിപ്പിക്കാനുള്ള സമഗ്രമായ ഇടപെടലാണിത്. 
കമ്പോളം നിശ്ചയിക്കുന്ന ഉപകരണവും ഉള്ളടക്കവും ഐ.ടി പഠനം എന്ന നിലയില്‍ ഉപയോഗിക്കുന്ന പരിസ്ഥിതിയാണ്  പല ഇടങ്ങളിലുമുള്ളത്. ഇതിലാണ് കേരളത്തിന്റെ സവിശേഷമായ ഈ ബദല്‍ പ്രസക്തമാവുന്നത്. സ്‌കൂളുകളില്‍ എന്ത് പഠിക്കണമെന്നത് നിശ്ചയിക്കേണ്ടത് അതിന്റെ അക്കാദമികമൂല്യം പരിശോധിക്കാതെ കമ്പോളം നിശ്ചയിക്കേണ്ടി വരുന്ന അവസ്ഥ ഇത് തള്ളിക്കളയുന്നു. ഓരോ ക്‌ളാസുകളിലും വൈറ്റ്‌ബോര്‍ഡുകള്‍, മള്‍ട്ടീമീഡിയാ പ്രൊജക്ടര്‍, ലാപ്ടോപുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തി അവയില്‍ കുറേ വീഡിയോയും ഗ്രാഫിക്‌സും അനിമേഷനുകളും ഉള്‍പ്പെടുന്ന 'ദൃശ്യമനോഹരമായ ഉള്ളടക്കങ്ങള്‍' പ്രദര്‍ശിപ്പിച്ചതു കൊണ്ട് മാത്രം സ്‌കൂളുകള്‍ 'ഹൈടെക്' ആകുന്നില്ല. ഇത് സാമാന്യേന എളുപ്പം ചെയ്യാവുന്ന ഒരു കാര്യമാണെന്ന് മാത്രമല്ല, പലപ്പോഴും അക്കാദമിക പിന്തുണ ഇല്ലാതെ തന്നെ നടക്കുന്നതുമാണ്.
ഉപകരണങ്ങളുടെ ഉള്ളടക്കബന്ധിതവും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതുമായ ഉപയോഗശീലം അധ്യാപകരിലും കുട്ടികളിലും വളര്‍ത്തിയെടുക്കുന്ന വിധമാണ് കേരളത്തിലെ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍. അതായത് 'സമഗ്ര' പോലുള്ള പോര്‍ട്ടല്‍വഴി അധ്യാപകന്‍ ഇത്തരം ഉപകരണങ്ങള്‍ ആദ്യമേ ഉപയോഗിച്ച് പഠനപ്രക്രിയ സര്‍ഗാത്മകമാക്കും. ഇതിന് അനുരൂപമായ ഉള്ളടക്കം വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം 'ഉള്ളടക്കം' തയ്യാറാക്കി അത് വിദ്യാഭ്യാസ പ്രവര്‍ത്തകരും സാങ്കേതികവിദഗ്ദ്ധരും മറ്റും പരിശോധിച്ച് അതിനനുസൃതമായ രൂപത്തില്‍ ഉപകരണങ്ങളും പ്രദര്‍ശനരീതിയും തീരുമാനിക്കലാണ് വിദ്യാഭ്യാസമേഖലയിലെ ഫലപ്രദമായ ഐ.സി.ടി. ഇടപെടല്‍. 
ഹൈടെക് പദ്ധതി
45000 ക്‌ളാസ് മുറികളില്‍ ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം മുഴുവന്‍ സ്‌കൂളുകളിലും ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതിനുള്ള റെക്കോഡിംഗ് ക്യാമറകള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി 4775 എണ്ണം വീതം മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, എച്ച്.ഡി. ഡിജിറ്റല്‍ ഹാന്റിക്യാം, എച്ച്.ഡി. വെബ് ക്യാം, 42 ഇഞ്ച് എല്‍.ഇ.ഡി. ടെലിവിഷന്‍ എന്നിവയുടെ വിന്യാസവും ജൂണില്‍ പൂര്‍ത്തിയാകും. സംസ്ഥാനത്തെ 13786 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വളരെ വിദൂരമായ പ്രൈമറി–അപ്പര്‍ പ്രൈമറി സ്‌കൂളുകളിലുള്‍പ്പെടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യം ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ കൈറ്റ് (ഐടി@സ്‌കൂള്‍) ഏറ്റെടുത്തത് 2016 നവംബറിലായിരുന്നു. ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്ററി മേഖലയ്ക്ക് പുറമെ സാധ്യമായ സ്ഥലങ്ങളിലെല്ലാം (9045എണ്ണം) പൂര്‍ത്തീകരിക്കാനായി. നിലവില്‍ യാതൊരുവിധ കണക്ടിവിറ്റിയും സാധ്യമാവാത്ത 2% സ്ഥലങ്ങളില്‍ പ്രത്യേക കണക്ടിവിറ്റി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ശ്രമങ്ങളുണ്ട്.
50000 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന കിഫ്ബിയില്‍ നിന്നും ആദ്യ തുക ലഭിച്ചത് കൈറ്റിനായിരുന്നു. പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഓരോ ലാപ്‌ടോപ്പിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ശരാശരി 1.5 ലക്ഷം രൂപ നല്‍കേണ്ടിവരുന്ന സോഫ്റ്റ്വെയര്‍ സഞ്ചയം പ്രീലോഡ് ചെയ്ത് നല്‍കിയതിനാല്‍ 60000 ലാപ്ടോപ്പുകള്‍ വിന്യസിക്കുന്നതില്‍ 900 കോടി രൂപയുടെ ലാഭം ഖജനാവിനുണ്ടായി. അഞ്ചുവര്‍ഷത്തെ കോംപ്രിഹെന്‍സീവ് വാറണ്ടി ഉള്ളതിനാല്‍ സ്‌കൂളുകള്‍ക്ക് അഞ്ചുവര്‍ഷവും മെയിന്റനന്‍സ് ഇനത്തില്‍ മറ്റു ബാധ്യതകള്‍ ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോള്‍സെന്റര്‍, വെബ്‌പോര്‍ട്ടല്‍ എന്നിവ കൈറ്റ് സജ്ജമാക്കും. നിശ്ചിത സമയത്തിനകം സ്‌കൂളുകളില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിദിനം നൂറു രൂപ നിരക്കില്‍ കമ്പനികള്‍ പിഴ നല്‍കണമെന്ന് കര്‍ശന വ്യവസ്ഥയും കരാറിലുണ്ട്.  അഡ്മിനിസ്‌ട്രേറ്റീവ് മോണിറ്റിംഗിനുള്ള 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം 15000 സ്‌കൂളുകളെ കോര്‍ത്തിണക്കി പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണവും വിദ്യാഭ്യാസവും സാധ്യമാക്കിയ സ്‌കൂള്‍ വിക്കി തുടങ്ങിയവ തയ്യാറായിക്കഴിഞ്ഞു. 
ഹാര്‍ഡ്‌വെയര്‍ ക്‌ളിനിക്കുകള്‍, ഇ–മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എന്നിവയും ഹൈടെക് പദ്ധതിയുടെ മുന്നോടിയായി നടപ്പാക്കി.അഞ്ച്, ആറ്, ഏഴ് ക്‌ളാസുകളിലേക്ക് വിവിധ വിഷയങ്ങളുടെ ഐ.സി.ടി സാധ്യതകള്‍ സംഗ്രഹിച്ച് തയ്യാറാക്കിയ 'ഫ@വിദ്യ' എന്ന പേരിലുള്ള പാഠപുസ്തകങ്ങളും മുഴുവന്‍ കുട്ടികള്‍ക്കും കഴിഞ്ഞവര്‍ഷം മുതല്‍ ലഭ്യമാണ്. അതോടൊപ്പം പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ തയ്യാറാക്കിയിട്ടുള്ള പ്രൈമറിയി ലേക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല്‍ ഉള്ളടക്കവും ലഭ്യമാക്കിക്കഴിഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയതിനാല്‍ ഈ ഡിജിറ്റല്‍ ഉള്ളടക്കം യഥേഷ്ടം പകര്‍പ്പെടുത്ത് ഉപയോഗിക്കാന്‍ എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കുന്നതാണ്.
സമ്പൂര്‍ണമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ 
പ്രൈമറി തലത്തിലേക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ 'സ്റ്റെല്ലേറിയം' പ്‌ളാനറ്റോറിയം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പാഠപുസ്തകത്തില്‍ വിവരിക്കുന്ന സൂര്യഗ്രഹണം പോലുള്ള ആകാശകാഴ്ചകള്‍ ഭംഗിയായി ക്‌ളാസില്‍ കാണിക്കാന്‍ സാധിക്കും. ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള കെജ്യോഗ്രഫി, ആവശ്യാനുസരണം ഗേ്‌ളാബായും ഭൂപടമായും രൂപം മാറ്റാന്‍ സാധിക്കുന്ന മാര്‍ബിള്‍, കളിയിലൂടെ പഠനം (Edutainment) എന്ന ആശയം നല്‍കുന്നതിന് ജികോമ്പ്രിസ്, ഓഡിയോ റിക്കോര്‍ഡിങ്ങിന് ഒഡാസിറ്റി, ഭിന്നസംഖ്യകളെകുറിച്ചുള്ള പഠനത്തിന് സഹായിക്കുന്ന ഫ്രാക്ഷന്‍ മാച്ചര്‍, ഗണിത പഠനത്തിനുള്ള ജിയോജിബ്ര, കുട്ടികളില്‍ യുക്തിചിന്ത, പ്രശ്‌നനിര്‍ദ്ധാരണ ശേഷി തുടങ്ങിയവ വളര്‍ത്തുന്നതിനുള്ള പ്രോഗ്രാമിങ്ങ് കളിയായ സ്‌ക്രാച്ച്, ശാസ്ത്രീയമായ രീതിയില്‍ ടൈപ്പ് ചെയ്ത് ശീലിക്കുന്നതിനുള്ള കെ–ടച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംവിധാനങ്ങളാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ വിവിധ വിഷയങ്ങളുടെ പഠനത്തിന് അനുയോജ്യമായ ഇ–കണ്ടന്റുകളും നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റും.
സ്‌കൂളുകളും ക്‌ളാസ് മുറികളും ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്‌ളാസുകളില്‍ പഠിപ്പിക്കുന്ന ഒരുലക്ഷത്തോളം വരുന്ന മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐ.ടി. പരിശീലനം ഏപ്രില്‍ മാസം തുടങ്ങി. ഡിജിറ്റല്‍ രൂപത്തില്‍ പാഠാസൂത്രണം നടത്താനും വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ ഈ പരിശീലനത്തിലൂടെ മുഴുവന്‍ അധ്യാപകര്‍ക്കും പരിചയമാകുന്നുണ്ട്.
ക്‌ളാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നിലവില്‍ 34500 ക്‌ളാസ് മുറികളിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, യു.എസ്.ബി. സ്പീക്കറുകള്‍, സ്‌ക്രീനുകള്‍ എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കി. ക്‌ളാസ് മുറികള്‍ നെറ്റ്‌വര്‍ക്ക് ചെയ്യുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അവശേഷിക്കുന്ന 25% ക്‌ളാസ് മുറികളും ജൂണ്‍ മാസത്തോടെ ഹൈടെക്കാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വന്ന ഇത്തരം മാറ്റങ്ങള്‍ ഈ വര്‍ഷം കൈറ്റ് വികേ്ടഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്ത കലാലയ മികവുകള്‍ കണ്ടെത്താനുള്ള 'ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ'യില്‍ പ്രകടമായിരുന്നു. സെക്കന്ററിതലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി 1മുതല്‍ 7 വരെ ക്‌ളാസുകളിലുള്ള 11000 ലധികം പ്രൈമറി–അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.  ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ ക്‌ളാസുകളും ഹൈടെക്കാക്കി  വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം ഉയരുകയാണ്. ഒരു ജനതയുടെ  ഭാവിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമാണ് വിദ്യാഭ്യാസം. ഇതിനാല്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ഈ യജ്ഞത്തിലൂടെ  കേരളത്തിന് സ്വന്തമാകുന്നത്.

ലിറ്റില്‍ കൈറ്റ്‌സ്

പഠന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താല്‍പ്പര്യം വളര്‍ത്തിയെടുക്കുക,ഐ.സി.ടി. സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക., സംഘപഠനത്തിന്റെയും സഹവര്‍ത്തിതപഠനത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രദാനം ചെയ്യുക., വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനത്തിന്റെ മികവ് കൂട്ടാനും, സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക, വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുക,  തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടുള്ള 'ലിറ്റില്‍ കൈറ്റ്‌സ് ' ക്‌ളബ്ബുകള്‍ കേരളത്തിലെ 1990 സ്‌കൂളുകളില്‍ രൂപീകൃതമായിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി ഇത് വളര്‍ന്നുകഴിഞ്ഞു.

അന്‍വര്‍ സാദത്ത്
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കൈറ്റ്

'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടലില്‍ പഠന വിഭവങ്ങളും കൈറ്റ് വികേ്ടഴ്‌സ് ചാനലിലും സ്‌കൂള്‍ ടി.വി.കളിലും ഡോക്യുമെന്ററികളും ചലച്ചിത്രങ്ങളും സ്‌കൂളുകള്‍ക്ക് സ്വയം നിര്‍മ്മിച്ച് അപ്‌ലോഡു ചെയ്യാന്‍ കഴിയുന്ന തരത്തില്‍ എല്ലാ സ്‌കൂളുകളേയും പൂര്‍ണമായും ഡിജിറ്റലീ സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഹാന്റിക്യാമുകള്‍ ഉപയോഗിച്ച് കുട്ടികളും അധ്യാപകരും ഷൂട്ടു ചെയ്യുന്ന വിഭവങ്ങള്‍ എഡിറ്റിംഗ്, ഓഡിയോ–വീഡിയോ മിക്‌സിംഗ്, അനിമേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാ സ്‌കൂളുകളിലേക്കും ലഭ്യമാക്കിക്കഴിഞ്ഞു. സ്‌ക്രിപ്റ്റ് മുതല്‍ ഒരു പരിപൂര്‍ണ ചലച്ചിത്ര നിര്‍മിതി വരെയും അവ നെറ്റ്‌വര്‍ക്കിലൂടെ സ്‌കൂള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യാനും ഇതുവഴി ഓരോ സ്‌കൂളുകളിനും അവസരം ലഭിക്കും. ഓരോ സ്‌കൂളിലും കുട്ടി റിപ്പോര്‍ട്ടര്‍മാരുടെ ഒരുനിര തന്നെ സജ്ജമാകും. ആലപ്പുഴ നിയോജകമണ്ഡലത്തില്‍ പൈലറ്റടിസ്ഥാനത്തില്‍ നടപ്പാക്കിയപോലെ മുഴുവന്‍ സ്‌കൂളുകളിലും ഡിജിറ്റല്‍ സ്റ്റുഡിയോകള്‍ സജ്ജമാകും. അങ്ങനെ സമ്പൂര്‍ണമായ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ പിന്തുണയോടെ മികവിന്റെ കേന്ദ്രങ്ങളാകുന്ന സ്‌കൂളുകള്‍ പുതിയ അദ്ധ്യയന വര്‍ഷം യാഥാര്‍ത്ഥ്യമാകും.

 

 

Post your comments