Global block

bissplus@gmail.com

Global Menu

ബൈ ബൈ നോക്കുകൂലി

 കെ എല്‍ മോഹനവര്‍മ്മ

നോക്കൂ കൂലി ഈ മെയ് ദിനം മുതല്‍ കേരളത്തില്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നു തരം പ്രതികരണങ്ങളാണ് ഉണ്ടായത്.
ആദ്യത്തേത്, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന കാര്യത്തിലും കരുണാ മെഡിക്കല്‍ കോളേജിലെ മാര്‍ക്കിനു പകരം കോടികള്‍ വാങ്ങി നമ്മെ ചികിത്സിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ ഭാവിയിലും  മാത്രം ഇന്നുവരെ ഒന്നിച്ചു നിന്ന് പോരടിക്കാന്‍ തയാറായ ഇടതു വലതു കാവി രാഷ്ര്ടീയനേത്യത്വം ഒരുമിച്ച് ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. 
രണ്ടാമത്തേത്, ഇന്നു വരെ കേരളത്തിലെ ഒരു സാധാരണക്കാരനും, നോക്കുകൂലി പ്രധാന വരുമാനമായി അതും കൊണ്ടു മാന്യമായി ജീവിക്കുന്ന തൊഴിലാളി വരെ, ഇതിനെ കാര്യമായി എടുത്തില്ല. ബന്ദ്  നിയമവിരുദ്ധമെന്ന് കര്‍ക്കശമായി വിധി നല്‍കി ബന്ദ് നടത്തുന്നവര്‍ക്ക് ശിക്ഷ പോലും നല്‍കാന്‍ ഓര്‍ഡറിട്ട ഹൈക്കോടതിയെ നാം പുഞ്ചിരിയോടെ കളിപ്പിച്ചു. ബന്ദിന്റെ പേരു മാറ്റി ഹര്‍ത്താലാക്കി. ബന്ദും ഹര്‍ത്താലും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് കടമെടുത്തു സ്വന്തമാക്കിയ മലയാളം  വാക്കുകളാണ്. ഇനി ഹര്‍ത്താല്‍ നിരോധിച്ചാല്‍ പകരം വയ്ക്കാനായി വാക്കുകള്‍ പലതുമുണ്ട്. നോക്കുകൂലി പ്യുവര്‍ മലയാള വാക്കായതിനാല്‍ അതിനു പകരമായി തീര്‍ച്ചയാണ് നല്ല മലയാളം വാക്കേ വരൂ. 
മൂന്നാമത്തെ പ്രതികരണം സോഷ്യല്‍ മീഡിയായില്‍ കണ്ട നിഷ്ഠുരമായ തമാശയാണ്. മെയ് ദിനം മുതല്‍ അച്ചുതാനന്ദ്ജിക്ക് നോക്കുകൂലി ഇല്ല. പോരേ പൂരം. 
നോക്കു കൂലി കേരളത്തിന്റെ സ്വന്തം സ്വഭാവമാണ്. 
എന്റെ സുഹ്യത്ത്, മുപ്പതിലേറെ വര്‍ഷം ബിര്‍ളായുടെ സ്ഥാപനങ്ങളില്‍ പണിയെടുത്ത് ഉന്നത നിലയിലെത്തി ഇപ്പോള്‍ റിട്ടയറായി എറണാകുളത്തു താമസിക്കുന്ന ടെക്നോക്രാറ്റ്, പറഞ്ഞു. 
ബിര്‍ളാ വിചാരിച്ചിട്ട് നടന്നില്ല. പിന്നെയാ......
സൂഹ്യത്ത് കഥ പറഞ്ഞു. 
ഇന്ത്യയില്‍ ഒരു വ്യവസായം തുടങ്ങുകയാണെങ്കില്‍ അത് ബിര്‍ളയെക്കാള്‍ നന്നായിട്ട് പ്രാവര്‍ത്തികമാക്കാന്‍ മറ്റൊരു ഗ്രൂപ്പിനും സാധിച്ചിട്ടില്ല. അവര്‍ തൊഴിലാളികളെയും  തൊഴിലാളി നേതാക്കന്മാരെയും ഡീല്‍ ചെയ്യുന്നത് അവരുടേതായ പ്രത്യേക രീതിയിലാണ്. ഞാനൊരു ഉദാഹരണം പറയാം. വടക്കേ ഇന്ത്യയിലെ ഒരു സാമാന്യം വലിയ നഗരത്തില്‍ ബിര്‍ളാ ഗ്രൂപ്പിന് മൂന്നു വലിയ ഫാക്ടറികളുണ്ട്. 1950–60 കാലമാണ്. എല്ലാത്തിലും കൂടി പതിനായിരത്തോളം തൊഴിലാളികള്‍. അവിടെ ഇന്നു വരെ ഒരു ദിവസം പോലും തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള തര്‍ക്കം മൂലം ഒരു പണിമുടക്കോ പ്രവര്‍ത്തനത്തിന് വിഘാതമോ ഉണ്ടായിട്ടില്ല. അവിടെ നിന്ന്  അസംബ്ളിയിലേക്ക്  എപ്പോഴും ഒരു കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി മാത്രമേ ജയിക്കാറുണ്ടായിരുന്നുള്ളു. അക്കാലത്ത് മുന്നൂറോളം എം എല്‍ എ മാരുള്ള ആ സംസ്ഥാനത്തെ അസംബ്ളിയില്‍ ഒരിക്കലും മൂന്നു പേരില്‍ കൂടുതല്‍ ഇടതു പക്ഷക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് ആരുമില്ല. അതു വേറെ കാര്യം. കോണ്‍ഗ്രസ്‌സും അന്നത്തെ ജനസംഘവും ഏറെ ശ്രമിച്ചു നോക്കി. പക്ഷെ ബിര്‍ളാജി സമ്മതിച്ചില്ല. തൊഴിലാളികളുടെ കാര്യം പറയാന്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ തന്നെ വേണം നിയമസഭയില്‍. സ്ഥാനാര്‍ത്ഥിയുടെ ഇലക് ഷന്റെ എല്ലാ ചിലവുകളും എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമായിരുന്നു, ബിര്‍ളാ ഗ്രൂപ്പുതന്നെയാണ് വഹിച്ചിരുന്നത്. പക്ഷെ ആ ബിര്‍ളാ പോലും ഇവിടെ തോറ്റു. 
നോക്കൂ. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട മൂന്നൂറു കമ്പനികളില്‍ മുപ്പതോളം സ്വന്തമായി കൈവശമുള്ള വാണിജ്യവ്യവസായ ഗ്രൂപ്പാണ് ബിര്‍ളയുടേത്.  അവര്‍ക്ക് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വ്യവസായ ശാലകളുണ്ട്.  ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്റ്, നൈജീരിയ, കെനിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും  ഫാക്ടറികളുണ്ട്. ജനാധിപത്യമോ, പട്ടാളഭരണമോ, രാജഭരണമോ, കമ്യൂണിസമോ, മത ഏകാധിപത്യമോ ഏതായാലും ബിര്‍ളാ അതിനൊത്ത് രീതികള്‍ മാറ്റി വിജയിച്ചിരുന്നു. ഇടതുപക്ഷം ഏറ്റവും ശക്തമായ ബംഗാളില്‍ത്തന്നെ ഇവിടുത്തേക്കാള്‍ പതിന്മടങ്ങ് വൈദ്യതി പ്രശ്നവും മറ്റുമുണ്ടായിട്ടും നന്നായി ഫാക്ടറികള്‍ നടത്തുന്നു.  ബിര്‍ളയുടെ ആസ്ഥാനം തന്നെ കല്‍ക്കത്തയാണ്. ഒരു സ്ഥലത്ത് ബിര്‍ള ഒരു ഫാക്ടറി തുടങ്ങിയാല്‍  രണ്ടു വര്‍ഷത്തിനകം പുതിയ രണ്ടു ഫാക്ടറികള്‍ കൂടി അവിടെ തുടങ്ങും. പിന്നെ ഒരു മാതിരി അവിടുത്തെ വാണിജ്യ വ്യവസായ സംസ്‌ക്കാരം ചിന്തേരിട്ട് മിനുക്കി തന്റെ ശൈലിയില്‍ കൊണ്ടു വരും. തൊഴിലാളിയെ സ്വന്തം കുടുംബാംഗമാക്കുന്ന ഒരു പ്രത്യേക ശൈലി. സാധാരണയായി അക്കാലത്ത് ബിര്‍ളാ ഗ്രൂപ്പില്‍ ഒരു തൊഴിലാളിയും റിട്ടയറാകാറില്ലായിരുന്നു. ഞാന്‍ വളരെ നിര്‍ബന്ധിച്ചതിനു ശേഷമാണ് എനിക്ക് നാട്ടിലേക്കു സ്ഥിരമായി പോരാന്‍ അനുവാദം കിട്ടിയത്. ഞാന്‍ നാട്ടിലേക്കു വരുമ്പോള്‍ ഒന്നു ചെക്കു ചെയ്തു നോക്കി. എന്റെ കൈവശം എന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ മൂന്നു മക്കളും അവരുടെ കുടുംബവും ബിര്‍ളയുടെ ഫാക്ടറിക്കുടുംബത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ആ ബിര്‍ള തോറ്റത് കേരളത്തില്‍ മാത്രമാണ്. ആലപ്പുഴയ്ക്കടുത്ത് കുമാരപുരത്തും, കോഴിക്കോടിനടുത്ത് മാവൂരും ഫാക്ടറികള്‍ തുടങ്ങി. ഇടതും വലതും സര്‍ക്കാരുകളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. എന്നിട്ടും.......
എന്താ ഇതിനു കാരണം ? 
മലയാളി ആരെയും വളരെ ഉയരാന്‍ സമ്മതിക്കുകയില്ല എന്നതിന് മുകളിലേക്കു കയറുമ്പോള്‍ താഴെ നിന്ന് കാലുപിടിച്ച് കീഴേക്ക് വലിക്കുന്ന ഞണ്ടു സംസ്‌ക്കാരം എന്നു തമാശയായി പറയാറുണ്ട്. അതുപോലെ ഒരു ഒറ്റവാക്കില്‍ നമ്മുടെ ഈ സ്വഭാവത്തെ വിശേഷിപ്പിക്കാമെങ്കില്‍ അത് നോക്കുകൂലി എന്നതായിരിക്കും ശരി. 
കേരളത്തിലെ എല്ലാ രാഷ്ര്ടീയപ്പാര്‍ട്ടികളുടെയും നേത്യത്വത്തിന് ഈ സത്യം എക്കാലവും അറിയാമായിരുന്നു. പക്ഷെ സ്വന്തം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും സെക്യുലര്‍ മുഖം നില നിര്‍ത്തുന്നതിനും അവര്‍ക്ക് സംഘടിത ട്രേഡ് യൂണിയനിസത്തെ പ്രോത്സാഹിപ്പിക്കുകയോ സഹിക്കുകയോ വേണ്ടി വന്നു. ഫലം കേരളം വ്യവസായികളുടെ ശവപ്പറമ്പായി മാറി. ഒപ്പം ഒട്ടു മുക്കാലും അസംസ്‌ക്യത പദാര്‍ത്ഥങ്ങളുടെ ലഭ്യതയിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയിലും നാം  വ്യവസായ ഫ്രണ്ട്ലി ആയിരുന്നില്ല എന്നതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. . 
ഈയിടെ ഞാന്‍ ഈ ചിന്തകള്‍ പങ്കിട്ടപ്പോള്‍ എന്റെ പ്രഗത്ഭനായ ഒരു പത്രപ്രവര്‍ത്തക സുഹ്യത്ത് തന്റെ ഒരു അനുഭവകഥ പറഞ്ഞു. 
പത്തു മുപ്പത്തഞ്ചു വര്‍ഷം മുമ്പാണ്. അദ്ദേഹം ജോലി ചെയ്തിരുന്ന പട്ടണത്തിന്റെ അല്പമകലെ ഒരു ചെറിയ പുതിയ ഫാക്ടറി ആരോ തുടങ്ങാന്‍ പ്‌ളാനിട്ടു. ഉടന്‍ അതിനെതിരെ സ്ഥലത്തെ സ്‌ക്കൂള്‍ ടീച്ചറന്മാരും നഗരത്തിലെ സാദാ ബുദ്ധിജീവികളും മറ്റും ചേര്‍ന്ന് അന്തരീക്ഷ മലിനീകരണം തുടങ്ങി പല പരിസ്ഥിതിപ്രശ്നങ്ങളും ഉയര്‍ത്തി ഒരു സമരം ആരംഭിച്ചു. സുഹ്യത്ത് ഏറെ സമയം ചിലവാക്കി എല്ലാം വിശദമായി പഠിച്ച് ഈ സംരംഭം കൊണ്ട്  അത്തരം യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നും സമരം അനാവശ്യമാണെന്നും തന്റെ പത്രത്തില്‍ ലേഖനം എഴുതി. സമരം നടത്തിയ പ്രസ്ഥാനത്തിനെ നിയന്ത്രിക്കുന്ന രാഷ്ര്ടീയപ്പാര്‍ട്ടിയുടെ ജില്ലാത്തലവന്‍ എന്റെ  സുഹ്യത്തിനെ വിളിച്ച് സ്നേ ഹപൂര്‍വം ഉപദേശിച്ചു. നിങ്ങള്‍ എഴുതിയത് പൂര്‍ണ്ണമായും ശരിയാണ്. പക്ഷെ സമരം ഞങ്ങള്‍ക്ക് നടത്താതെ പറ്റില്ല. ഫാക്ടറി വന്നില്ലെങ്കില്‍ സാരമില്ല. അവിടെ ജോലി കിട്ടാനിടയുള്ള പത്തോ അമ്പതോ തൊഴിലാളികള്‍ മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെട്ടോളും. പക്ഷെ ഞങ്ങളുടെ കൂടെയുള്ള ഈ പരിസ്ഥിതി പറയുന്ന ബുദ്ധിജീവിശാസ്ത്രജ്ഞന്മാരെ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് ആവശ്യമുണ്ട്. പണ്ട് പത്താംക്‌ളാസില്‍ പഠിച്ച സയന്‍സിന്റെയപ്പുറം അവര്‍ക്ക് ഇക്കാര്യത്തില്‍ വിവരമില്ലായിരിക്കാം. പക്ഷെ അവര്‍ക്ക് അവരുടെ പ്രസ്ഥാനം വളര്‍ത്താന്‍ കിട്ടിയ ഒരു സന്ദര്‍ഭമാണിത്. അത് വിജയിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് നിങ്ങള്‍ ഇനിയും ഈ സമരത്തിനെതിരായി എന്തെങ്കിലും എഴുതിയാല്‍ അതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കും. അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയാറായിക്കൊള്ളൂ. പിന്നെ അഞ്ഞൂറോ ആയിരമോ തൊഴിലാളികള്‍ക്ക് ജോലി കിട്ടുന്ന വലിയ സ്ഥാപനമാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ ഇവരെ അനുവദിക്കില്ല. സ്വാഭാവികമായും ദിവസങ്ങള്‍ക്കകം ജനം ആ ഫാക്ടറി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതികപ്രശ്നത്തെക്കുറിച്ചു വന്ന വാര്‍ത്തകള്‍ കണ്ട് രോഷാകുലരായി. സമരം വിജയിച്ചു. പ്രസ്ഥാനം വളര്‍ന്നു. സംരംഭകന്‍ തമിഴ്നാട്ടിലേക്ക് പലായനം ചെയ്തു.
നോക്കുകൂലി അങ്ങിനെ പലായനം ചെയ്യുമോ അതോ പേരുമാറ്റുമോ ?

 

Post your comments