Global block

bissplus@gmail.com

Global Menu

വികസനക്കുതിപ്പില്‍ വ്യവസായ വകുപ്പ്

എ.സി.മൊയ്തീന്‍,

വ്യവസായ വകുപ്പ് മന്ത്രി

 

ജനങ്ങളുടെ ആഗ്രഹത്തിന് അനുസൃതമാവണം വികസനം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്.  വികസനത്തിന്റെ നേട്ടം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാനാവണം. നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയും മൊത്തത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസന സമീപനവുമായി സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് നീങ്ങുകയാണ്.

 പൊതുമേഖലാ വ്യവസായങ്ങള്‍

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ്  (കെ.എം.എം.എല്‍) അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടവുമായി 136 കോടി രൂപയുടെ ലാഭം ഉണ്ടാക്കുവാന്‍ കഴിഞ്ഞു.  കഴിഞ്ഞതവണ ഇതേ സമയത്ത് 15 കോടി മാത്രമായിരുന്നു കെ.എം.എം.എല്‍ ന്റെ ലാഭം. കെ.എം.എം.എല്‍ന്റെ  നിലവിലുള്ള പ്‌ളാന്റിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 64 കോടി രൂപയുടെ പദ്ധതി വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. Liquified Petrolium Gas (LPG) സിസ്റ്റത്തില്‍ നിന്നും Liquified Natural Gas (LNG)  സിസ്റ്റത്തിലേക്ക് മാറ്റുന്നതിനുള്ള 6.15 കോടി രൂപയുടെ പദ്ധതിയും പുരോഗമിക്കുകയാണ്.

സമഗ്ര വീക്ഷണത്തോടുകൂടി പരിസ്ഥിതി സൗഹൃദമായി കേരള തീരത്തെ ധാതുമണല്‍ ഖനനം ചെയ്ത് ലോകോത്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ടൈറ്റാനിയം ലോഹം ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു പ്‌ളാന്റ് സ്ഥാപിക്കുന്നതിന്  KMML നു സമീപത്തെ ചിറ്റൂര്‍ പ്രദേശത്തെ 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ആയതിലേക്കായുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്   ഉല്‍പ്പാദനം മെച്ചപ്പെടുത്തി 18.87 കോടി രൂപയുടെ ലാഭമുണ്ടാക്കി ചരിത്രമെഴുതി. കഴിഞ്ഞ തവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ലാഭം. UCC യുടെ Hydrochloric Acid (HCL) Synthesis Unit  ആരംഭിക്കുന്നതിനുള്ള 10.23 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. കാസ്റ്റിക് സോഡ, കേ്‌ളാറിന്‍ എന്നിവയുടെ ഉല്‍പാദനശേഷി പ്രതിദിനം 175 ടണ്ണില്‍ നിന്നും 225 ടണ്‍ ആക്കി ഉയര്‍ത്തുന്നതിനായി 50 കോടി രൂപയുടെ പദ്ധതി തയ്യാറായിവരുന്നു.

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും പാട്ടത്തിനെടുത്ത 7 ഏക്കര്‍ സ്ഥലത്ത് സിമന്റും, സിമന്റുല്‍പ്പാദനത്തിനാവശ്യമായ സാമഗ്രികളും കൈകാര്യം ചെയ്യുന്നതിനായി 285 കോടി രൂപയുടെ പദ്ധതി സ്ഥാപിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ  പരിഗണനയിലാണ്. വാളയാര്‍ യൂണിറ്റില്‍ നിലവിലുള്ള പ്‌ളാന്റിന്റെ ശേഷി ഇരട്ടിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണ്.

2016–17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 3 കോടി രൂപ മാത്രമായിരുന്നു ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെലാഭമെങ്കില്‍ ഇപ്പോഴത് 20 കോടിയിലെത്തിച്ചിരിക്കുകയാണ്. നിലവിലുള്ള പ്‌ളാന്റിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കാലപ്പഴക്കം ചെന്ന ടൈറ്റാനിയം ഡയോക്‌സൈഡ് പ്‌ളാന്റിന്റെ  മെഷീനറികള്‍ മാറ്റി സ്ഥാപിക്കുന്നതിനും സള്‍ഫ്യൂറിക് ആസിഡ് പ്‌ളാന്റിന്റെ നവീകരണത്തിനുമായി 26 കോടി രൂപ അനുവദിച്ചു. ആയതിന്‍ പ്രകാരമുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ തവണ ഇതേ സമയം നഷ്ടത്തിലായിരുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസും ലാഭത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ട്രാക്കോ കേബിള്‍ കമ്പനി യൂണിറ്റിന്റെ  ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള 10 കോടി രൂപയുടെ ഭരണാനുമതി  ലഭ്യമാക്കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ നടന്നുവരികയാണ്.

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇല്ക്ര്ടിക്കല്‍സ് കേരളാ ലിമിറ്റഡ് (ടെല്‍ക്ക്) വേപ്പര്‍ ഡ്രയിംഗ് പ്‌ളാന്റ് സ്ഥാപിക്കുന്നതിനായി 10 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയും തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുന്നു.

കെല്‍ട്രോണിനായി 2017–18 ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി സാങ്കേതിക പങ്കാളിയെ തെരഞ്ഞടുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കണ്ണൂരുള്ള കെല്‍ട്രോണ്‍ കമ്പോണന്റ് കോംപ്‌ളക്‌സിന്റെ  നവീകരണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുന്നു. ഓട്ടോകാസ്റ്റിന്റെ  നവീകരണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി  ലഭ്യമാക്കുകയും തുടര്‍ നടപടികള്‍നടന്നു വരികയുമാണ്. സ്റ്റീല്‍ കാസ്റ്റിംഗ് പദ്ധതിയും സാന്റ് റിക്‌ളമേഷന്‍ പദ്ധതിയും പൂര്‍ത്തീകരിച്ചുവരുന്നു.  റെയില്‍വേ ബോഗി ഫ്രയിം പദ്ധതിയുടെ ഭാഗമായിട്ടുള്ള ടെണ്ടര്‍ നടപടികളും പുരോഗമിക്കുന്നു.കേരള സിറാമിക്‌സ് ലിമിറ്റഡിന് ഖനനഭൂമി വാങ്ങുന്നതിന് 23 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയുമാണ്.  

കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡിന് 2017–18 ലെ ബജറ്റില്‍ അനുവദിച്ച 7 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. കേരള ഇലക്ര്ടിക്കല്‍ & അലൈഡ് എന്‍ജിനിയറിംഗ് കമ്പനി, കാസര്‍ഗോഡ് ജില്ലയിലെ ഭെല്‍ ഇലക്ര്ടിക്കല്‍ മെഷീന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ ഇലക്ര്ടിക്ക് വാഹനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.സ്റ്റീല്‍ & ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സിന്  ഹീറ്റ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ് സ്ഥാപിക്കുന്നതിനുള്ള 12.50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള നടപടികള്‍ നടന്നുവരുന്നു. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് 2017–18 ലെ ബജറ്റില്‍ വകയിരുത്തിയ 2 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങളുടെ പദ്ധതി നടത്തിപ്പിനായുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുകയുമാണ്.

കെ.എസ്.ഐ.ഡി.സി.

ജീവശാസ്ത്രവും ജൈവ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള പഠന ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്ന ബഹുമുഖ സംരംഭമായ ലൈഫ് സയന്‍സ് പാര്‍ക്കിനായി 200 ഏക്കര്‍ ഭൂമി തിരുവനന്തപുരം തോന്നയ്ക്കലില്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. ആയതിലേക്കായി കിഫ്ബി ഫണ്ടില്‍ നിന്നും 300.17 കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചുകഴിഞ്ഞു. 500 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, 180 കോടി രൂപ ചിലവ് വരുന്ന ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംയുക്ത സംരംഭമായ 'മെഡ്‌സ് പാര്‍ക്ക് ', കേരള വെറ്റിനറി & അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് ഫെസിലിറ്റി സെന്റര്‍ എന്നിവ സ്ഥാപിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.  

പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. എ.അ.ഇ.ട യുടെ 522.66 ഏക്കര്‍ ഭൂമിയാണ് പ്രസ്തുത പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. ആയതിലേക്കായി എ.അ.ഇ.ട  യുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. പദ്ധതിക്കാവശ്യമായ ധനസഹായം കേരളാ ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്‌മെന്റ് ഫണ്ട് ബോര്‍ഡ് വഴിയാണ് ലഭ്യമാക്കുന്നത്.  ഈ ഭൂമി പെട്രോകെമിക്കല്‍സ് വ്യവസായങ്ങള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍സ് പാര്‍ക്കിനുമായി  വിനിയോഗിക്കുവാനാണ് ധാരണ.  പ്രസ്തുത പാര്‍ക്കിന്റെ പദ്ധതി ചിലവ് 1864 കോടി രൂപയാണ്.  റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്.

ആയുര്‍വേദ മേഖലയുടെ വികസനം ലക്ഷ്യമാക്കി ഗ്‌ളോബല്‍ ആയുര്‍വേദ വില്ലേജ് പദ്ധതിയുടെ ഒന്നാംഘട്ടം തിരുവനന്തപുരം തോന്നക്കല്‍ 7.5 ഏക്കര്‍ സ്ഥലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.  രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കല അയിരൂര്‍ വില്ലേജില്‍ 63.27 ഏക്കര്‍ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലാണ്.  കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ ധനസഹായത്തോടുകൂടി ഒരു പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.

പ്രതിരോധ മേഖലയ്ക്കാവശ്യമായ വിവധ ഉല്‍പന്നങ്ങള്‍നിര്‍മ്മിക്കുവാനായിട്ടാണ് ഒറ്റപ്പാലത്ത് 60 ഏക്കറില്‍ ഡിഫന്‍സ് പാര്‍ക്ക് നടപ്പിലാക്കുന്നത്.  കേന്ദ്ര സര്‍ക്കാരിന്റെ  അന്തിമ അനുമതി പ്രസ്തുത പദ്ധതിയ്ക്ക് ലഭിച്ചു കഴിഞ്ഞു. 50 കോടി രൂപയാണ് പ്രസ്തുത പദ്ധതിക്കായി കേന്ദ്ര സഹായം ലഭിക്കുന്നത്. 191 കോടി രൂപയാണ് പ്രസ്തുത പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.  പ്രസ്തുത ഡിഫന്‍സ് പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് പൊതു സൗകര്യങ്ങള്‍ക്കായുള്ള കെട്ടിട സമുച്ഛയം, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ്, വെയര്‍ ഹൗസ് എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

ടെക്‌സ്‌റ്റൈല്‍ മേഖല

കേരളത്തിലെ വസ്ത്ര മേഖല സ്പിന്നിങ് മുതല്‍ ഗാര്‍മെന്റ്‌സസ് വരെ വ്യാപിച്ചുകിടക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ  ധനസഹായത്തോടെ പൊതു മേഖലയിലും സഹകരണ മേഖലയിലുമായി   297228 സ്പിന്‍ഡുലുകള്‍, 680 റോട്ടറുകള്‍ 614 യന്ത്ര തറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ആകെ 14 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 5000ത്തോളം തൊഴിലാളികള്‍ക്ക് നേരിട്ടും 15000 ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന  ഈ മില്ലുകള്‍ക്ക് കോട്ടണ്‍ വാങ്ങുന്നതിനു ബഡ്ജറ്റില്‍ നീക്കിവെച്ച തുകക്ക് പുറമെ 15 കോടി രൂപ അധികമായി ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചതിനാലാണ് തുറന്നു പ്രവര്‍ത്തിപ്പിക്കാനായത്. മാത്രമല്ല കോട്ടണ്‍ വാങ്ങു ന്നതിനു സെന്‍ട്രലൈസ്ഡ് കോട്ടണ്‍ പര്‍ച്ചെയ്‌സ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കുകയും യഥാസമയം കോട്ടണ്‍ വാങ്ങി നല്‍കുകയും ചെയ്തുവരുന്നു. കൂടാതെ  ഉദുമ, പിണറായി, കോമളപുരം എന്നീ 3 മില്ലുകള്‍  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള സമീപനത്തിന്റെ  ഭാഗമായി  തുറക്കാതെ കിടക്കുകയാണ്. ഈ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അവ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.മില്ലുകളുടെ പ്രവര്‍ത്തനത്തെ പ്പറ്റി സമഗ്രമായി പഠിക്കുന്നതിനു നന്ദകുമാര്‍ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് യഥാസമയം ലഭിക്കുകയും അതിന്റെ  ശുപാര്‍ശകള്‍ ട്രേഡ് യൂണിയനു കളുമായി ചര്‍ച്ച ചെയ്യുകയും അവ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ഈ രണ്ടു വര്‍ഷം  98.89 കോടി രൂപ  സര്‍ക്കാര്‍ പൊതു–സഹകരണ മില്ലുകള്‍ക്കായി നല്‍കിയിട്ടുണ്ട്. സീസണില്‍ കോട്ടണ്‍ മൊത്തമായി   വാങ്ങി നല്‍കുന്നതിനും അതിനാവശ്യമായ തുക നല്‍കിയും സര്‍ക്കാര്‍ സഹായിക്കുകയാണ്. ട്രിവാന്‍ഡ്രം  സ്പിന്നിങ് മില്ലില്‍ നിന്നും തായ്‌ലണ്ടിലേക്കും ചൈനയിലേക്കും നൂല്‍ കയറ്റുമതി ചെയ്തു അയച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കപ്പാസിറ്റി യൂട്ടിലൈസേഷന്‍ ഗണ്യമായി  ഉയര്‍ത്തുവാനും കഴിഞ്ഞിട്ടുണ്ട്.ഇതിന്റെ  ഭാഗമായി 2016ഡിസംബര്‍ മാസത്തെ നൂല്‍ വില്‍പ്പന ആകെ 62.94 കോടിയില്‍ നിന്നും 2017ഡിസംബറില്‍ 85.18 കോടി രൂപയുടേതായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കൈത്തറി സ്‌കൂള്‍ യൂണിഫോമിന് ആവശ്യമായ നൂലുകള്‍ കേരളത്തിലെ സ്പിന്നിങ് മില്ലുകളില്‍ നിന്നും ഉത്പാദിപ്പിച്ചു നല്‍കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതിനു തൊഴില്‍വകുപ്പിന് കീഴില്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

പരമ്പരാഗത മേഖല – കൈത്തറി മേഖല

സംസ്ഥാനത്തു കൈത്തറി മേഖലയില്‍ 621 പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളില്‍ 424 എണ്ണം പ്രവര്‍ത്തിക്കുന്നു.  20000 ത്തോളം തൊഴിലാളികളും ഈ മേഖലയെ ആശ്രയിക്കുന്നു. നവലിബറല്‍ നയങ്ങള്‍, അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം, കുറഞ്ഞ കൂലി, ആധുനിക വത്കരണത്തിന്റെ കുറവ്, മാര്‍ക്കറ്റില്‍ പവര്‍ലൂം തുണികളുടെ തള്ളിക്കയറ്റം, ഭീമമായ റിബേറ്റ് കുടിശ്ശിക എന്നിവയാണ് പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങള്‍ .

കൈത്തറി മേഖല സംരക്ഷിക്കുന്നതിന് പ്രധാനമായും നടപ്പിലാക്കുന്ന പദ്ധതികളായ മൂലധന സഹായ പദ്ധതിപ്രകാരം പ്രാഥമിക സംഘങ്ങള്‍ക്കും, ഹാന്റ് ടെക്‌സ്, ഹാന്‍വീവ് എന്നിവര്‍ക്കുള്ള ഓഹരി പങ്കാളിത്തം,  പ്രോത്സാഹനത്തിനും, വികസനത്തിനുമായുള്ള പദ്ധതികളില്‍ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഹായം, തൊഴിലാളികള്‍ക്കുള്ള പ്രോത്സാഹനവും, പ്രചോദനവും ധനസഹായം, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍, ഉല്പാദന, വിപണന, പരിശീലന പദ്ധതികള്‍, ആധുനിക വല്‍ക്കരണത്തിനും, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള ധനസഹായം തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. 

ഈ സര്‍ക്കാരിന്റെ  രണ്ടു വര്‍ഷം  200.65 കോടി രൂപ സഹകരണ സ്പിന്നിങ് ആന്‍ഡ് പവര്‍ലൂമിനുള്‍പ്പെടെ കൈത്തറി മേഖലക്ക് വകയിരുത്തിയിട്ടുണ്ട്.

ഖാദി മേഖല

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഖാദി മേഖലയില്‍ ഏറ്റുകുടുക്കയില്‍ സൈ്‌ളവര്‍ പ്രോജക്ടിന്റെ വിപുലീകരണവും നവീകരണവും പദ്ധതി, പ്രചാരണവും പരിശീലനവും, വില്പന കേന്ദ്രങ്ങള്‍ നവീകരിക്കാനുള്ള പദ്ധതികള്‍, പ്രത്യേകതൊഴില്‍ദാനപദ്ധതികള്‍, നെയ്ത്തുകാര്‍ക്കും നൂല്‍ നൂല്‍പ്പുകാര്‍ക്കും ഉല്പാദന ഇന്‍സെന്റീവ്, പ്രാദേശിക സര്‍ക്കാര്‍ സഹായത്തോടെ ഖാദി ഗ്രാമങ്ങള്‍ സ്ഥാപിക്കല്‍, ഗ്രാമ വ്യവസായങ്ങളുടെ ശക്തിപ്പെടുത്തല്‍, തേനീച്ച വളര്‍ത്തല്‍ പദ്ധതി തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

ഖാദി മേഖലയില്‍ 162കോടിയുടെ വിപണനം നടത്തിയിട്ടുണ്ട് ഖാദി റിബേറ്റിനത്തില്‍  രണ്ടു വര്‍ഷം കൊണ്ട് 22.35 കോടി രൂപ നല്‍കി 36  കോടി രൂപ കുടിശ്ശികയായി നില്‍ക്കുന്നു.പുതുതായി 11ഖാദി നെയ്തു കേന്ദ്രങ്ങളും 4 നൂല്‍ നൂല്പു കേന്ദ്രങ്ങളും 3 റെഡി മെയ്ഡ് പാവുല്‍പ്പാദന കേന്ദ്രങ്ങളും ആരംഭിക്കുക വഴി പുതുതായി 643 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. പൂരക വേതന പദ്ധതി പ്രകാരം 54കോടിയുംഇന്‍സെന്റീവിനത്തില്‍ 8.3 കോടി രൂപയും  സര്‍ക്കാര്‍ അനുവദിച്ചു 13600  തൊഴിലാളികള്‍ക്ക് വിതരണം നടത്തിയിട്ടുണ്ട്.

ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്ത 1250രൂപയായും ഈ വര്‍ഷം 1500രൂപയായും വര്‍ധിപ്പിച്ചു നല്‍കി.

മിനിമം കൂലി പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഉല്‍പ്പാദന ഇന്‍സെന്റീവ് 100 % വര്‍ധിപ്പിച്ചു നൂല്പിന് 60 പൈസയും നൂല്‍ ഒരു കഴിക്കു 1രൂപ80 പൈസയും നല്‍കി. ഖാദി മേഖലയില്‍ ചര്‍ക്കകളിലും തറികളിലും അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താതെ സെമി ഓട്ടോമേഷന്‍ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു.

കരകൗശല മേഖല 

കരകൗശല മേഖലയില്‍ കരകൗശല വികസന കോര്‍പറേഷന്‍,  ആര്‍ട്ടിസാന്‍സ്  ഡെവലപ്‌മെന്റ് കോര്‍പറേഷന്‍  , ബാംബൂ കോര്‍പറേഷന്‍, സുരഭി, കെല്‍പാം എന്നിവ  പ്രവര്‍ത്തിക്കുന്നു.മൂലധനത്തിന്റെ അപര്യാപ്തത, അസംസ്‌ക്രുത വസ്തുക്കളുടെ ലഭ്യതക്കുറവ്. കുറഞ്ഞ ഉല്പാദന കുറവ് താഴ്ന്ന വേതനം സാങ്കേതിക വിദ്യകളുടെ യും നവീന ഉപകരണങ്ങളുടെയും അഭാവം എന്നിവ ഈ മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.  ടെക്സ്റ്റ് സ്‌റ്റൈല്‍  ഓര്‍ണമെന്റേഷന്‍ രംഗത്ത് സര്‍ക്കാര്‍ സഹായത്തോടെ വസ്ത്ര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.

കൈത്തൊഴില്‍ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതികള്‍, ഗ്രാമ പഞ്ചായത്ത് ഓഫീസുകളുടെ നവീകരണം പദ്ധതികള്‍,  സ്‌കൂള്‍ ക്‌ളാസ് റൂമുകള്‍ സ്മാര്‍ട്ടാക്കല്‍ പദ്ധതി (ഗുരുകുലം) സഞ്ചരിക്കുന്ന വര്‍ക്ക് ഷോപ് (സ്‌കില്‍ ഓണ്‍ വീല്‍)  പരിശീലനം ലഭ്യമായ ആര്‍ട്ടിസാന്‍മാര്‍ക്കു കാര്‍ഡ് നല്‍കി രജിസ്റ്റര്‍ ചെയ്തു സ്വയം പര്യാപ്തമാക്കല്‍ പദ്ധതി, പ്രകൃതി ദത്ത നാരുകളില്‍ നിര്‍മ്മിതമായ ഉത്പന്നങ്ങളുടെ കയറ്റുമതി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നു.

ആര്‍ട്ടിസാന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു.

സുരഭിയുടെ കീഴില്‍ കരകൗശല ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു ഷോറൂം നവീകരിച്ചു വിപണനം വര്‍ധിപ്പിക്കുന്നു.

ബാംബൂ കോര്‍പറേഷനു കീഴില്‍ പുതിയ പനമ്പ് നെയ്തു കേന്ദ്രങ്ങള്‍ ആരംഭിക്കാനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുവാനും കഴിഞ്ഞു. 

ബാംബൂ ഫെസ്റ്റ് വളരെ ആകര്‍ഷകമായ വിധത്തില്‍ നടത്തുന്നതിന് കഴിഞ്ഞു.കരകൗശല മേഖലയില്‍ അന്താരാഷ്ര്ട എക്‌സിബിഷന്‍ പാലക്കാട് സംഘടിപ്പിച്ചു. വിദേശത്തു നിന്നും, 18 സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 125 കരകൗശല വിദഗ്ദ്ധര്‍ പങ്കെടുത്തു. 10ലക്ഷത്തോളം പേര്‍ കാണികളായും, 4.25കോടിയുടെ വിപണനവും ഉണ്ടാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷ മായി UDF സര്‍ക്കാര്‍ നിര്‍ത്തിവെച്ച മേളയാണ് പാലക്കാട് വീണ്ടും ആരംഭിച്ചത്. മേള വളരെ അവിസ്മരണീയമാക്കാന്‍ കഴിഞ്ഞു. 

Post your comments