Global block

bissplus@gmail.com

Global Menu

വാണിജ്യ വ്യാപാര മേഖലയ്ക്ക് രക്ഷകനായത് എല്‍.ഡി.എഫ് സര്‍ക്കാര്‍

ജി എസ് ടിയും നോട്ടു   നിരോധനവും 

പലരെയും പലവിധത്തിലാണ് ജി എസ് ടി ബാധിച്ചിട്ടുള്ളത്. ചെറുകിട കച്ചവടക്കാരെ ജി എസ് ടി ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇതുവരെയും വിട്ടുമാറിയിട്ടില്ല. അതിനു ശേഷമാണ് ജി എസ് ടി നടപ്പിലാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. നിര്‍മാണ മേഖലയിലെ തടസ്‌സങ്ങള്‍ മറ്റു മേഖലകളെയും ബാധിച്ചിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജി എസ് ടി നടപ്പിലാക്കിയതെങ്കില്‍ ഈ പല നെഗറ്റിവുകളും പോസിറ്റീവായേനെ. ജി എസ് ടി ഏതു രീതിയില്‍ ബാധിക്കും. ആരെയാണ് കൂടുതല്‍ ബാധിക്കുക എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിന് ആവശ്യമായിരുന്നു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും ഉണ്ടായിരുന്നില്ല.  വ്യവസായ മേഖലയുടെ സംരക്ഷണം 
ഇന്ത്യയിലെ വ്യവസായ രംഗം വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ വ്യവസായ മേഖലയെ സംരക്ഷിച്ചു കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് ആവശ്യമായ സമീപനങ്ങള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവന്ന സാമ്പത്തിക വ്യവസായ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്നത് കൊണ്ട് രാജ്യത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ വന്‍ തകര്‍ച്ച നേരിടുന്ന ഒരു കാലഘട്ടമാണിത്. മുന്‍കാലങ്ങളില്‍  രാജ്യത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും വ്യവസായം തുടങ്ങാന്‍ ആവശ്യമായ സാങ്കേതികവിദ്യയും നിക്ഷേപവും കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരുന്നത്. അത്തരത്തിലുള്ള വ്യവസായങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ച് രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും അതോടൊപ്പംതന്നെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതിന് ഒരു സമൂഹത്തെയാകെ  ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും കഴിയുന്ന തരത്തിലാണ് ഇന്ത്യയില്‍ വ്യവസായമേഖലയെ ഭരണാധികാരികള്‍ സമീപിച്ചിരുന്നത്.  
ഇന്ത്യാഗവണ്‍മെന്റിന്റെ നോട്ട് നിരോധനവും  ജി എസ് റ്റിയും നടപ്പിലാക്കിയ കാരണം തൊഴില്‍മേഖല തകര്‍ന്നു തരിപ്പണമായി. ചെറുകിട വ്യവസായമേഖലയില്‍ 224000 വ്യവസായശാലകള്‍ പൂട്ടിയപ്പോള്‍ 65 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.  യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ പൊതുമേഖലാ വ്യവസായങ്ങളുടെ കടുത്ത അവഗണനയാണ് കാണിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 131. 6 0 കോടി രൂപയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 71 കോടി രൂപയുടെ നഷ്ടം നികത്തുകയുണ്ടായി. ഈ സാമ്പത്തികവര്‍ഷം 34.19 കോടി രൂപയുടെ  ലാഭത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.അഴിമതി  നടക്കാതെ നോക്കിയതു കൊണ്ടുമാത്രമാണ് ലാഭത്തില്‍ എത്താന്‍ പൊതുമേഖലക്ക് സാധിച്ചത്. പൊതുമേഖലയ്ക്ക് കഴിഞ്ഞ വര്‍ഷം 100 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം ഈവര്‍ഷം 270 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 
റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ അവിടെ വര്‍ഷങ്ങളായി വ്യാപാരം നടത്തിയിരുന്നവര്‍ വഴിയാധാരമാക്കുന്ന അവസ്ഥയാണുള്ളത്. ആ സ്ഥിതി ഒഴിവാക്കാന്‍ പുനരധിവാസ പാക്കേജുകള്‍ ഉണ്ടാകണം.നിലവിലുള്ള പാക്കേജ് പര്യാപ്തമല്ല. വ്യാപാരികളെ സംരക്ഷിക്കാന്‍ പുതിയ പാക്കേജുകള്‍ ഉണ്ടാകണം. ഇപ്പോള്‍ എന്‍ എച്ച് 17 ല്‍ തലശേ്ശരി മുതല്‍ കരിവെള്ളൂര്‍ വരെ ഏകദേശം ആയിരത്തില്‍ അധികം കച്ചവടക്കാരെയാണ് ഒഴിപ്പിക്കല്‍ ബാധിക്കുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനു ബദല്‍ സംവിധാനമുണ്ടാകണം. വികസനത്തിന് വ്യാപാരികള്‍ എതിരല്ല. അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് വേണ്ടത്.
ഈസ് ഓഫ് ഡൂയിങ്  ബിസിനസ് 
ഉല്‍പാദനവും തൊഴിലും വളര്‍ത്താന്‍ ന്യായമായ വ്യവസ്ഥകള്‍ക്ക് വിധേയമായി മൂലധനനിക്ഷേപം വളര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്  ഇപ്പോള്‍ നിയമമാകുന്ന  ഇന്‍വെസ്റ്റ്മെന്റ്  പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍. ഈ നിയമം ചരിത്രം സൃഷ്ടിക്കും. ഒരു വ്യവസായത്തിന് ആവശ്യമായ  പശ്ചാത്തല സൗകര്യം ഒരുക്കിയത് കൊണ്ട് മാത്രം വ്യവസായങ്ങള്‍ വരില്ല എന്ന തിരിച്ചറിവ് ഇവിടെ കാണുവാന്‍ സാധിക്കും. വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സൗകര്യങ്ങളുമൊരുക്കി കൊടുത്താണ് മറ്റ് സംസ്ഥാനങ്ങള്‍ സംരംഭകരെ ആകര്‍ഷിക്കുന്നത്. ഇവരോട് മത്സരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇതിനു സംരംഭകര്‍ക്ക് ആവശ്യമായ ധനസഹായങ്ങള്‍ നല്‍കണം അവര്‍ക്കാവശ്യമായ ലൈസന്‍സുകളും പെര്‍മിറ്റുകളും നിയമവിധേയമായി വേഗത്തില്‍ ലഭ്യമാക്കണം. ആവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനങ്ങളും ലഭ്യമാക്കണം. മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട അവസ്ഥയുണ്ടാകരുത്.  ഈ നിയമം പാസാക്കുന്നതോടെ കൂടി ഈ കാര്യങ്ങള്‍ക്കെല്ലാം പരിഹാരമാകും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനാല്‍ മെച്ചപ്പെട്ടതും വിപ്‌ളവകരവുമായ നിയമമാണിത്.
കേരളത്തില്‍ 14 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ നഷ്ടം കുറയുകയും ലാഭത്തില്‍  പ്രവര്‍ത്തിക്കുന്നവയുടെ ലാഭം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ  കാര്യക്ഷമമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കൊണ്ടാണ് സാധ്യമായത്. ഉയര്‍ന്ന ജനസാന്ദ്രതയും ഗ്രാമ–നഗര വ്യത്യാസമില്ലാതെ ആവാസവ്യവസ്ഥയും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ പുതിയ സംരംഭങ്ങള്‍ക്കായി വന്‍കിടവ്യവസായങ്ങള്‍ എത്താനുള്ള സാധ്യത കുറവാണ്.  അതുകൊണ്ട് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് നല്ല മുന്‍ഗണനയും പ്രോത്സാഹനവും നല്‍കണം. ഇതിനായി സര്‍ക്കാര്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വാഗതം ചെയ്യുന്നു. നിലവിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ സാധ്യതകള്‍ പരമാവധി വികസിപ്പിച്ച പ്രയോജനപ്പെടുത്താനുള്ള നല്ല ഇടപെടല്‍ ബജറ്റിലൂടെ നടത്തിയതായി കാണാം. കെഎംഎംഎല്‍ 136 കോടി രൂപ ലാഭത്തില്‍ എത്തിയത് ശ്രദ്ധേയമായ നേട്ടമാണ്. ഒരുകാലത്ത് കേരളത്തിലെ ഇലക്രേ്ടാണിക്ക് സാങ്കേതികതയുടെ അവസാന വാക്കായിരുന്നു കെല്‍ട്രോണ്‍ പഴയ പ്രതാപം നേടുവാനുള്ള വ്യവസായ വകുപ്പിന്റെ നടപടിയും അഭിമാനകരമാണ്. 
എന്റെ നിയോജക മണ്ഡലമായ രാമനാട്ടുകരയിലെ പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവില്‍ അഡ്വാന്‍സ് ടെക്നോളജി പാര്‍ക്ക് നിര്‍മാണത്തിന് ആരംഭമായത് എടുത്ത് പറയത്തക്ക ഒന്നാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ടെക്സ്റ്റയില്‍ മേഖല. തുണിമില്ലുകളുടെ നവീകരണവും ആധുനികവല്‍ക്കരണവും കൊണ്ടുമാത്രമേ ഇന്നത്തെ മത്സര കമ്പോളത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.
വ്യവസായമേഖലയില്‍ സൗഹൃദവും അനുകൂലവുമായ അന്തരീക്ഷത്തിന് നിയമപ്രാബല്യം നല്‍കിക്കൊണ്ടുള്ള കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ നിയമം പാസ്‌സാക്കി കൊണ്ട്  ഇടതുപക്ഷ സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ വിപ്‌ളവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വ്യവസായ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചാല്‍  30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കും. ലൈസന്‍സുകളുടെ കാലാവധി അഞ്ചുവര്‍ഷമാക്കി. ഏതെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തന ഫലമായി ശല്യമുണ്ടാകുമെന്ന പരാതി ലഭിച്ചാല്‍ സ്റ്റോപ്പ് മെമോ നല്‍കുന്ന തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കുള്ള  അധികാരം ഇനിയുണ്ടാകില്ല. ലൈസന്‍സ് സംബന്ധമായ ബുദ്ധിമുട്ടുകളും നടപടിക്രമങ്ങളും ലഘൂകരിച്ച് വര്‍ഷങ്ങളായി വ്യവസായമേഖല ആവശ്യപ്പെട്ടുകൊണ്ടിരുന്ന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നിയമം വഴി നടപ്പിലാക്കിയിരിക്കുന്നത്. 

Post your comments