Global block

bissplus@gmail.com

Global Menu

ക്രിക്കറ്റ് ഫുട്ബാള്‍ യുദ്ധം

കെ എല്‍ മോഹനവര്‍മ്മ

കൊച്ചിയും തിരുവനന്തപുരവും തമ്മിലുള്ള ക്രിക്കറ്റ്– ഫുട്‌ബോള്‍ യുദ്ധം കണ്ടപ്പോള്‍ സന്തോഷം തോന്നി. ഇതുവരെ രണ്ടു കൂട്ടരും ഹൈക്കോടതി ബഞ്ചിനു വേണ്ടിയായിരുന്നു വഴക്ക്. നന്നായി. കോടതികളെക്കാള്‍ സുതാര്യം നമുക്കു കളിയാണ്.  
പക്ഷെ വഴക്കു മൂത്തപ്പോള്‍ എനിക്കു സംശയമായി. മൈ ഗോഡ് ! നമ്മള്‍ പണത്തിന്റെ ശക്തിയെ തോല്‍പ്പിക്കുമോ? 
ക്രിക്കറ്റോ ഫുട്‌ബോളോ വലുത് ? ഒരു ടീമിലെ കളിക്കാരുടെ എണ്ണം നോക്കിയാല്‍ രണ്ടും സമമാണ്. പതിനൊന്ന്. (ഞാന്‍ നമ്മുടെ മലബാര്‍ പ്രിയ സെവന്‍സിനെ മറക്കുന്നില്ല) കളിയുടെ ദൈര്‍ഘ്യം നോക്കിയാല്‍ ക്രിക്കറ്റാണ് മുന്നില്‍. ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ട്വെന്റ്‌റി– 20 യില്‍പ്പോലും കളി മുഴുമിക്കാന്‍ മൂന്നു മണിക്കൂറെടുക്കും. ഫുട്‌ബോളിന് കൂടിയാല്‍ ഒന്നര മണിക്കൂര്‍. പിന്നെ ഫുട്‌ബോള്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും കളിക്കുന്നുണ്ട്. ക്രിക്കറ്റ് പഴയ ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളിലേ ഉള്ളു. നൂറിലേറെ രാജ്യങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് ചില ക്രിക്കറ്റ് പ്രേമികള്‍ പറുയുന്നുണ്ടെങ്കിലും അവിടെ കളിക്കുന്നവരില്‍ തൊണ്ണൂറ്റി ഒമ്പതു ശതമാനവും ഈ പഴയ ബ്രിട്ടീഷ് കോളനികളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്. ഇനി ഒരു രസകരമായ സത്യം. ക്രിക്കറ്റിന്റെ ആഗോള നിയന്ത്രണം അന്തര്‍ രാഷ്ര്ട ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കൈവശമാണ്. ഈ ബോര്‍ഡിന്റെ ആസ്ഥാനം ദുബായിയാണ്. അവിടെ ഒരു യു എ ഇ (ദുബായി) പൗരനും ക്രിക്കറ്റ് കളിക്കാറില്ല. 
ഇനി ഇതു കാരണം എനിക്കു പറ്റിയ അപകടം കൂടി. പറയാം. എന്റെ ഏറെ പ്രസിദ്ധമായ ക്രിക്കറ്റ് എന്ന നോവല്‍ ഹിന്ദിയില്‍ ട്രാന്‍സേ്‌ളറ്റ് ചെയ്തപ്പോള്‍ പേര് മാറിയില്ല. പക്ഷെ ഇംഗ്‌ളീഷിലേക്ക് മാറ്റിയപ്പോള്‍ അതിന്റെ അമേരിക്കന്‍ പ്രസാധകര്‍ പേര് മാറ്റി ക്രിക്കറ്റ് ഇന്‍ഡോ എന്നാക്കി. സാധാരണ അമേരിക്കക്കാരന് ക്രിക്കറ്റ് കളിയല്ല. പാറ്റ എന്ന ശല്യക്കാരനാണ്. 
ലോകമാകെ നോക്കിയാല്‍ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ബേസ് ബോള്‍, ടെന്നീസ്, അത്‌ലറ്റിക്‌സ് ഇവ കഴിഞ്ഞാണ് ഫുട്‌ബോളിന് സ്ഥാനം. പക്ഷെ ഇന്ത്യയില്‍ ക്രിക്കറ്റാണ് രാജാവ്. കാരണം ലളിതമാണ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക ഇവിടങ്ങളിലെ സാധാരണക്കാരന് സിനിമയും ക്രിക്കറ്റുമാണ് മനസ്‌സിന്റെ ആഹാരം. സാധാരണ ഇന്ത്യക്കാരന് മനസ്‌സിന് സന്തോഷം നല്‍കുന്നത് സ്വപ്നങ്ങളാണ്. അവനറിയാം. ആ സ്വപ്നമൊന്നും സാക്ഷാത്കരിക്കാന്‍ പോകുന്നില്ല എന്ന്. പക്ഷെ അവന് സ്വപ്നം കാണണം. സ്വപ്നത്തിലെങ്കിലും  അവന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കണം. സിനിമയിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ ഈ സ്വപ്നം സാക്ഷാത്കരിക്കുന്ന ദൈവങ്ങളായി മാറുന്നു. 
ഇന്ത്യയില്‍ ഒരു കളിക്കാരനേ ഇന്നു വരെ ഭാരതരത്‌നം ലഭിച്ചിട്ടുള്ളു. സച്ചിന്‍ തെന്ദൂല്‍ക്കര്‍. പാകിസ്ഥാനില്‍ അത്യുന്നത രാഷ്ര്ടീയ പദവിക്കടുത്തെത്താന്‍ ഒരു കളിക്കാരനേ കഴിഞ്ഞിട്ടുള്ളു. ഇംറാന്‍ ഖാന്‍. രണ്ടും ക്രിക്കറ്റ് ദൈവങ്ങള്‍.  
1953–55 കാലത്ത് ഞാന്‍ ആലപ്പുഴ എസ് ഡി കോളേജില്‍ ബി കോം വിദ്യാര്‍ത്ഥിയായിരുന്നു. പഠനത്തെക്കാള്‍ എനിക്കു പ്രധാനം ക്രിക്കറ്റും ടെന്നീസും ടേബിള്‍ ടെന്നീസും ആയിരുന്നു. കോളേജില്‍ ആലപ്പുഴയിലെ ഒരു കയര്‍ മുതലാളി സൗജന്യമായി നകിയ കയറ്റു പായ പിച്ചായിരുന്നു ഉണ്ടായിരുന്നത്. 1983 എന്ന മനോഹരമായ 
സിനിമയിലെ നവന്‍ പോളിയുടെ മുണ്ടു മടക്കിക്കുത്തി ക്രിക്കറ്റു പന്തടിക്കുന്നതിനെക്കാളും പ്രാക്യതശൈലി ആയിരുന്നു ഞങ്ങളുടേത്. 
നാലഞ്ചു കൊല്ലം മുമ്പ് അവിടെ ചെന്നപ്പോഴും ക്രിക്കറ്റിന് പഴയ കളിമൂല തന്നെ. പ്രിന്‍സിപ്പാള്‍ എന്നെ സമാധാനിപ്പിച്ചു. ഒരു സ്‌ക്കീം വരുന്നുണ്ട്. ശരിയാകും. ആലപ്പുഴയെ സ്‌നേഹിക്കുന്ന ആരും ഇത്തരം പ്രതീക്ഷ വിശ്വസിക്കില്ല. നാല്പതു കൊല്ലമായി എല്ലാവര്‍ക്കും വേണ്ട ബൈപാസ് റോഡ് ശരിയായിട്ടില്ല. പിന്നെയാ കുറച്ചു കുട്ടികള്‍ക്കായി ക്രിക്കറ്റ് പിച്ച്. 
പക്ഷെ ഈയിടെ ഞാന്‍ ക്‌ളീന്‍ ബൗള്‍ഡ് ആയി.  എസ് ഡി കോളേജിന്റെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം കണ്ടു. കണ്ണു മഞ്ഞളിച്ചു. പച്ച സത്യമാണ്. അഞ്ചു ടര്‍ഫ് പിച്ചുകള്‍. നൂറ്റമ്പതു മീറ്റര്‍ പച്ചപ്പുല്ലു ഉറച്ച ഫീല്‍ഡ്. പ്രാക്ടീസിന് മൂന്നു ടര്‍ഫ്, ഒരു ആസ്‌ട്രോ, അഞ്ചു കോണ്‍ക്രീറ്റ് പിച്ചുകള്‍. രണ്ടു ബൗളിംഗ് മെഷിനുകള്‍. കളിക്കാര്‍ക്ക് പവിലിയന്‍. വനിതാ കളിക്കാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം. മൂന്നര കോടി രൂപാ ചിലവ്. ഇതെല്ലാം കണ്ട് ദ്വാരകയില്‍ നിന്ന് തിരിച്ചെത്തിയ കുചേലനെപ്പോലെ ഞാന്‍ അദ്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ എന്നെ ഓരോന്നും കാട്ടിത്തന്നുകൊണ്ടിരുന്ന സുഹ്യത്ത് എന്നോട് ചോദിച്ചു.
സാറിനറിയാമോ ഇതാരു തന്നു എന്ന്. ? 
അറിയാം.  
ഇതൊന്നും കോളേജിന്റെ ചിലവിലല്ല ഉണ്ടായത്. ചിലവാക്കിയതും രൂപപ്പെടുത്തിയതും സര്‍ക്കാരോ. ആലപ്പുഴയിലെ ധനികരോ അല്ല എന്നതാണ്. ക്രിക്കറ്റ് എന്ന ഇരുപത്തൊന്നാം  നൂറ്റാണ്ടിലെ സഹസ്ര കോടീശ്വര വൈശ്രവണന്റെ അനുഗ്രഹമാണ്. അവന്റെ കേരളത്തിലെ പ്രതിനിധികള്‍ നല്‍കിയതാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് ചിലവാക്കാന്‍ പണവും അത് വേണ്ട വിധം ഉപയോഗിക്കാനുള്ള തിരിച്ചറിവും ഉണ്ടായിരുന്നു. 
ഇരുപതു കൊല്ലം മുമ്പ് കേരളടീമിനെ രഞ്ജി ട്രോഫി കളിക്കാന്‍ വിടാനായി അവര്‍ക്ക് സ്‌ളീപ്പര്‍ ടിക്കറ്റും ബാറ്റയും കൊടുക്കാന്‍ നാടു നീളെ ഓടി നടന്ന കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇത് ചെയ്തതെന്ന് ഞാന്‍ സമ്മതിക്കില്ല. അതിനു കാരണക്കാരന്‍ ഒരാളേ ഉള്ളു. അത് ഒരു വ്യക്തിയല്ല. ഒരു ആശയം.
ഇന്ന് ക്രിക്കറ്റ് ഒരു കളിയല്ല. ബിസിനസ്‌സാണ്. 
നമുക്ക് ചില വസ്തുതകള്‍ പരിശോധിക്കാം. ക്രിക്കറ്റ് ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പെട്ടെന്ന് വളരുന്ന എന്റര്‍ടെയിന്‍മെന്റ് വ്യവസായമാണ്. കണക്കു നോക്കേണ്ട. ദുബായിയെയും ദാവൂദ് ഇബ്രാഹിം അധോലോകത്തെയും തല്‍ക്കാലം വിടുക. ഇപ്പോള്‍ ക്രിക്കറ്റിനെ നയിക്കുന്ന, ഇനി നയിക്കാന്‍ കുതിക്കുന്ന മഹാരഥന്മാരുടെ പേരുകള്‍ നോക്കിയാല്‍ മതി. ശരദ് പവാര്‍, അരുണ്‍ ജെയ്റ്റ്ലി, രാജീവ് ശുക്‌ളാ, അനുരാഗ് താക്കുര്‍, ജ്യോതിരാദിത്യ സിന്ധ്യ, ഫറൂഖ് അബ്ദുള്ള, സി പി ജോഷി, മുകേശ് അംബാനി, വിജയ് മല്ലയ്യ, ശ്രീനിവാസന്‍, ഷാറുഖ് ഖാന്‍, ലാലുപ്രസാദ്. ഈ പേരുകള്‍ കണ്ടാല്‍ പിന്നെ പ്രത്യേകിച്ച് ഇനി ഒരു ബിസിനസ് ഫീസിബിലിറ്റി സ്റ്റഡിയുടെ ആവശ്യമില്ലല്ലോ. 
ഇവിടെ വേറൊരു വലിയ ആകര്‍ഷണീയത കൂടെ ഉണ്ടായി. ചൂതുകളിയും ബെറ്റിംഗും മനുഷ്യന്റെ അടിസ്ഥാന മാനസികഭാവമാണ്. ഏറ്റവും ധര്‍മ്മിഷ്ഠനായ ധര്‍മ്മപുത്രര്‍ പോലും അതിന് അതീതനല്ലായിരുന്നു എന്നാണല്ലോ പുരാണം പറയുന്നത്. അപ്പോള്‍ ഈ സാധാരണ  സ്വഭാവമുള്ള ആരോടും ബെറ്റിംഗ് പാടില്ല പറഞ്ഞാല്‍ അത് ശരിയാകില്ല. നടപ്പിലാക്കാന്‍ വിഷമവുമായിരിക്കും. കാസിനോകളും, കുതിരപ്പന്തയവും, ലോട്ടറികളും കര്‍ശനനിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നിട്ടും പൂര്‍ണ്ണമായും അഴിമതി വിമുക്തമല്ല എന്ന് നമുക്കറിയാം. 
ഇവിടെ പ്രസക്തമായ ചോദ്യം വെറും ഭാഗ്യപരീക്ഷണമായോ, ബൗദ്ധികമായ തീരുമാനത്തിന്റെ ഫലമായോ നടത്തുന്ന ബെറ്റിംഗും കളിയുടെ അന്തിമ ഫലം മാനേജ് ചെയ്ത് പണം മുടക്കുന്നവരെ കബളിപ്പിക്കുന്ന സിസ്റ്റം 
കണ്‍ട്രോള്‍  ചെയ്യുന്ന ബെറ്റിംഗും തമ്മിലുള്ള അന്തരമാണ്. ആദ്യത്തേതിന്റെ ധാര്‍മ്മികതയെ ചോദ്യം  ചെയ്യാമെങ്കിലും രണ്ടാമത്തേത് ഒരു പരിഷ്‌ക്യതസമൂഹത്തില്‍ തീര്‍ത്തും ക്രിമിനല്‍ കുറ്റമായി ഗണിക്കേണ്ടതാണ്. മാച്ച് ഫിക്‌സിംഗും അതിനെ ചെറുക്കാന്‍ സംവിധാനവും വന്നപ്പോള്‍ കണ്ടുപിടിക്കാന്‍ വിഷമവുമുള്ള സ്‌പോട്ട് ഫിക്‌സിംഗും രംഗത്തു വന്നു. 
ക്രിക്കറ്റിന്റെ പ്രത്യേകത ഒരോ ആറു പന്തിനു ശേഷവും മൂന്നു പത്തു സെക്കന്‍ഡ് പരസ്യത്തിന് ഇടം കിട്ടും. പിന്നെ ഇടയ്ക്ക് ബാറ്റ്‌സ്മാന്‍ ഔട്ടാകുമ്പോള്‍ ആറു പരസ്യം. പിന്നെ ഡ്രിംക്‌സ്. മുറിവ് ഇടവേളകള്‍. പത്തു പരസ്യം.  ഫുട്‌ബോളിനെന്നല്ല, മറ്റൊരു കളിക്കും ഈ സൗകര്യമില്ല. ക്രിക്കറ്റ് കണ്‍സ്യൂമറിസത്തിന്റെ പ്രചാരവേദിയായി.  
2007 ല്‍ പോപ്പുലര്‍ ടെലിവിഷന്‍ കമ്പനിയായ സീ യുടെ തലവന്‍ സുഭാഷ് ചന്ദ്രയാണ് എട്ടു ടീമുകളെ വച്ച് പത്തു നാല്‍പ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ട്വെന്റി 20 കളി പരമ്പര ശരിക്കും മൂന്നുമണിക്കൂര്‍ സീരിയല്‍ ശൈലിയില്‍ ടി വിയില്‍ കൂടുതല്‍ പ്രേക്ഷകരുള്ള ഏഴു മണി– പത്തു മണി പ്രൈം ടൈമില്‍ കാട്ടത്തക്കവിധം സംഘടിപ്പിക്കാന്‍ പ്‌ളാനിട്ടത്. പേര് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്. കപില്‍ ദേവ് ലീഡര്‍. കളിക്കാര്‍ക്ക് ഉഗ്രന്‍ പ്രതിഫലം ഓഫര്‍. തങ്ങളുടെ അധീനതയിലുള്ള താരമൂല്യമുള്ള കളിക്കാര്‍ തങ്ങള്‍ നല്‍കുന്നതിന്റെ അനവധി ഇരട്ടി പണവുമായി കാത്തു നില്‍ക്കുന്ന  പുതിയ ശക്തികേ ന്ദ്രത്തിലേക്കു പോയേക്കും എന്ന അപകടം മണത്ത ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉടന്‍ രംഗത്തെത്തി. ഇന്ന് എല്ലാവരും പഴിക്കുന്ന ഇന്ത്യയില്‍  കയറാന്‍ നിവര്‍ത്തിയില്ലാതെ ഇംഗ്‌ളണ്ടില്‍ കഴിയുന്ന ക്രിക്കറ്റ് പ്രേമിയായ ലളിത് മോദി എന്ന ഹൈ പ്രൊഫൈല്‍ ബിസിനസ്‌സുകാരനെയാണ് സീ ടി വിയെ ഒതുക്കാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍  ബോര്‍ഡ് നിയോഗിച്ചത്. ലളിത് മോദിയുടെ തന്ത്രങ്ങള്‍ വിജയിച്ചു. ഇന്ത്യന്‍ പേ്‌ളയേഴ്‌സ് ലീഗ് നിലവില്‍ വന്നു. കാര്യമായ പരുക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മകുടമായിരുന്ന ഇന്ത്യയ്ക്ക് ലോകകപ്പു നേടിത്തന്ന കപില്‍ ദേവിനു മാത്രമായിരുന്നു. ഇന്ന് ലളിത് മോദി പോയെങ്കിലും കപില്‍ ദേവിനെ ഐ പി എല്ലില്‍ തൊടാന്‍ ആരും സമ്മതിച്ചിട്ടില്ല. അത് വേറെ കാര്യം. 
ഐ പി എല്ലിന്  തുടക്കത്തില്‍ത്തന്നെ തങ്ങള്‍ രൂപപ്പെടുത്തിയ നിയമങ്ങള്‍ ക്യത്യവും കര്‍ശനവുമായ  രീതിയില്‍ നടപ്പാക്കാനുള്ള സാഹചര്യവും സാവകാശവും ഉണ്ടായില്ല. സ്വപ്നാതീതമായ വളര്‍ച്ചയായിരുന്നു അതിനു കാരണം.  ഫ്രാഞ്ചൈസികളുടെ എണ്ണം, അവയുടെ യഥാര്‍ത്ഥ ഉടമകള്‍, കളിക്കാരുടെ ലേലത്തിലെ ഒത്തു കളി, എന്തിന് കളിയുടെ റിസല്‍ട്ടു പോലും കളിക്കളത്തിനു പുറത്തു തീര്‍ച്ചപ്പെടുത്താവുന്ന നില വന്നു. സ്വാഭാവികമായും തര്‍ക്കങ്ങളും ആരോപണങ്ങളും പാരവയ്പും അനിയന്ത്രിതമായി. നമുക്കു നേരിട്ടറിയാവുന്ന ശശി തരൂറിന്റെ കൊച്ചി ടസ്‌ക്കര്‍ എപ്പിസോഡും അവസാനം അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിക്കലും ഇത്തരം കേസുകളില്‍ ഒന്നായിരുന്നു. 
ക്രിക്കറ്റ് ഒരു കളി എന്നതില്‍ നിന്ന് ആര്‍ത്തിയിലേക്ക് മാറി.    
ആര്‍ത്തി എല്ലാവരുടെയുമുണ്ട്. 
ആര്‍ത്തി മനുഷ്യസഹജമാണ്. അത് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പറ്റില്ല.  പക്ഷെ അതിന്ന് ഒരു ഭസ്മാസുര സിന്‍ഡ്രോമിലേക്ക് ക്രിക്കറ്റിനെ എത്തിച്ചേക്കാം. ഈ ഭയത്തിന്റെ ഒരു ഭാഗമായിരിക്കാം ഇന്നത്തെ കൊച്ചി തിരുവനന്തപുരം യുദ്ധത്തിന്റെ സബ് കോണ്‍ഷ്യസ് കാരണവും.  

Post your comments