Global block

bissplus@gmail.com

Global Menu

കേരളത്തിന്റെ സ്വന്തം കൈരളി

ചിന്തകളുടെയും സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും ദൃഢമായ ശേഷിപ്പുകളാണ് ഓരോ നിര്‍മിതികളും. അവ കെട്ടിപ്പടുക്കുമ്പോഴും ശക്തമായ ഉള്‍ക്കരുത്തിന്റ പിന്‍ബലമുണ്ടാകണം. ഓരോ നിര്‍മാണ സാമഗ്രഹികളിലും തിരഞ്ഞെടുപ്പിന്റെ കരുതലുണ്ടാകണം. ഒരു ജീവിതകാലത്തേക്കുള്ളതാണ് ഓരോ നിര്‍മിതികളും. ആംഗലേയ ഭാഷയില്‍ പറഞ്ഞാല്‍ ദി ചോയ്സ് ഓഫ് എ ലൈഫ് ടൈം. ഒരു ടാഗ് ലൈനിലൂടെ മലയാളികളുടെ ആ മഹത്തായ ചോയ്സ് ആയ കൈരളി ടി എം ടി സ്റ്റീല്‍ ബാറുകളെ വിശേഷിപ്പിക്കാം. കാലങ്ങളോളം നിലനില്‍ക്കുന്ന കരുത്തിന്റെയും  വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും പര്യായമായി കേരളക്കരയില്‍ കയ്യൊപ്പു പതിപ്പിച്ചിരിക്കുകയാണ് കൈരളി. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തെ പാരമ്പര്യമുണ്ട് കൈരളിക്ക്. കേരളത്തിലെ സ്റ്റീല്‍ വ്യവസായത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അതില്‍ കൈരളിയോടൊപ്പം ഈ പേരുകള്‍ കൂടി എഴുതിച്ചെര്‍ക്കാം. ഡോ. കല്ലിയത്ത് അബ്ദുള്‍ ഗഫൂര്‍ മക്കളായ ഹുമയൂണ്‍ കല്ലിയത്ത്, പഹലിഷ കല്ലിയത്ത് എന്നിവരാണ് കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അമരക്കാര്‍. 

പാരമ്പര്യത്തിന്റെ 125 വര്‍ഷങ്ങള്‍
തലമുറകള്‍ പിന്നിടുന്ന പാരമ്പര്യമാണ് കൈരളിയുടെ കരുത്തിനു പിന്‍ബലമാകുന്നത്. ഒരു സ്വപ്നസാക്ഷാത്കാരത്തിനായുള്ള പരിശ്രമത്തിന്റെ കഥയാണ് അബ്ദുള്‍ ഗഫൂറിന്റെ ജീവിത കഥയിലെ ഏടുകളിലുള്ളത്. ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ  സാങ്കേതിക വിദ്യയിലും ഗുണമേന്മയിലും മുന്നിട്ടു നില്‍ക്കുന്ന ഒരു ബ്രാന്‍ഡിനു അദ്ദേഹം രൂപം നല്‍കി.
സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷങ്ങള്‍ പിന്നിടുന്ന പാരമ്പര്യമുണ്ട് കൈരളിക്ക്.  അബ്ദുള്‍ ഗഫൂറിന്റെ വലിയുപ്പാന്റെ ഉപ്പയായ കോയ മുല്ല ആരംഭിച്ചതാണ് കള്ളിയത്ത് ഹാര്‍ഡ് വെയര്‍ എന്ന സ്ഥാപനം. വലിയുപ്പാ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ കാലത്താണ് ബിസിനസ്‌സ് കൂടുതല്‍ വിപുലീകരിക്കുന്നത്. ഉപ്പ ഖാലിദ് ഹാജിയും ബിസിനസ്‌സിനെ വളര്‍ത്തി. ഹാര്‍ഡ് വെയര്‍ ബിസിനസ്‌സ് ആയിരുന്നെങ്കിലും അതില്‍ സ്റ്റീല്‍ ഒരു പ്രത്യേക വിഭാഗമായി 1976 ല്‍ അബ്ദുള്‍ ഗഫൂര്‍ ബിസിനസ്‌സ് ആരംഭിക്കുകയും കാലങ്ങള്‍ക്കിപ്പുറം ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം വില്പനയുള്ള കമ്പനിയായി ഉയര്‍ച്ചകള്‍ നേടിയ കഥയാണ് കൈരളിയുടേത്. 
കള്ളിയത്ത് എന്ന പാരമ്പര്യ കുടുംബമാണ് അബ്ദുള്‍ ഗഫൂറിന്റേത്. കള്ളിയത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കള്ളിയത്ത് ഗ്രൂപ്പിന്റെ സ്ഥാപകന്‍. സഹോദരന്‍ നൂര്‍ഷയും സ്റ്റീല്‍ വ്യാപാരം നടത്തുന്നു. മറ്റൊരു സഹോദരന്‍ അന്‍വര്‍ സാദത്ത് സാനിറ്ററി ബിസിനസ്‌സ് നടത്തുന്നു.  എഴുപതിന്റെ പകുതിയില്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്നുമാണ് രസതന്ത്രത്തില്‍ അബ്ദുള്‍ ഗഫൂര്‍ ബിരുദ മെടുക്കുന്നത്. പഠനകാലത്തെ അറിവുകളും ഈ മേഖലയോടുള്ള ശക്തമായ അഭിനിവേശവുമാണ് ദക്ഷിണേന്ത്യയിലെ വമ്പന്‍ ബ്രാന്‍ഡുകളില്‍ ഒന്നായി വളരുവാന്‍ കൈരളിക്കു ശക്തി നല്‍കിയത്.
2001 മുതല്‍ കൈരളി ടിഎംടി എന്ന ബ്രാന്‍ഡ് നെയിമില്‍ സ്വന്തമായി സ്റ്റീല്‍ നിര്‍മാണം ആരംഭിച്ചു.  ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയോടുകൂടിയ ഗുണമേന്മയുള്ള സ്റ്റീല്‍ ഫാക്റ്ററിയാണി ത്. സ്റ്റീല്‍ ആതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ആദ്യത്തെ ടിഎംടി നിര്‍മാതാക്കളാണ് ഇവര്‍. ബിസിനസ്‌സിന്റെ ഓരോ നേട്ടങ്ങളിലും കൈവിടാതെ സൂക്ഷിച്ച മൂല്യങ്ങളാണ് കൈരളിയുടെ വിശ്വാസ്യതയ്ക്ക് പിന്നിലുള്ളത്. 
മിന്നുന്നതെല്ലാം പൊന്നല്ല... കാണുന്നതെല്ലാം കൈരളിയുമല്ല. കൈരളിയുടെ ഏറ്റവും പ്രശസ്തമായ പരസ്യത്തിലെ വാക്യങ്ങളാണിവ. മലയാളത്തനിമയുള്ള ഗൃഹാതുരത്വമുള്ള കൈരളിയുടെ പരസ്യങ്ങള്‍  ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വളരെ വലിയ രീതിയില്‍ തരംഗമായി. ഏതൊരു ബ്രാന്‍ഡും കെട്ടിപ്പടുക്കുന്നതില്‍ പരസ്യത്തിനു വളരെ പ്രാധാന്യമുണ്ട്. ബിസിനസ്‌സില്‍ ഇന്നോവേഷന്‍ വളരെ പ്രധാനമാണ്. മികച്ച ആശയങ്ങള്‍ക്ക് ബിസിനസ്‌സില്‍ വലിയ വിജയം നേടുവാന്‍ സഹായകമാകും. 
വെറുമൊരു പരസ്യ ചിത്രത്തിനപ്പുറം ജനങ്ങള്‍ക്കിടയില്‍ ഒരു അവബോധമുണ്ടാക്കുക എന്നതായിരുന്നു കൈരളി ഉദ്ദേശിച്ചിരുന്നത്. ഗുണ മേന്മയുള്ള വിശ്വസ്തമായ ഒരു ബ്രാന്‍ഡ് ആയതിനാലാകാം കൈരളിയുടെ പേരില്‍ മറ്റു കമ്പികളുടെ വില്‍പ്പനയുണ്ടായി. ജനങ്ങള്‍ക്ക് ആശയക്കുഴപ്പുണ്ടാകാതിരിക്കുവാനാണ് ഒരു പരസ്യത്തിലൂടെ അതിനു വ്യക്തതയേകാന്‍ ശ്രമിച്ചത്.  മലയാളികള്‍ക്ക് ഏറെ പരിചിതമായ വാക്കുകളാണ്. മിന്നുന്നതെല്ലാം പൊന്നല്ല എന്നത്. അതിനോട് സമാനമായി മിന്നുന്നതെല്ലാം പൊന്നല്ല കാണുന്നതെല്ലാം കൈരളിയുമല്ല എന്ന പരസ്യവാക്യവും ചേര്‍ത്തു. ഇതാണ് കൈരളിയുടെ പരസ്യത്തിന് പിന്നിലുള്ളത്. ജനങ്ങള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. പ്രൊഡക്റ്റിന്റെ ഗുണമേന്മയും വിശ്വാസ്യതയുമാണ് പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. 
സ്റ്റീല്‍ നിര്‍മാണ വിപണന രംഗത്ത് മറ്റു ബ്രാന്‍ഡുകളില്‍ നിന്നും ഏറ്റവും മികച്ച ഒരു സ്ഥാനമാണ് കൈരളിക്കുള്ളത്. പലപ്പോഴും കൈരളിയുടെ ബിസിനസ്‌സ് രീതികളാണ് പല കമ്പനികളും പിന്തുടരുവാന്‍ ശ്രമിക്കുന്നത്. കൈരളിയുടെ ബ്രാന്‍ഡ് വാല്യൂവാണ് ഇതിനു അവരെ പ്രേരിപ്പിക്കുന്നത്. 
കാലങ്ങളോളം ഈടു നില്‍ക്കുന്ന ബ്രാന്‍ഡ് എന്ന പ്രശസ്തി കൈരളിക്കുണ്ട്. അതിനാല്‍ ഗുണമേന്മയില്‍ എന്തെങ്കിലും പോരായ്മയു ണ്ടെങ്കില്‍ ഇത് ബ്രാന്‍ഡിനെ വളരെ വലിയ രീതിയില്‍ ബാധിക്കും.  ബാക്കിയുള്ള അധികം അറിയപ്പെടാത്ത കമ്പനികള്‍ പുറത്തിറക്കുന്ന കമ്പികള്‍ പോലെയല്ല ഇത്.  അത്തരം കമ്പനികള്‍ പുറത്തിറക്കിയതില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ ഉണ്ടായാലും വലിയ രീതിയില്‍ ജനം അറിയില്ല. എന്നാല്‍ കൈരളിക്ക് ബ്രാന്‍ഡ് നെയിം ഉള്ളതിനാല്‍ എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടെങ്കില്‍ പോലും അത് വളരെ വലിയ വീട്ടില്‍ ബ്രാന്‍ഡിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്.  
കേരളത്തിലെ ഒരേ ഒരു ഫുള്ളി ഓട്ടോമേറ്റഡ് റോളിംഗ് മില്‍ കൈരളി ടി എം ടിയാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഗുണമേന്മയില്ലാതെ ലാഭം മാത്രം നോക്കി ചെയ്യുന്ന മറ്റു പല കമ്പനികളുണ്ട്. ഇത്തരത്തില്‍ നിരവധി ആളുകള്‍ ചൂഷണത്തിനു വിധേയരാവുന്നുണ്ട്.  പ്രത്യേകിച്ചും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കമ്പികള്‍ യാതൊരുവിധ പരിശോധനയും കൂടാതെയാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെത്തുമ്പോള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും സാധിക്കുന്നില്ല. പലപ്പോഴും മെക്കാനിക്കല്‍ രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്. കെമിക്കല്‍ പരിശോധനയാണ് നടത്തേണ്ടത്. കൈരളി ഇത്തരത്തില്‍ കെമിക്കല്‍ പരിശോധന നടത്തിയാണ് ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കുന്നത്.
മലയാളികള്‍ക്ക് വീട് എന്നത് ഒരു സ്വപ്നമാണ്. അവരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സ്വന്തമായി ഒരു ഭവനം ഉണ്ടാക്കുക എന്നത്.   വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ശ്രമഫലമായി ലഭിക്കുന്ന തുക ഉപയോഗിച്ചായിരിക്കും ഒരു വീട് പണിയുന്നത്. അപ്പോള്‍ ആ നിര്‍മിതികള്‍ക്കും നിര്‍മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സാധാരണക്കാരന്റെ ഈ ചിന്തകള്‍ക്കാണ് കൈരളി  പ്രാധാന്യം നല്‍കുന്നത്. അതിനാലാണ്  ഗുണമേന്മയുള്ള സാമഗ്രികള്‍ നല്‍കി കൈരളി നിര്‍മിതികള്‍ക്ക് കരുത്ത് നല്‍കുന്നത്. 

കൂട്ടായ്മയുടെ കൈരളി
സ്റ്റീല്‍ വ്യവസായത്തില്‍ ശക്തമായ ബ്രാന്‍ഡായി കാലങ്ങളോളം നിലനില്‍ക്കുവാന്‍ കൈരളിക്ക് കഴിഞ്ഞിട്ടുണ്ട്. ജനമനസ്‌സുകളില്‍ ബ്രാന്‍ഡിനോടുള്ള ആത്മബന്ധമാണ് കൈരളിയുടെ വിജയത്തിന് കരുത്ത് നല്‍കിയത്. കൂട്ടായ്മയുടെ വിജയമാണ് കൈരളി.  കൈരളിയുടെ ഓരോ വിജയത്തിലും പ്രതിസന്ധി ഘട്ടങ്ങളിലും ജീവനക്കാരുടെ പിന്തുണയുണ്ടായിരുന്നു. ഏതൊരു മേഖലയില്‍ എന്ന പോലെ ഈ വ്യവസായത്തിലും പുതിയ അറിവുകള്‍ക്ക് പ്രാധാന്യമുണ്ട്. അതിനാല്‍ അറിവുകള്‍ നേടുവാനുള്ള ശ്രമങ്ങളും വിജയത്തിന് താങ്ങാകുന്നുണ്ട്. ആത്മാര്‍ത്ഥമായ പരിശ്രമമാണ് ബിസിനസിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ കരുത്ത് നല്‍കുന്നത്.  പരാജയങ്ങളെയും പ്രതിസന്ധികളെയും നിഷ്പ്രഭമാക്കുന്ന വിധം കഠിനമായ പരിശ്രമം വിജയം നേടിത്തരുന്നതിന് ഒരു സാക്ഷ്യമാണ് കൈരളി. കൈരളിയുടെ പരസ്യ വാചകങ്ങളിലൂടെ വിശദീകരിച്ചാല്‍  കല്ലിനും മണ്ണിനുമൊപ്പം നനവൂറുന്ന ഓര്‍മ്മകളും കൂടി ആഴത്തില്‍ വാരിപ്പൊത്തിയാണു ഓരോ നിര്‍മ്മിതിയും ഒന്നിനു മേല്‍ ഒന്നായി ഉയരുന്നത്.സന്തോഷങ്ങളും സ്വപ്നങ്ങളും കൊണ്ട് അണിയിച്ചൊരുക്കിയാലേ വീട് വീടാകുന്നുള്ളു. തലമുറകളുടെ പാരമ്പര്യം, വിശ്വാസത്തിന്റെ ഭദ്രത, കണി ശതയോടെ കാത്ത് സൂക്ഷിക്കാന്‍ ഉറപ്പുള്ളൊരു പിന്‍ബലം അതാണ് കൈരളി ടി എം ടി സ്റ്റീല്‍ ബാറുകള്‍.  

കൈരളിയുടെ റോ മെറ്റീരിയല്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ തന്നെയാണ്.  മറ്റുള്ള കമ്പനികള്‍ പുറത്തു നിന്നും വാങ്ങുകയാണ് ചെയ്യുന്നത്.  ഞങ്ങള്‍ ക്വാളിറ്റിയ്ക്കു വേണ്ടി കുറെ അലോയീസ് ഇതില്‍ ചേര്‍ക്കാറുണ്ട്.  ഫെറോ മാംഗനീസ്, സിലിക്കോ മാംഗനീസ്, ഫെറോ സിലിക്കണ്‍, അലൂമിനിയം തുടങ്ങിയവയാണ് അവ.  ഇവയെല്ലാം ഉപയോഗിക്കുന്നത് ഗ്രേഡ് അടിസ്ഥാനത്തിലാണ്. കേരളം ഭൂകമ്പ സാധ്യത കൂടുതലുള്ള സോണ്‍ 3 യിലാണുള്ളത്. ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മ്മാണം നടത്തിയിട്ടുള്ള ഒരുപാട് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്.  നമ്മള്‍ ഇതു വളരെ ഗൗരവത്തില്‍ എടുക്കേണ്ടതാണ്.  ഭൂമികുലുക്കം വന്നാലും അതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു കരുത്താണ് കൈരളി SLS യ്ക്കുള്ളത്.

 കൈരളി ബ്രദേഴ്‌സ്

ഒറ്റവാക്കിലോ വാചകങ്ങളിലോ ഒതുങ്ങുന്ന ഒരു ചരിത്രമല്ല കൈരളിക്കുള്ളത്. ഓരോ ആദ്ധ്യായങ്ങള്‍ പിന്നിടുമ്പോഴും ആശയങ്ങളുടെയും ചിന്തകളുടേയും കലവറയാണ് ഇതിലുള്ളത്. കാലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദൃഢമായ ബന്ധമാണ് കൈരളിക്ക്  ജനങ്ങളുമായുള്ളത്. ഇത്തരത്തില്‍ ദൃഢമായ മറ്റൊരു ആത്മബന്ധമാണ് കൈരളിക്കു കരുത്ത് നല്‍കുന്നത്. സഹോദരങ്ങളായ ഹുമയൂണ്‍ കല്ലിയത്ത്, പഹലിഷ കല്ലിയത്ത്. കൈരളിയുടെ പുതു തലമുറയുടെ പുതു ആശയങ്ങള്‍ വിഭാവനം ചെയ്യുന്നത് ഇവരാണ്.
നിലമ്പൂരിലെ പീവീസ് പബ്‌ളിക്ക് സ്‌കൂളിലായിരുന്നു ഹുമയൂണ്‍ കല്ലിയത്തിന്റെ സ്‌കൂള്‍ കാലഘട്ടം. അദ്ദേഹത്തിന്റെ വാക്കുകളില്‍ ബാല്യകാലത്തെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നത് സ്‌കൂള്‍ കാലഘട്ടമാണ്. രസകരമായ ഒട്ടനവധി അനുഭവങ്ങള്‍ മാത്രമല്ല ജീവിതത്തിലെ പ്രയോജനകരമായ പല  അധ്യായങ്ങളും  അവിടെ നിന്നാണ് അദ്ദേഹം അഭ്യസിക്കുന്നത്. ഫാറൂഖ് കോളേജിലായിരുന്നു ഡിഗ്രി വിദ്യാഭ്യാസം. സ്‌കോട്ട് ലാന്‍ഡിലെ റോബര്‍ട്ട് ഗോര്‍ഡര്‍ യൂണിവേഴ്സിറ്റി, അബര്‍ഡീനിലാണ് അദ്ദേഹം എം ബി എ ബിരുദം നേടുന്നത്. 
ഫാറൂഖ് കോളേജിലാണ് പഹലിഷയുടെ  ഡിഗ്രി വിദ്യാഭ്യാസം. പഠനത്തില്‍ അതീവ താത്പര്യം ഉണ്ടായിരുന്നില്ല. ബോക്സിങിലായിരുന്നു താത്പര്യം. നാഷണല്‍ ലെവല്‍ പവര്‍ ലിഫ്റ്ററും സ്റ്റേറ്റ് ലെവല്‍ ബോ ക്‌സറുമായിരുന്നു അദ്ദേഹം. കോളേജിലെ സുഹൃത്തുക്കള്‍  കാലങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കോളേജ്  കാലഘട്ടത്തിലാണ് ഭാര്യയായ നൈഷാ മുഹമ്മദിനെ പരിചയപ്പെടുന്നത്. ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ ശക്തമായി നിലനില്‍ക്കുവാന്‍ കരുത്ത് നല്‍കിയത് ഭാര്യയാണ്. 

പ്രതിസന്ധികള്‍ പിന്നിട്ടപ്പോള്‍

ഈ വിജയകഥയുടെ ഏടുകളില്‍ പ്രതിസന്ധികള്‍ക്കും അവയുടെ ശക്തമായ അതിജീവനത്തിനും കൂടി ഇടമുണ്ട്.  പഹലിഷയുടെ ജീവിതത്തിലും ഈ ശക്തമായ അതിജീവനത്തിന്റെ അധ്യായങ്ങള്‍ ഉണ്ട്. ഫറൂഖ് കോളെജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹത്തിനു കാറപകടമുണ്ടാകുന്നത്. സംസ്ഥാന ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുത്ത് അതില്‍ രണ്ടാം സ്ഥാനം നേടി തിരികെയുള്ള യാത്രയിലാണ്  തൊണ്ടയാട് ബൈപ്പാസില്‍ വെച്ച് അദ്ദേഹത്തിന്റ കാര്‍ ആക്സിഡന്റ് ആകുന്നത്.  അദ്ദേഹത്തിന്റെ സ്‌പൈനല്‍ കോഡിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം തകരാറിലായി. ഇതില്‍ കാലിന്റെ ചലനശേഷി നഷ്ടപ്പെടുകയാണുണ്ടായത്. ശാരീരികമായും മാനസികമായും തകര്‍ന്ന കാലഘട്ടമായിരുന്നു അത്.  കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആ കാലഘട്ടത്തില്‍ നല്‍കിയ ശക്തമായ പിന്തുണയായിരുന്നു ജീവിതത്തിനു പുതു പ്രതീക്ഷകള്‍ നല്‍കിയത്. 
സുഹൃത്തുക്കളുടെ പിന്തുണയും അതില്‍ വളരെ പ്രധാനമായിരുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ വളരെയധികം സഹായിച്ചു.  അധ്യാപകരുടെ സഹായ ഹസ്തങ്ങളും ആത്മവിശ്വാസം നല്‍കി.                        ബിരുദ കോഴ്‌സിന്റെ രണ്ടും മൂന്നും വര്‍ഷ പരീക്ഷകള്‍ ഒരുമിച്ചെഴുതി. പിന്നീട് ഡിസ്റ്റന്റ് എജുക്കേഷനിലൂടെ എംബിഎ കരസ്ഥമാക്കുകയുണ്ടായി.
പ്രതിസന്ധികളെക്കുറിച്ച് പറയുമ്പോള്‍ പിതാവിന് ലിവര്‍ സിറോസിസ് ബാധിച്ച് കുറച്ചുകാലം ചികില്‍സയിലായിരുന്ന കാലഘട്ടവും പഹലിഷ ഓര്‍ക്കുന്നു. അദ്ദേഹത്തിന് കരള്‍ പകുത്ത് നല്‍കിയത് സഹോദരന്‍ ഹുമയൂണ്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ ബിസിനസ്‌സ്  ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിലെ തീഷ്ണമായ ഓര്‍മകളാണ്.  ഈ പ്രതിസന്ധികളുടെ അതിജീവനം വളരെ ശക്തമായ പ്രതീക്ഷകളും പ്രചോദനവുമാണ് നല്‍കിയത്. പുതു തലമുറയില്‍ പലരും  പല ചെറിയ പ്രതിസന്ധികളിലും തളരുന്ന കാഴ്ചയാണുള്ളത്. എന്നാല്‍ ചെറിയ പരാജയങ്ങളില്‍ തളരുന്ന യുവാക്കള്‍ക്കുള്ള ശക്തമായ ഒരു പ്രചോദമാണ് ഈ ജീവിതകഥ നല്‍കുന്നത്.  അദ്ദേഹത്തിന്റെ വാക്കുകളില്‍ കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയെക്കാള്‍ ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരു ജോലിയാണ് നല്ലത്. ഇഷ്ടപ്പെടുന്ന ഒരു ജോലിയാണ് നമുക്കുള്ളതെങ്കില്‍ അതിനെ ജോലിയായി തോന്നുകയില്ല. 

Post your comments