Global block

bissplus@gmail.com

Global Menu

വരുംകാല ഇക്കണോമിക്‌സ്

കെ എൽ മോഹനവർമ്മ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ ടെലിവിഷന്‍ സംപ്രേഷണം കാണാനിരിക്കുകയാണ്. എന്റെയൊപ്പം എന്റെ ലാസ്റ്റ് പേരമകന്‍ പത്തു വയസ്സുകാരന്‍ അദ്വൈതുമുണ്ട്. പരസ്യ മോഡല്‍ ടൈപ്പ് മേക്കപ്പുമായി ചിരിച്ച് വിരാട് കോഹ്ലി എങ്ങിനെയാണ്  കളിക്കേണ്ടതെന്ന് മുട്ടും തുടയും കുലുക്കി  കാട്ടി വിവരിക്കുന്ന ആണ്‍ പെണ്‍ എക്‌സ്പര്‍ട്‌സിന്റെ ബഹളം  തീര്‍ന്നു. ഇതാ, ടീമുകള്‍ ഫീല്‍ഡിലേക്കിറങ്ങുന്ന ദ്യശ്യം. ഓരോ കളിക്കാരനും കൈത്താങ്ങുപോലെ അതോ അയാളെ നയിക്കാനോ ഓരോ കുട്ടികളുടെ അകമ്പടിയോടെയാണ് വരവ്.  തങ്ങളുടെ രാഷ്ട്രത്തിന്റെ ജഴ്‌സി. വരിയായി നിരന്നു നിന്ന് ഇരുകൂട്ടരും തങ്ങളുടെ ദേശീയ പതാകയ്ക്കു മുന്നില്‍ തലകുനിക്കുന്നു. ദേശീയഗാനം പാടുന്നു. അതു കഴിഞ്ഞ് ടീം പാഡ് കെട്ടി ഇടവേളയില്‍ പരസ്യങ്ങള്‍. 
ഈ അഞ്ചു മിനിട്ടിലെ ദ്യശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്കു വരും കാല ഇക്കണോമിക്‌സ് മനസ്സിലാകും. 
ലളിതമാണ്. തുടക്കം. കുട്ടികളാണ് വലിയവരെ നയിക്കുന്നത്.
തങ്ങളുടെ നാടിനെക്കുറിച്ച് അഭിമാനമുണ്ട്. ജഴ്‌സിയും  പതാകയും ദേശീയഗാനവും അവരുടെ അഭിമാനമാണ്. രാഷ്ട്രീയക്കാരുടെയോ ബുദ്ധിജീവികളുടെയോ ജല്‍പ്പനങ്ങള്‍ അവര്‍ മൈന്‍ഡു ചെയ്യാറില്ല. അവര്‍ ഈ കളിക്കാരുടെ  മതമോ ജാതിയോ നിറമോ ഭാഷയോ അന്വേഷിക്കാറില്ല. 
ഏറ്റവും പ്രധാനം അവര്‍ കാണുന്ന പരസ്യങ്ങളാണ്.
സോപ്പും വീടും ബൈക്കും മൊബൈലും മെല്ലെ 
അവരുടെ പ്രയോറിറ്റിയില്‍ നിന്നു മാറി.  
പുതിയ സേവനങ്ങള്‍. പ്രോഡക്ടുകള്‍.
 പേ ടി എം. ആഫീസോ, സേഫ് വാള്‍ട്ടോ, ഇല്ലാത്ത  ബാങ്ക്. 
ഉബര്‍. കാറോ ആഫീസോ ഇല്ലാത്ത യാത്രാ സൗകര്യം.
ബൈജുസ് ആപ്പ്. കെട്ടിടമോ ടീച്ചറോ പുസ്തകമോ ഇല്ലാത്ത സ്‌ക്കൂള്‍. 
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്ന മാറ്റം മാത്രമാണിത്.
ഇതു നാം കാണണം. മനസ്സിലാക്കണം. ഇതിന്റെ ഒരേയൊരു കാരണം കഴിഞ്ഞ ഇരുപതു വര്‍ഷമായി ദിവസം പ്രതിയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്ന  ടെക്‌നോളജിയുടെ സ്വപ്നാതീതമായ കണ്ടുപിടുത്തങ്ങളാണ്. 
മറ്റെല്ലാ മേഖലകളെയും പരോക്ഷമായി ബാധിക്കുന്ന സാമ്പത്തികരംഗത്തിന് ഈ കണ്ടുപിടുത്തങ്ങള്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. 
നമുക്ക് ശരീരത്തിനും മനസ്സിനും വേണ്ടത് ആരോഗ്യമാണ്. അതിന് നല്ല ഭക്ഷണവും നല്ല വാര്‍ത്തകളും മതി. ഒപ്പം നമ്മെ അംഗീകരിക്കുന്ന സമൂഹവും ഉണ്ടായിരിക്കണം. പണ്ട് അതിന് സഹായകമായി ഒരു പരിധിവരെ  കൂട്ടുകുടുംബവും കുലത്തൊഴിലില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥയും ഉണ്ടായിരുന്നു. ഇന്നത് മാറി. ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന മിക്ക സമവാക്യങ്ങളും തൂത്തെറിയപ്പട്ടു കൊണ്ടിരിക്കുകയാണ്. തത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നീതിവ്യവസ്ഥ, സാമൂഹ്യശാസ്ത്രം, എന്നുവേണ്ട, ഭാഷയും കണക്കും കലയും, പോലും ഇന്ന് അനുദിനം പുതിയ അര്‍ത്ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ സുനാമി ശക്തി മാനവസമൂഹത്തിന്റെ നിലനില്‍പ്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലകളായ കുടുംബം, ദൈവസങ്കല്‍പ്പം,  
ഗുരുശിഷ്യബന്ധം ഇവയെപ്പോലും ഉലയ്ക്കും. സംശയമില്ല.  
ഇന്നത്തെ കുട്ടികളാരും നമ്മളെപ്പോലെ രാഷ്ട്രീയം സംസാരിക്കാറില്ല. പക്ഷെ അവര്‍ക്ക് ഇക്കണോമിക്‌സും ലേറ്റസ്റ്റ് ടെക്‌നോളജി കണ്ടുപിടിത്തങ്ങളും കരാട്ടെയും  കുങ്ഫുവും യോഗയും കളികളും സിനിമയും പുസ്തകവും അറിയാം. ടി വിയിലെ വാര്‍ത്തകളും സോഷ്യല്‍ മീഡിയായിലെ ട്രോളിംഗും എല്ലാം പരസ്യം പോലെയേ അവര്‍ കാണുന്നുള്ളു. അഴിമതിയും സ്വാര്‍ത്ഥവും എല്ലാവരിലും അവര്‍ കാണുന്നു. അത് തെറ്റാണെന്ന് അവര്‍ കരുതുന്നില്ല. അവര്‍ക്ക്  ഭാവിയെക്കുറിച്ച് ഭയമില്ല. ഇന്ത്യയെക്കുറിച്ച് അഭിമാനമുണ്ട്. ഒരു ദൈവത്തെപ്പോലെ അവര്‍ ഗാന്ധിജിപ്രതിമയെ കൈകൂപ്പും. ഏറ്റവും അഭിമാനം ഇവര്‍ക്ക് ഇന്ത്യയുടെ ത്രിവര്‍ണ്ണ ചതാകയും ജനഗണമനയുമാണ്. 
എനിക്കു തീര്‍ച്ചയാണ്, നമ്മുടെ പ്രധാനമി ഇതേക്കുറിച്ച് നമ്മെക്കാള്‍ ബോധവാനാണെന്നു മാത്രമല്ല,  അതിന് ഹാര്‍വാര്‍ഡ് ഇക്കണോമിസ്റ്റുകളുടെ കാഴ്ച്ചപ്പാടിനപ്പുറമായി ചില നീക്കങ്ങള്‍ നമ്മുടെ സാമ്പത്തികരംഗത്ത് കൊണ്ടുവരാനും ധൈര്യം  കാട്ടുന്നുവെന്ന. ഡി മോണിട്ടൈസേഷന്‍, ജി എസ് ടി മുതല്‍ ആരും കാര്യമായി ശ്രദ്ധിക്കാത്ത ഈയിടെ ഒപ്പിട്ട ഇന്ത്യയു എ ഇ വാണിജ്യകരാറിലെ ഡോളര്‍ മുക്ത അക്കക്കണക്കുകള്‍ വരെ  ഇതിന് ഉദാഹരണങ്ങളാണ്. 
നമുക്ക് വിശപ്പുണ്ട്. വയറു കായുന്നു. ഭക്ഷണം വേണം. നിവര്‍ത്തിയില്ല. നമ്മള്‍ അത്തരം സമയത്ത് കിട്ടിയത് എന്തായാലും അത് ആര്‍ത്തിയോടെ കഴിക്കും. അപ്പോള്‍ സ്വാദും രുചിയും നോക്കുകില്ല. എന്നാല്‍ അത്ര വിശപ്പില്ലാത്തപ്പോള്‍ അങ്ങിനെയല്ല.  ഊണു കഴിക്കുന്ന സമയമാകുന്നു. ശരി. സാവകാശമുണ്ട്. അപ്പോള്‍ നാം  നമുക്കിഷ്ടപ്പെട്ട ആഹാരം സെലക്ടു ചെയ്യും. 
പക്ഷെ വിശപ്പ് രണ്ടു തരമുണ്ടല്ലോ. ശരീരത്തിന്റെ വിശപ്പിനെക്കാള്‍ നമ്മെ കീഴടക്കിയിട്ടുള്ള മനസ്സിന്റെ വിശപ്പ്. 
അതിനെന്തു ചെയ്യും ?  
ഇപ്പോഴും വായനയും, കളിയും, പാട്ടും, മേളവും, കലയും, യാത്രയും, സിനിമയും, സീരിയലും എല്ലാം വന്നിട്ടും രക്ഷയില്ല. നമ്മുടെ ഒറിജിനല്‍ വിശപ്പിനെ രുചികരമായി 
ഇല്ലാതാക്കാന്‍ ഇവയ്‌ക്കൊന്നിനും കഴിയുന്നില്ല. കാരണം മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ ചരിത്രാതീതകാലം മുതല്‍ നമുക്ക് മനസ്സിന് ഏറ്റവും രുചികരമായ ഭക്ഷണം ഒന്നേ ഉണ്ടായിരുന്നുള്ളു. 
ഗോസിപ്പ്. അപവാദം, മറ്റുള്ളവരെക്കുറിച്ചുള്ള അപവാദം പറയുക. അപവാദം കേള്‍ക്കുക.  
ഗോസിപ്പ് ഇന്ന് ഒരു ടെക്‌നോ മാനേജ്‌മെന്റ് സയന്‍സായി രൂപം പ്രാപിച്ചിരിക്കുകയാണ്. രുചികരമായ ആയിരക്കണക്കിന് ഗോസിപ്പുകളുടെ ഹോം ഡെലിവറി,  പത്രവും റേഡിയോയും ടി വി യും ഇന്‍ര്‍നെറ്റും കൂടി ഏറ്റെടുത്തിരിക്കുകയാണ്. കൂറ്റന്‍ ബുഫെ. നമുക്കു നമ്മുടെ ടേസ്റ്റനുസരിച്ച് തെരഞ്ഞെടുക്കാം. സാമ്പത്തികമേഖലയിലെ മാറ്റങ്ങള്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ അരോചകമല്ലാതാക്കാന്‍ ഈ ഗോസിപ്പ് ഒരു നല്ല മരുന്നാണ്.
നോട്ടു നിരോധനസമയത്തെ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച പലതിനും ഒരു ഗോസിപ്പിന്റെ മണമില്ലേ, നോക്കൂ.
അക്കക്കണക്കുകളും ശരാശരികളും നിരത്തി ഓരോ പൗരനും കിട്ടുന്ന ഡയറക്ട് സാമ്പത്തികെമെച്ചവും കള്ളപ്പണക്കാരെ ഉത്മൂലനം ചെയ്യുമെന്നും  സ്വിസ് ബാങ്ക് കള്ളപ്പണം മുഴുവന്‍ ഉടന്‍  ഇന്ത്യയിലെത്തിക്കുമെന്നും മറ്റുമുള്ള യൂട്ടോപ്പിയന്‍ ഐഡിയാകളും വാസ്തവത്തില്‍ ഗോസിപ്പ് പരിപാടി ആയിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. ആറു ദിവസം ബാങ്കുകള്‍ തൊഴിലാളി സമരവും അവധിയും കാരണം അടച്ചിട്ടപ്പോഴുണ്ടാകാത്ത നിസ്സഹായത ഒരു ദിവസം ബാങ്കുകളില്‍ പുതിയ നോട്ടെത്താന്‍ താമസിച്ചതില്‍ ഇന്ത്യ തകര്‍ന്നു എന്ന മട്ടില്‍ ടെലിവിഷനില്‍ തത്സമയം കാട്ടി.  രാഹുല്‍ ഗാന്ധി വരെ ഈ കെണിയില്‍ വീണു. കീറിയ ജൂബാ പോക്കറ്റു കാട്ടി അദ്ദേഹം താന്‍ ഡി മോണിട്ടൈസേഷന്‍  
കാരണം ദരിദ്രനായി എന്ന കോമിക്ക് രംഗം അഭിനയിച്ചതു വരെ ടി വി യില്‍ നാം കണ്ടു. 
ഇതില്‍ നിന്ന് ഒന്ന് മനസ്സിലാക്കാം. 
വരുംകാല ഇക്കണോമിക്‌സ് ഇന്നുവരെയുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. പക്ഷെ അത് കൂടുതല്‍ സമത്വഭാവനയും സന്തോഷം നല്‍കുന്നതുമായിരിക്കും. ടീമിനെ കളിക്കളത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരുന്ന കുട്ടികളുടെ മുഖമായിരിക്കും അതിന്. കണ്ണാടിക്കൂടിനകത്തിരുന്ന് ഉപദേശിക്കുന്ന എക്‌സ്‌പെര്‍ട്‌സ് മെല്ലെ അപ്രസക്തരാകും. 

Post your comments