Global block

bissplus@gmail.com

Global Menu

കേരളം ഇനി FOOD'S OWN COUNTRY

God's Own Coutnry  ഇനി Food's Own Coutnry ആയി മാറുന്നു.  ഇന്ത്യയില്‍ തന്നെ ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം.  മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയും കേരളമാണ്.  എന്നിരുന്നാലും ഭക്ഷ്യസുരക്ഷാ രംഗം കൂടുതല്‍ മികവുറ്റതാക്കി എല്ലാ പഴുതുകളുമടച്ച് Food's Own Coutnry എന്ന രീതിയില്‍ പ്രിയങ്കരമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വീണ എന്‍. മാധവന്‍, ഐ.എ.എസിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

ഭക്ഷ്യസുരക്ഷാ രംഗത്തെ നൂതന ആശയങ്ങളും കര്‍മ്മപദ്ധതികളും ബിസിനസ്സ് പ്ലസ്സിനായി പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ കമ്മീഷണര്‍ വീണ എന്‍. മാധവന്‍, ഐ.എ.എസ് വിശദീകരിക്കുന്നു.  

 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം എന്തൊക്കെ പുതിയ പ്രോജക്ടുകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്?

കേരളത്തിലെ 140 മണ്ഡലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നല്കുന്നുണ്ട്. Safe and nturitious food at school  എന്നാണ്  പദ്ധതിയുടെ പേര്.  വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യസുരക്ഷയെപ്പറ്റിയുള്ള പരിശീലനം നല്കുക വഴി സ്വയം വീട്ടില്‍ വച്ച് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പരിശോധിച്ച് മായം കണ്ടെത്താന്‍ സഹായിക്കുന്നു. ഈ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ അറിവ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അതുവഴി മാതാപിതാക്കള്‍ക്കും  പകര്‍ന്നു നല്കുന്നു.  വീട്ടില്‍ നിത്യവും ഉപയോഗിക്കുന്ന പാല്, നെയ്യ്, തേന്‍, തേയില തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താനുള്ള എളുപ്പവഴികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.  ഇതിനായി 'പിങ്ക്ബുക്ക്' എന്ന ബുക്ക്‌ലെറ്റും വിതരണം ചെയ്യുന്നുണ്ട്.  ഇതോടുകൂടി വീട്ടില്‍ തന്നെ വളരെ ലളിതമായ രീതിയില്‍ നമ്മുടെ വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കാന്‍ സാധിക്കും.  വിദ്യാര്‍ത്ഥികളില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിയെ ഫുഡ് സേഫ്റ്റി അംബാസിഡറായി തിരഞ്ഞെടുക്കുന്നതായിരിക്കും.

വിദ്യാലയങ്ങളിലും ആശുപത്രിയിലും ഹോസ്റ്റലുകളിലുമൊക്കെ ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ?

ഹോസ്റ്റലുകളും മെസ്സുകളില്‍ നിന്നും ഒട്ടനവധി പരാതികള്‍ ലഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഇടയിലായി സംസ്ഥാനവ്യാപകമായി ഒരു റാന്റം ചെക്കിംഗ് നടത്തുകയുണ്ടായി.  ഇതില്‍ പല സ്ഥാപനങ്ങങ്ങള്‍ക്കും  ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ട് പോകാനുള്ള നോട്ടീസും നല്കുകയുണ്ടായി. ഇനി ഓരോ രണ്ട് മാസം കൂടുമ്പോഴും ഇതില്‍ തുടര്‍ പരിശോധനകള്‍ ഉണ്ടായിരിക്കുന്നതാണ്.  നോട്ടീസ് ലഭിച്ച മെസ്സുകള്‍ ഉടന്‍തന്നെ നവീകരണം നടത്തുകയും നോട്ടീസ് പ്രകാരമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കുകയും ചെയ്തത് നമുക്ക് വളരെ പ്രഛോദനം നല്കുന്നവയാണ്.  കഴിവതും എല്ലാ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ശുചിയായി മുന്നേറാനാണ് ഞങ്ങളും ശ്രമിക്കുന്നത്.

 

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പരിശീലനം സിദ്ധിച്ച ഓഫീസര്‍മാരുടെ കുറവ് അനുഭവപ്പെടാറുണ്ടോ?  ഇത് കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടോ?

ഭക്ഷ്യസുരക്ഷാ  വകുപ്പില്‍ അത്യാവശ്യം വേണ്ട ജോലിക്കാരുടെ എണ്ണത്തില്‍ വലിയ കുറവില്ല എന്ന് വേണം പറയാന്‍.  140 മണ്ഡലങ്ങളിലും ഓരോ എടഛ മാരെ വീതം ഇപ്പോള്‍ പരിശീലനത്തിലാണ്.  ഈ പരിശീലനം പൂര്‍ത്തിയായാല്‍ മാത്രമേ അവര്‍ക്ക് നിയമപരമായ രീതിയിലുള്ള പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും നേതൃത്വം നല്കുവാന്‍ സാധിക്കുകയുള്ളൂ.  അതോടൊപ്പം ഓരോ സ്ഥലത്തേയും പ്രാദേശിക ഉത്സവങ്ങള്‍ക്കും മറ്റും വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.  ഉദാഹരണത്തിന് മാര്‍ച്ച് മാസം തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല, ബീമാപ്പള്ളി ഉറൂസ് എന്നീ ഉത്സവങ്ങള്‍ക്ക്  തിരുവനന്തപുരം ജില്ലയിലെ ഈ ഓഫീസര്‍മാര്‍ക്ക്  പരിശോധനകളും നടപടികളും സ്വീകരിക്കാന്‍ കഴിയും. അതുവഴി നല്ല രീതിയിലുള്ള സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്താന്‍ സാധിക്കുന്നു.  ഇതുപോലെ, എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്താന്‍ ഈ പരിശീലനം പൂര്‍ത്തിയായി വരുന്ന ഓഫീസര്‍മാര്‍ക്ക് സാധിക്കും എന്നത് വലിയ ഒരു കാര്യമായി എടുത്തുപറയേണ്ടതാണ്.

 

അടുത്തിടയായി കൂണുപോലെ വളര്‍ന്ന് വരുന്ന തട്ടുകടകള്‍ എത്ര സുരക്ഷിതമായ ഭക്ഷണമാണ് നല്കുന്നത്? ഇതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാഴ്ചപ്പാട് എന്താണ്?

അടുത്ത കാലത്തായി തട്ടുകടകള്‍ വളരെയധികം കൂടിവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നിരുന്നാലും, ഇത് അവരുടെ ഏക ഉപജീവനമാര്‍ഗ്ഗമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം.  അനേകം കുടുംബങ്ങള്‍ ഇത് വഴി ജീവിക്കുന്നുണ്ട്. എന്നിരുന്നാലും ജനത്തിന് നല്ല ഭക്ഷണം കൊടുക്കുക എന്നത് ഉറപ്പുവരുത്തേണ്ടത് തന്നെയാണ്. തട്ടുകടക്കാരെ ഞങ്ങള്‍ സമീപിച്ച് അവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട്.  അവരുടെ ഉപജീവനമാര്‍ഗ്ഗത്തിന് തടസ്സമുണ്ടാക്കാതെ തന്നെ ശുചിയായി പാകം ചെയ്തു നല്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ നല്കാറുണ്ട്.

പൊതുജനങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന വിധം ഹോട്ടലുകളും തട്ടുകടകളും മറ്റും വൃത്തിയുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായില്ലേ?

തീര്‍ച്ചയായും, അതുതന്നെയാണ് കുറേക്കാലമായി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ആശയം.  1 മുതല്‍ 5 വരെ സ്റ്റാര്‍ റേറ്റിംഗോ അല്ലെങ്കില്‍ പോയിന്റ് അടിസ്ഥാനത്തിലോ ഭക്ഷണശാലകള്‍ വേര്‍തിരിക്കുക.  ഞങ്ങള്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ എത്രമാത്രം പാലിക്കുന്നോ അതനുസരിച്ചുള്ള റേറ്റിംഗ് ആ ഭക്ഷണശാലയ്ക്ക് നല്കും.  ഈ റേറ്റിംഗ് അവരുടെ മെയിന്‍ ബോര്‍ഡില്‍ പേരിന് ചുവടെ ചേര്‍ക്കേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്ല ഹോട്ടലുകളും സുരക്ഷിത ഭക്ഷണവും ലഭിക്കുന്ന ഹോട്ടലുകള്‍ നിസംശയം തിരഞ്ഞെടുക്കാന്‍ സാധിക്കും.   ഇപ്രകാരം വരുമ്പോള്‍ മറ്റ് താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഹോട്ടലുകളും അവരുടെ നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും നല്ല ഭക്ഷണം നല്കാനായി പരിശ്രമിക്കുകയും ചെയ്യും.  ഇതുവഴി അവരുടെ റേറ്റിംഗ് മെച്ചപ്പെടുകയും കൂടുതല്‍ കച്ചവടം ലഭിക്കുകയും ചെയ്യും. വിദേശ ടൂറിസ്റ്റുകള്‍ക്കും മറ്റും ഇത് കേരളത്തിലെ  ഭക്ഷണത്തെപ്പറ്റി കൂടുതല്‍ വിശ്വാസ്യത നല്കാനും ടൂറിസം രംഗത്ത് കൂടുതല്‍ ഉണര്‍വ്വ് നല്കാനും സാധിക്കും.  'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്നത് മാറി 'ഫുഡ്‌സ് ഓണ്‍ കണ്‍ട്രി'  എന്ന ഖ്യാതി കേരളത്തിന് കൈവരിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.  സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ഇത് ഒരു പുതിയ അനുഭവം ആയിരിക്കും.

 

പച്ചക്കറികള്‍, വെളിച്ചെണ്ണ തുടങ്ങി ദിവസേന കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇവ എങ്ങനെയാണ് പ്രായോഗികമായി ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുക? 

ഇന്ത്യ ഒട്ടുക്കും പച്ചക്കറികൃഷിക്ക് ഉപയോഗിക്കാവുന്ന വളങ്ങളും കീടനാശിനികളും ഓരോ തട്ടിലായി വേര്‍തിരിച്ച് അതിന്റെ വിഷാംശത്തിന്റെ തോതനുസരിച്ച് അ,ആ,ഇ ഗ്രൂപ്പുകളായി തരംതിരിക്കുകയും ഇതില്‍ ഏത് ഗ്രൂപ്പില്‍  ഉള്ളത് വരെ സുരക്ഷിതമാണ് എന്ന് രേഖപ്പെടുത്തി ആ ഗ്രൂപ്പിലുള്ള കീടനാശിനികള്‍ മാത്രം ഉപയോഗിക്കാനായി കൃഷിക്കാരെ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.  ഉത്പാദനഘട്ടത്തില്‍ തന്നെ പച്ചക്കറികളിലെ വിഷാംശം കുറച്ച് ഉത്പാദിപ്പിക്കുക എന്നതാണ് ഏക പോംവഴി.  ദിവസേന പല വഴികളിലൂടെ ആയിരക്കണക്കിന് വാഹനങ്ങളിലാണ് പച്ചക്കറികള്‍ കേരളത്തിലെ വിപണിയില്‍ എത്തിച്ചേരുന്നത്.  ഇതെല്ലാം എടുത്ത് ദിവസേന പരിശോധിക്കുക എന്നത് വളരെ ദുര്‍ഘടവും പ്രായോഗികമായി ഇപ്പോഴത്തെ സംവിധാനങ്ങള്‍ വച്ച് അപ്രാപ്യവുമാണ്.  ആയതിനാല്‍ ഇന്ത്യ ഒട്ടുക്ക് ഒരു പൊതു മാര്‍ഗ്ഗരേഖ തയ്യാറാക്കി കൃഷിയിടങ്ങളിലും സംഭരണകേങ്ങളിലും വച്ച് തന്നെ ഗുണനിലവാരം ഉറപ്പാക്കുകയാണ് വേണ്ടത്.  ഇതുപോലെ വെളിച്ചെണ്ണയിലും മായം കലര്‍ത്തി വില്ക്കുന്നു എന്ന പരാതിയും വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇതിന് ഉടന്‍തന്നെ നടപടി ഉണ്ടാവുന്നതാണ്.

ഭക്ഷ്യസുരക്ഷാവകുപ്പ്  സാധാരണ ജനങ്ങളില്‍ നിന്നും അകലം പാലിക്കുന്ന വകുപ്പാണ്  എന്ന് ചിലയിടങ്ങളില്‍ നിന്നെങ്കിലും കേള്‍ക്കാന്‍ ഇടയായിട്ടുണ്ടോ?

ജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് 'ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ്' എന്ന മൂന്ന് മൊബൈല്‍ ലാബ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകളുമായി ഒക്കെ സഹകരിച്ച് ഓരോ പ്രദേശങ്ങളില്‍ ഞങ്ങളുടെ ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബ് ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചേരുകയാണ്.  പാല്‍,  കിണര്‍ വെള്ളം തുടങ്ങി ഭക്ഷ്യവസ്തുക്കള്‍ ഈ ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നോടാനാകും. ഈ കഴിഞ്ഞ ശബരിമല സീസണില്‍ ഈ മൂന്ന് ലാബുകളുടെയും സേവനം അവിടെ ലഭ്യമായിരുന്നു.

  

ഭക്ഷ്യസുരക്ഷാ രംഗത്ത് കേരളം രാജ്യത്തിന് തന്നെ ഒരു മാതൃകയാണ് എന്നത് എത്രമാത്രം സത്യമാണ്?

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.  കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന് കൊണ്ടാണ് പല സംസ്ഥാനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയാണ് ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ എആഛ കളും പൂര്‍ണ്ണമായി രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്ന  ആദ്യ  ജില്ല. മൂവായിരത്തില്‍പരം വരുന്ന ഫുഡ് ബിസിനസ്സ് ഓപ്പറേറ്റേഴ്‌സ് (FBO) എല്ലാവരും തന്നെ പൂര്‍ണ്ണമായി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞിരിക്കുന്നു.  കൊല്ലം ജില്ലയില്‍ വളരെ വലിയ പ്രയത്‌നമാണ് ഇതിന് പിന്നിലുള്ളത്.  പക്ഷെ, ഇത് കേരളത്തിന് നേടിക്കൊടുത്ത ഖ്യാതി വളരെ വലുതാണ്. കേരളത്തിന് പിന്നാലെ തമിഴ്‌നാടും നല്ല രീതിയില്‍ ഭക്ഷ്യസുരക്ഷാരംഗത്ത് കുതിപ്പ് തുടരുന്ന ഒരു സംസ്ഥാനമാണ്. 

 

ഭക്ഷ്യസുരക്ഷാരംഗത്തിന്റെ തലപ്പന്ത് ഇരിക്കുമ്പോള്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്കാനുള്ളത്?

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്.  നിരന്തരമായ ശ്രമഫലങ്ങളിലൂടെയും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും കേരളത്തിലെ ജനങ്ങള്‍ക്ക്  സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.  ഇത് ഏറെക്കുറെ ജനങ്ങള്‍ക്ക് അനുഭവത്തില്‍ വരുകയും ചെയ്തിട്ടുണ്ട്.  പക്ഷെ, മാറ്റങ്ങളും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നടപടികളും വരുംകാലങ്ങളില്‍ ഊര്‍ജ്ജിതമായി തുടരും. ഭക്ഷ്യസുരക്ഷാ വകുപ്പിനെ സംബന്ധിച്ചിടത്തോളം കേരളം എത്രയും വേഗം 'ഫുഡ്‌സ് ഓണ്‍ കണ്‍ട്രി'യായി മാറണം എന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ മുന്നേറുന്നത് അതിന് എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.   

 

ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇനി ഏതൊരു ഉപഭോക്താവിനും വിശ്വാസ്യത ഉറപ്പാക്കി വാങ്ങാന്‍ സാധിക്കും.  ''ജൈവിക് ഭാരത്'' എന്ന ലോഗോ ആലേഖനം ചെയ്ത് വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ കണ്ടാല്‍ ഇനി കണ്ണും അടച്ച് അത് വാങ്ങാം.  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്പാദിപ്പിക്കുന്ന ജൈവ വിളകള്‍ക്ക് മാത്രമേ 'ഓര്‍ഗാനിക്ക്' എന്ന പേരില്‍ ഇനി വില്പന നടത്താന്‍ സാധിക്കു.  ഇതോടുകൂടി ഓര്‍ഗാനിക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന എല്ലാ കാര്‍ഷിക വിപണനക്കാര്‍ക്കും പൂട്ടു വീഴുകയാണ്.  യതാര്‍ത്ഥ ജൈവ വിളകള്‍ മാത്രമേ ഇനി ''ജൈവിക് ഭാരത്'' എന്ന ലോഗോയില്‍ വില്‍പ്പനക്ക് എത്തുകയുള്ളു.  വിഷാംശ മുക്തമായ ഭക്ഷണം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം''

 

ശ്രീ. കെ. അനില്‍കുമാര്‍

ജോ.കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് 

Post your comments