Global block

bissplus@gmail.com

Global Menu

സൈനിക് സ്‌കൂള്‍ കേരളത്തിന്റെ അഭിമാനം

ബോര്‍ഡറില്‍ നടക്കുന്ന യുദ്ധങ്ങള്‍ പോലെ അതിപ്രധാനമാണ് നിത്യജീവിതത്തിലുള്ള ചലഞ്ചുകളും. അവയൊക്കെ അതിജീവിച്ച് നിലനില്‍ക്കണമെങ്കില്‍ നിങ്ങള്‍ക്ക് ശക്തമായ ഒരു അടിത്തറ ആവശ്യമാണ്. അതിനു യോജിച്ച വിധം മികച്ച രീതിയില്‍ കുട്ടികളെ അതിന് പ്രാപ്തരാക്കുക. ദേശസ്‌നേഹമുള്ള പൗരബോധമുള്ള കുട്ടികളെ അച്ചില്‍ വാര്‍ത്തെടുക്കുക എന്നതാണ് സൈനിക് സ്‌കൂളിന്റെ പ്രധാന ലക്ഷ്യം. ഒരു കുട്ടിയില്‍ നിന്നും മികച്ച ഒരു പൗരനെ വാര്‍ത്തെടുക്കുക. ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ മേക്കിംഗ് എ ജന്റില്‍മാന്‍ ഔട്ട് ഓഫ് ബോയ് എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
കേരളത്തിലെ ഏക സൈനിക് സ്‌കൂളാണ് കഴക്കൂട്ടം സൈനിക് സ്‌കൂള്‍. പഠന നിലവാരത്തിലും കുട്ടികളുടെ വ്യക്തിത്വവികസനത്തിലും രാജ്യത്തിന് തന്നെ മാതൃകയാണ് ഈ സൈനിക് സ്‌കൂള്‍. സൈനിക് സ്‌കൂളില്‍ എങ്ങനെ പ്രവേശനം നേടാം എന്നതിനെക്കുറിച്ചും പാഠ്യ പദ്ധതികളെക്കുറിച്ചും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസിനെക്കുറിച്ചും സ്‌കൂളിന്റെ പ്രിന്‍സിപ്പലും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായ കേണല്‍ എ രാജീവ് ബിസിനസ് പ്ലസിനോട് മനസ്സു തുറക്കുന്നു.
സൈനിക സ്‌കൂള്‍ എന്ന ആശയം ഉടലെടുത്തതിനെക്കുറിച്ചും അതിന്റെ പ്രാരംഭ കാലഘട്ടത്തെക്കുറിച്ചും വിശദമാക്കാമോ ? 
1961 ല്‍ അന്നത്തെ പ്രതിരോധമിയായിരുന്ന വി കെ കൃഷ്ണമേനോന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് സൈനിക് സ്‌കൂള്‍.  അദ്ദേഹം അക്കാലത്ത് ആര്‍മ്ഡ് ഫോഴ്‌സിന്റെ കാറ്റഗറൈസേഷന്‍ നോക്കിയപ്പോള്‍ കൂടുതലും നോര്‍ത്ത് ഇന്ത്യന്‍സായിരുന്നു  ഉണ്ടായിരുന്നത്. അതിനുള്ള പ്രധാന കാരണം സൗത്തില്‍ അതിനു വേണ്ട രീതിയിലുള്ള വ്യക്തമായ അവബോധമില്ലാത്തതായിരുന്നു.   കുട്ടികള്‍ക്ക് കൃത്യമായ ഒരു ബോധവല്‍ക്കരണം ഉണ്ടാക്കുക. സേനയിലേക്ക് കുട്ടികളെ സന്നദ്ധരാക്കാനായി ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഓരോ സൈനിക് സ്‌കൂള്‍ തുടങ്ങാനുള്ള ആശയമായിരുന്നു ആദ്ദേഹത്തിന്റേത്. അഞ്ചു സൈനിക സ്‌കൂളില്‍ നിന്നും തുടങ്ങി പതിമൂന്നിലേക്കും പതിനെട്ടിലേക്കും ഇപ്പോള്‍ 27ലേക്കും എത്തിനില്‍ക്കുന്ന ഒരു പ്രസ്ഥാനമാണിത്. 
ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി സൈനിക് സ്‌കൂളുകള്‍ ഉണ്ട്. ചില സംസ്ഥാനങ്ങളില്‍ രണ്ടും ചിലയിടങ്ങളില്‍ മൂന്നും സൈനിക സ്‌കൂളുകളുണ്ട്. കേരളത്തില്‍ ഒന്നേയുള്ളൂ. കര്‍ണാടകയിലും  ആയിലും രണ്ടെണ്ണം വീതമുണ്ട്. കേരളത്തിലെ ഏക സൈനിക സ്‌കൂള്‍ കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്നു. ആറാം ക്ലാസിലും ഒമ്പതാം ക്ലാസിലുമായി ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുണ്ട്. പഠനം മാത്രമല്ല വ്യക്തിത്വവികസനവും ഈ സ്‌കൂളിന്റെ വളരെ വലിയ പ്രത്യേകതയാണ്. ദേശസ്‌നേഹമുള്ള ദേശീയബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് വളരെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്കു നല്‍കുക ഇവയെല്ലാം ഈ സൈനിക സ്‌കൂളിെ പ്രത്യേകതയാണ്. ദേശസേവനം എന്നതിലുപരി ദേശസ്‌നേഹം വളര്‍ത്തിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. 
സൈനിക് സ്‌കൂളില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി ഇതിന്റെ പ്രവേശന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വയ്ക്കാമോ ?
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സൈനിക് സ്‌കൂളിലേക്കുള്ള പ്രവേശനം. ആറാം ക്ലാസ്സിലേക്കും ഒമ്പതാം ക്ലാസിലേയ്ക്കുമാണ് പ്രവേശനപരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്. ദേശീയതലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സൈനിക സ്‌കൂളിലേക്കുള്ള പ്രവേശനം. ആറാം ക്ലാസ്സ് മുതല്‍ പണ്ടാം ക്ലാസ് വരെയാണ് ഇവിടെ ക്ലാസ്സുകള്‍ നടക്കുന്നത്.  ആറാം ക്ലാസിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കുമുള്ള പ്രവേശന പരീക്ഷകള്‍ ഉണ്ട്. ഇആടഋ അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിത്.
പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന കുട്ടികളെ അഭിമുഖത്തിന് ക്ഷണിക്കും. കേരളത്തിലെ മൂന്ന് സെന്ററുകളിലാണ് അഭിമുഖം നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്.  ശാരീരികക്ഷമതാ പരീക്ഷക്കും ശേഷമാകും സ്‌കൂളിലേക്കുള്ള പ്രവേശനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വേണ്ട മെഡിക്കല്‍ ഫിറ്റ്‌നസ് ആ കുട്ടിക്ക് ഉണ്ടോ എന്നതും ഇതിലൂടെ അറിയുവാന്‍ സാധിക്കും. ഈ സ്‌ക്കൂളില്‍ പാഠ്യ വിഷയങ്ങള്‍ക്ക് പുറമേ സ്‌പോര്‍ട്‌സ്, വ്യക്തിത്വ വികസനം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു. ദേശസേവനം സൈനികന്റെ തോളില്‍ നിര്‍വ്വഹിക്കുവാന്‍ ആഗ്രഹമുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പ്രവേശനത്തിനായി എത്തുന്നത്.
പഠന രീതികളെക്കുറിച്ചും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസിനെക്കുറിച്ചും വിശദമാക്കാമോ ?
സൈനിക് സ്‌കൂളിനെ സംബന്ധിച്ചടുത്തോളം അക്കാദമിക് മാത്രമല്ല ഏറ്റവും പ്രധാനം. അതിനേക്കാളുപരി പഠനനേതര കാര്യങ്ങള്‍ക്കും വളരെ വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.  ഇവിടെ പണ്ടാം ക്ലാസില്‍ നിന്നും പാസാവുന്ന ഒരു കുട്ടി പഠനത്തില്‍ ഏറ്റവും മികവ് തെളിയിക്കുന്ന കുട്ടിയായിക്കണം.  ഏതെങ്കിലുമൊരു സ്‌പോര്‍ട്‌സിലും മികവ് തെളിയിക്കാന്‍ കഴിയുന്ന കുട്ടിയായിരിക്കണം. വളരെ വലിയ ഒരു ജനക്കൂട്ടത്തിനു മുന്നില്‍ നിന്ന് സംസാരിക്കാന്‍ പ്രാപ്തി ഉള്ളതായിരിക്കണം. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ പരിപൂര്‍ണ്ണമായ ഒരു വ്യക്തിത്വവികാസമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.  
സ്‌കൂളില്‍ വളരെ വിപുലമായ രീതിയിലുള്ള ലാന്‍ഡ് ഉണ്ട്.  ഫുട്‌ബോള്‍ മൈതാനങ്ങള്‍, ഹോക്കി മൈതാനങ്ങള്‍, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, വോളിബോള്‍ കോര്‍ട്ടുകള്‍,സ്വിമ്മിങ് പൂള്‍ ഇവയെല്ലാമുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഏതു സ്‌പോര്‍ട്ടും പരിശീലിക്കുവാനുള്ള സൗകര്യമുണ്ട്. അതിവിപുലമായ രീതിയിലുള്ള ഓഡിറ്റോറിയവും സ്‌കൂളിനുണ്ട്. ഇവയെല്ലാം കുട്ടികള്‍ക്ക് നല്‍കുന്നത് ഒരു ഓള്‍ റൗണ്ടര്‍ രീതിയിലുള്ള പരിശീലനങ്ങളാണ്. ഈ പരിശീലനങ്ങളാണ് അവരെ പല മേഖലകളിലും മികവ് നേടുവാന്‍ പ്രാപ്തരാക്കുന്നത്. 
സൈനിക സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങി ജീവിതത്തില്‍ വലിയ വിജയം നേടിയ പ്രഗത്ഭരായ വ്യക്തികളെക്കുറിച്ച് ?
രാജ്യം പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ച നിരവധി ധീര ജവാന്മാരെ സൈന്യത്തിലേക്ക് നല്‍കുവാന്‍ കഴക്കൂട്ടം സൈനിക് സ്‌കൂളിനു സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ വൈസ് ചീഫ്  ലെഫ്റ്റനന്റ്  ജനറല്‍ ശരത് ചന്ദ്, ഇന്ത്യന്‍ നേവി വൈസ് അഡ്മിറല്‍ അജിത്ത്  (Vice Chief of Naval Staff), കേണല്‍ എന്‍ ജെ നായര്‍ (അശോക് ചക്ര, കീര്‍ത്തി ചക്ര),  ക്യാപ്റ്റന്‍ ആര്‍. ഹര്‍ഷന്‍ (അശോക് ചക്ര) ഇവരൊക്കെ ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയതാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങിയ മറ്റു മേഖലകളില്‍ പ്രശസ്തരായ വ്യക്തികളും നിരവധിയാണ്. സിനിമ നടന്‍ പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിനിമാ സംവിധായകന്‍ രാജീവ്‌നാഥ് ഇവരും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.  
കാര്‍ഗില്‍ യുദ്ധകാലത്തെ താങ്കളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കാമോ  
ഏതൊരു സോള്‍ജിയറിന്റെയും സ്വപ്നമാണ് അവന്‍ നേടുന്ന സ്‌കില്ലുകള്‍, ട്രെയിനിങ് ഇതൊക്കെ എവിടെയെങ്കിലും മാറ്റുരച്ച് നോക്കുവാന്‍ കിട്ടുന്ന ഒരു അവസരം. ആരും ഒരു യുദ്ധത്തിനായി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു അവസരം കിട്ടുന്നത് വളരെ വലിയൊരു അനുഗ്രഹമായിരുന്നു. കാര്‍ഗില്‍ അനുഭവങ്ങളും ഇത്തരത്തിലുള്ളതാണ്. ആദ്യഘട്ടത്തില്‍ അതൊരു വലിയ യുദ്ധമായി തിരിച്ചറിഞ്ഞിരുന്നില്ല. പാക്കിസ്ഥാന്‍ ആര്‍മിയാണ് ഇതിനു പിന്നിലുള്ളതെന്നും മനസ്സിലാക്കിയിരുന്നില്ല. മിലിറ്റന്‍സോ ഇല്ലെങ്കില്‍ ആന്റി സോഷ്യല്‍ എലെമെന്റ്‌സ് ആയിരിക്കാം ഇതിനു പിന്നിലെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ഈ യുദ്ധത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കുന്നത്. 
ആ പ്രദേശമാകെ കൂറ്റന്‍ മലകളാണ്. സാധാരണ കാണുന്ന വിധമുള്ള ചെറിയ കുന്നുകളോ മലകളോ അല്ല. മരങ്ങള്‍ തീരെ കുറവാണ്. ഒരു പ്രൊട്ടക്ഷനായി പാറകള്‍ മാത്രമാണുള്ളത്. ശത്രു മുകളിലാണുള്ളത്. ആഡ്വാന്റേജ് കൂടുതലും ശത്രുവിനാണ്. മുകളിലുള്ള ശത്രുവിന് താഴെയുള്ളവരെ വളരെ എളുപ്പത്തില്‍ സ്‌പോട്ട് ചെയ്യുവാനും ആക്രമിക്കുവാനും സാധിക്കും. ഇത്തരത്തില്‍ ദുഷ്‌കരമായ മല കയറി ശത്രുവിനെ ആക്രമിച്ചു കീഴടക്കുക എന്നതിലായിരുന്നു നമ്മുടെ സോള്‍ജിയേഴ്‌സിന്റെ ധീരതയും പാടവവും. ട്രെയിനിങ്ങില്‍ എന്തൊക്കെ പഠിച്ചിട്ടുണ്ടോ അതിന്റെ ഒക്കെ ഒരു ടെസ്റ്റ് ആയിരുന്നു അത്. ഇന്ത്യന്‍ ആര്‍മിയുടെ അഭിമാനകരമായ ഒരു പോരാട്ടമായിരുന്നു അത്.  കാലങ്ങള്‍ക്കിപ്പുറവും മനസ്സില്‍ മായാതെ തിങ്ങി നില്‍ക്കുന്നതാണ് കാര്‍ഗില്‍ ഓര്‍മ്മകള്‍. 

 

 

Post your comments