തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാകാത്ത സേവിങ് അക്കൗണ്ടുകൾ ക്ലോസ് ചെയ്‌താൽ എസ്ബിഐ പിഴ ഈടാക്കും. ഒരു വർഷത്തിന് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ഇടപാടുകാരിൽ നിന്ന് 1145 രൂപയാണ് എസ്ബിഐ പിഴയായി ഈടാക്കുന്നത്.
ഇടപാട് സമയങ്ങളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതിരിക്കുക, നിശ്ചിത തവണയിൽ അധികം പ്രാവശ്യം അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുക തുടങ്ങിയവയിലൂടെ ഇടപാടുകാരന് പിഴ വന്നിട്ടുണ്ടെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന അവസരത്തിൽ ബാങ്ക് ഇടപാടുകാരിൽ നിന്ന് ആ തുക ഈടാക്കും. എസ്ബിഐ-എസ്ബിടി ലയനത്തോടെ പുതുക്കിയ സേവന നിരക്കുകളെല്ലാം തന്നെ ഈ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്നു കഴിഞ്ഞു. ഇത് എസ്ബിടി ശാഖകൾക്കും ബാധകമാണ്.
നിലവിൽ ഒരു ഇടപാടുകാരന് ഒരു ബാങ്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ പാടില്ല. ഈ നിയമം അനുസരിച്ച് എസ്ബിഐ-എസ്ബിടി ലയനം വന്നതോടെ എസ്ബിടി അക്കൗണ്ടുകൾ ക്ലോസ് ചെയ്ത ഇടപാടുകാർക്കും എസ്ബിഐ യുടെ നിരക്ക് അനുസരിച്ച് പിഴ ഈടാക്കുന്നതാണ്. എസ്ബിഐയുടെ ഈ പുതിയ നിയമങ്ങൾ ഇടപാടുകാർക്ക് തിരിച്ചടിയാണെന്ന് ആരോപണമുണ്ട്.
Post your comments