പാലക്കാട്: ഏപ്രിൽ ഒന്ന് മുതൽ എടിഎം കൗണ്ടറുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ട് പണം നിറയ്ക്കും. നിലവിൽ സ്വകാര്യ ഏജൻസികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത്. എന്നാൽ സ്വകാര്യ ഏജൻസികൾ കൗണ്ടറിൽ പണം നിറയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് ബാങ്ക് തന്നെ നേരിട്ട് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബ്രാഞ്ചിന്റെ രണ്ടര കിലോമീറ്റർ പരിധിയിൽ വരുന്ന എടിഎമ്മുകളിലും, ബ്രാഞ്ചിനോട് ചേർന്നുള്ള എടിഎമ്മുകളിലും ബാങ്ക് ജീവനക്കാർ തന്നെ പണം നിറയ്ക്കും. എന്നാൽ ബാങ്ക് ജീവനക്കാർക്ക് വളരെ വേഗം എത്താൻ കഴിയാത്ത ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ സ്വകാര്യ ഏജൻസികൾ തന്നെ തുടർന്നും എടിഎമ്മുകളിൽ പണം നിറയ്ക്കും.
ഇടപാടുകാർക്ക് ആവശ്യത്തിന് പണം എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കറൻസി ചെസ്റ്റുകളിൽ നിന്ന് സ്വകാര്യ ഏജൻസികൾക്ക് അനുവദിക്കുന്ന പണം കൃത്യമായ രീതിയിൽ എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്നില്ല എന്ന് ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പണം നിറയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഏജൻസികളെ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്ബിടിയുമായി ലയിക്കുന്നതോടെ ബാങ്കിൽ ജീവനക്കാരുടെ എണ്ണം വർദ്ധിക്കും. സ്വകാര്യ ഏജൻസികളെ പൂർണ്ണമായും ഒഴിവാക്കാനുള്ള തീരുമാനത്തിന് ഇതും ഒരു കാരണമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Post your comments