ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമം പാലിക്കാത്ത ധനകാര്യസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താന്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ നടപടിയെടുക്കുന്നു.
രാജ്യത്തെ 9,491 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ (എന്‍.ബി.എഫ്.സി.) 'ഏറ്റവുമധികം നഷ്ടസാധ്യതയുള്ള' വിഭാഗത്തില്‍ പെടുത്തി കേന്ദ്ര ധനമന്ത്രാലയം പട്ടിക പുറത്തിറക്കി.
കള്ളപ്പണ നിരോധന നിയമം അനുസരിച്ച് എല്ലാ എന്‍.ബി.എഫ്.സി.കളും ഇതിനായി പ്രിന്‍സിപ്പല്‍ ഓഫീസറെ നിയമിക്കണം. കൂടാതെ, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ അറിയിക്കുകയും വേണം. ഇതു പാലിക്കാത്തതിന്റെ പേരിലാണ് നടപടി.
നോട്ട് നിരോധന സമയത്ത് പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ സഹകരണ സംഘങ്ങള്‍ക്കെതിരേ ആദായ നികുതി വകുപ്പ് നടപടി കൈക്കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. രാജ്യത്തെ മൊത്തം എന്‍.ബി.എഫ്.സി.കളില്‍ 82 ശതമാനത്തെയും ഇപ്പോഴത്തെ നടപടി ബാധിക്കാനിടയുണ്ട്. 2017 സെപ്റ്റംബറിലെ കണക്ക് പ്രകാരം രാജ്യത്ത് 11,469 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് ഉള്ളത്.
നിലവില്‍ നടപടി നേരിടുന്ന കമ്പനികളില്‍ മൂഡീസ് ഇന്‍വെസ്റ്റ്മെന്റ്, അദാനി ക്യാപ്പിറ്റല്‍, ഉപാസന ഫിനാന്‍സ്, ഡി.എല്‍.എഫ്. ഫിന്‍വെസ്റ്റ് തുടങ്ങിയ ഒട്ടേറെ പ്രമുഖ കമ്പനികളും ഉള്‍പ്പെടുന്നു.
എന്‍.ബി.എഫ്.സി. ഇടപാടുകാര്‍ക്കുള്ള പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കാനുള്ള റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
Post your comments