ന്യൂഡൽഹി: പുതിയ നോട്ടുകളിൽ പേന കൊണ്ടോ, മറ്റോ എഴുതിയിട്ടുണ്ടെങ്കിലും അവ സ്വീകരിക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശം നൽകി.
രണ്ടായിരത്തിന്റെയും, അഞ്ഞൂറിന്റെയും പുതിയ നോട്ടുകളിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെങ്കിൽ ആ നോട്ടുകൾ സ്വീകരിക്കില്ല എന്ന നിലപാടാണ് ബാങ്കുകൾ നിലവിൽ എടുത്തിരുന്നത്. എന്നാൽ, ഈ നിലപാടിനെ റിസർവ് ബാങ്ക് ചോദ്യം ചെയ്തു. ഇനി മുതൽ ബാങ്ക് ഇടപാടുകൾക്ക് എഴുതിയ നോട്ടുകളും സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും പുതിയ നോട്ടുകളിൽ പേന കൊണ്ട് എഴുതിയാൽ സ്വീകരിക്കില്ലെന്ന ബാങ്കുകളുടെ തീരുമാനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.
പേന കൊണ്ട് എഴുതിയ നോട്ടുകൾ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചില്ലെങ്കിൽ ബാങ്കുകൾ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് റിസർവ് ബാങ്ക് പ്രസ്താവനക്കുറിപ്പിൽ അറിയിച്ചു.
എന്നാൽ നോട്ടുകളിൽ എഴുതുന്നത് റിസർവ് ബാങ്കിന്റെ ക്ലീൻ നോട്ട് പോളിസിയ്ക്ക് എതിരാണെന്നും, അതിനാൽ ഇനി മുതൽ നോട്ടുകളിൽ എഴുതരുതെന്നും ബാങ്ക് ഉദ്യോഗസ്ഥർക്കും, ഇടപാടുകാർക്കും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. ഇടപാടുകാർക്ക് പഴകിയ നോട്ടുകൾ ബാങ്കുകൾ വഴി മാറ്റിയെടുക്കുവാനാണ് 2001-ൽ കേന്ദ്രസർക്കാർ ക്ലീൻ നോട്ട് പോളിസി കൊണ്ടു വന്നത്.
Post your comments