ന്യൂഡൽഹി: ആവശ്യക്കാരനെ തേടി പെട്രോളിയം ഉത്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന് കേന്ദ്രം പെട്രോളിയം മന്ത്രാലയം പദ്ധതിയിടുന്നു. പെട്രോൾ പമ്പുകളുടെ നീണ്ട ക്യൂ ഒഴിവാക്കാനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ആവശ്യക്കാരന് മുൻകൂട്ടി ഓർഡർ ചെയ്യുന്നതിന് അനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങൾ വീടുകളിലെത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി. ദൈനംദിനം 35 കോടി ഉപഭോക്താക്കളാണ് പെട്രോൾ , ഡീസൽ തുടങ്ങിയവയ്ക്ക് വേണ്ടി പമ്പുകളെ ആശ്രയിക്കുന്നത്. ഇതുമൂലം ഉണ്ടാവുന്ന തിരക്കും, സമയ നഷ്ടവുമാണ് ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ സർക്കാരിന് പ്രേരകമായത്. ഉത്പന്നങ്ങൾ ബുക്ക് ചെയ്യുന്ന സംവിധാനം നിലവിൽ വന്നാൽ ഉപഭോക്താക്കളുടെ സമയം ലാഭിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ പദ്ധതി പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഔദ്യോഗികമായി സർക്കാർ പുറത്തുവിട്ടില്ല.
ലോകവിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് വരുന്ന വിലമാറ്റത്തിനനുസരിച്ച് രാജ്യത്ത് അഞ്ച് നഗരങ്ങളിൽ മെയ് ഒന്ന് മുതൽ ദിനവും പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറിക്കൊണ്ടിരിക്കുന്ന രീതി നടപ്പാക്കും . ആഗോളതലത്തിൽ പെട്രോൾ ഉപഭോഗത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്.
Post your comments