ന്യൂഡൽഹി : ഇനി മുതൽ 2000 രൂപയിൽ താഴെയുള്ള ചെക്ക് ഇടപാടുകൾക്ക് പിഴ ഈടാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് സ്ഥാപനം എസ്ബിഐ കാർഡ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപയോ അതിൽ കുറഞ്ഞ തുകയുടേയോ ഇടപാടുകൾ ചെക്ക് വഴിയാണ് നടത്തുന്നതെങ്കിൽ 100 രൂപ പിഴ ഈടാക്കുന്നതാണ്.
ഏപ്രിൽ ഒന്ന് മുതലുള്ള ഇടപാടുകൾക്ക് ഈ പുതിയ നിയമം ബാധകമാകുമെന്ന് എസ്.ബി.ഐ കാർഡ് അറിയിച്ചു. 2000 രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകൾക്ക് പിഴ ഉണ്ടാവുന്നതല്ല. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ നീക്കം. ചെറിയ തുകയുടെ ചെക്ക് ഇടപാടുകൾ സംബന്ധിച്ച് നിരവധി പരാതികൾ നിലവിൽ ഉണ്ട്.
മാത്രവുമല്ല ഉപഭോക്താക്കളുടെ ഇത്തരം ചെക്കുകൾ മാറുന്നതിന് വരുന്ന കാലതാമസവും നിരവധി ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കുവാനും കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനും ഈ പുതിയ നിയമം നടപ്പാക്കുന്നത്.
ഇന്ത്യയിൽ 90 ശതമാനം ആളുകളും ഡിജിറ്റൽ സംവിധാനത്തെ ആശ്രയിച്ചാണ് പണമിടപാടുകൾ നടത്തുന്നതെന്ന് എസ്.ബി.ഐ.കാര്‍ഡ് സി.ഇ.ഒ. വിജയ് ജസൂജ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജി.ഇ.കാപ്പിറ്റലും കൈകോർത്ത് നടപ്പാക്കുന്ന സംരംഭമാണ് എസ്.ബി.ഐ കാർഡ്. ഇതിന് രാജ്യത്ത് നിലവിൽ 40 ലക്ഷത്തോളം അംഗങ്ങളാണ് ഉള്ളത്.
Post your comments