മെൽബൺ: വിദേശ തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന 457 വിസ ഓസ്ട്രേലിയ നിർത്തലാക്കി. ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന വിസയാണിത്. 457 വിസ നിർത്തലാക്കി കൊണ്ടുള്ള ഓസ്ട്രേലിയയുടെ തീരുമാനം ഇന്ത്യക്കാരെ സാരമായി ബാധിക്കും.
ഓസ്ട്രേലിയയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്‌മ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു നടപടി കൈക്കൊണ്ടത്. എന്നാൽ കഴിവുറ്റ സ്വദേശി തൊഴിലാളികളെ ലഭ്യമാകാതെ വരുന്ന സാഹചര്യങ്ങളിൽ വിദേശ തൊഴിലാളികളെ പരിഗണിക്കാവുന്നതാണ്. ഇനി മുതൽ ജോലികളിൽ ഓസ്‌ട്രേലിയൻ പൗരന്മാർക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടോൺബുൾ അറിയിച്ചു. ഈ തീരുമാനം രാജ്യത്തിൻറെ മുഴുവൻ താത്പ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ 457 വിസ നിർത്തലാക്കുമ്പോൾ പകരം വരുന്ന വിസയിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ മേഖലകൾ പരിമിതപ്പെടുത്തും. എന്നാൽ പ്രഗത്ഭരായ വിദേശ തൊഴിലാളികളെ രാജ്യം എപ്പോഴും സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വിസയിൽ കൂടുതൽ നിബന്ധനകൾ കൊണ്ടുവരും. നിലവിൽ ഓസ്‌ട്രേലിയയിൽ 457 വിസയുടെ സഹായത്തോടെ 95,000 വിദേശികൾ ജോലി ചെയ്യുന്നുണ്ട്.
Post your comments