മുംബൈ: ദുബായിലെ ബുർജ് ഖലീഫയേക്കാൾ ഉയരം കൂടിയ കെട്ടിടം മുംബൈയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നു. മുംബൈ തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുക. ഇക്കാര്യം കേന്ദ്ര ഷിപ്പിംഗ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് അറിയിച്ചത്. ഈ സ്വപ്ന പദ്ധതിയുടെ വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇനി സർക്കാരിന്റെ അനുമതി ലഭിച്ചാൽ പദ്ധതി ആരംഭിക്കും.
മുംബൈ തുറമുഖ ട്രസ്റ്റിന്റെ കീഴിലുള്ള 500 ഹെക്ടർ പ്രദേശത്ത് നടത്തുന്ന വികസനത്തിന്റെ ഭാഗമായിട്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കാനായി ഒരുങ്ങുന്നത്. നിലവിൽ 163 നിലകളുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെക്കാൾ ഉയരമുള്ള കെട്ടിടമാകും ഇവിടെ പണികഴിപ്പിക്കുക.
തുറമുഖ വികസനത്തോടൊപ്പം തന്നെ കൺവെൻഷൻ സെന്ററുകൾ, വിവിധ ഓഫീസുകൾ, കച്ചവടസ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയും ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
കൂടാതെ നിലവിൽ മുംബൈയിലുള്ള മറൈൻ ഡ്രൈവിനേക്കാൾ മൂന്നിരട്ടി വലുപ്പത്തിലുള്ള പുതിയ നടപ്പാതയും ഇവിടെ പണികഴിപ്പിക്കും. ഇതിനോടകം തന്നെ പദ്ധതിയുടെ പ്രധാന രൂപരേഖ തയ്യാറാക്കാൻ വിവിധ കൺസൾട്ടിങ്ങ് സ്ഥാപനങ്ങളിൽ നിന്ന് ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
Post your comments