മുംബൈ : രാജ്യത്തെ പ്രമുഖ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 900 വിമാന സർവ്വീസ് നടത്തിയാണ് ഇൻഡിഗോ ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാന കമ്പനിയാണ് ഇൻഡിഗോ.
ഭുവനേശ്വര്‍-ചെന്നൈ റൂട്ടില്‍ സർവീസ് നടത്തിയ എയര്‍ബസ്-എ 320 (6E756) എന്ന വിമാനമാണ് ഇൻഡിഗോയ്ക്ക് ഈ നേട്ടം പൂർത്തീകരിക്കുവാനായി സഹായിച്ചത്. ഈ നേട്ടം വളരെ അഭിമാനാർഹമാണെന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് അറിയിച്ചു. അധികം വൈകാതെ തന്നെ ഒരു ദിവസം 1000 വിമാനങ്ങളുടെ സർവ്വീസ് നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നേട്ടം കൈവരിച്ചത്തോടെ ഇൻഡിഗോയുടെ വിമാന സർവ്വീസ് ജെറ്റ് എയർവേയ്സ്, സ്‌പൈസ് ജെറ്റ് എന്നിവയുടെ ആകെ വിമാന സർവ്വീസുകളുടെ അടുത്തെത്തിയിരിക്കുകയാണ്. നിലവിൽ പ്രതിദിനം ജെറ്റ് എയർവേയ്സ് 650,സ്‌പൈസ് ജെറ്റ് 343 എന്നിങ്ങനെയാണ് വിമാന സർവ്വീസുകൾ നടത്തുന്നത്.
Post your comments