മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ കമ്പനിയായ ഹിന്ദുസ്ഥാൻ യുണിലിവർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാനായി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ചിലവ് കുറച്ച് ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജീവനക്കാരെ പിരിച്ചു വിടാൻ കമ്പനി തയ്യാറെടുക്കുന്നത്.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മാതൃസ്ഥാപനമായ യൂണിലിവറിന്റെ ആഗോളതലത്തിലുള്ള പുതിയ നയമാണ് കമ്പനിയിൽ നിന്ന് ജീവനക്കരെ പിരിച്ചുവിടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാർഷിക റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ കീഴിൽ 18,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇതിൽ 1500-ലധികം പേർ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്നവരാണ്. സി.ഇ.ഒ, വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ, അസിറ്റന്റ് മാനേജർ, ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് കമ്പനിയിലെ ജീവനക്കാരുടെ ഘടന.
വ്യാഴാഴ്ച്ച കമ്പനി പുറത്ത് വിട്ട ബിസിനസ് അവലോകനത്തിലാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം പരാമർശിച്ചിരിക്കുന്നത്. കൂടുതൽ രാജ്യങ്ങളിൽ കമ്പനിയുടെ ഉത്പ്പന്നങ്ങൾ വ്യാപിപ്പിക്കുന്നതിനെപ്പറ്റിയും, വിപണിയിൽ കൂടുതൽ ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനെ പറ്റിയുമുളള മാർഗ്ഗരേഖകളും കമ്പനി പുറത്തുവിട്ടിരുന്നു.
Post your comments