തിരുവനന്തപുരം: ഇനി മുതൽ സർവ്വീസ് ചാർജുകൾ ഒന്നും തന്നെ ഈടാക്കാതെ സേവിങ് അക്കൗണ്ട്, പരിധിയില്ലാത്ത സൗജന്യ എ.ടി.എം സേവനങ്ങൾ എന്നിവയുമായി ഇന്ത്യൻ പോസ്റ്റൽ സർവ്വീസ്.
ഏത് ഇടപാടുകൾക്കും ഇടപാടുകാരിൽ നിന്ന് സർവ്വീസ് ചാർജുകൾ ഈടാക്കുന്ന ബാങ്കുകളുടെ പ്രവർത്തന രീതിയ്ക്ക് തീർത്തും ഒരു വെല്ലുവിളി തന്നെയാണ് പോസ്റ്റൽ സർവ്വീസിന്റെ സേവിങ് അക്കൗണ്ട്. പോസ്റ്റൽ സർവ്വീസിന്റെ സേവിങ് അക്കൗണ്ടുകളിൽ ഇടപാടുകാർക്ക് പണമിടപാടുകൾ നടത്തുന്നതിന് എടിഎം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ എടിഎമ്മിൽ സേവനങ്ങൾ പൂർണ്ണ സൗജന്യമാണ്.
ഇടപാടുകാർക്ക് വെറും 50 രൂപയ്ക്ക് പോസ്റ്റ് ഓഫീസിൽ സേവിങ് അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ട് തുറന്ന് ഒരു ദിവസം കഴിയുമ്പോൾ എടിഎം കാർഡ് ഇടപാടുകാരന് ലഭിക്കുന്നതാണ്. എടിഎം കാർഡിന് വേണ്ടി അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ ഒരു പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകണം.
ഈ എടിഎം കാർഡ് പോസ്റ്റ് ഓഫീസിന്റെ എടി എമ്മിന് പുറമെ മറ്റു എടിഎമ്മുകളിലും സൗജന്യമായി പ്രവർത്തിപ്പിക്കാവുന്നതാണ്. കൂടാതെ ഓൺലൈൻ പണം ഇടപാടുകൾക്കും ഈ കാർഡ് ഉപയോഗിക്കാം.
ഇടപാടുകാരെന്റെ രണ്ട് ഫോട്ടോയും, ആധാർ കാർഡും പോസ്റ്റ് ഓഫീസിൽ നൽകിയാൽ സേവിങ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ജോയിന്റ് അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. കൂടാതെ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് ഇടപാടുകാരന് തന്റെ അക്കൗണ്ട് മാറ്റാവുന്നതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഹെഡ് പോസ്റ്റ് ഓഫീസുകളിലെല്ലാം എടിഎം മെഷീൻ സ്ഥാപിച്ചു കഴിഞ്ഞു. മാർച്ച് അവസാനത്തോടെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും, അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും എടിഎം സൗകര്യം ഒരുക്കുന്നതായിരിക്കും.
Post your comments