ന്യൂഡൽഹി : ഏറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാരുതി സുസുക്കിയുടെ ബലേനോ ആർ എസ്സ് ഉടൻ വിപണിയിലെത്തുന്നു.
കഴിഞ്ഞ വർഷം ഡൽഹി ഓട്ടോ എക്സ്പോയിൽ ബലേനോ ആർ എസ്സും ഇഗ്നിസും പ്രദർശിപ്പിച്ചിരുന്നു.
ഫെബ്രുവരിയോടുകൂടി നിരത്തിലെത്തുന്ന ബലേനോ ആർ എസ്സിന് നിരവധി സവിശേഷതകളാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ബൂസ്റ്റർ ജെറ്റ് ടർബോ എൻജിൻ ഉപയോഗിക്കുന്നത്. ബലേനോയിലാണ് ആദ്യ പരീക്ഷണം. മൂന്ന് സിലിണ്ടറുകളോടു കൂടിയ 998 സി സി എൻജിനാണ് ബലേനോ ആർ എസ്സിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ഇത് 150 എൻ ബി എം ടോർക്കും, 100 ഹോഴ്സ്പവറും നൽകി ബലേനോയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
ബലേനോയിൽ ഫൈവ് സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണുള്ളത്. ഡിസ്ക് ബ്രേക്കോടുകൂടിയെത്തുന്ന 16 ഇഞ്ച് വീലുകളും 37 ലിറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്കുകളും ബലേനോയുടെ പ്രത്യേകതകളാണ്. കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 110 എം എം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്, സീറ്റുകളിലെ ആർ എസ് ചിഹ്നം എന്ന സവിശേഷതകളും ബലേനോയ്ക്കുണ്ട്. ബലേനോ ആർ എസ്സിന്റെ വിലയിൽ പല അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ഫിയറ്റ് പുൻറോ അബാർത്ത് ,പോളോ ജി ടി ഐ തുടങ്ങിയ വമ്പന്മാരുടെ വിലയിൽ നിന്നും കുറവായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിക്കുന്നു . അടുത്തിടെ വിപണിയിലെത്തിയ മാരുതി ഇഗ്നിസിന്റെ വില 4.59 ലക്ഷം രൂപയായിരുന്നു .
Post your comments