പൂനെ: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് 2020 ഓട് കൂടി ഡ്രൈവർ ഇല്ലാത്ത ബസ്സുകളും ട്രക്കുകളും ഇന്ത്യൻ നിരത്തിൽ ഇറക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.
പൂർണമായും സജ്ജമായിരിക്കുന്ന ബസ്സുകൾ ടാറ്റ മോട്ടോർസിന്റെ പൂനെ ക്യാമ്പസ്സിലാണ് ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തുന്നത്.
ആൾത്തിരക്കില്ലാത്ത നിശ്ചിത പാതയിലൂടെയാണ് ഇപ്പോൾ ഈ ബസ്സുകളുടെ യാത്ര.
സെൻസറുകൾ ഘടിപ്പിച്ച ബസ്‌സ്റ്റോപ്പുകളിൽ ബസ് നിർത്തുകയും തുടർന്നു യാത്രക്കാരെ കയറ്റിയതിനു ശേഷം യാത്ര തുടരുകയും ചെയ്യും.
ഒപ്റ്റിക്കൽ, പ്രോക്സിമിറ്റി സെൻസറുകൾ, റഡാർ എന്നീ സംവിധാനങ്ങൾ വാഹനങ്ങളുടെ നിർമാണത്തിൽ ഉൾപ്പെടുത്തിയതിനാൽ വാഹനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ 10 കിലോമീറ്ററോ അതിൽ കുറവ് വേഗതയിലോ മാത്രമാണ് ഇപ്പോൾ യാത്ര. ക്രമേണ വേഗത കൂട്ടുകയും മറ്റ് റോഡുകളിലേക്കും ഭാവിയിൽ ബസ് സർവീസുകൾ ആരംഭിക്കാൻ പദ്ധതി ഒരുക്കുകയും ചെയ്യും.
രാജ്യത്തെ ചിട്ടയില്ലാത്ത ഡ്രൈവിംഗ് ഇത്തരം വാഹങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്. ആൾത്തിരക്കില്ലാത്ത റോഡുകളിലും വ്യവസായമേഖലകളിലും ഇത്തരം വാഹനങ്ങൾ മുതൽക്കൂട്ടാകും.
ടാറ്റ മോട്ടോഴ്സിന്റെ ഹൈബ്രിഡ് ഇലക്ട്രിക്കൽ ബസുകൾ പുറത്തിറക്കിയതിന്റെ പിന്നാലെയാണ് ഡ്രൈവറില്ലാ ബസ്സുകളുടെ പ്രഖ്യാപനവും ടാറ്റ മോട്ടോർസ് നടത്തിയത്.
Post your comments