ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കുന്ന തുക 50000 രൂപയിൽ കൂടുതലായാൽ നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം നിയോഗിച്ച സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതിയാണ് ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് നിർദ്ദേശം നൽകിയത്.
കാര്‍ഡ് ഇടപാടുകൾക്ക് സര്‍വ്വീസ്ചാര്‍ജ്ജ് ഒഴിവാക്കുക, കൂടുതൽ തുകയുടെ ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കുക, മൊബൈൽ, ആധാർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സൗജന്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.
ആദായനികുതിയുടെ പരിധിയിൽപ്പെടാത്ത ഉപഭോക്താക്കൾക്കും ചെറുകിട കച്ചവടക്കാര്‍ക്കും സമാര്‍ട് ഫോണുകൾ ഡിജിറ്റൽ ഇടപാടിലൂടെ വാങ്ങുന്നതിന് ആയിരം രൂപ സബ്‌സിഡി നൽകുക തുടങ്ങിയ നിർദേശങ്ങളും സമിതി കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
കൂടാതെ യാത്രകൾക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശമുണ്ട് . ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന പൊതു ബഡ്ജറ്റിൽ സമിതി നിർദ്ദേശങ്ങൾക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post your comments