Global block

bissplus@gmail.com

Global Menu

വിനോദ സഞ്ചാരത്തിന് പ്രതീക്ഷയേകി കേരളം ആബ്ട പട്ടികയില്‍

തിരുവനന്തപുരം: ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും   പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു.

ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ  പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്.  

2017ലെ സഞ്ചാര പ്രവണതകള്‍ (ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് 2017) എന്ന പേരില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അമേരിക്ക, മെഡിറ്ററേനിയന്‍ ദ്വീപായ സര്‍ദിനിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം എന്നിവയെ  പിന്നിലാക്കിയാണ് കേരളത്തിന്റെ എട്ടാം സ്ഥാന നേട്ടം.

 24 മണിക്കൂര്‍ ലോകസഞ്ചാരത്തില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി നാഷനല്‍ ജ്യോഗ്രഫിക് മാസികയും ഈയിടെ കേരളത്തെ തിരഞ്ഞെടുത്തിരുന്നു.

സ്പാനിഷ് സ്വയം ഭരണ പ്രദേശമായ ആന്‍ഡലൂഷ്യയാണ് പട്ടികയില്‍ ഒന്നാമത്. അറ്റ്‌ലാന്റിക് ദ്വീപ സമൂഹത്തിലെ അസോറസ്, ബെര്‍മുഡ, ചിലെ, അയര്‍ലന്‍ഡിലെ കൗണ്ടി കെറി, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക് എന്നിവയാണ് പട്ടികയില്‍ കേരളത്തിനു മുന്നിലെത്തിയത്.  

ആഗോള സഞ്ചാരികള്‍ ഏറെ ഗൗരവപൂര്‍വം പിന്തുടരുന്നതാണ് ആബ്ട പോലുള്ള മുന്‍നിര യാത്രാസംഘടനകളുടെ നിരീക്ഷണങ്ങള്‍. അടുത്ത വര്‍ഷത്തെ ആഗോള സഞ്ചാരപ്രവണതകളെ നിര്‍ണായകമായി സ്വാധീനിക്കുന്നതാകും ആബ്ടയുടെ പട്ടിക. കേരളത്തില്‍ സഞ്ചാരികള്‍ക്കു ലഭിക്കുന്ന വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങളെ വാഴ്ത്തുന്ന റിപ്പോര്‍ട്ടില്‍ മനോഹരങ്ങളായ ബീച്ചുകള്‍, കായലോരങ്ങള്‍, മഞ്ഞുമൂടിയ മലയോരങ്ങള്‍, നിഗൂഢസുന്ദരമായ വനമേഖലകള്‍ എന്നിവയ്ക്കു പ്രശസ്തമാണു കേരളമെന്നും വിലയിരുത്തുന്നു.

കേരളത്തിന്റെ പൗരാണിക പൈതൃകത്തെയും തനതുരുചികളെയും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ പുനരുജ്ജീവനം പകരുന്ന കേരളീയ ആയുര്‍വേദ ചികില്‍സാ പാരമ്പര്യത്തെപ്പറ്റിയും എടുത്തുപറഞ്ഞിട്ടുണ്ട്. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ 17 ശതമാനവും ബ്രിട്ടനില്‍നിന്നാണ്.

2015ല്‍ 1.66 ലക്ഷം സഞ്ചാരികളാണ് ഇംഗ്ലണ്ടില്‍നിന്നെത്തിയത്. പ്രതിവര്‍ഷം 32 ദശലക്ഷം പൗണ്ടിന്റെ യാത്രാവിപണനം നടത്തുന്ന ട്രാവല്‍ ഏജന്റുമാര്‍ അംഗങ്ങളായ ആബ്ടയുടെ പട്ടികയിലെ സ്ഥാനം കേരളത്തിന്റെ ടൂറിസം ഭാവിക്ക് ശുഭപ്രതീക്ഷയാണു പകരുന്നത്.

Post your comments