ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം ചെക്ക് വഴിയുള്ള ബാങ്ക് ഇടപാടുകൾ വർദ്ധിച്ച സാഹചര്യത്തിൽ നിലവിലെ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു .
അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത്.
നിലവിലുള്ള നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്റ് നിയമത്തിന് കീഴില്‍ ചെക്ക് മടങ്ങിയാല്‍ രണ്ട് വര്‍ഷത്തെ തടവോ അല്ലെങ്കില്‍ ചെക്ക് നല്‍കിയ തുകയുടെ ഇരട്ടി പിഴയോ അതുമല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ ലഭിക്കുക . നിലവിലുള്ള രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നാല് വര്‍ഷമാക്കി വർദ്ധിപ്പിച്ച് ഇരട്ടി പിഴ ഈടാക്കി നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
പുതിയ നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ 30 ദിവസത്തെ സമയം അനുവദിക്കും . ഈ കാലയളവിൽ പണമിടപാടിൽ വീണ്ടും വീഴ്ച്ച വരുത്തിയാൽ ചെക്ക് നൽകിയ വ്യക്തിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും.
നിലവിലുള്ള ചെക്ക് ഇടപാടുകളിലെ വീഴ്ച്ചകൾ ശരിയായ രീതിയിൽ പരിഹരിക്കപ്പെടുന്നില്ല എന്നതും , ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ യുള്ള ഉദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത് .
Post your comments