കൊച്ചി: നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തെ അതിജീവിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നവംബറില്‍ 3,25,448 ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം നവംബറിലെ വില്‍പ്പന 3,26,466 യൂണിറ്റായിരുന്നു.
ഇരുചക്രവാഹന വ്യവസായത്തിലെ ഇടിവ് അഞ്ചു ശതമാനത്തോളമാണ്. ഹോണ്ട മോട്ടോറിന്റെ നവംബറിലെ വിപണി വിഹിതം ഒരു ശതമാനം വളര്‍ച്ചയോടെ 23 ശതമാനത്തിലെത്തിക്കുവാനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.
കമ്പനിയുടെ കയറ്റുമതിയില്‍ 81 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കമ്പനിയുടെ കയറ്റുമതി മുന്‍ വർഷം ഇതേ കാലയളവിലെ 14,391 യൂണിറ്റില്‍ നിന്നു 26,053 യൂണിറ്റായി ഉയര്‍ന്നു.
''ഒക്‌ടോബറിലെ ഉത്സവ സീസണുശേഷം നവംബറില്‍ വില്‍പന കുറുയുമെന്നു പ്രതീക്ഷിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ നോട്ടു പിന്‍വലിക്കല്‍ വന്‍ ആഘാതമാണ് ഇരുചക്രവാഹന വിപണിക്കുണ്ടാക്കിയത്.
നോട്ട് പിന്‍വലിച്ചതിന്റെ ആദ്യ 3-4 ദിനങ്ങളില്‍ വില്‍പന പകുതിയിലും താഴെയായിരുന്നു. അതില്‍നിന്നു മെച്ചപ്പെട്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഹോണ്ടയുടെ വില്പന സാധാരണ ഗതിയിൽ 80 ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.'' കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേരിയെ പറഞ്ഞു.
ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 19 ശതമാനം വര്‍ധനയോടെ 36,27,991 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വർഷം ഇത് 30,47,431 യൂണിറ്റായിരുന്നു. വിപണി ശരാശരിയായ 10 ശതമാനത്തിന്റെ ഇരട്ടിയോളമാണ് കമ്പനിയുടെ വില്‍പ്പന വളര്‍ച്ച. മാത്രവുമല്ല കമ്പനിയുടെ വിപണി വിഹിതം രണ്ടു ശതമാനം വര്‍ധനയോടെ 26 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.
Post your comments