തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് 31 വരെയാണ് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് മേല്‍ ജപ്തി നടപടികള്‍ ഉണ്ടായിരിക്കില്ല. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത് .
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി സഹകരണ ബാങ്കിങ് മേഖലയിൽ ഇപ്പോഴും തുടരുകയാണ് .പിന്‍വലിച്ച നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ നല്‍കാതിരുന്നതായിരുന്നു പ്രതിസന്ധി രൂക്ഷമാക്കിയത്.
സഹകരണ ബാങ്ക് ഇടപാടുകാർക്ക് അതുകൊണ്ടു തന്നെ നോട്ടുകൾ നിരോധിച്ചതിന് മുൻപ് പ്രഖ്യാപിച്ച വായ്പകൾ ഉൾപ്പെടെയുള്ള പണമിടപടികൾ സാധ്യമായിരുന്നില്ല .
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരുന്നു . സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ഒരു പരിധിവരെ സഹകരണ ബാങ്ക് ഇടപടുകാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് .
Post your comments