തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി വ്യവസായ വാണിജ്യ വകുപ്പ് കൊച്ചിയില്‍ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ നടക്കുന്ന മീറ്റിന് 'വ്യാപാര്‍ 2017' എന്ന നാമകരണവും ശ്രീ പിണറായി വിജയന്‍ നിര്‍വഹിച്ചു.
ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍സ്, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍-കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കാനാണ് വ്യാപാര്‍ 2017 നടത്തുന്നത്.
സംസ്ഥാനത്തിന്റെ വ്യാവസായിക ഉല്‍പ്പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങളെ വിപണിയില്‍ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളെ നിലനിര്‍ത്തുകയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുക, നിക്ഷേപകരില്‍ താല്‍പര്യം സൃഷ്ടിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുക എന്നിവയും ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലക്ഷ്യങ്ങളാണ്.
വ്യാപാര്‍ 2017ല്‍ പങ്കാളികളാകുന്ന സംരംഭങ്ങളെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഇവരുടെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും വ്യവസായ, വാണിജ്യ സംഘങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ബിസിനസ് ഹൗസുകള്‍, ഉപഭോക്താക്കള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവരാണ് ബയര്‍മാരായി എത്തുക.
ബയര്‍മാര്‍ മീറ്റില്‍ പങ്കെടുക്കാനായി വ്യാപാര്‍ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യണം. ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് വ്യാപാര്‍ 2017ന്റെ വ്യവസായ-വാണിജ്യ പങ്കാളി.
Post your comments