'ദ്രുതഗതിയില്‍ ഉന്നതജീവിതനിലവാരം കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല ചേരുവയാണ് (സര്‍ക്കാര്‍) സഹായാധിഷ്ഠിത(സാമ്പത്തിക) സമീപനം. മാത്രമല്ല, ഈ സമീപനത്തിന് നയപരമായ പ്രാധാന്യവുമുണ്ട്. പക്ഷേ, സാമ്പത്തിക വളര്‍ച്ചയും ജീവിതനിലവാര സൂചികയുടെ ഉന്നതഘടകങ്ങളും അടിസ്ഥാനമാക്കിയുളള വികസനതന്ത്രത്തിന്റെ ആവശ്യകതയിലേയ്ക്കാണ്(കേരളം) വിരല്‍ ചൂണ്ടുന്നത്'.
അമര്‍ത്യ സെന്‍ ( ഡെവലപ്‌മെന്റ് ആസ് ഫ്രീഡം)
ബജറ്റ്കാലചിന്തകളില്‍ കടന്നുവരേണ്ട വികസനസങ്കല്പങ്ങള്‍ക്ക് കേരളത്തില്‍ പഞ്ഞമില്ല. പഞ്ഞമുള്ളത് പണത്തിനു മാത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരിപ്പിക്കാനിറങ്ങുന്ന ധനമന്ത്രി കെ.എം. മാണി ദരിദ്രനാണ് വിഭവങ്ങളുടെയും പ്രായോഗികമായ ആശയങ്ങളുടെയും പ്രവര്‍ത്തനറെക്കോര്‍ഡിന്റെയും കാര്യത്തില്‍ ഒരു പോലെ ദരിദ്രന്‍. അഴിമതി ആരോപണങ്ങളാല്‍ പരുക്കനായ ബൗണ്‍സുള്ള രാഷ്ട്രീയ പിച്ചില്‍ ഹുക്ക് ഷോട്ട് പായിക്കാനാവാതെ റിട്ടയേര്‍ഡ് ഹര്‍ട്ട് ആവുന്ന നിലയിലേയ്ക്ക് കെ.എം മാണി ഉഴറി വീഴുന്നു. തന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോള്‍ ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ മുപ്പത് വെള്ളിക്കാശിന് വിറ്റുവെന്ന പഴിയും മാണി കേട്ടു കഴിഞ്ഞു. ആരോപണങ്ങളുടെ നെല്ലും പതിരും തിരഞ്ഞാല്‍ കയ്യിലൊട്ടുന്നത് ദുരാഗ്രഹത്തിന്റെ റബ്ബര്‍ രാഷ്ട്രീയപ്പശ മാത്രം. അമര്‍ത്യസെന്നിനെപ്പോലുള്ളവര്‍ നിര്‍ദ്ദേശിച്ച വികസനതന്ത്രം വെറും വാചകക്കസര്‍ത്തുകളില്‍ ഒതുങ്ങി നില്‍ക്കുന്നു. സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂട്ടുന്നതിനു പകരം കേരളത്തിന്റെ സാമ്പത്തികസൂചക കണക്കെടുപ്പുകള്‍ വരെ സംശയത്തിന്റെ നിഴലിലാണ്. അതവിടെ നില്‍ക്കട്ടെ. സംസ്ഥാനത്തിന്റെ ബജറ്റ് കാല സാമ്പത്തിക ചിത്രത്തിലേയ്ക്ക് വരാം. ഈ ക്യാന്‍വാസില്‍ നിറം അവശേഷിക്കുന്നുണ്ടോയെന്ന് നോക്കാം.
സന്ധിയില്ലാത്ത പ്രതിസന്ധി.
ഒഴിവുദിവസങ്ങളില്‍ വാര്‍ത്തകളില്ലാതെ വിഷമിക്കുന്ന തലസ്ഥാനത്തെ പ്രത്യേക ലേഖകര്‍ക്കിടയിലെ ഒരു തമാശ. 'വാര്‍ത്തയില്ല, അതുകൊണ്ട് എക്‌സ് ക്ലൂസീവ് കൊടുക്കാം'. അങ്ങനെയുള്ള ഒഴിവുദിന എക്‌സ് ക്ലൂസീവ് വാര്‍ത്തയിലെ പതിവുതലക്കെട്ട് ഇങ്ങനെയാണ്. 'കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം'. ഇതൊരു ക്ലിഷേ ആയിക്കഴിഞ്ഞു. എങ്കിലും ഈ ബജറ്റ് കാലത്ത് ഒരോര്‍മ്മപ്പെടുത്തല്‍ ആവശ്യമാണ്.
• സെപ്റ്റംബര്‍ 17 ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം മന്ത്രിസഭയ്ക്കു മുമ്പാകെ സമര്‍പ്പിച്ച കണക്കനുസരിച്ച് ഈ വര്‍ഷത്തെ അപ്രതീക്ഷിത റവന്യൂകമ്മി 14,778 കോടി രൂപ വരെ ആയി ഉയര്‍ന്നേയ്ക്കാം
• നികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്ക് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9.65 ശതമാനം മാത്രം. ഇപ്പോഴത് 11 ശതമാനമായെന്നു കേള്‍ക്കുന്നു. ശരാശരി 20 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഡോ.തോമസ് ഐസക്കിന്റെ സാമ്പത്തികഭരണത്തിനു കഴിഞ്ഞിരുന്നുവെന്നു കൂടി ഓര്‍ക്കണം
• 20000 കോടി രൂപയുടെ വാര്‍ഷികപദ്ധതിഅടങ്കലിന്റെ കാല്‍ ഭാഗവും അനൗദ്യോഗികമായി വെട്ടിക്കുറയ്ക്കുമെന്നാണ് വാര്‍ത്ത. വെറും 40 ശതമാനം പദ്ധതിത്തുകയാണ് ഫെബ്രുവരി മാസം വരെ ചെലവഴിച്ചത്.
• അനുവദനീയമായ വായ്പാപരിധി(13500 കോടി രൂപ)യുടെ സിംഹഭാഗവും എടുത്തുതീര്‍ത്ത് ദൈനന്ദിനച്ചെലവുകള്‍ക്കായി വക മാറ്റി
• നിശ്ചിത ബാലന്‍സില്ലാതെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാവുന്നതിനും റിസര്‍വ് ബാങ്കില്‍ നിന്ന് വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു
• കഴിഞ്ഞ ബജറ്റില്‍ ധനക്കമ്മി താഴ്ത്തി വികസനച്ചെലവ് വെട്ടിക്കുറച്ചിട്ടും നിര്‍വഹണത്തില്‍ ദയനീയ പരാജയം
വിഷമിപ്പിക്കുന്ന കണക്കുകള്‍ ഇനിയുമേറെ. ഇത്രയും വ്യാപ്തിയുള്ള ധനകാര്യസ്തംഭനാവസ്ഥയിലേയ്ക്ക് കേരളം പോയതിന് കാരണങ്ങള്‍ പലതാണ്. റവന്യൂവരുമാനത്തിലുണ്ടായ കുത്തനെയുള്ള ഇടിവാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ ബജറ്റുകളിലെ വരുമാനനിര്‍ദ്ദേശങ്ങളില്‍ പലതും നികുതിവലയില്‍ വലിയ തുളകള്‍ വീഴ്ത്തുന്നതായിരുന്നു. വാണിജ്യനികുതിയാണ് സംസ്ഥാനത്തിന്റെ പ്രധാനവരുമാനസ്രോതസ്സ്. എന്നാല്‍ വാറ്റ് നികുതി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യേണ്ട വ്യാപാരികളുടെ വിറ്റുവരവ് അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമാക്കി ഉയര്‍ത്തിയതോടെ വല ചാടിപ്പോയവരുടെ എണ്ണം പതിന്മടങ്ങായി. റബ്ബര്‍ പ്രതിസന്ധി, നിതാഖത്ത്, വാഹനവില്പനയിലുണ്ടായ മാന്ദ്യം, കെട്ടിടനിര്‍മ്മാണമേഖലയിലെ മാന്ദ്യം എന്നിവയാണ് വാണിജ്യനികുതി വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകാനുള്ള കാരണമായി പറയപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് കൈമാറ്റത്തിന് നല്‍കിയ ഇളവുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെട്ടു. ഭൂമി കൈമാറ്റത്തില്‍ സര്‍ക്കാരിനുണ്ടായ വരുമാനനനഷ്ടം 19 ശതമാനത്തോളം വരും. സ്റ്റാമ്പ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ നികുതി, എക്‌സൈസ് നികുതി എന്നിവയില്‍ നെഗറ്റീവ് വളര്‍ച്ചാനിരക്കാണ് ഇതുവരെയുള്ള കൈമുതല്‍.
ചെലവിനങ്ങളുടെ പട്ടികയിലേയ്ക്ക് കടന്നാല്‍ സ്ഥിതി ഇതിലേറെ ശോചനീയമാണ്. കുതിച്ചുയരുന്ന ദൈനന്ദിനച്ചെലവുകളുടെ പകുതിയിലേറെ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ കൊടുത്തു തീര്‍ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രണ്ടു വര്‍ഷത്തിനിടെ ഈ മൂന്നിനങ്ങളിലായി 8253 കോടി രൂപയുടെ വര്‍ധനവുണ്ടായി. തസ്തികകള്‍ വാരിക്കോരി സൃഷ്ടിക്കുമ്പോള്‍ സര്‍ക്കാരിന് കയ്യടിയേറെ. പക്ഷേ യുക്തിസഹമായാണോ തസ്തികനിര്‍ണ്ണയമെന്നു നോക്കാം. പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചതനുസരിച്ച് വിദ്യാര്‍ത്ഥികളില്ലാത്ത സ്‌കൂളുകളില്‍ പോലും റിട്ടയര്‍മെന്റ്, പ്രൊമോഷന്‍ വേക്കന്‍സികള്‍ നികത്തി ടീച്ചേഴ്‌സ് പാക്കേജ് അട്ടിമറിച്ച സ്ഥിതിയാണിപ്പോള്‍. പ്ലസ് ടൂ സ്‌കൂളുകള്‍ അനുവദിച്ചതിലെ ശാസ്ത്രീയതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി ഇത്തരം പരിപാടികളിലേയ്ക്ക് നീങ്ങുമ്പോള്‍ ഒടുവില്‍ കെ.എസ്.ആര്‍.ടി.സി.യില്‍ സംഭവിക്കുന്ന ദുരന്തം സര്‍ക്കാര്‍ മേഖലയില്‍ ഒട്ടാകെ ക്ഷണിച്ചുവരുത്തുന്നതാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പദ്ധതിയേതരച്ചെലവുകള്‍ക്ക് കടിഞ്ഞാണില്ലാതെ പോകുമ്പോള്‍ സംസ്ഥാനത്ത് സ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്ന പദ്ധതിച്ചെലവും വികസനച്ചെലവും അനുവദനീയമായ തുകയുടെ അടുത്തു പോലും എത്തുന്നുമില്ല.
ബജറ്റ് 2015 സാഹചര്യം
എണ്ണവിലയിലുണ്ടായ അഭൂതപൂര്‍വമായ വിലത്തകര്‍ച്ച ഒരു പക്ഷേ ഗള്‍ഫ് സമ്പദ് വ്യവസ്ഥയില്‍ വലിയ തിരിച്ചടികള്‍ ഉണ്ടായേക്കാം. പ്രവാസി നിക്ഷേപത്തിലുണ്ടാകുന്ന കുത്തനെയുള്ള ഇടിവും തൊഴില്‍ നഷ്ടവുമാണ് കേരളത്തില്‍ ഉടനടി ഉണ്ടായേക്കാവുന്ന പ്രശ്‌നം. ഇത് സേവന, നിര്‍മ്മാണ മേഖലകളെ പ്രതികൂലമായി ബാധിക്കും. വാണിജ്യനികുതിയില്‍ നല്ലൊരു പങ്ക് സംഭാവന ചെയ്യുന്ന സിമന്റ് ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില്പന കുറയുന്നതോടെ സര്‍ക്കാരിന് വലിയ തോതിലുള്ള നികുതിനഷ്ടമാണുണ്ടാവുക. റബ്ബറിന്റെ വിലയിലെ ചാഞ്ചല്യവും സമാനമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ശമ്പളം, പെന്‍ഷന്‍, പലിശ ച്ചെലവുകള്‍ ഇനിയും കൂടും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രഖ്യാപിച്ച ജനപ്രിയ പരിപാടികള്‍ക്ക് ചെലവാകുന്ന തുകയുടെ ഭാരം ഇനിയാണ് ഖജനാവ് കൂടുതല്‍ അറിഞ്ഞു തുടങ്ങുക. വാര്‍ഷിക പദ്ധതി വലിപ്പം ഈ വര്‍ഷം 20,000 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അധികതുക കണ്ടെത്തണം. കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ കൂടുതലായി സംസ്ഥാനത്തിന് കൈമാറുമ്പോള്‍ മാച്ചിംഗ് വിഹിതം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതി തന്നെ നോക്കുകുത്തിയാകും. പൊതുകടം ഒന്നര ലക്ഷം കോടി രൂപയിലെത്താന്‍ അധികം വൈകില്ല. പലിശച്ചെലവ് താങ്ങാനാവാത്ത ബാധ്യതയായി ഉയരും. ജി.ഡി.പി.വളര്‍ച്ചാനിരക്കുമായുള്ള പൊതുകടത്തിന്റെ അനുപാതം സംസ്ഥാനത്തിന് താങ്ങാവുന്ന പരിധിയില്‍ നിന്നും ഉയരാനും അധികം കാത്തിരിക്കേണ്ടി വരില്ല. പ്രഖ്യാപിച്ച പതാക നൗക പരിപാടികള്‍ക്ക് പ്രതിവര്‍ഷം നല്‍കേണ്ടി വരുന്ന തുക അധികരിച്ചു വരികയാണ്. പല കണക്കും ബജറ്റിനു പുറത്താണ് അവതരിപ്പിക്കപ്പെടുന്നത്. സ്ഥിതി ദയനീയമാണ്. ഭീതിദവും.
ബജറ്റ് 2015 മാര്‍ഗ്ഗങ്ങള്‍
ഈ വിഷമസന്ധി മറികടക്കണമെങ്കില്‍ രാഷ്ട്രീയപരിഗണനകള്‍ മാറ്റിവെച്ചേ തീരൂ. പുതിയ വന്‍പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാകും. പകരം കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനാഗമമാര്‍ഗ്ഗങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കുകയാണ് മെച്ചപ്പെട്ട വഴി. ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചയില്‍ ധനമന്ത്രി പ്രഖ്യാപിച്ചത് മുംബൈ തിരുവനന്തപും വ്യവസായ ഇടനാഴിക്കായി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ്. ജനത്തിന്റെ ഓര്‍മ്മശക്തിയ്ക്ക് കുറവുണ്ടെന്നായിരിക്കും ധനമന്ത്രി കരുതിയത്. 2012 ആഗസ്റ്റ് മാസത്തില്‍ തന്നെ സമാനമായ നിര്‍ദ്ദേശം കേരളം സമര്‍പ്പിച്ചിരുന്നുവത്രേ. എന്നാല്‍ കര്‍ണ്ണാടകയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രസഹായത്തോടെയുള്ള വ്യവസായ ഇടനാഴികള്‍ യാഥാര്‍ത്ഥ്യമായി(ബിസിനസ് പ്ലസ് മുന്‍ ലക്കം) കേരളത്തിന് ഈ പദ്ധതി എല്ലാ ബജറ്റ് കാലത്തേയും വീണ്‍വാക്ക് മാത്രം. നേരത്തെ വിവരിച്ച പ്രതികൂലസാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ വരുമാനമാര്‍ഗ്ഗങ്ങള്‍ കൂട്ടാനാവൂ. വാണിജ്യരംഗത്തെ നികുതിവല വിപുലപ്പെടുത്താന്‍ നേരത്തെ നല്‍കിയ ഇളവുകള്‍ റദ്ദാക്കേണ്ടി വരും. റജിസ്‌ട്രേഷന്‍ നേടേണ്ട വ്യാപാരികളുടെ വിറ്റുവരവ് തുക നിശ്ചയിച്ചത് പഴയ നിരക്കിലേയ്ക്ക് കൊണ്ടു വരാന്‍ ധൈര്യം കാണിച്ചേ മതിയാകൂ. നിര്‍മ്മാണ മേഖലയിലെ മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. പുതിയ അടിസ്ഥാനസൗകര്യവികസനപദ്ധതികളും സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സുതാര്യതയോടെയും സമയബന്ധിതമായും അനുവദനീയമായ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്തു തീര്‍ത്താല്‍ അസംസ്‌കൃതവസ്തുക്കളുടെ ഡിമാന്റ് നിലനിര്‍ത്താനാകും. ഇത് നികുതിചോര്‍ച്ച തടയും. ചെക് പോസ്റ്റുകള്‍ വഴിയും വില്പനനികുതി വകുപ്പിലെ അഴിമതി മൂലവും ചോര്‍ന്നു പോകുന്ന നികുതിപ്പണത്തിന് സമാധാനം പറയേണ്ടത് ധനവകുപ്പ് തന്നെയാണ്. ഈ ചോര്‍ച്ച താഴെനിന്നു മാത്രമല്ല, മുകളില്‍ നിന്നും അടയ്ക്കണം. അതായത്, രാഷ്ട്രീയക്കാരുടെ അഴിമതി പാടെ നിര്‍ത്തണമെന്നര്‍ത്ഥം. നികുതി കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണ്. സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതിവരുമാനം കൂട്ടണമെങ്കില്‍ സാരമായ ഇടപെടല്‍ ആവശ്യമായി വരും. ബില്ലില്ലാതെ സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കളുടെ നിയമവിരുദ്ധതയും നികുതിവെട്ടിപ്പിന് കളമൊരുക്കുന്ന പരിഷ്‌കാരങ്ങളും അവസാനിപ്പിക്കേണ്ടതാണ്. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ എന്നീ ഇനങ്ങളില്‍ നികുതിവെട്ടിപ്പിന് സൗകര്യമൊരുക്കിയ മുന്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കേണ്ടി വരും.
നികുതിയേതരവരുമാനം കൂട്ടാന്‍ ഒരു പദ്ധതി പോലും ഈ സര്‍ക്കാര്‍ ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ല. ഡാമില്‍ നിന്ന് മണലെടുക്കുന്നതുപോലെയെന്തെങ്കിലും ഇനിയും ആലോചിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഇടതുപദ്ധതിയാണെങ്കിലും മണലെടുപ്പ് നല്ല രീതിയില്‍ നടത്താവുന്നതാണ്.
തസ്തിക സൃഷ്ടിക്കലിന് സര്‍ക്കാര്‍ ചെറിയ തോതില്‍ നിയന്ത്രണങ്ങള്‍ വരുത്തിക്കഴിഞ്ഞു. പക്ഷേ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ സമീപനമാണ് ആവശ്യം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമാകും. കേരളത്തിന്റെ പുതിയ ജനസംഖ്യാപഠനങ്ങള്‍ അനുസരിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ശാസ്ത്രീയ സമീപനം തന്നെയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമാണ്. പക്ഷേ പൂച്ചയ്ക്ക് മണി കെട്ടാന്‍ കെ.എം. മാണി തയ്യാറാകുന്നതിനുള്ള സാധ്യത തുലോം തുച്ഛം.
പദ്ധതിച്ചെലവിന്റെ പുരോഗതി വിലയിരുത്തുന്നതിന് പ്ലാനിംഗ് ബോര്‍ഡ് പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ പദ്ധതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഒപ്പിച്ചു മാറല്‍ തുടരുകയാണ്. ഈ ശാപം തീരാതെ ബജറ്റിനു തന്നെ അര്‍ത്ഥമുണ്ടാവില്ല. ധനഉത്തരവാദിത്ത നിയമം നിഷ്‌കര്‍ഷിക്കുന്ന റവന്യൂകമ്മി ഇല്ലാതാക്കാനും ധനക്കമ്മി നിയന്ത്രിക്കാനുമുള്ള കാലപരിധി ഉയര്‍ത്തേണ്ടി വരും. വലിയ തോതിലുള്ള സാമ്പത്തിക ആസൂത്രണത്തിനുള്ള ധനകാര്യഇടം ഇക്കുറി സര്‍ക്കാരിനില്ല. കേന്ദ്രനയത്തിലെ മാറ്റം കൊണ്ട് പദ്ധതി വലിപ്പം 27,686 കോടി രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. ചരക്കു സേവന നികുതി സമ്പ്രദായത്തിലേയ്ക്ക് കുടിയേറാനും പുതിയ പരിഷ്‌കാരം ശക്തമായ ധനസ്രോതസ്സായി കാണാനും മുന്നൊരുക്കങ്ങളും നയരൂപീകരണവും വേണം. ധനവകുപ്പിന്റെ ചുമതലകള്‍ ഭാരിച്ചതാണ്. ഇവ നിറവേറ്റാന്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും രാഷ്ട്രീയനേതൃത്വവും ആദ്യം ചെയ്യേണ്ടത് വിശ്വാസ്യത വീണ്ടെടുക്കലാണ്.
..................................................................................
ഊതിവീര്‍പ്പിക്കല്‍ ഇനി നടക്കില്ല
....................................ഡോ. ടി.എം തോമസ് ഐസക്, മുന്‍ ധനകാര്യമന്ത്രി
കെ.എം.മാണിയുടെ മുന്‍ ബജറ്റുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. ഊതിവീര്‍പ്പിച്ച കണക്കുകള്‍ അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു പതിവ്. ഇനി ഈ പതിവ് തുടരാനാവില്ല. 2015 ലെ ബജറ്റില്‍ കണക്കുകള്‍ പെരുപ്പിക്കാന്‍ ഒരു സാധ്യതയുമില്ല. പക്ഷേ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ നമ്മുടെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ട് ധനമന്ത്രിക്ക് മേനി നടിക്കാനാവും. കേന്ദ്രനയത്തില്‍ വന്ന മാറ്റത്തിന്റെ തോളില്‍ കയറിയാവും ധനമന്ത്രിയുടെ ഇപ്രാവശ്യത്തെ വാഗ്ദാനപ്പെരുമഴ. ബജറ്റ് തുക കൂടിയെന്ന തെറ്റിദ്ധാരണ പരത്താനും അദ്ദേഹത്തിന് സൗകര്യം കിട്ടും. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ്? പദ്ധതിച്ചെലവില്‍ വലിയ കുറവാണ് സംഭവിക്കുന്നത്. വെട്ടിച്ചുരുക്കിയ പദ്ധതിയുടെ അത്ര പോലും ലക്ഷ്യം കൈവരിക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം ,സര്‍ക്കാരിനാവില്ല. നികുതിപിരിവിലെ വരുമാനവളര്‍ച്ച ശരാശരി 11 ശതമാനം മാത്രമാണ്. ആരാണുത്തരവാദി?
സുഖചികിത്സയുടെ കാലം കഴിഞ്ഞു
................................... പ്രഫ. ഡോ.ബി.എ പ്രകാശ്, അഞ്ചാം സംസ്ഥാനധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍
ഇനിയൊരു മാന്ദ്യം സംഭവിച്ചാല്‍ കേരളത്തിന് 2008 ലെപ്പോലെ കര കയറാനാവില്ല. പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ നേരിട്ടു മനസ്സിലാക്കിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അഴിമതിയുടെ കൂത്തരങ്ങാണ് വാണിജ്യനികുതി വകുപ്പ്. വലിയ തോതിലുള്ള നികുതിവെട്ടിപ്പ് തടയണമെങ്കില്‍ ശസ്ത്രക്രിയ അനിവാര്യമാണ്. ശമ്പളപരിഷ്‌കരണം കേന്ദ്രമാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കലേ നടപ്പാക്കേണ്ടതുള്ളൂ. അനാവശ്യമായ തസ്തിക സൃഷ്ടിക്കല്‍ അവസാനിപ്പിക്കണം. എണ്ണക്കമ്പോളത്തിലെ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച് മുന്‍കരുതലെടുക്കണം. ഇരുമുന്നണികളും തുടരുന്ന കയ്യടി നേടാനുള്ള ധനരാഷ്ട്രീയം അവസാനിപ്പിക്കണം. ഒപ്പം നികുതി നല്‍കുന്നതുള്‍പ്പെടെയുള്ള പൗരധര്‍മ്മം വളര്‍ത്താന്‍ രാഷ്ട്രീയനേതൃത്വം സ്വയം ശുദ്ധീകരിക്കണം. പ്രഖ്യാപനങ്ങളുടെ ധാരാളിത്തത്തിനു പകരം കുടുത്ത സാമ്പത്തിക അച്ചടക്കനടപടികള്‍ക്കായുള്ള ചട്ടക്കൂടൊരുക്കുന്നതായിരിക്കണം ബജറ്റ്.
നിര്‍വഹണവും പ്രധാനമാണ്
.....................................സി.പി.ജോണ്‍, ആസൂത്രണ ബോര്‍ഡ് അംഗം
80 കള്‍ക്കു ശേഷമുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ ക്ഷേമസങ്കല്പങ്ങള്‍ തന്നെയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സാമ്പത്തികനയത്തിന്റെ ആണിക്കല്ല. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പാലുല്പാദനം തുടങ്ങിയ മേഖലകളില്‍ വലിയ സഹായമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. പക്ഷേ പുതിയ പ്രതിസന്ധികള്‍ ഉടലെടുക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ വരുമ്പോള്‍ രോഗികളില്ല. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളില്ല. പദ്ധതിച്ചെലവ് ചുരുങ്ങുകയും ചെയ്യുന്നു. ഈ രീതി മാറണം. ബജറ്റില്‍ എന്തുണ്ട് എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ പദ്ധതികളുടെ നിര്‍വഹണത്തിന്റെ പുരോഗതിയാണ് വിലയിരുത്തേണ്ടത്. പ്രഖ്യാപനം കഴിഞ്ഞ് പത്തു മാസമായിട്ടും തുടങ്ങാനാവാത്ത സ്‌കീമുകള്‍ ഒട്ടേറെയാണ്. അതേ സമയം സംരഭകത്വം പ്രോത്സാഹിക്കുന്നത്, ദരിദ്രരായ രോഗികള്‍ക്ക് നല്‍കുന്ന സഹായം, ചെറുകിടഇടത്തരം വ്യവസായ സംരഭങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം എന്നിങ്ങനെ മാതൃകാപരമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഹൈ ടെക് അഗ്രിക്കള്‍ച്ചര്‍ പോലുള്ള നൂതനമേഖലകളിലേയ്ക്ക് പ്രവേശിക്കുന്നതായിരിക്കണം 2015 ലെ ബജറ്റ്.
Post your comments