വയനാട് : സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ സൗരോര്‍ജ വൈദ്യുത പദ്ധതി . ബാണാസുര സാഗര്‍ അണക്കെട്ടില്‍ 400 കിലോ വാട്ട് ഡാം ടോപ് സൗരോര്‍ജ വൈദ്യുതി നിലയമാണ് ഇതിനായി ആരംഭിച്ചത്.
4.3 കോടി രൂപ ചെലവിൽ കെല്‍ട്രോണാണ് ഈ പദ്ധതി പൂർത്തിയാക്കിയത് . അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതാണ് ലക്ഷ്യം. ഇന്ന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ് . ബാണാസുര സാഗറിൽ 250 വാട്ട് ശേഷിയുള്ള 1,650 സോളാര്‍ പാനലുകളും 50 കിലോ വാട്ട് ശേഷിയുള്ള ഒമ്പത് ഇന്‍വെര്‍ട്ടറും സ്ഥാപിച്ചിട്ടുണ്ട് . ഈ ഇന്‍വെർട്ടറിലേക്കാണ് വൈദ്യുതി ശേഖരിക്കപ്പെടുക.
അവിടെനിന്നും ബാണാസുര സാഗറിലുള്ള 33 കെ.വി. സബ്‌സ്റ്റേഷനിലെത്തിച്ച് വൈദ്യുതി വിതരണം ചെയ്യും . പ്രതി വർഷം അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . 685 മീറ്റര്‍ നീളമുള്ള ബാണാസുര സാഗർ അണക്കെട്ടിന്റെ 285 മീറ്ററിലാണ് ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
സൗരോര്‍ജത്തിനു പുറമെ കാറ്റ്, തിരമാല എന്നിവയിൽ നിന്നും, സർക്കാർ ഓഫീസുകളുടെ മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട് .
Post your comments