പാലക്കാട് : അടുത്ത വർഷം മാർച്ചോടെ സംസ്ഥാനത്ത് സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. 2016 ഓഗസ്റ്റ് 31 ന് മുൻപ് വാസയോഗ്യമായ എല്ലാ സ്ഥലങ്ങളിലും വൈദ്യുതി കണക്ഷൻ ലഭ്യമാക്കും.
ആൾതാമസമുള്ള വീടുകൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് യാതൊരു സാങ്കേതിക പ്രശ്നങ്ങളും തടസ്സമാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 മാർച്ചോടെ സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.എല്‍.എ മാരുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ല, നിയമസഭ, പഞ്ചായത്ത് എന്നീ മൂന്ന് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വൈദ്യുതിയില്ലാത്ത വീടുകളെ കണ്ടെത്തുന്നതിന് സെപ്റ്റംബർ മൂന്ന്,നാല് തീയതികളിൽ സർവ്വേ നടത്തുന്നതായിരിക്കും.
വാർഡ് അംഗവും, കുടുംബശ്രീ പ്രവർത്തകരുമാണ് സർവ്വേ നടത്തുന്നത്. സെപ്റ്റംബർ ഒൻപതിന് കരട് രേഖയും, സെപ്റ്റംബർ 20 ന് അന്തിമ പട്ടികയും തയ്യാറാക്കി സെക്ഷൻ ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതി കമ്പി വലിക്കുന്നതിന് അനുവാദം ആവശ്യമുള്ള ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പരിഹരിക്കുവാന്‍ എ ഡി എമ്മിന് ചുമതല നൽകും.
Post your comments