കൊച്ചി : കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച് ഒ സി (ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്) അടച്ചു പൂട്ടാൻ ധാരണയായി . എച്ച് ഒ സിയുടെ കൊച്ചിയിലെയും മുംബെയിലെയും യൂണിറ്റുകൾ അടച്ചു പൂട്ടാൻ ആണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
രണ്ടു യൂണിറ്റുകളിലും കൂടി രണ്ടായിരത്തോളം പേർക്ക് ഇതോടെ ജോലി നഷ്ടമാകും. മുംബൈ യൂണിറ്റിലെ നഷ്ടം നികത്താൻ ലാഭത്തിലായിരുന്ന കൊച്ചി യൂണിറ്റിലെ ലാഭവും ഉപയോഗിച്ചിരുന്നു ഇതോടെ കൊച്ചിയും നഷ്ടത്തിലാകുകയായിരുന്നു. 850 കോടി രൂപയുടെ ആശ്വാസ പാക്കേജ് നൽകി ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിനെ രക്ഷപെടുത്താൻ സർക്കാർ മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ പുനരുദ്ധാരണ സമിതിയും (ബി ഐ എഫ് ആർ) കേന്ദ്ര സർക്കാരും കൂടിയുള്ള യോഗത്തിലാണ് എച്ച് ഒ സി പൂട്ടാൻ ധാരണയായത്.
ഔഷധങ്ങൾ, ഫിനോൾ, പ്ലൈവുഡ്, അസിറ്റോൺ തുടങ്ങിയവയാണ് പ്രധാനമായും എച്ച് ഒ സിയിൽ ഉല്പാദിപ്പിക്കുന്നത് . ഇവയ്ക്കു വിപണിയിൽ ആവശ്യക്കാർ ഉണ്ടെങ്കിലും , അനിയന്ത്രിത ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതാണ് കമ്പനി നഷ്ടത്തിലാവാൻ കാരണമെന്ന് ജീവനക്കാർ ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ജീവനക്കാർ പ്രക്ഷോഭ പരിപാടികൾ നടത്താൻ തീരുമാനിച്ചു .
Post your comments