കൊച്ചി: സംസ്ഥാനത്ത് മത്തി ക്ഷാമം മൂലം കഴിഞ്ഞ വർഷം സർക്കാരിന് 150 കോടി രൂപയുടെ നഷ്‌ടം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ (സിഎംഎഫ്ആര്‍ഐ) സ്ഥാപനം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ .
മത്സ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വിളിച്ചുകൂട്ടിയ ഗവേഷണ സ്ഥാപനങ്ങളുടെ യോഗത്തിലാണ് മത്തി ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോർട്ട് സിഎംഎഫ്ആര്‍ഐ സമർപ്പിച്ചത്. മത്തി ക്ഷാമത്തെ തുടർന്ന് മത്സ്യമേഖലയിൽ 28.2 ശതമാനം തൊഴിൽ കുറയുകയും, മത്തിയുടെ വില 60 ശതമാനം കൂടുകയും ചെയ്‌തു .
മത്തിക്ഷാമം മത്സ്യമേഖലയിലെ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചു എന്നു തന്നെ പറയാം. അനിയന്ത്രിത മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, സമുദ്രോപരിതലം ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസം, 2010-2012 കാലയളവിൽ വൻതോതിൽ മത്സ്യ കുഞ്ഞുങ്ങളെ പിടിച്ചെടുക്കൽ എന്നിവ മത്തിയുടെ ക്ഷാമത്തിന് കാരണമായി ഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
ക്ഷാമം പരിഹരിക്കുന്നതിന് മത്തി കുഞ്ഞുങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ശക്തിപ്പെടുത്തണമെന്ന് സിഎംഎഫ്ആര്‍ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ മത്സ്യബന്ധന വലയുടെ നീളവും, ആഴവും കുറയ്ക്കുന്നതിനും ശുപാര്‍ശ ചെയ്തു.
Post your comments