തിരുവനന്തപുരം: ആനിമേഷന്‍ കല രംഗത്തെ ആചാര്യന്മാർ മെയ് 6,7 തീയതികളില്‍ ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിക്കുന്ന ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കുന്നു. യുവ തലമുറയുടെ ആനിമേഷന്‍ കലയോടുള്ള ആഭിമുഖ്യം മുന്‍നിര്‍ത്തി ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിച്ചിരുന്ന വീക്ക് വിദ് ദി മാസ്റ്റേഴ്സ് എന്ന വാര്‍ഷിക മേളയുടെ തുടര്‍ച്ചയായാണ് ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആനിമേഷന്‍ മേഖലയുടെ അനന്തസാധ്യതകള്‍ യുവതലമുറക്ക് മനസ്സിലാക്കുന്നതിനും റോള്‍ മോഡലുകളായ ലോക പ്രതിഭകള്‍ക്കൊപ്പം സംവദിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്നോപാര്‍ക്കില്‍ ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ആനിമേഷന്‍ രംഗത്തെ സാങ്കേതിക വിദ്യാനിഗൂഡതകള്‍, സ്പെഷ്യല്‍ ഇഫ്ക്ടസ്, ആനിമേഷന്‍ എന്ന മാധ്യമത്തിന്‍റെ സാധ്യതകള്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ആനിമേഷന്‍ സമ്മിറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലോകപ്രശസ്ത ആനിമേഷന്‍ പരമ്പരയായ ഓഗി ആന്‍റ് ക്രോക്രോച്ചിന്‍റെ നിര്‍മ്മാതാവും സംവിധായകനുമായ സുപ്രസിദ്ധ ആനിമേറ്റര്‍ ഒളിവര്‍ ജീന്‍ മേരിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ സിനിമാരംഗത്തെ പ്രശസ്ത കലാസംവിധായകന്‍ സാബുസിറിള്‍, ആനിമേഷന്‍ രംഗത്തെ ഇന്ത്യന്‍ സംഭാവനയായ ഛോട്ടാ ഭീമിന്‍റെ നിര്‍മ്മാതാവ് രാജീവ് ചിലാക, അര്‍ജുന്‍ ദ വാരിയര്‍ കിംങിന്‍റെ സംവിധായകനായ അര്‍ണാബ് ചൗധരി, ശില്പിയും ചിത്രകാരിയും ആനിമേറ്ററുമായ ചാരുവി അഗര്‍വാള്‍, യൂറ്റ്യൂബ് കിഡ്സ് ആന്‍റ് ലേണിംഗ് ചാനല്‍ മേധാവി ഡോണ്‍ ആന്‍റേഴ്സണ്‍ ന്യൂസിലാന്‍റിലെ മെക്കാനിക്കല്‍ ആനിമേഷന്‍ മേധാവി ഗ്രെഗ് ഹെര്‍മന്‍, യൂറോപ്പിലെ ടൂണ്‍സിന്‍റെ സ്ട്രറ്റജിക് പങ്കാളിയായ സെഡ്രിക് പെറ്റിറ്റ്പാസ് തുടങ്ങിയവരും രണ്ടു ദിവസം നീണ്ടു നില്കുന്ന ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റിനെ സജീവമാക്കും. ആനിമേഷന്‍ മേഖലയിലെ പുതിയ പ്രവണതകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, ആശയ സംവാദങ്ങള്‍, ശില്പശാലകള്‍ എന്നിവയ്ക്ക് വിവിധ കലാകാരന്മാര്‍ നേത്യത്വം നല്കും.
ഇന്ത്യന്‍ ആനിമേഷന്‍റെ പിതാവ് എന്നറിയപ്പെടുന്ന പത്മശ്രീ രാംമോഹനെ ആദ്യ ദിവസം നടക്കുന്ന ചടങ്ങില്‍ ആദരിക്കും.
Post your comments