ന്യൂഡൽഹി : കൊറിയൻ ഓട്ടോ ഭീമനായ ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ മോട്ടോർസ് ഇന്ത്യയിലേക്ക് ചെക്കേറാനുള്ള തയ്യാറെടുപ്പിലാണ്. കാർ വിപണന രംഗത്ത് കുതിച്ചു ഉയരുന്ന ഇന്ത്യൻ വിപണിയുടെ സാധ്യത മുൻ നിർത്തിയാണ് കിയ മോട്ടോർസ് ഈ തീരുമാനം കൈക്കൊണ്ടത്. 2020 ഓടെ ഇന്ത്യ ആഗോളതലത്തിൽ തന്നെ മുന്നാമത്തെ വലിയ കാർ വിപണന കേന്ദ്രമായി മാറിയേക്കുമെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത് .
യൂറോപ്പ്, ചൈന, യു.എസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനോടകം കമ്പനി തങ്ങളുടെ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു .
എസ്.യു.വി കോംപാക്റ്റായ സ്പോർട്ടേജ്ജും ക്രോസ്-ഓവർ മോഡലായ സോളും ഹാച്ച്ബാക്ക് മോഡലായ റിയോയുമാണ് കിയ വിറ്റഴിക്കുന്ന കാറുകൾ.
കമ്പനി ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ ആദ്യപടിയെന്നോണം ഫാക്ടറിക്ക് വേണ്ടിയുള്ള ഭൂമി ഇന്ത്യയിൽ കണ്ടെത്തുവാനും ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ പുതിയ മോഡലുകളെ കണ്ടെത്തുവാനുമുള്ള പരിശ്രമത്തിലാണ്. കൂടാതെ ഇന്ത്യയിൽ പുതിയ ഡീലർഷിപ്പ് പങ്കാളികളേയും കമ്പനി ഇതോടൊപ്പം തിരയുകയാണ് .
കിയയുടെ ഫാക്ടറി നിർമ്മാണം പൂർത്തിയായാൽ ഹ്യുണ്ടായിയുടെ ചില കാറുകളുടെ നിർമ്മാണവും ഈ ഫാക്ടറിയിലേക്ക് മാറ്റുവാൻ സാധ്യതയുണ്ട്. ഹ്യൂണ്ടായിയുടെ ചെന്നൈയിലെ നിർമാണശാലയുടെ ഉയർന്ന ഉൽപ്പാദനം സന്തുലിതപ്പെടുത്തുന്നതിനായാണ് ഈ നീക്കം.
എന്നാൽ കിയയുടെ സ്വന്തമായുള്ള നിർമാണശാലയോ പുതിയ മോഡലുകളോ കാണുവാൻ വാഹനപ്രേമികൾക്ക് കുറഞ്ഞത് രണ്ടു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
Post your comments