ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഐഫോൺ എസ്.ഇ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഏറെ കാത്തിരിക്കേണ്ടി വരില്ല. ഏപ്രിൽ 8 മുതൽ ആപ്പിളിന്റെ ഐഫോൺ എസ്.ഇ ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. ബ്രൈറ്റ്സ്റ്റാർ കമ്പനിയുടെ കിഴിലുള്ള ബീറ്റെൽ ടെലിടെക് ലിമിറ്റഡാണു രാജ്യത്തുടനീളം 3500 ഷോറൂമുകളിലൂടെ ഐഫോൺ എസ്.ഇ-യുടെ വില്പനയ്ക്ക് തുടക്കം കുറിക്കുന്നത് .
ഈ മാസം 29 മുതൽ ഫോണിനായിയുള്ള മുൻകൂർ ബുക്കിംഗ് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. 39,000 രൂപയാണ് ആപ്പിൾ ഐഫോൺ എസ്ഇ 16 ജി.ബി മോഡലിന്റെ വില.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആപ്പിൾ തങ്ങളുടെ ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ അംഗമായ ഐഫോൺ എസ്.ഇ അവതരിപ്പിച്ചത്. നാല് ഇഞ്ച് സ്ക്രീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പവർഫുൾ പ്രോസ്സസറായ എ9 ചിപ്പ്സെറ്റ് തന്നെയാണ് ഈ സ്മാർട്ട്‌ഫോണിലും ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ഐഒഎസ് 9.3 ഓപ്പറേറ്റിങ് സിസ്റ്റം തന്നെയായിരിക്കും ഐഫോൺ എസ്. ഇ യിലും പ്രവർത്തിക്കുക. ഫോക്കസ് പിക്സെൽ, റെറ്റിന ഫ്ലാഷ്, 4k വീഡിയോ റെക്കോഡിംഗ്, ലൈവ് ഫോട്ടോസ് എന്നിവ അടങ്ങിയ 12എംപി ഐസൈറ്റ് ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.
Post your comments