Global block

bissplus@gmail.com

Global Menu

റബ്ബർ വില ഉയരുന്നു; കാർഷിക മനസ്സുകളിൽ പുതുപ്രതീക്ഷകൾ

റബ്ബർ വില തകർച്ചയിൽനിന്ന് ഉയരങ്ങളിലേക്ക് കടന്നതോടെ കർഷകരുടെ മനസ്സിൽ പുതിയ പ്രതീക്ഷകളുടെ തിരയിളക്കം. വർഷങ്ങൾക്ക് ശേഷം റബ്ബർ വില കിലോയ്ക്ക് 200 രൂപ പിന്നിട്ടതോടെയാണ് കാർഷിക മനസ്സുകളിൽ പുതുപ്രതീക്ഷകൾ പിറന്നത്. ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി തകർച്ചയിലായിരുന്ന റബ്ബർ വില പുതിയ ടാപ്പിങ് സീസണിൻ്റെ തുടക്കത്തിൽ ഉയർന്നതും ദുരിതത്തിലായിരുന്ന റബ്ബർ കർഷകർക്ക് പ്രയോജനപ്രദമായേക്കും. കോട്ടയത്ത് നിലവിൽ കിലോയ്ക്ക് 205 രൂപയിലാണ് റബ്ബർ വ്യാപാരം നടക്കുന്നത്. ഒട്ടുപാലിന് കിലോയ്ക്ക് 130 രൂപയും. ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതും മറ്റ് ആഭ്യന്തര - വിദേശ ഘടകങ്ങളുടെ സ്വാധീനവുമാണ് റബ്ബർ വില ഉയരാനുള്ള കാരണം. വാഹന വ്യവസായത്തിലെ മൊത്തത്തിലുള്ള ഉണർവും വില വർധനയ്ക്ക് കാരണമാണ്.

കഴിഞ്ഞ വർഷം മഴയും ചൂടും കൂടിയത് റബ്ബർ ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇതോടെ മാർക്കറ്റുകളിൽ റബ്ബർ ലഭ്യത കുറഞ്ഞു. ഇക്കുറി മൺസൂൺ സീസൺ നേരത്തെ എത്തിയതോടെ ടാപ്പിങ്ങിനും തടസ്സം നേരിടേണ്ടിവന്നു. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാൽ വലിയൊരു വിഭാഗം കർഷകർക്കും റബർ വില വർധനയുടെ പ്രയോജനം ലഭിക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ട്. അതേസമയം ഏതാണ്ട് 30 ശതമാനം റബ്ബർ കർഷകർ മാത്രമാണ് മഴക്കാലത്ത് റബ്ബർ ടാപ്പിങ് നടത്താനുളള പ്ലാസ്റ്റിക് ഇടൽ പ്രക്രിയ പൂർത്തിയാക്കിയിരിക്കുന്നതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇപ്പോഴത്തെ വിലവിർധന എത്ര നാളത്തേക്ക് തുടരുമെന്നതിൽ വ്യക്തതയില്ല. റബ്ബർ ഷീറ്റ് വിപണിയിലേക്ക് എത്തിക്കണമെങ്കിൽ രണ്ടുമുതൽ നാല് ആഴ്ച വരെ കർഷകന് ആവശ്യമുണ്ട്. ഇപ്പോഴത്തെ വിലയിൽ ഒരു മാസമെങ്കിലും സ്ഥിരത നിലനിന്നാൽ മാത്രമാകും കർഷകന് പ്രയോജനം ലഭിക്കുക.

രാജ്യത്ത് 2011 - 2012 കാലഘട്ടത്തിലായിരുന്നു റബ്ബർ വ്യാപാരം മികച്ച നിലവാരത്തിൽ നടന്നത്. 2011 ഏപ്രിൽ അഞ്ചിന് കിലോയ്ക്ക് 243 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അതിനുശേഷം വില കൂപ്പുകുത്തി. കഴിഞ്ഞ മാസം കിലോയ്ക്ക് 180 രൂപയ്ക്ക് അടുത്തായിരുന്നു വ്യാപാരം നടന്നത്.

Post your comments